ആര്‍ യു എ വിര്‍ജിന്‍

അവന്റെ പരുക്കന്‍ കൈ വിരലുകള്‍ എന്റെ നഗ്നമായ കൈകളില്‍ സ്‌പര്‍ശിച്ചപ്പോള്‍ മരുഭൂമിയില്‍
ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു വൃക്ഷം ഒരു മിന്നലില്‍ പ്രകമ്പനം കൊള്ളുന്നത് പോലെ ഞാന്‍ ഒന്ന് വിറച്ചു. ശേഷം അവന്റെ നനഞ്ഞ ചുണ്ടുകള്‍ എന്റെ പിന്‍ കഴുത്തില്‍ അമര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും വിറ കൊള്ളുകയും എന്റെ ഉള്ളില്‍ ഒരായിരം പൂക്കള്‍ ഒരുമിച്ച് വിരിയുകയും ചെയ്തു.

കാടിന്റെ ഏകാന്തതയുടെ നടുവിലായിരുന്നു ഞങ്ങള്‍. ഒരു ട്രീ ഹട്ടില്‍ .ഞങ്ങള്‍ എന്ന് വച്ചാല്‍ ഞാനും അവനും. അവന്‍ എന്ന് പറയുമ്പോള്‍ ഒരേ പ്രായം എന്ന് തെറ്റിദ്ധരിക്കേണ്ട. എന്നേക്കാള്‍ പത്തു വയസെങ്കിലും മുകളില്‍ ആണ്. പക്ഷേ എനിക്ക് അവന്‍ എന്ന് വിളിക്കുന്നതാണ് ഇഷ്ടം. അവനും അങ്ങനെ കേള്‍ക്കുന്നതാണ് ഇഷ്ടം.

പിന്നില്‍ നിന്നിരുന്ന അവന്റെ കൈകള്‍ എന്റെ അടിവയറിനെ ചുറ്റി. അവന്റെ പരുക്കന്‍ കൈകള്‍ എന്നോട് ക്രൂരത കാണിക്കുമ്പോള്‍ എങ്ങനെ പ്രതികാരം വീട്ടും എന്ന കുസൃതി നിറഞ്ഞ ചിന്തയില്‍ ആയിരുന്നു ഞാന്‍. ഇരു കൈകളും കൊണ്ട് അവന്‍ എന്നെ കോരി എടുത്തപ്പോള്‍ ആ കൈകളില്‍ വാടി തളര്‍ന്ന ഒരു പൂവ് പോലെ ഞാന്‍ കിടന്നു.

കൂട്ടുകാരികള്‍ ഇപ്പോള്‍ എവിടെ ആയിരിക്കും. ഊട്ടിയിലെ തണുപ്പില്‍ മൂടിപ്പുതച്ചു കിടന്നു ഉറങ്ങുക യായിരിക്കും. താന്‍ ഇവിടെ ഈ ഹോട്ടല്‍ മുറിയുടെ തണുപ്പില്‍ ശരീരത്തിന്റെ വിവിധ സാധ്യതകളിലൂടെ അലയുന്നു.

കോളേജില്‍ നിന്നും നാല് ദിവസത്തെ ടുറിനു പോകുന്നു എന്ന് പറഞ്ഞു ഇറങ്ങിയതാണ്. ടൂറിനു പോകണം എന്ന് അച്ഛന് വാട്ട് സ് ആപ്പില്‍ ഒരു മെസ്സേജ് അയച്ചു ഒരു മണിക്കൂര്‍ കഴിഞ്ഞതോടെ തന്റെ അകൗണ്ടില്‍ പണം എത്തി ചേര്‍ന്നു. അമ്മയോട് ഇപ്പോള്‍ വലിയ സംസാരം ഒന്നും ഇല്ല. അമ്മ തന്റെ പുതിയ കാമുകനോടൊപ്പം ലിവിങ് ടുഗതര്‍ ആഘോഷിക്കുകയായിരിക്കും.‍

അച്ഛന്‍ വിദേശത്തായിരുന്നു. അമ്മയുടെ പുതിയ ബന്ധം അറിഞ്ഞതോടെ അച്ഛന്‍ ഡൈവോഴ്സ് കൊടുത്തു. തന്നെ അച്ഛന്റെ കുടുംബ വീട്ടില്‍ ആക്കിയിട്ടു വിദേശത്തേക്ക് പോയി.

