അസ്വസ്ഥതകളുടെ
കാർമേഘങ്ങൾ
ഉരുണ്ടു കൂടിയ ആകാശം
ആശങ്കകളുടെ
ഉഷ്ണപ്പെയ്ത്തിൽ നനഞ്ഞ്,
പെൻഡുലം പോലെ
ഉമ്മറത്ത് അച്ഛൻ
അടുക്കളയിൽ
ഇല്ലായ്മകളുടെ വറചട്ടിയിൽ
പൊട്ടിത്തെറിക്കും കടുക്
കണ്ണീരിന്നിടവപ്പെയ്ത്തിൽ അമ്മ
മഴയിരുട്ടിരിമ്പിൻ മറയിട്ട
അകത്തളങ്ങൾ
അടക്കിപ്പിടിച്ച നോവിൻ
തടവറകൾ
വാക്കുകളരം കൂട്ടിത്തളരും
അരിശത്തുലാക്കോളിലേട്ടൻ
മുറിഞ്ഞ വാക്കിൻ പാതി
ചാനൽക്കാടിൽ പമ്മിക്കിടക്കുന്നു
ഇടനാഴിയിൽ പൂത്ത
കനച്ച മണം
ഭൂതസ്മരണകൾ തഴുകി
നനയും കാഴ്ചയിൽ ഭാരമേറ്റും
പഴമനസ്സിൻ ചറപറചാറ്റൽ
പാഠ്യാക്ഷരങ്ങളിൽ
പശിക്കണ്ണിൻ പാഴ്നടത്തം
ശൂന്യമായ ഭരണികളുടെ
ദയനീയ നോട്ടത്തിൽ
അനുജന്റെ വാശിപ്പെയത്ത്
പറഞ്ഞാൽ തീരാത്ത
പരിതാപാവസ്ഥകളുടെ
പദയാത്രകൾ
സമാപനം
വേലിക്കരുകിലെ
പഞ്ഞം വിളമ്പൽ
ഇറയത്തീറന്നശ്രുപൂജയിൽ
വിറയാർന്ന മൺചെരാതും
ഇമകളടച്ചു പ്രാർത്ഥനാമഴയിൽ
തീരാത്ത വരികളാൽ
എഴുതാത്ത കവിതയുടെ
പിറവി കാത്ത്
വേനൽ മഴയിൽ ഞാനും