കൂറ്റൻമരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ കൊടുംകാട്. മരക്കൊമ്പിൽ നിന്നു മരക്കൊമ്പിലേക്കു ചാടിപ്പോകുന്ന കുരങ്ങുകളുടെകൂട്ടം. ബിംബുവിന് പെട്ടെന്ന് കോമാളിക്കുരങ്ങന്റെ കാര്യം ഓർമ വന്നു. അവനിപ്പോൾ എവിടെയായിരിക്കും? താൻ ചുറ്റിയെടുത്തെറിഞ്ഞപ്പോൾ കാലൊടിഞ്ഞുപോയ തടിയൻ ഇപ്പോഴും സർക്കസ്സിലുണ്ടുകുമോ? ബിംബുവിന്റെ മനസ്സിൽ നൂറുനൂറു ചോദ്യങ്ങളായിരുന്നു.നടന്നുനടന്ന് ആനക്കൂട്ടം ഒരു ചെറിയ വെള്ളച്ചാട്ടത്തിനടുത്തെത്തി. പെട്ടെന്ന് ബിന്നിയമ്മായി പറഞ്ഞു.“ബിബൂ, മോന് ഈ സ്‌ഥലം പരിചയമുണ്ടോ?”ബിംബു ചുറ്റുപാടും നോക്കി. അല്‌പം മാറി പുല്ലുനിറഞ്ഞു നിൽക്കുന്ന ചെറിയൊരു മൈതാനം. തൊട്ടപ്പുറത്ത് രണ്ടു കൂറ്റൻ കരിമ്പാറകളുമുണ്ട്.പെട്ടെന്ന് ബിംബുവിന് മനസ്സിൽ എന്തെന്നില്ലാത്ത ഭയം തോന്നി. ഇവിടെവെച്ചല്ലേ തന്നെ മനുഷ്യർ കുഴിയിൽ വീഴ്‌ത്തിയത്! ബിംബു ഒന്നു ഞെട്ടി. അമ്മയും ബിന്നിയമ്മായിയും കണ്ണീരൊഴുക്കി തന്നെ രക്ഷിക്കാനാവാതെ നിസ്സഹായരായി നിന്ന രംഗം ബിംബുവിന്റെ മനസ്സിൽ തെളിഞ്ഞു വന്നു.“മോനേ, എന്തായാലും നീ രക്ഷപ്പെട്ട് തിരിച്ചെത്തിയില്ലേ?. അതുതന്നെ മഹാഭാഗ്യം. ഇനി പേടിക്കാനൊന്നുമില്ല.”“അതെന്താ അമ്മേ, മനുഷ്യരെല്ലാം മരിച്ചുപോയോ?” ഹീമന്റെ ചോദ്യംാ“ഹും! മിടുക്കൻ! അവന്റെയൊരു ആഗ്രഹം കേട്ടില്ലേ? മനുഷ്യരെല്ലാം മരിച്ചാൽ പിന്നെ ആരെയും പേടിക്കേണ്ടല്ലോ.” ഭീമനാന ചിരിച്ചുകൊണ്ടു പറഞ്ഞു ബിന്നിയും ചിരിയിൽ പങ്കുകൂടി. എന്നിട്ടു പറഞ്ഞു.“ഈ കാട്ടിൽ നിന്ന് നമ്മളെയൊന്നും പിടിക്കരുതെന്ന് ഇപ്പോൾ നിയമമുണ്ട്. ഇക്കാര്യം ആ മലയ്‌ക്കപ്പുറത്തെ റോഡിൽ ഒന്നുരണ്ടു സ്‌ഥലത്ത് എഴുതിവച്ചിട്ടുമുണ്ട്. അതുകൊണ്ട് കാട്ടിലൂടെ സ്വൈര്യമായി നടക്കാം.” ബിന്നി പറഞ്ഞു അപ്പോഴാണ് ഭീമനാന മുന്നോട്ടു വന്നത്. അവൻ പറഞ്ഞു.എന്തു നിയമമുണ്ടാക്കിയാലും ഒരു കാര്യവുമില്ല ബിന്നി. കഴിഞ്ഞകൊല്ലം നമ്മുടെ കൂട്ടത്തിലെ ചിമ്പൻ മരിച്ചതെങ്ങനെയാണെന്ന് നിനക്കറിയാമോ? മനുഷ്യർ വെടിവച്ചു കൊന്നതാ. ചീഞ്ഞഴുകിയപ്പോൾ കൊമ്പ് ഊരിയെടുത്ത് ആ ദുഷ്‌ടന്മാർ സ്‌ഥലം വിട്ടു.