ഭാഗം5

കാട്ടിൽ വെളിച്ചം വീണുതുടങ്ങി. അകലെയുള്ള മരച്ചില്ലകൾക്കിടയിലൂടെ സൂര്യരശ്‌മികൾ ബിംബുവിന്റെ കണ്ണിൽത്തന്നെ വന്നുവീണു. അവൻ കുറച്ചുനേരം സൂര്യനിൽത്തന്നെ നോക്കിനിന്നു. എന്തുഭംഗിയുള്ള കാഴ്‌ചയാണ്‌! അവൻ അറിയാതെ വാലാട്ടിക്കൊണ്ടിരുന്നു. പെട്ടെന്ന്‌ അവൻ മലകയറിവന്ന ജീപ്പിന്റെ കാര്യം ഓർമിച്ചു. ചെവി വട്ടംപിടിച്ചു. ഇല്ല ചില പക്ഷികൾ ചിലയ്‌ക്കുന്ന ശബ്‌ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. സൂര്യനുദിച്ചു വരുന്നത്‌ താൻ നോക്കി നിൽക്കുന്നതിനിടയ്‌ക്ക്‌ എപ്പോഴേ ജീപ്പ്‌ കടന്നു പോയിരിക്കുന്നു! എന്തായാലും അത്‌ സർക്കസ്സുകാരുടെ ജീപ്പല്ല – ബിംബു മനസ്സിലുറപ്പിച്ചു.



പെട്ടെന്നാണ്‌ ഒരു ചിന്നംവിളി ഉയർന്നത്‌. അത്‌ അടുത്തെങ്ങുമല്ല വളരെ ദൂരെയാണ്‌. കാട്ടിലെവിടെ നിന്നോ മുഴങ്ങിയ ചിന്നംവിളി. ബിംബുവിന്‌ വീണ്ടും ഭയം തോന്നി. ഭിംബൻ വീണ്ടും തന്നെ ആക്രമിക്കാനുള്ള പുറപ്പാടാണോ? ഇതിനിടയിൽ കൂക്കൂവിളിപോലെ തുരുതുരാ ചിന്നം വിളികളുയർന്നു. ബിംബുവിന്‌ ആഹ്ലാദം അടക്കാനായില്ല. കാട്ടിലെ താഴ്‌വരയിലൂടെ ആനക്കൂട്ടം കളിച്ചു രസിച്ച്‌ നടന്നുപോകുമ്പോഴാണ്‌ ഇങ്ങനെ ശബ്‌ദമുണ്ടാക്കുന്നത്‌. താനും മുമ്പ്‌ അമ്മയോടൊപ്പം ഒച്ചയും ബഹളവുമുണ്ടാക്കിയല്ലേ രാവിലെ വെള്ളം കുടിക്കാൻ പോയിരുന്നത്‌. രണ്ടു വശത്തുമുള്ള കുറ്റിക്കാടുകൾ ചുറ്റിവലിച്ചും പാറകൾ ചവിട്ടിയിടിച്ചും ശബ്‌ദമുണ്ടാക്കിക്കൊണ്ടുള്ള ആ യാത്ര എത്ര രസകരമാണ്‌. അപ്പോഴൊക്കെ അമ്മ പറയുംഃ



“മോനേ, അധികം ഒച്ച വയ്‌ക്കരുത്‌. ഇവിടെനിന്ന്‌ അധികം ദൂരെയല്ലാതെ മനുഷ്യരുണ്ട്‌. അവരിൽ ചിലർ മഹാദുഷ്‌ടന്മാരാ. കുഴി കുത്തിയും തോക്കുകൊണ്ട്‌ വെടിവച്ചുമൊക്കൊ അവർ നമ്മളെ പിടിക്കും.”



“തോക്കോ? അതെന്താണമ്മേ?” ബിംബുവിന്‌ സംശയമായി.



