നായാട്ട്‌

പുലിയിറങ്ങി പുലിയിറങ്ങി

പണ്ടൊരു ബാലനോതി കളിയായ്‌

പണ്ടൊരു ബാലനോതി കളിയായ്‌

പുഴകൾനികത്തി കാടുകൾവെട്ടി

ആ മണ്ണിൽ ലഹരിയും നട്ടു

പഞ്ചനക്ഷത്ര സമുച്‌ഛയം വന്നു

വികസനപ്പോരിൽ പെരുമ്പറകൊട്ടി

മണൽക്കൊള്ളയും കരിംഞ്ചന്തയും കൂടി

ഭീകരൻ നാടുഭരിച്ചു കൊടും ഭീകരൻ നാടുഭരിച്ചു.

ഭരണം അഞ്ചാണ്ടിൽ മാറിവന്നു

ഇടവും വലവും ഭരിച്ചു

കണ്ണൂരിനെ അവർ കാശ്‌മീരാക്കി

കല്ലിൽപോലും നിണമൊഴുകി

ബോബുകൾ തോക്കുകൾവാരിവിതറി

പരസ്‌പ്പരം വെട്ടുവാൻ വാളുകൾ നൽകി

ഇനിയും നിർത്താതെ തുടരുമീയങ്കത്തിൽ

നിങ്ങൾക്കു ലാഭമായ്‌കിട്ടിയതെന്ത്‌?

ഒരു മഴപക്ഷിതൻ ചിറകിൻകഷ്‌ണമോ

ഒരു കുഞ്ഞു പൈതലിൻ കൈപ്പത്തിയൊ?

മണ്ണിലിറങ്ങുവാൻ തൂമ്പയെടുക്കുവാൻ

മടിച്ചോരു മണ്ണിന്റെമക്കൾ

പലനാടുകൾതാണ്ടി അടിമകളായി

നടുനിവർത്താതെ പണിയെടുത്തു

ഇവർ മണ്ണിൻ മക്കൾ മനുവിന്റെമക്കൾ

മനുഷ്യന്റെ മനസുള്ള മക്കൾ

പെറ്റമ്മയെ വിറ്റു പോറ്റമ്മയെത്തേടി

ഭ്രാന്തരായലയുന്ന മക്കൾ

നാടുമുടിച്ചവർ കാട്ടിലേക്കോടി

കാടെന്നു ച്ചൊല്ലുവാനില്ലാതയായ്‌

ഒരു മരം ഭൂമിയിൽ ബാക്കിയുണ്ടെന്നൊരു

കവി തന്റെ ഹൃദയത്തിൽ തൊട്ടെഴുതി

നാടു വിറ്റു അവർ കാടുവിറ്റു

കാടിന്റെ മക്കളെയൊക്കെ വിറ്റു

കടുവകൾ പുലികൾ കാട്ടാനകൾ

അവർ കൂട്ടമായ്‌ നാട്ടിലേക്കോടിവന്നു

അഞ്ചു വയസുള്ള പിഞ്ചുബാലൻ

മുറ്റത്തോടി കളിച്ചിടുമ്പോൾ

കുറ്റിക്കാട്ടിൽ നിന്നൊച്ചകേട്ടു അവൻ

ഞെട്ടിത്തിരിഞ്ഞങ്ങു നോക്കുംമുൻപെ

ദംഷ്‌ട്രകളാഴ്‌ന്നു അവന്റെ നെഞ്ചിൽ

എല്ലുകൾ മുറിയുന്നതവനറിഞ്ഞു

പുലിതൻ വായിൽ പിടക്കുന്നബാലൻ

അമ്മയെന്നോതി അവസാനമായ്‌

അമ്മയെന്നോതി അവസാനമായ്‌

പുലിയിറങ്ങി പുലിയിറങ്ങി

പണ്ടൊരു ബാലനോതി കളിയായ്‌

പണ്ടൊരു ബാലനോതി കളിയായ്‌

Generated from archived content: nurse1_jun9_11.html Author: vineeth_p_sethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here