ആർ .ജയശ്രീ എഴുതിയ അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ടീയവും എന്ന പുസ്തകത്തിന് ഒരു വായന
അപസര്‍പ്പക ഭാവനകളുടെ ചുഴികളിലെല്ലാം കഥാകഥനത്തിന്റെ ശക്തമായ നീരൊഴുക്ക് പതിയിരിപ്പുണ്ട്. ആ ചുഴിയിലേക്ക് കാലെടുത്ത് വെക്കുന്ന വായനക്കാര്‍ ചുഴിയുടെ കേന്ദ്രത്തിലൂടെ നിയന്ത്രണം വിട്ട് താഴേക്കിറങ്ങിപ്പോകുന്നു. ശരാശരിക്ക് മുകളില്‍ നില്കുന്ന ഏതൊരു അപസര്‍പ്പക രചനയ്കും എന്തുകൊണ്ടാണ് ഇങ്ങനെ വായനക്കാരെ ഒഴിക്കിക്കൊണ്ടുപോകാന്‍ സാധിക്കുന്നത് ? സംഭവങ്ങള്‍ ഉണര്‍ത്തിവിടുന്ന ഉദ്വേഗമോ വരാനിരിക്കുന്ന ഏടുകളിലെ അപ്രതീക്ഷിതമായ ഗതിവിഗതികളോ മാത്രമല്ല അതിന് കാരണം. സാമൂഹികവും രാഷ്ട്രീയവും ചരിത്രപരവുമായ കാഴ്ചപ്പാടോടെ പരിശോധിച്ചാലെ അതിന്റെ കാരണങ്ങളില്‍ ചെന്നെത്താനാവൂ. ഈ രംഗത്ത് ഏറെയൊന്നും പഠനങ്ങള്‍ വന്നിട്ടില്ലാത്ത ഇന്ത്യന്‍ സാഹചര്യത്തില്‍ നിന്ന് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിക്കുമ്പോള്‍ ശ്രമകരമായ ഒരു ദൗത്യമാണ് എഴുത്തുകാര്‍ ഏറ്റെടുക്കുന്നത്. കാരണം ഇവിടെ അപരസര്‍പ്പക സാഹിത്യം ആഴത്തിലുള്ള അന്വേഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ല എന്നതിനാല്‍ എഴുത്തുകാര്‍ക്ക് കൂടുതല്‍ ഇരുട്ടു നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. ആര്‍. രാജശ്രീ എഴുതിയ അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ടീയവും എന്ന പുസ്തകം ആ മുള്‍വഴിയിലൂടെയുള്ള യാത്രയാണ് നടത്തുന്നത്.
യൂറോപ്യന്‍-അമേരിക്കന്‍ ഡിക്ടറ്റീവ് -മിസ്റ്ററി സാഹിത്യം വായിക്കുന്ന മലയാളി ഇത് പുറത്തെവിടെയോ നടന്ന സംഭവമാണ് എന്ന ധാരണയാലാണ് അത് വായിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്ന് ഇത്തരം സാഹിത്യം എഴുതുമ്പോള്‍ മറ്റൊരു ചേരുവയിലാണ് അത് തയ്യാറേക്കേണ്ടത്. അല്ലെങ്കില്‍ നമ്മുടെ വായനക്കാര്‍ക്ക് അത് സ്വീകാര്യമാവില്ല. രാജശ്രീ ഈ പുസ്തകത്തില്‍ ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ പരിസരം അപര്‍പ്പക രചനകളില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന അന്വേഷണമാണ് നടത്തുന്നത്. പുസ്തകങ്ങളേയും ടി.വി സീരീസുകളേയും ആസ്പദമാക്കി എഴുതിയ ഈ പുസ്തകം തെരെഞ്ഞെടുത്ത സാബിളുകളിലൂടെ ഇന്ത്യന്‍ സാഹചര്യം അപര്‍പ്പക എഴുത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ സൂക്ഷമതലത്തില്‍ നിരീക്ഷിക്കുന്നുണ്ട്. ( അപസര്‍പ്പക സാഹിത്യ പഠനത്തിന് സാബിളുകള്‍ എടുക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഞാനിപ്പോള്‍ ലിസ്റ്റ് നിരത്തുമ്പോള്‍ തന്നെ ചിലരുടെ നെറ്റി ചുളിയും. അയ്യേ.. ഇവരെയൊക്കെ ചേര്‍ത്താണോ പഠിക്കുന്നത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ സാബിളുകളുടെ പ്രസക്തി മനസ്സിലാകൂ എന്ന് മുമ്പേ പറഞ്ഞുവെക്കട്ടെ.)
