മാതൃഭാഷ എന്ന സങ്കല്പ്പം തന്നെ അപ്രസക്തമാവുന്ന വിധത്തില്‍ ലോകം മാറിയിരിക്കുന്നു. ഒരു പാട്. ” മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ , മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍” എന്ന കവിവാക്യം ഇന്ന് ഒരു ചിരി മാത്രം ഉയര്‍ത്തിയേക്കാം. പ്രശസ്തനായ വൈക്കം മുഹമ്മദ് ബഷീര്‍ പലപാട് തന്നേപറ്റി പറഞ്ഞപോലെ ഒരു പാട് അമ്മമാരുടെ മുലകള്‍ കുടിക്കുന്ന ലോകത്തിന്റെ അവകാശികളാണ് സര്‍വരും എന്ന നിലപാടും അല്ല. കുട്ടിക്കാലത്തെ ഭാഷ അമ്മയുടെ, നാടിന്റെ, പള്ളിക്കൂടത്തിന്റെ ഭാഷ, എന്ന ഭാഷയെ സംസ്ക്കാരത്തിന്റെ അടിവേരാക്കുന്ന സങ്കല്പ്പനം നോക്കു. അത് ഇന്ന് പ്രവര്‍ത്തിക്കുന്ന പരമ്പരാഗതമായ രീതിയിലല്ല. ഒരു കുട്ടി തന്റെ ആദ്യ ഭാഷ നുകരുന്നത് അസ്ഥിര അയാഥാര്‍ത്ഥ ഇടങ്ങളില്‍ നിന്നാണ് . ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍, ടി. വി , കമ്പ്യൂട്ടര്‍ എന്നിവയാണ് ചെറിയ കുട്ടികളുടെ ഭാഷാധ്യാപകര്‍ എന്നു പറഞ്ഞാല്‍ അതില്‍ തെറ്റൊന്നും ഇല്ല. ആദ്യമേ കുട്ടി ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു എന്നല്ല ഇതിന്റെ അര്‍ത്ഥം. അമ്മ, അമ്മമ്മമാര്‍ , ആയമാര്‍, വേലക്കാരികള്‍ , സഹോദരര്‍, ബന്ധുക്കള്‍ എന്നിവര്‍ കൊഞ്ചിച്ച് പറയുന്ന വാക്കുകളാണ് കുട്ടി ആദ്യം ഉള്‍ക്കൊള്ളുന്നത് . പതുക്കെ പതുക്കെ പ്രകൃതി ശബ്ദങ്ങളും ചുറ്റുപാടുള്ളവര്‍ പരസ്പരം പറയുന്ന വാക്കുകളും ഗ്രഹിക്കാന്‍ തുടങ്ങുന്നു. ആ ചുറ്റുപാടില്‍ ഇന്നു പ്രബലസാന്നിധ്യമാണ് മുമ്പ് പറഞ്ഞ അയഥാര്‍ഥ ഇടങ്ങള്‍. അവിടെ നാം ഉപയോഗിക്കുന്ന ഭാഷ ഏതാണ്? ആലോചിച്ചു നോക്കു.മുന്‍പ് വിദ്യാഭ്യാസമോ സിലബസ്സോ പ്രധാനമായിരുന്നിടത്ത് മാതൃഭാഷയുടെ കാര്യത്തില്‍ ഇന്ന് നാം ജീവിക്കുന്ന ഈ സാഹചര്യങ്ങളും വളരെ പ്രസക്തമാണ് എന്ന് മറക്കരുത്. ഹലോ, ഒ. കെ , സീ യു, ബൈ തുടങ്ങിയ കുഞ്ഞ് വാക്കുകള്‍ തൊട്ട് സൈബര്‍ ഭാഷവരെ കുഞ്ഞുങ്ങള്‍ പെട്ടന്ന് പിടിച്ചെടുക്കുന്നു. ഇംഗ്ലീഷ് ഭാഷ കേരളത്തില്‍ ജീവിക്കുന്ന കുട്ടികള്‍ മാതൃഭാഷയോടൊപ്പം തന്നെ പിടിച്ചെടുക്കുന്നു എന്നര്‍ഥം . ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഇത് പലപ്പോഴും സര്‍വസാധാരണ പ്രതിഭാസമാണ്. സാങ്കേതിക വിദ്യാവികസനവും വിദേശചാനലുകള്‍ , സിനിമകള്‍, സിഡികള്‍, പാട്ടുകള്‍ എന്നിവയുടെ സ്വന്തം വീട്ടിലിരുന്ന് കാണാവുന്ന നിലയും അതുകാരണം മറ്റു ഭാഷകളോട് , പ്രത്യേകിച്ച് ഇംഗ്ലീഷിനോട് വീട്ടമ്മമാര്‍, മുത്തശിമാര്‍, എന്നിവര്‍ക്കുണ്ടായ അകലം കുറഞ്ഞതും ഏറെ പ്രധാനം . പരസ്യങ്ങളാണ് ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത്. ആഗോളവല്‍ക്കരണവും കുത്തകക്കമ്പനികളുമാണ് മാതൃഭാഷയുടെ കഴുത്തരിയാന്‍ കൂട്ടു നിന്നത് എന്നര്‍ത്ഥം. കോളക്കമ്പനികള്‍ ഭാഷയും തകര്‍ക്കുന്നു എന്നര്‍ത്ഥം. കൊറിയ, ജപ്പാന്‍ തുടങ്ങിയ അന്യസംസ്ക്കാരത്തെ ആവോളം ചെറുക്കുന്ന രാജ്യങ്ങളില്‍ പോലും പുതുതലമുറ അങ്ങനെ ആണത്രെ. എന്നാലും അച്ഛനമ്മമാര്‍ അത് തടുക്കാന്‍ ആവോളം ശ്രമിക്കുന്നുണ്ടെത്രെ. സര്‍ക്കാരും സ്വന്തം ഭാഷയും സംസ്ക്കാരവും സംരക്ഷിക്കാന്‍ പദ്ധതികള്‍ ഇട്ട് അവ പ്രായോഗികതലത്തിലെത്തിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നു. അപ്പോള്‍ മാതൃഭാഷാ സംരക്ഷണം ചൊട്ടു വിദ്യകള്‍ കൊണ്ട് ഇനി നടക്കില്ല . വലിയ ആഴത്തിലുള്ള സമരമാണ് ആവശ്യം. ജനത വേരുകള്‍ തിരയണം . സര്‍ക്കാര്‍ ആത്മാഭിമാനബുദ്ധി ജ്വലിപ്പിക്കണം. കവിതകള്‍ ജനഹൃദയങ്ങളിലേക്ക് തിരിച്ചൊഴുകണം . കുട്ടികളെ നാടോടിക്കഥകള്‍ , കവിതകള്‍ , കലകള്‍ എന്നിവയോടടുപ്പിക്കണം. ഏത് മനുഷ്യനും വേണം വാക്കുകകളും വികാരങ്ങളുമുള്ള ഹൃദയം. വാക്കുകള്‍ക്കു ജീവന്‍ നല്‍കുന്ന സംസ്ക്കാരം വേണം. അതു മാതൃഭാഷയോട് കാതില്‍ മൊഴിയുന്ന നിഗൂഢവാണി മനസിലാക്കാന്‍ ശ്രമിക്കുന്ന മനസ് നമുക്കെല്ലാവര്‍ക്കും വേണം. അപ്പോഴേ മാതൃഭാഷ ജീവിതത്തിന്റെ ഭാഗമാകു. കടപ്പാട് : മൂല്യശ്രുതി
Generated from archived content: essay1_may18_12.html Author: vm_girija