“അതൊന്നും പറഞ്ഞാൽ മോന്‌ മനസ്സിലാവില്ല. കണ്ടാൽ മുളങ്കുഴലു പോലെ ഇരിക്കും. അതിൽ ഞെക്കിയാൽ ഒരുതരം ഉണ്ട ചീറിപ്പാഞ്ഞുവന്ന്‌ ശരീരത്തിൽ കൊള്ളും. അതോടെ വെടിയേൽക്കുന്ന ആന ചത്തുപോകും”.



“അപ്പോൾ നമുക്കും തോക്കുണ്ടാക്കിക്കൂടേ, അമ്മേ?”



“അതൊന്നും പറ്റില്ല ബിംബൂ. നമുക്കാർക്കും അതറിയില്ല. മനുഷ്യർക്കേ അതൊക്കെ അറിയാവൂ. അവർ വലിയ ബുദ്ധിമാന്മാരാ.” ബിന്നിയമ്മായിയാണ്‌ അതു പറഞ്ഞത്‌.



അന്ന്‌ ബിന്നിയമ്മായി ഇതൊക്കെ പറഞ്ഞപ്പോൾ ചിരിക്കാനാണ്‌ തോന്നിയത്‌.



“നമ്മുടെ തുമ്പിക്കൈയിന്റെ വലിപ്പം പോലുമില്ലാത്ത മനുഷ്യാരാണോ നമ്മളെ വെടിവച്ചു കൊല്ലുന്നത്‌?”



അന്ന്‌ ബിന്നിയമ്മായി പറഞ്ഞതെല്ലാം ശരിയാണെന്ന്‌ തനിക്ക്‌ അധികം വൈകാതെ മനസ്സിലായി.



താനറിയാതെയല്ലേ മനുഷ്യർ തന്നെ കുഴിയിൽ വീഴിച്ചത്‌. അന്ന്‌ എത്രനേരം കരഞ്ഞു. കുഴി ഇടിച്ച്‌ രക്ഷപ്പെടാൻ എന്തെല്ലാം പരാക്രമങ്ങൾ കാണിച്ചു. പക്ഷേ ഒന്നും വിജയിച്ചില്ല. തന്റെ കഷ്‌ടപ്പാടു കാണാൻ അമ്മയ്‌ക്ക്‌ ബിന്നിയമ്മായിക്കും കഴിഞ്ഞില്ല. അവർ അന്നു പൊട്ടിക്കരഞ്ഞത്‌ ഇന്നും ഓർമയിലുണ്ട്‌. ഒടുവിൽ പടക്കം പൊട്ടിച്ച്‌ പേടിപ്പിച്ചില്ലേ അമ്മായിയെയും അമ്മയെയും മനുഷ്യർ ഓടിച്ചു വിട്ടത്‌.



ബിംബു ചിന്തയിൽ നിന്നുണർന്നപ്പോഴേക്കും നേരം നല്ലപോലെ വെളുത്തിരുന്നു. ‘അവൻ ചുറ്റും നോക്കി. ങേ! താൻ രാത്രി നിന്ന സ്‌ഥലതല്ലല്ലോ ഇപ്പോൾ നില്‌ക്കുന്നത്‌? സ്വപ്‌നം കാണുകയാണോ? തന്നെ പൂട്ടിയിട്ടിരിക്കുന്ന മരം പത്തിരുപതടി ദൂരെയാണ്‌. അപ്പോൾ…….’



ബിംബു കാലിലേക്കു നോക്കി. ങേ! തന്റെ കാലിലെ ചങ്ങല പൊട്ടിയിരിക്കുന്നു! ബിംബുവിന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ഭിംബനുമായുള്ള ഏറ്റുമുട്ടലിനിടയിൽ എപ്പോഴോ തന്റെ ചങ്ങല പൊട്ടിയതായിരിക്കുമെന്ന്‌ ബിംബു ഊഹിച്ചു.