“ഭീമൻ പറഞ്ഞതുകേട്ട് എല്ലാവരും ഞെട്ടിപ്പോയി! അതുവരെ തുള്ളിച്ചാടി നടന്നിരുന്ന ഹീമൻ വേഗം ബിന്നിയുടെ അടുത്തേക്കു മാറി. ആനക്കൂട്ടം നടന്നുനടന്ന് കുറെ ദൂരം പിന്നിട്ടു. പാവം ബിംബു! കാട്ടിലൂടെ നടന്നിട്ട് കുറെക്കാലമായതിനാൽ അവൻ വല്ലാതെ തളർന്നു പോയിരുന്നു. ബിംബു കിതയ്‌ക്കുന്നതു കണ്ടപ്പോൾ ഭീമൻ അവന്റെ അടുത്തേക്കു ചെന്നു പറഞ്ഞു.”മോനേ, ദാ ഈ കയറ്റം കൂടി കഴിഞ്ഞാൽ നിന്റെ അമ്മയെ കാണാം.“ ഭീമൻ സന്തോഷത്തോടെയല്ല അതു പറഞ്ഞത്.ബിംബുവിനു സന്തോഷമായി. അവസാനം താൻ അമ്മയുടെ അടുത്തു തിരിച്ചെത്തിയിരിക്കുന്നു! സർക്കസ് കൂടാരത്തിൽ വെച്ച് എത്രയോ തവണ അമ്മയെ സ്വപ്‌നം കണ്ടിരിക്കുന്നു.! താൻ ഈ കഷ്‌ടപ്പാടെല്ലാം സഹിച്ച് രക്ഷപ്പെട്ട് കാട്ടിലോടിയെത്തിയതും അമ്മയെ കാണാൻ തന്നെയല്ലേ!അമ്മയെ കാണാനുള്ള വെമ്പലിൽ അവന്റെ ക്ഷീണമെല്ലാം ഓടിയകന്നു. അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി. മലയിറങ്ങി താഴെയെത്തിയ ബിംബുവിനോടൊപ്പം ബിന്നിയുമുണ്ടായിരുന്നു.”അതാ! ആ പാറയുടെ അപ്പുറത്താണ് നിന്റെ അമ്മ.“ ബിന്നി ഒരു വലിയ പാറയുടെ അപ്പുറത്തേക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു.ബിംബുവേഗം പാറയുടെ അപ്പുറത്തേക്കോടിച്ചെന്നു. അതാ, ഒരു പാറയോടു ചേർന്ന് അമ്മ കിടന്നുറങ്ങുന്നു.!”അമ്മേ, അമ്മേ, ഇതാ ബിംബുമോൻ വന്നു. “ബിംബു ഉറക്കെ വിളിച്ചു പറഞ്ഞു. ബിംബുവിന്റെ വിളികേട്ട് അവന്റെ അമ്മ മെല്ലെ കണ്ണു തുറന്നു. ബിംബു വേഗം അമ്മയുടെ അടുത്ത് ഓടിയെത്തി. അവൻ പാറയിൽ ചാരിക്കിടക്കുന്ന അമ്മയെ തുമ്പിക്കൈകൊണ്ട് തലോടി.”ഹൊ! ഈ അമ്മയ്‌ക്ക് ആശ്വാസമായെടാ മോനേ. നീ ഇത്ര നാളും എവിടെയായിരുന്നു?“ അമ്മ ബിംബുവിന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു. ”അതൊക്കെ ഞാൻ പിന്നെ പറയാമമ്മേ. അമ്മയെന്താ കിടക്കുന്നത്? ഒന്നെഴുന്നേൽക്കൂ. അമ്മയെ ശരിക്കൊന്നു കാണാൻ കൊതിയാവുന്നു. “ ബിംബു പറഞ്ഞു.”