അടിയന്തരാവസ്ഥയുടെ നാളുകളില്‍ കോട്ടൂര്‍ ഉത്തരംകോട്ടെ ഒരു കൂട്ടം യുവാക്കള്‍ തുടങ്ങിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് രാഗം തിയേറ്റേഴ്‌സ് ഗ്രന്ഥശാല. അന്ന് നെടുവന്‍വയല്‍ വി. ചക്രപാണിയുടെ വീടിന്റെ ഒരു ഭാഗത്ത് പ്രവര്‍ത്തനം ആരംഭിച്ച ഗ്രന്ഥശാല ഇന്ന് വിപുലമായ രീതിയിൽ വളർന്നു കഴിഞ്ഞു.
ആദ്യകാലത്ത് അരുകില്‍ എന്ന സ്ഥലം കേന്ദ്രീകരിച്ച് എസ്.തുളസീധരന്‍ നായര്‍ ബ്ലോക്കിന്റെ സഹായത്തോടെ സാക്ഷരതാ ക്ലാസുകാരും, പ്രൊഫ. ഉത്തരംകോട് ശശിയുടെ നേതൃത്വത്തിലുള്ള ഗ്രന്ഥശാലാ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് നടത്തിയ പുസ്തക സമാഹരണമാണ് ഗ്രന്ഥശാലയ്ക്ക് അടിത്തറയായത്. 1975 മുതൽ നടന്ന സജീവ പ്രവർത്തനങ്ങളുടെ ഫലമായാണ് ഗ്രന്ഥശാല ഇപ്പോഴത്തെ വളർച്ചയിലേക്ക് ചുവടു വെച്ചത്.
1975 ഒക്ടോബര്‍ അഞ്ചിന് ഗ്രന്ഥശാല പ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് 1977-ല്‍ ഓലമേഞ്ഞ ഒരു കെട്ടിടവും സ്വന്തമായി. ഇക്കാലത്ത് പുറത്തിറക്കിയ ‘മാറ്റൊലി’ എന്ന കൈയെഴുത്ത് മാസികയും ശ്രദ്ധേയമായി. ഇക്കാലത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രഥമ യുവജനമേളയില്‍ ഗ്രന്ഥശാലയ്ക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. ഈ മികവില്‍ ഗ്രന്ഥശാല ബി ഗ്രേഡ് ആയി. ഒപ്പം ഗ്രന്ഥശാലാ വൈസ് പ്രസിഡന്റായ ഉത്തരംകോട് മഹേഷിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന പുസ്തകശാലയും പ്രവര്‍ത്തനം തുടങ്ങി.1999-ല്‍ ഇന്നത്തെ പുതിയ കെട്ടിടം പൂര്‍ത്തീകരിച്ചു. 2015- ല്‍ ആരംഭിച്ച കലാ-സാംസ്‌കാരിക വേദി, ബാലവേദി എന്നിവയുടെ പ്രവര്‍ത്തനം സജീവമാണ്. അവധിക്കാല ക്ലാസുകള്‍, ഉദ്യോഗാര്‍ഥികള്‍ക്കുള്ള മത്സരപ്പരീക്ഷാ പരിശീലനം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, കവിയരങ്ങുകള്‍ എന്നിവയും നടക്കുന്നു.