തീമഴ

 

കത്തുന്ന നേതൃ പ്രതീകത്തിൻ കോലം
ഉയരത്തിൽ നിന്നുരുകി
തീ തുള്ളികൾ വീഴ്‌ത്തെ
ആൾമറയിൽ വച്ചൊരുവൻ
ആരുടെയോ
ചെവിയിൽ മന്ത്രിച്ചു
”നമ്മൾ കളിക്കുന്നത്
തീമഴയിലാണ്,,

ആർപ്പു വിളികൾക്കിടയിൽ
ദ്വേഷിച്ചു കേട്ടയാൾ
മുദ്രാവാക്യ മൊഴിച്ചു
ചൂടൻ മറുപടി പറയാതെ
വിശ്രമിക്കാൻ
സമത്വ വാക്യങ്ങൾ കോറിയ
കടത്തിണ്ണയിൽ പോയിരുന്നു
ചിന്തിച്ചു തുടങ്ങി
നേതൃത്വത്തിൻ തത്വങ്ങൾ.
ഒപ്പം ചാക്കുപോലെ തൂക്കിയ
മുസോളിനിയുടെ ജഡത്തെ
ഓർത്തു
ഹിറ്റ്ലർചുണ്ടനെലിയെ ഉദ്ധരിച്ച
പ്രത്യയശാസ്ത്രമോ അന്നേരം
കാർന്നുനോവിച്ചു

പൂന്തോട്ടങ്ങൾക്കും കാടുകൾക്കും
കൃഷിയിടങ്ങൾക്കുമിടയിലെ
അതിരുകൾ
ഇണചേരാനുള്ള വംശപരമ്പരയിലെ
വലിപ്പച്ചെറുപ്പങ്ങൾ , സമത്വമോ
മിഥ്യ അടുക്കും തോറും
ചൂടേറി വരുന്ന
തീകൊണ്ടെഴുതിയ വാക്ക് ,
ഒരേ വർഗ്ഗത്തിലെ ചേരിതിരിവുകൾ
സത്യമെന്നുറക്കെപ്പറഞ്ഞ
കത്തുന്നകോലത്തിനുടമയുടെ
തീനാവുതന്നെ അപ്രിയ സത്യം
അധസ്ഥിതി പരിമിതർക്കുള്ള
പ്രകൃതിയുടെ സൃഷ്ടടി
താനോ ഭരണത്താൽ മുഷിഞ്ഞവർ –
ക്കിടയിൽനിന്നും മാറിനിന്ന
മുഷിഞ്ഞ ഉടുപ്പിട്ടൊരാൾ

സ്വയംബോധങ്ങൾക്കൊടുവിൽ
ജനസഞ്ചയത്തിനുമുകളിൽ കത്തുന്ന
കോലത്തെ അറിവുപകർന്നവനുടെ
പന്തമെന്നയാൾ വിശ്വസിച്ചു
വാക്കുകൾപോലെ അതിൽനിന്നും
പെയ്യുന്നു തീമഴ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here