ഷെര്‍ലക് ഹോം സീരീസിലെ ഒരു കഥ, ദുര്‍ഘപ്രസാദ് ഖത്രിയുടെ കാലാചോര്‍(1978), കോട്ടയം പുഷ്പനാഥിന്റെ സൂര്യസംഹാരം (1994), സോണി ടി.വി പ്രക്ഷേപണം ചെയ്ത സി.ഐ.ഡി പരമ്പര ( 1998 -2008 വരെ 1491 എപ്പിസോഡുകള്‍) ഈ പരമ്പരയിലെ അഭിജിത്ത് എന്ന ഡിക്ടറ്റീവിന്റെ സാമൂഹിക-മാനസികാപഗ്രഥനം തുടങ്ങിയവയാണ് പ്രധാനമായും ഈ പുസ്തകത്തിന് അടിസ്ഥാനം. വിദേശ സാഹിത്യത്തില്‍ നിന്ന് സീരിയലുകളില്‍ നിന്നും വ്യത്യസ്തമായ അന്തരീക്ഷമാണ് ഇന്ത്യയിലേത്. ഇതിഹാസങ്ങളില്‍ അന്തര്‍ലീനമായ ഭാവനകളിലൊന്നാണ് ഉത്തരേന്ത്യയില്‍ ദേവന്‍മാരാണുള്ളത് എന്നും ദക്ഷിണേന്തയിലെ രാക്ഷസന്‍മാരാണ് ജീവിക്കുന്നത് എന്നുമുള്ളത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അതികാമമായും യക്ഷിയുടെ സ്വാധീനമായും ചിന്തിക്കുന്ന ചിന്താഗതി, കറുത്തവരും വെളുത്തവരും തമ്മിലുള്ള മേല്‍ത്തട്ട് കീഴ്ത്തട്ട് വ്യത്യാസങ്ങള്‍, കുടംബത്തിലെ ആണ്‍ പെണ്‍ അധികാര വ്യവസ്ഥയും അതിന്റെ തട്ടുകളും, വ്യക്തികളുടെ സ്വതന്ത്രജീവിതത്തെ പൂര്‍ണ്ണായും ദഹിപ്പിച്ചു കളയാന്‍ സാധിക്കുന്ന സാമൂഹിക വ്യവസ്ഥ, മിത്തുകളുടെ സ്വാധീനം തുടങ്ങി അനേകം കാര്യങ്ങള്‍ ഇന്ത്യന്‍ സാഹചര്യം വിദേശ സാഹചര്യങ്ങളുമായി വ്യത്യാസപ്പെട്ട് കിടക്കുന്നു. ഇവയെ തന്ത്രപൂര്‍വ്വം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യയിലെ അപസര്‍പ്പക രചയിതാക്കള്‍ തങ്ങളുടെ രചനകളെ മാര്‍ക്കറ്റിലേക്കിറക്കുന്നത്. മാര്‍ക്കറ്റിന്റെ രുചിക്കനുസരിച്ച് സൃഷ്ടിച്ചിട്ടില്ലെങ്കില്‍ വേഗം ചീഞ്ഞ് നാറാനിടയുള്ള ഈ സാഹിത്യം അതുകൊണ്ടു തന്നെ വായനക്കാരുടെ അഭിരുചിയെ മാത്രമേ ലക്ഷ്യം വെക്കുന്നുള്ളൂ.
ഒരു സമൂഹത്തെ പറ്റി പഠിക്കാന്‍ ആ സമൂഹത്തിലെ കുറ്റകൃത്യങ്ങളെ പറ്റി പഠിച്ചാല്‍ മതി എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. അതുകൊണ്ടു തന്നെ പള്‍പ്പ് ഫിക്ഷനുകളെന്ന് തള്ളിക്കളഞ്ഞ അപസര്‍പ്പക സാഹിത്യത്തിനെ സൂക്ഷ്മമായി പഠിക്കുന്നതിലൂടെ ഇന്ത്യന്‍ മനസ്സിനെയാണ് വായിച്ചെടുക്കുന്നത്. ഓരോ കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ ഈ എഴുത്തിനെയും സ്വാധീനിച്ചിട്ടുണ്ട്. ക്ലാസിക്കല്‍ സാഹിത്യം ഈ മാറ്റങ്ങളെ അക്ഷരരൂപത്തിലേക്ക് മാറ്റുന്നത് ദശാബ്ദങ്ങള്‍ കഴിഞ്ഞാവും. എന്നാല്‍ അപസര്‍പ്പക സാഹിത്യകാരന്‍മാര്‍ അതി വേഗം ഈ മാറ്റത്തിനനസരിച്ച് പ്രതികരിക്കുകയും അത് തങ്ങളുടെ പുസ്തകത്തിലേക്ക് പരാവര്‍ത്തനം ചെയ്യുകയും ചെയ്യും. രാജശ്രീയുടെ അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ടീയവും എന്ന പുസ്തകം ആ മാറ്റങ്ങളെ പഠിക്കാന്‍ ശ്രമിക്കുന്നു. മലയാള സാഹിത്യം ഗൗരവത്തോടെ സമീപിക്കേണ്ടുന്ന ഒരു മേഖലയിലാണ് രാജശ്രീ തന്റെ അന്വേഷണങ്ങള്‍ നടത്തിയിരിക്കുന്നത് എന്നത് അഭിനന്ദനാര്‍ഹമാണ്.
പ്രസാധനം : ലോഗോസ് ബുക്‌സ്.
പ്രവീൺ ചന്ദ്രൻ: കടപ്പാട്