നീതുമോള് ഉറക്കമുണർന്ന ഉടൻ കണ്ണ് തിരുമ്മി അടുക്കളയിലേക്കോടി.
“അമ്മേ ഇന്ന് തിന്നാനെന്താ ആക്കിയേ?”
“ദോശയും ചട്‌നിയും” ജാനകിയമ്മ ചട്‌നി തയ്യാറാക്കിക്കഴിഞ്ഞ്, പാത്രം അടച്ചുവെച്ചു.
“നീതു, നീതു” കളിക്കൂട്ടുകാരിയും അയൽവാസിയുമായ മാളു ഓടിയെത്തി.
“നമ്മക്ക് പോലീസും കളളനും കളിക്കാ”
“വാ, രണ്ടുപേരും കഴിച്ചിട്ട് പോയാ മതി. ഒമ്പത് മണിയാകാറായില്ലേ? ഇപ്പോ ചന്തേരമ്മാവനും വരും.”
ജാനകിയമ്മ രണ്ടുപേരെയും നിർബന്ധിച്ചു തീറ്റിച്ചു.
അച്‌ഛനെ കാണാൻ സൗഭാഗ്യമില്ലാതിരുന്ന നീതുമോളെ, ആ കുറവ് അറിയിക്കാതെയാണ് വളർത്തിയത്. ചന്തേരമ്മാവൻ അവൾക്ക് എല്ലാമെല്ലാമായിരുന്നു.
അടുത്ത സ്‌കൂളിൽ ഹെഡ്‌മാസ്‌റ്ററായി ജോലി നോക്കുന്ന ചന്തേരമ്മാവൻ ഈ തറവാട്ടിലേക്ക് തന്റെ ഇരുചക്രവാഹനം പാർപ്പിക്കാനും, ചേച്ചിയേയും മകളേയും കാണാനും നിത്യേന വരും.
വന്നാൽ പിന്നെ നീതുവിന് ഉത്സവമാണ്. ഇടയ്‌ക്കിടെ നീതുവിനും മാളുവിനും ചന്തേരമ്മാവന്റെ വണ്ടിയിൽ ലിഫ്‌ട് കിട്ടും. അവർ അതിനായി കാത്തിരിക്കും. എന്തുവേണമെങ്കിലും ചന്തേരമ്മാവനോട് പറഞ്ഞാ മതി. മാനത്തെ ചന്ദിരൻ പോലും!
അന്ന് ചന്തേരമ്മാവൻ വന്നെത്തിയ ഉടൻ നീതു പിന്നാലെ കൂടി.
“ചന്തേരമ്മാവാ എനിക്ക് ചാവി കൊടുത്താ ഓടുന്ന കാറുവേണം.”
“അതല്ലേ അന്നു വാങ്ങിച്ചു തന്നത്.”
“അത് ചാവിയില്ലാണ്ട് ഓടുന്നതല്ലേ?”
“എടീ കളളീ” ചന്തേരമ്മാവൻ നീതുവിന്റെ കാതു പിടിച്ചു.
“ഇനി രണ്ടുപേരും വണ്ടിയിൽ മുറുകെ പിടിച്ചിരുന്നോ.”
രണ്ടുപേരും ചന്തേരമ്മാവന്റെ വണ്ടിയിൽ അടുത്ത കടയിലേക്ക് സവാരി ചെയ്‌തു. നല്ല വലിയ ചോക്കളേറ്റും കിട്ടി. സ്‌കൂളിൽ പോകാൻ സമയമായി, ചന്തേരമ്മാവൻ പോയി. നീതുവും മാളുവും കളളനും പോലീസും കളി തുടങ്ങി.
“അമ്മേ കണ്ടക്ക വേണം.” നീതു വിളിച്ചു പറഞ്ഞു.
“മോളെ, അധികം കടല നന്നല്ല. എന്തെങ്കിലും രോഗം വരുത്തിവെക്കും.”
“കണ്ടക്ക, കണ്ടക്ക” നീതു കരഞ്ഞു.
കൊടുക്കാതെ യാതൊരു രക്ഷയുമുണ്ടായില്ല. അന്ന് നീതുമോൾക്ക് വയറ്റിൽ അസുഖം തുടങ്ങി. വൈകീട്ട് ഒന്നും കഴിക്കാൻ താൽപ്പര്യം കാണിച്ചില്ല. രാത്രി സ്വല്പം ടെമ്പറേച്ചറും കൂടി.
അടുത്തെങ്ങും ഡോക്‌ടറില്ല. ടൗണിൽ പോകണം. തൽക്കാലം പനിയുടെ ഗുളിക കൊടുത്തു.
കാലത്ത് ടൗണിൽ പോയി ക്യൂ നിന്നാൽ ഡോക്‌ടറെ കണ്ട് നേരത്തെ തിരിച്ചെത്താം. നീതുമോൾക്ക് കാലത്തും പതിവില്ലാത്തവിധം ഉന്മേഷക്കുറവ് കാണപ്പെട്ടു.
“നീതു, ഡോക്‌ടറെ കാണണ്ടേ, ഉമ്പ് മാറണ്ടേ?”
“വേണ്ട, കുത്തിവെക്കും.” ശാഠ്യം പിടിച്ച നീതുവിനെ മെരുക്കിയെടുക്കാൻ ജാനകിയമ്മ പാടുപ്പെട്ടു. “ചന്തേരമ്മാവൻ ഡോക്‌ടറോട് പറഞ്ഞേല്പിച്ചിട്ടുണ്ട് നല്ല മധുരിക്കുന്ന മരുന്നു കൊടുക്കണമെന്ന്.”
ജാനകിയമ്മ കാലത്തെ പുറപ്പെട്ടു നീതുവിനെയും കൊണ്ട് ഡോക്‌ടറുടെ അടുത്തേക്ക്. വഴിയോരക്കാഴ്‌ചകളിൽ അതീവ താല്പര്യം കാട്ടിയിരുന്ന നീതു, അന്ന് ഒന്നിനും ഇഷ്‌ടം കാണിച്ചില്ല, മിഴികൾ പാതിയടച്ച് അലക്ഷ്യമായി നോക്കിയതല്ലാതെ.
ചെമ്മൺ നിരത്തിലൂടെ ഓടിച്ചാടി, അത്ഭുതം കൂറുന്ന മിഴികളോടെ ഇരുവശങ്ങളിലും കണ്ണോടിച്ചിരുന്ന നീതുവിന്റെ ഉത്സാഹം എങ്ങോ പോയ്‌മറഞ്ഞു.
നിരത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കെ, പാടത്തിലെ ആ കാഴ്‌ച നീതുവിനെ വളരെ ആകർഷിച്ചു. ഒരു കർഷകൻ തന്റെ എരുമയെ കുളിപ്പിക്കുന്നു. എത്ര സ്‌നേഹത്തോടെയാണ് അയാൾ അതിനെ തലോടുന്നത്?
നീതു എല്ലാം മറന്ന് നോക്കി നിന്നുപോയി. പിന്നെ അമ്മയോടൊരു ചോദ്യം.
“അമ്മേ, അയാളാരാ? എരുമേടെ ചന്തേരമ്മാവനാ?”
Generated from archived content: unnikatha_dec2_05.html Author: vn_cheruthazham