മിഴിനീരുമായിതാ മണ്ണിൽ വീണു
മഴമേഘസുന്ദരി വിണ്ണിൽ നിന്നും
ഇറയത്തു വന്നവൾ തലയടിച്ചു
ഇഷ്ടിക പാകിയ മണൽമുറ്റത്ത്
മണൽമുറ്റമിഷ്ടികക്കെട്ടിനുള്ളിൽ
പ്രാണനടക്കിപ്പിടിച്ചു നിന്നു
ഇടയിലാ ചെറുപുല്ലിൻ നാമ്പുകളോ
തലനീട്ടി ദയനീയമൊന്നു നോക്കി
തൊടിയിലോ മുത്തശ്ശിപ്ലാവുമില്ല
വഴി തെറ്റിയെന്നവൾ കൺകഴച്ചു
മൺചാരിയിൽ, പൂമുഖവാതില്ക്കലും
മുത്തശ്ശിപ്ലാവിന്റെ നെഞ്ചു വിങ്ങി!
തൊടിയിലെ നിർദ്ദയമോവുചാലിൽ
കുലംകുത്തിയവളങ്ങു പാഞ്ഞു പോയി
ഓട മണത്തവൾ മൂക്കുപൊത്തി
പുഴയെവിടെയെവിടെ,യെന്നു കേണു
പുഴയെങ്ങും കണ്ടില്ലവിടെയെങ്ങും
ഇഴ കോർത്ത പോലതാ കൽത്തറകൾ
മുകളിലാ കോൺക്രീറ്റുമേലാപ്പുകൾ
കാറ്റൊന്നും ചോരാത്ത മതിലുകളും
ചക്രവാളത്തിന്റെയറ്റങ്ങളിൽ
ആഴക്കടലപ്പോൾ തേങ്ങി നിന്നു
അഴൽ തിങ്ങി വിങ്ങി,ത്തിര വിളിച്ചു
തിരികെ വരികെന്റെ മഴമകളേ!