രക്ഷപ്പെടാൻ ഏറ്റവും പറ്റിയ അവസരം ഇതു തന്നെ! ഒരു പക്ഷേ, ആ തടിയന്റെ കൈയിൽ നിന്ന്‌ ദൈവം തന്നെ രക്ഷിച്ചതാകും. അവൻ മെല്ലെ കാട്ടിലേക്കിറങ്ങി പെട്ടെന്ന്‌ ദൂരെ ഒരു ലോറി മലയിറങ്ങി വരുന്നതു ബിംബു കണ്ടു. അതോടെ അവൻ ഒന്നു ഞെട്ടി. സർക്കസിലെ ലോറിയാണ്‌ അതെന്ന്‌ ഒറ്റനോട്ടത്തിൽ തന്നെ ബിംബുവിനു മനസ്സിലായി. അവൻ കൂടുതലൊന്നും ആലോചിക്കാതെ വേഗം കാടിന്റെ ചരിവിലൂടെ താഴേക്കു ചാടി. ഓടുന്നതു കണ്ടാൽ തന്നെ പിടികൂടുമെന്നവനറിയാം. എവിടെയെങ്കിലും ഒളിക്കാമെന്നുവച്ചാൽ അതും നടപ്പില്ല. ബിംബുവിന്‌ വല്ലാതെ പേടി തോന്നി. പിടികിട്ടില്ലെന്നുറപ്പായാൽ ഒരുപക്ഷേ, വെടിവയ്‌ക്കുമോ? അക്കാര്യമോർത്തപ്പോൾ ബിംബുവിന്‌ തലച്ചോറിൽ തീപാറു​‍ിന്നതുപോലെ തോന്നി. എന്തായാലും കഴിയുന്നത്ര വേഗത്തില കാട്ടിനുള്ളിലേക്കു പായുകതന്നെ. ബിംബുശക്തി മുഴുവൻ സംഭരിച്ച്‌ പാറയിടുക്കുകളിൽ ചവിട്ടി, ഉരുണ്ടും പിരണ്ടും മുന്നോട്ടു കുതിച്ചു. തന്റെ അമ്മയെയും ബിന്നിയമ്മായിയെയും ഒന്നുകൂടികാണാൻ കഴിയണേ എന്നവൻ പ്രാർത്ഥിച്ചു. പെട്ടെന്ന്‌, പിന്നിൽ നിന്ന്‌ ആരോക്കെയോ കൂക്കിവിളിക്കുന്നതും അലറുന്നതും ബിംബുകേട്ടു.



“ബിംബൂ…. എടാ ബിംബൂ, അവിടെ നിൽക്കാൻ…. ഇല്ലെങ്കിൽ നിന്റെ കഥ ഞങ്ങൾ കഴിക്കും.” ഒരാൾ വിളിച്ചു പറഞ്ഞു. പെട്ടെന്ന്‌ മറ്റൊരാൾ അയാളെ ശാസിച്ചുകൊണ്ടു പറഞ്ഞുഃ



“എടോ, അങ്ങനെ പറയാതെ. അവൻ വലിയ ശുണ്‌ഠിക്കാരനാ. ദേഷ്യപ്പെടുത്തിയാൽ കുഴുപ്പമാകും. താൻ മിണ്ടാതിരുന്നോ. ബിംബുവിനെ ഞാൻ വിളിച്ചോളാം. ” ഇത്രയും പറഞ്ഞ്‌ അയാൾ ലോറിയിൽ ഓടിക്കയറി ഒരു പഴക്കുല എടുത്തുകൊണ്ടുവന്നു. എന്നിട്ട്‌ ബിംബുവിനെ നോക്കി ഉച്ചത്തിൽ പറഞ്ഞുഃ



“മോനേ ബിംബൂ, മോനിങ്ങ്‌ വാ…. ഇതു ഞാനാ. നിന്റെ അന്തോണിച്ചേട്ടൻ. ദാ, ഈ പഴക്കുല കണ്ടോ? നീ കാട്ടിലെ കുണ്ടിലും കിഴിയിലും ചാടാതെ വാടാ മോനേ… ബിംബൂ…. മോനേ ബിംബൂ…”