വയ്യാ മോനേ. അമ്മയ്‌ക്കു തീരെ വയ്യ. അമ്മ ഇനി ഒരിക്കലും എഴുന്നേൽക്കില്ല“. അമ്മ തന്റെ മുൻകാലുകൾ കാണിച്ചുകൊണ്ടു പറഞ്ഞു.”ദാ ഇതു കണ്ടോ?“ങേ! ബിംബു ഞെട്ടിപ്പോയി. അവൻ ഒന്നേ നോക്കിയുള്ളു. മുറിവേറ്റ് പൊട്ടിവീർത്ത അമ്മയുടെ മുൻകാൽ കണ്ട് ബിംബു വല്ലാതായി.”അമ്മേ, എന്താണിത്? അമ്മയ്‌ക്കെന്തു പറ്റി? വല്ല കിടങ്ങിലോ കുഴിയിലോ അമ്മ വീണോ? അതോ വല്ല രോഗവും വന്നോ?“”അസുഖമൊന്നുമല്ല മോനേ. കുറെ നാൾ മുമ്പ് കുറെ ദുഷ്‌ടന്മാർ വെടിവെച്ചതാ. അന്ന് കാൽ കുറച്ചു പൊട്ടിയതേയുള്ളു. പിന്നെ അതു പഴുത്ത് നിന്റെ അമ്മയ്‌ക്ക് നടക്കാൻ വയ്യാതായി. ഇപ്പോഴും ആ വെടിയുണ്ട അമ്മയുടെ കാലിൽത്തന്നെയുണ്ട്. ഇപ്പൊ ഞങ്ങൾ കൊടുക്കുന്ന ഇലകളും തിന്നു കഴിയികയാണ് നിന്റെ അമ്മ. എന്തു ചെയ്യാം? കഷ്‌ടകാലം എന്നല്ലാതെ എന്തു പറയാനാ.“ ബിന്നിയമ്മായി ദുഃഖത്തോടെ പറഞ്ഞു.ബിംബുവിന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. ഒന്നനങ്ങാൻ പോലും വയ്യാതെ മരണം കാത്തു കിടക്കുന്ന അമ്മയെ കാണാൻ വരേണ്ടായിരുന്നു എന്നുവരെ അവനു തോന്നി. പാവം അമ്മ! അമ്മയ്‌ക്ക് ഈ ഗതി വന്നല്ലോ? അവൻ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് അമ്മയുടെ അടുത്തുതന്നെ ഇരുന്നു.കുറേ നേരം കഴിഞ്ഞപ്പോൾ ബിന്നി അവന്റെ അടുത്തേക്കു വന്നു. എന്നിട്ടു പറഞ്ഞു. ”ബിംബൂ, നീയിങ്ങനെ ദുഃഖിച്ചാലോ? ദുഃഖിച്ചിരുന്നാലോ? എന്തായാലും വന്നതു വന്നു. നീ വാ, നമുക്കു പോയി വെള്ളം കുടിച്ചിട്ടുവരാം.“ ബിംബു അതൊന്നും കേട്ടില്ല. അമ്മയെ എങ്ങനെ രക്ഷിക്കുമെന്ന ഒറ്റ ചിന്ത മാത്രമേ അവന്റെ മനസ്സിലുണ്ടായിരുന്നുള്ളു. ബിംബു ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടപ്പോൾ ആനക്കൂട്ടം മെല്ലെ മലയുടെ താഴേക്കിറങ്ങി. അവ ഭീമന്റെ പിന്നാലെ വെള്ളം കുടിക്കാൻ താഴ്‌വാരത്തേക്കു നടന്നു.
Generated from archived content: _j_k9.html Author: venu_variyath