കോളേജില്‍ ചേര്‍ന്ന് കുറച്ചു നാളുകള്‍ കഴിഞ്ഞതോടെ കൂട്ടുകാരികള്‍ തമ്മില്‍ രഹസ്യമായി ആ ചോദ്യം ചോദിക്കുന്നത് താന്‍ കേട്ട് തുടങ്ങി..

” ആര്‍ യൂ എ വിര്‍ജിന്‍?”

നോ എന്ന് സന്തോഷത്തോടെ പറയാന്‍ ക്ലാസ്സിലെ പകുതിയില്‍ അധികം കൂട്ടുകാരികള്‍ ഉണ്ടായിരുന്നു. യെസ് എന്ന് പറഞ്ഞ കുറച്ചു പേര്‍ അടുത്ത വാലന്റൈന്‍സ് ഡേ കഴിയുന്നതോടെ നോ എന്ന് പറയും എന്ന് ഉറപ്പിച്ചു.

താന്‍ കാണാന്‍ അത്ര മോശമൊന്നും അല്ല. ബസ് സ്റ്റാന്‍ഡില്‍ ചെന്ന് നില്‍ക്കുമ്പോഴും സ്‌കൂട്ടി ഓടിച്ചു പോകുമ്പോഴൊക്കെ തന്‍റെ നേരെ ധാരാളം തലകള്‍ തിരിഞ്ഞു വരാറുണ്ട്. അതൊക്കെ അത്യാവശ്യം ആസ്വദിക്കുകയും ചെയ്‌തിട്ടുണ്ട് . പക്ഷെ തന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തമായതു കൊണ്ട് പിറകെ നടന്ന ചോക്ലേറ്റ് കുട്ടന്മാരില്‍ ആരോടും തനിക്ക് യാതൊരു താല്പര്യവും തോന്നിയില്ല.

അങ്ങനെ ഇരിക്കെ ഒരു ദിവസം ട്രെയിനില്‍ വച്ച് അയാളെ കണ്ടു മുട്ടിയത്. താന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു. അയാള്‍ വാതിലില്‍ക്കല്‍ നില്‍ക്കുന്നു. സാധാരണ ആരെയും നോക്കുന്നത് പോലെ ഒന്ന് നോക്കി. അയാള്‍ തിരിച്ചും നോക്കി.

നാല്‍പതു വയസിനടുത്തു പ്രായം പാറിക്കിടക്കുന്ന മുടിയിയിഴകള്‍, കുറ്റിത്താടി,തീക്ഷ്ണമായ കണ്ണുകള്‍, വീണ്ടും നോക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ആ മുഖത്ത് ഉണ്ടായിരുന്നു. അങ്ങനെ വീണ്ടും നോക്കി. കണ്ണുകള്‍ വീണ്ടും വീണ്ടും ഇടഞ്ഞു . അങ്ങനെ കണ്ടു മുട്ടലുകള്‍ ഒരു പതിവാകാന്‍ തുടങ്ങി. ഇടയ്ക്കിടെ അറിയാത്ത പോലെ കണ്ണില്‍ നോക്കുക,നമ്മളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇടം കണ്ണിട്ടു നോക്കുക. അങ്ങനെയുള്ള ചെറിയ കള്ളത്തരങ്ങളില്‍ കൂടിയുള്ള കുറേ നാളുകള്‍. ഒരു ദിവസം സ്റ്റേഷനില്‍ ഇറങ്ങി പാളം ക്രോസ് ചെയ്യാനായി നിന്നപ്പോള്‍ അവന്‍ പിറകെ വന്നു. പരസ്പരം പരിചയപ്പെട്ടു. പിന്നെ പിന്നെ ട്രെയിനില്‍ സീറ്റുണ്ടെങ്കിലും ഞങ്ങള്‍ ഇരിക്കില്ല. ബാത്റൂമിന് മുന്നിലത്തെ ചെറിയ സ്ഥലത്ത് വച്ച് സംസാരിച്ചു കൊണ്ടേയിരിക്കും. മണിക്കൂറുകള്‍ പോകുന്നത് അറിയുകയേ ഇല്ല. അവിടെ നല്ല തിരക്ക് ആണെങ്കില്‍ ട്രെയിനിന്റെ അകത്തേക്ക് കയറുന്ന പടിയില്‍ ഇരുന്നു പുറത്തെ കാഴ്ചകളും കണ്ടു സംസാരിച്ചു കൊണ്ടേ ഇരിക്കും.

