കുളിച്ചൊരുങ്ങി നിൽക്കുകയാണോ മരങ്ങളേ
കളിചിരികളില്ലാതെ ഉള്ളിലുൽക്കൺഠയുമായ്?
കോരിച്ചൊരിഞ്ഞു കുത്തിയൊഴുകാൻ കാത്ത്
കൊതിമൂത്തുനിൽക്കും കാർമേഘങ്ങൾക്ക്
കീഴെ ഭീതിയാൽ കനംവച്ച മനസ്സുമായ്?
കാത്തിരിക്കുകയാണോ കിഴക്കുംനോക്കി
കയ്യിൽ വിളക്കുമായെത്തും പുലർ-
കാലദേവിയെ കൈകൂപ്പിവണങ്ങുവാൻ?
കണ്ണിലെണ്ണയൊഴിച്ചു നോക്കുകയാണോ
കൂത്തമ്പലത്തിലെ പ്രസാദമെന്നും
കൈക്കുമ്പിളിൽ വിളമ്പും മുത്തശ്ശിയമ്മയെ?
ക്ലേശിക്കുന്നോ മനം എന്നോർത്ത്
കാണാത്തതെന്തേ ഇനിയും തിളങ്ങും
കുപ്പായമിട്ട് പകലന്തിയോളം മാനത്തോടി
കളിക്കും കളിക്കൂട്ടുകാരിയെ?
കുളിച്ചൊരുങ്ങി നിൽക്കുകയാണോ മരങ്ങളേ
കളിചിരികളില്ലാതെ ഉള്ളിലുൽക്കൺഠയുമായ്?