ഇടയില്ലാതെ പെയ്തിറങ്ങുന്ന ഇടവപ്പാതിക്ക് കീഴെ ഇരുളിന്റെ മറപറ്റി, റെയിൻ കോട്ടിൽ പൊതിഞ്ഞൊരു രൂപം ട്രെയിന്റെ വരവും കാത്തിരുന്നു. തൊട്ടടുത്തായി ഒരു നാല്‍ക്കാലിയും നിലയുറപ്പിച്ചിട്ടുണ്ട്.
അയാൾക്ക് മുന്നിലെ റെയിൽ പാളത്തിനരികിലെ കുറ്റിക്കാട്ടിൽ നിന്നും അക്ഷമയുടെ നേരിയ കാൽപ്പെരുമാറ്റം ഇടവിട്ട് കേട്ടുകൊണ്ടിരുന്നു.
ട്രെയിന്‍റെ വരവിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ അധികം അകലെയല്ലാതെ റെയിൽവേ അനൗൺസ്‌മെന്റുയർന്നു..
യാത്രക്കാരുടെ ശ്രദ്ധക്ക്!
“ശക്തമായ കാറ്റും മഴയും മൂലം ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രെയിൻ യാത്ര സാധ്യമാകുന്നതല്ല. ഇതുമൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു”.
റെയിന്‍ കോട്ടില്‍ നിന്നും നിരാശയുടെ നെടുവീർപ്പുയർന്നു. നശിച്ച മഴകാരണം ഇന്നത്തെ പണി വെള്ളത്തിലായി.
കണക്കുകള്‍ എവിടെയോ പിഴച്ചിരിക്കുന്നു. ധൃതിയില്‍ അയാൾ പോക്കറ്റ് ഡയറിയെടുത്ത് മറിച്ചു നോക്കി. തീയതി, സമയം, നിമിത്തം എല്ലാം കിറുകൃത്യം..പിന്നെ എന്താവും സംഭവിച്ചിരിക്കുക.?
അവനു യോഗമില്ല..അത്രതന്നെ..അയാൾ മനസ്സിൽ കരുതി.
പിന്നെ ഒട്ടും വൈകിയില്ല..പോത്തിനേയും കൂട്ടി തിരിച്ചു നടക്കുന്നതിനിടയിൽ അയാൾ കുറ്റിക്കാട്ടിലേക്ക് നോക്കി വിളിച്ചു പറഞ്ഞു:
എടോ..ഇന്നിനി ഒന്നും നടക്കില്ല..കേട്ടില്ലേ ട്രെയിൻ ലേറ്റ് ആണ്. പുതുക്കിയ തീയതി പിന്നീടറിയിക്കാം. അവിടിരുന്ന് മഴ നനഞ്ഞു പനിവരുത്താതെ വേഗം വീടുപിടിക്കാൻ നോക്ക്!