മുഴുകിയ ധ്യാനത്തിനിടയിൽ
പെയ്തൊരു മഴ
നിശബ്‌ദമായിരുന്ന മുറിയിലേക്ക്
താളം പകർന്നു
വെളിയിലാണവളുടെ നൃത്തമെങ്കിലും
ചുടുഹൃദയത്തെ വീണ്ടുമുണർത്തി
തണുപ്പെഴും മൊഴികളേകി
പൊട്ടിച്ചിരിച്ചും കളിയാക്കിയും
കവിതയായും വിളിച്ചു
മുഴുകിയ ധ്യാനത്തിൽ നിന്നും ഉണരാതിരിക്കെ
മഴയൊരു പേമാരിയായ് തീർന്ന്
ശകാരിച്ചടങ്ങും വരെ
നനവേൽപ്പിക്കുന്ന തുള്ളികൾ
വെടിയുണ്ടകളാകുന്നതിൽ നിന്നും
മേൽക്കൂര കാത്തു
കണ്ണുകൾ തുറന്ന്
നനഞ്ഞ മണ്ണിലേക്ക് നോക്കിയപ്പോൾ
മഴയോടൊരടുപ്പം
ധ്യാനത്തിനൊരു താളമാണ് മഴ