ഓർമ്മയെ സ്വന്തമാക്കിയാൽ
അത് സ്നേഹമാകുമോ
സ്നേഹം ചേതനയാണെന്നും പ്രേമഭാജനമാണെന്നും
നൈർമ്മല്യത്തിൽ സ്നാനപ്പെട്ട മിസ്റ്റിക്കുകൾ പാടുന്നു – ഒരു കൗതുകത്തിനു ദൈവത്തോട് തിരക്കിയപ്പോൾ ഉത്തരം മൗനമായിരുന്നില്ലേ
ഗൃഹാതുരത്വത്തോടെയുള്ള കാത്തിരിപ്പാണ് സ്നേഹമെന്നു
കവികൾ – ഗൃഹവിഹീനൻ ആരെ കാത്തിരിക്കാൻ
മാസ്മരികമായ ഭ്രാന്താണത്രെ സ്നേഹം –
അങ്ങനെയെങ്കിൽ ഭ്രാന്തന്മാരെ എന്തിനു ചങ്ങലക്കിടണം
ശാരീരികസാമിപ്യം സ്നേഹത്തിന്റെ
അവകാശമാണുപോൽ – പിന്നെ കുറഞ്ഞ അളവിൽ സാവകാശം മതി രതിയെന്നൊക്കെ ഉപദേശിക്കുന്നത് ആരാണ്
വേദപുസ്തകങ്ങളിൽ നിന്നും ശബ്ദതാരാവലികളിൽ നിന്നും സ്നേഹത്തെക്കുറിച്ച് എന്തറിയാൻ – അസ്തിത്വത്തെ സമ്പൂർണമായി സ്‌നേഹിക്കുമ്പോൾ അതിനു വേണ്ടി നെഞ്ചുരുകി പൊട്ടുമ്പോൾ സ്നേഹം ഹൃദിസ്ഥമാകില്ലേ – ജീവിതം എന്ന അഗ്നിപരീക്ഷയെ നേരിടാൻ പിന്നെ ആർക്കാണ് പേടി
സ്വന്തമാക്കലിനെ സ്നേഹമെന്ന് പറയാവോ –
അപ്പോൾ ഉരുകലിനെ പടരലിനെ തേടലിനെ അലച്ചിലിനെ
എന്ത് പേരെടുത്തു വിളിക്കും
വിരഹത്തെ സമാഗമത്തിന്റെ കരയിലും
സമാഗമത്തെ വിരഹത്തിന്റെ കടവിലും
അടുപ്പിക്കുന്ന തോണിയാണ് സ്നേഹമെങ്കിൽ
കടത്തുകാരൻ ആരാകും
കടത്തുകാരൻ കാലമാണെങ്കിൽ
ഭൂതം ഭാവി എന്ന രണ്ടു വൈരുദ്ധ്യങ്ങൾക്കിടയിൽ
അയാളെ സാന്ത്വനിപ്പിക്കുന്നത് ആരാകും
ദാക്ഷിണ്യത്തിന്റെ ആവനാഴിയിൽ തൊടുക്കാനായി
സൂക്ഷിച്ചിരിക്കുന്ന ക്രൂരതയുടെ ശരം പോലെ സ്നേഹം – അതു കൊണ്ടല്ലേ
ഗാർഹികപീഡനം ഒരു തുടർക്കഥയാകുന്നത്
രക്തബന്ധം മാത്രമാണ് ചിലർക്ക് സ്നേഹം –
ചോരക്കും മുൻപേ സ്നേഹമുണ്ടെന്ന രഹസ്യം
അവർ എന്ത് കൊണ്ട് കണ്ടെത്തുന്നില്ല –
ധമനികളിലൂടെയുള്ള ഒഴുക്ക്
സ്നേഹം വരച്ച വഴിയിലൂടെയല്ലയോ
തത്വത്തിനും പ്രയോഗത്തിനും അപ്പുറത്തെ
ഘോരാന്ധകാരമല്ലേ സ്നേഹം – പ്രാക്തനമായ ആ ഇരുട്ടിൽ നക്ഷത്രഹൃദയമുള്ള ദീപം കൊളുത്തുന്നതും
സ്നേഹത്തിന്റെ കരമല്ലാതെ മറ്റാര്
സാരമായും നിസ്സാരമായും
ഇവിടെയോ
അവിടെയോ
ഇടയ്ക്കെവിടെയോ………
തേടിയാൽ കിട്ടുമോ
കിട്ടുമോ തേടാതിരുന്നാൽ
അതിനെക്കുറിച്ചൊന്നും തർക്കിക്കാതെ തല പുണ്ണാക്കാതെ
ശുദ്ധ പ്രാണനായി വീർപ്പുമുട്ടിയിരിക്കാം
നിശൂന്യതയിൽ അപ്പോൾ സഹജമായി ഉദിച്ചുപൊങ്ങിയേക്കും
കൺപീലിത്തുമ്പിലൂടെ പിടഞ്ഞു വീഴേണ്ട
സ്നേഹത്തിന്റെ ആ നീഹാരകണം
ഒന്നിനും ഉത്തരമില്ലെന്നു തോന്നാം –
എങ്കിലും പൂക്കൾ വിടരുന്ന നൈസർഗ്ഗികതയിൽ വെറുതെയങ്ങു ചോദിച്ചു പോകാം
അമ്മിഞ്ഞ കുടിക്കുന്ന കുഞ്ഞിനുപോലുമറിയാം
സ്നേഹം മൗനത്തിന്റെ മാറ്റൊലിയാണെന്ന്!