അങ്ങനെ ഒരു സംസാരത്തിന്റെ ഇടയില്‍ കോളജില്‍ നിന്നും ടൂറിന് പോകുന്നു കൂടെ വരുന്നോ എന്ന് തമാശ ആയി ചോദിച്ചപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എനിക്ക് വരാന്‍ പറ്റില്ല. പക്ഷേ എന്റെ കൂടെ വന്നാല്‍ നമുക്ക് ഒരു ടൂര്‍ പോകാം. എന്റെ ബുള്ളറ്റില്‍ ഇവിടെ നിന്നും നേരെ തൃശ്ശൂരില്‍ ചെന്ന് അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടു വയനാടന്‍ ചുരം താണ്ടി കുറുവ ദ്വീപും കണ്ടു ബന്ദിപ്പൂര്‍ കാടിന്റെ നടുവിലൂടെ മൈസൂറിലേക്ക്. അവര്‍ തിരിച്ചു വരുമ്പോഴേക്ക് നമുക്കും തിരിച്ചു വരാം.”

ഒരിക്കലും നീരസിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം ആയിരുന്നു അത്. ആ വാഗ്ദാനത്തില്‍ ഒളിച്ചിരിക്കുന്ന സാധ്യതകളുടെ ഉള്‍ചുഴികള്‍ തന്നെ അതിലേക്കു വലിച്ചിടുകയും അതിന്റ നിലയില്ലാ കയങ്ങളിലേക്കു വലിച്ചു താഴ്ത്തുകയും ചെയ്തു.

ഡിസംബറിന്റെ പുലരിയിലേക്കു കോളേജിന്റെ ടൂര്‍ വണ്ടി ഊളയിടുമ്പോള്‍ മഞ്ഞിന്‍റെ കനത്ത പാളികളെ കീറിമുറിച്ചു കൊണ്ട് ബുള്ളറ്റില്‍ തങ്ങള്‍ തൃശൂരിലേക്കു പറക്കുക ആയിരുന്നു…

ചിലപ്പോഴൊക്കെ ശരി ,തെറ്റു തുടങ്ങീയ ചിന്തകള്‍ മനസിലേക്ക് വരും. എഴുത്തുകാരന്‍ ആയ അച്ഛന്‍ കുട്ടിക്കാലത്തു വായിപ്പിച്ച ഗുണപാഠ കഥകള്‍ ഉപബോധ മനസ്സില്‍ കിടക്കുന്നതു കൊണ്ടാകാം സദാചാര ചിന്തകള്‍ മനസ്സില്‍ തല പൊക്കുന്നത്.

പക്ഷേ എന്റെ മനസ്സ് ഇപ്പോള്‍ പറയുന്നു. നിന്റെ ശരീരം ആണ് സത്യം. ആ ശരീരത്തിന് തോന്നുന്ന വെളിപാടുകള്‍ ആണ് നിന്റെ ജീവിതം. അത് ജീവിക്കുക ആസ്വദിക്കുക.

ടൂര്‍ കഴിഞ്ഞു കൂട്ടുകാരികള്‍ തിരികെ വരുമ്പോള്‍ ഈ ചോദ്യം വീണ്ടും അന്തരീക്ഷത്തില്‍ ഉയരും. ആര്‍ യു എ വിര്‍ജിന്‍?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English