തന്റെ പിന്നാലെ പഴക്കുലയുമായി സർക്കസ്‌ മാനേജർ അന്തോണിച്ചേട്ടൻ വരുന്നത്‌ ബിംബു കണ്ടു. ആള്‌ പാവമാണെങ്കിലും അന്തോണി സൂത്രക്കാരനാണ്‌. തന്നെ സൂത്രത്തിൽ പിടിക്കാനുള്ള വിദ്യയാണ്‌ അയാൾ പ്രയോഗിക്കുന്നത്‌. എന്തായാലും മനുഷ്യർക്കു മാത്രമല്ലല്ലോ ബുദ്ധിയുളളത്‌ തനിക്കും ദൈവം ബുദ്ധി തന്നിട്ടില്ലേ? ബിംബു ആവുന്നത്ര വേഗത്തിൽ മുന്നോട്ടു കുതിച്ചു. പക്ഷേ, ഏറെദൂരം പോകാൻ അവനു കഴിഞ്ഞില്ല. ഭിംബന്റെ കുത്തേറ്റു മുറിഞ്ഞ ശരീരത്തിൽ നിന്ന്‌ അപ്പോഴും ചോര പൊടിയുന്നുണ്ടായിരുന്നു. മാത്രമല്ല, തൊട്ടുമുന്നിൽ നല്ല ആഴമുള്ള പുഴയും! വീതി കുറവാണെങ്കിലും ആ പുഴ നീന്തിക്കടക്കാൻ തനിക്കാവില്ലെന്ന്‌ ബിംബുവിന്‌ ഉറപ്പുണ്ടായിരുന്നു. പെട്ടെന്ന്‌ ഉച്ചത്തിൽ ആരോ വിളിച്ചു പറഞ്ഞു.



“ബിബൂ, മര്യാദയ്‌ക്ക്‌ അടങ്ങി നിൽക്കുന്നതാണു നല്ലത്‌. വെറുതെ വെടികൊണ്ടു ചാകാൻ നോക്കാതെടാ മോനേ…… ഞങ്ങൾ പറഞ്ഞു കേട്ടാൽ നിനക്ക്‌ കുറെക്കാലം കൂടി ജീവിക്കാം”



പറഞ്ഞു തീർന്നതും ഒരു വെടിയൊച്ച കേട്ടു. അതോടെ ബിംബുവിന്‌ തന്റെ ശക്തി മുഴുവൻ ചോർന്നുപോയതു പോലെ തോന്നി. അവൻ വല്ലാതെ കിതയ്‌ക്കുന്നുണ്ടായിരുന്നു. ഉച്ചത്തിൽ അവൻ ഒച്ചയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പകുതി ശബ്‌ദമേ പുറത്തു വന്നുള്ളു. അപ്പോഴേക്കും കുറെപ്പേർ ബിംബുവിന്റെ നേർക്കു ചങ്ങലയുമായി പാഞ്ഞുവന്നു! മുന്നിൽ പഴക്കുലയുമായി അന്തോണിച്ചേട്ടനാണ്‌. ബിംബു ദയനീയമായി അവരെ നോക്കി.



“എനിക്കു പഴവും പായസവുമൊന്നും വേണ്ട. എന്നെ ഈ കാട്ടിൽ കിടന്നു മരിക്കാൻ അനുവദിച്ചാൽ മതി”, എന്നു പറയണമെന്ന്‌ ബിംബുവിനു തോന്നി. പക്ഷേ…. ദൈവം മനുഷ്യരോട്‌ സംസാരിക്കാൻ മൃഗങ്ങൾക്ക്‌ കഴിവുതന്നിട്ടില്ലല്ലോ. ബിംബുവിന്റെ കണ്ണുകൾ നിറഞ്ഞ്‌ കണ്ണുനീർ കുടുകുടെ പുറത്തേക്കൊഴുകി.


Generated from archived content: _j_k5.html Author: venu_variyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English