മനതാരിലെപ്പോഴും
ദൈവനാമം മാത്രമുരുവിട്ട
ദൈവത്തിൻ്റെ പ്രാണ-
പ്രേയസി റാബിയ.
എട്ടാം നൂറ്റാണ്ടിൽ
ബസ്രയിൽ ഒരുദിനം
ഒരു മൺചഷകത്തിൽ
വെള്ളവും
മറുകൈയിൽ തീപ്പുകയും
ചൂട്ടുംമിന്നി
പകൽ വെളിച്ചത്തിലവൾ
തെരുവീഥികളിൽ
ഉലാത്തവേ…..
ചുറ്റുമുള്ള
കണ്ണുകൾ അസ്ത്രങ്ങ-
ളായ് ചൂഴ്ന്നവളെ
അയ്യോ..! കഷ്ടം..!!
ഭ്രാന്തി… തനി ഭ്രാന്തി…..
ജനം കാഴ്ചകണ്ടൂറി
ച്ചിരിച്ചു.
കൂട്ടത്തിലാരോ
ചോദിച്ചു?
എന്നാലും പറയൂ…..
എന്താണിതെല്ലാം!!
റാബിയ മൊഴിഞ്ഞതിങ്ങനെ:
ഈ ചൂട്ടുകൊണ്ടു
തീ കൊടുക്കും ഞാൻ
സ്വർഗത്തിനു
ഈ വെള്ളത്തിൽ
ഞാൻ മുക്കിത്താഴ്ത്തും
നരകത്തിനെ.
പിന്നെ നിശ്ശബ്ദയായ്
മിഴികളടച്ചവർ
ഹൃദയകവാടം തുറന്നു
ദൈവത്തോടിപ്രകാരം
പ്രാർത്ഥിച്ചു:
നരകഭയത്താൽ
നിന്നെയാരാധിക്കുന്നവളെങ്കിൽ
നരകത്തിലെന്നെയെറിയൂ..
സ്വർഗം മോഹിച്ചു
സായൂജ്യം തേടുന്നവൾ
ഞാനെങ്കിൽ
കൊട്ടിയടയ്ക്കൂ
സ്വർഗ്ഗവാതിൽ
എനിക്കു മുൻപിൽ.