ബിംബു കണ്ണു ചിമ്മാതെ അതു നോക്കിനിന്നു. താൻ കയറിവന്ന ലോറി ഉരുണ്ടുരുണ്ടു താഴേക്കു പോകുന്നു. നിമിഷങ്ങൾക്കുള്ളിൽ പൊടിപടലങ്ങളുയർത്തി അത് കൊക്കയുടെ അടിയിലെത്തി. ഹൊ! എന്തൊരുശക്തിയാണ് ആ ആനയ്ക്ക്. ഒറ്റച്ചവിട്ടിന് ലോറി പപ്പടമാക്കിയ അവനോട് ബിംബുവിന് ബഹുമാനം തോന്നി. താനും അവനെപ്പോലെ ഒരാനയല്ലേ? അതും ഒന്നാന്തരം കൊമ്പനാന. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം? തന്റെ ജീവിതം മനുഷ്യരുടെ കൂക്കുവിളി കേൾക്കാനും തല്ലുകൊള്ളാനും മാത്രമായില്ലേ.?പെട്ടെന്ന് ഒരലർച്ചകേട്ടു. ലോറിമറിച്ചകൊമ്പന്റെ അലർച്ച താൻ അറിയുന്ന ഏതെങ്കിലും കൊമ്പനായിരിക്കുമോ? ബിംബു കൊമ്പന്റെ നടപ്പും വാലാട്ടവും സൂക്ഷിച്ചു നോക്കി. അവൻ തന്റെ നേരെ നടന്നടുക്കുകയാണ്. പൊടുന്നനെ ബിംബുവിന്റെ നെഞ്ചിൽ ഒരു മിന്നൽപ്പിണർ ഉണ്ടായി ഒപ്പം അവൻ ഞെട്ടിത്തെറിക്കുകയും ‘അമ്മേ’ എന്നു വിളിച്ച് കരയുകയും ചെയ്തു. ബിംബു പേടിച്ച് കിടുകിടാ വിറയ്ക്കാൻ തുടങ്ങി. തന്റെ അച്ഛനെ കുത്തികൊന്ന ആനയുടെ മകൻ – ഭിംബൻ; അവനൊരു കൂസലുമില്ല ഭിംബനെ അവൻ ഒരിക്കലേ കണ്ടിട്ടുള്ളു.അന്ന് പുഴയ്ക്കക്കരെ നടന്നു പോവുകയായിരുന്നു അവൻ. അതും അമ്മ കാണിച്ചുതന്നതാണ്. അന്ന് അമ്മ പറഞ്ഞ കാര്യം ബിംബുപേടിയോടെ ഓർമിച്ചു “മോനേ ബിംബൂ ആ പോകുന്ന ആനയെ കണ്ടോ? അതാണ് ഭിംബൻ, നിന്റെ അച്ഛനെ കുത്തിമറിച്ചു കൊക്കയിലിട്ടു കൊന്നത് ഈ ഭിംബന്റെ അച്ഛനാ അവരും നമ്മളും തമ്മിൽ പണ്ടുമുതൽക്കേ വഴക്കാണ്. നമ്മുടെ കൂട്ടത്തിലെ ആരെ കണ്ടാലും അവനും അവന്റെ അച്ഛനും അപ്പോഴേ കുത്തിമറിക്കും. അവനും നിന്റെ പ്രായം തന്നെയാ. ” അമ്മയുടെ കണ്ണു നിറയുന്നുണ്ടായിരുന്നു. പക്ഷേ, ദുഃഖം കടിച്ചമർത്തി കൊണ്ട് അമ്മ ബിംബുവിനെ ആശ്വസിപ്പിച്ചു.“മോൻ പേടിക്കേണ്ട. അവന്റെ മുന്നിൽ ചെന്നു പെടരുത്!”പെട്ടെന്ന് ഭിംബൻ ഉച്ചത്തിൽ ചിന്നം വിളിച്ചു. ആ ശബ്ദത്തിൽ കാടു കുലുങ്ങുന്നതായി ബിംബുവിനു തോന്നി അവൻ ഒരു കൊലയാനയെപ്പോലെ തുമ്പിക്കൈ ചുരുട്ടി എന്തിനോ തയ്യാറെടുക്കുകയാണ്. ബിംബുവിന് എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. പെട്ടെന്ന് ഭിംബൻ ബിംബുവിനെ ആഞ്ഞു കുത്തി. ഒന്നല്ല, രണ്ടല്ല, മൂന്നു നാലുവട്ടം. ബിംബു വേദനകൊണ്ടു പുളഞ്ഞു.“ അമ്മേ, അയ്യോ…….” പക്ഷേ, ബിംബുവിന്റെ ദയനീയ കരച്ചിൽ ഭിംബന്റെ ചിന്നംവിളിയിൽ അലിഞ്ഞുപോയി. ബിംബു പലവട്ടം ഒഴിഞ്ഞുമാറാൻ നോക്കി. പക്ഷേ ഭിംബന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അവനു കിഴഞ്ഞില്ല. കാലിലെ ഉരുക്കുചങ്ങലയില്ലെങ്കിൽ ഒരു കൈ നോക്കാമായിരുന്നു. മരത്തിൽ പൂട്ടിയിട്ട് താൻ കുത്തുകൊള്ളുകയല്ലാതെ എന്തു ചെയ്യാനാണ്? ബിംബുവിന്റെ മസ്തകവും പുറവും കുത്തേറ്റ് പൊട്ടി. ചോര കുടുകുടാ പുറത്തു ചാടി. അതോടെ, ബിംബു അവശനായി. പാവം ബിംബുവിന് ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. ക്രൂരനായ ഭിംബന്റെ കുത്തും ചവിട്ടും കൊണ്ട് അവൻ ‘അമ്മേ’ എന്നു കരഞ്ഞ് മറിഞ്ഞു വീണു.പിന്നെ നടന്നതൊന്നും ബിംബുവിനോർമയുണ്ടായിരുന്നില്ല. ബോധം വീഴുമ്പോൾ കുറ്റാക്കുറ്റിരുട്ടായിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. മാത്രമല്ല, ചിലയിടത്തൊക്കെ വല്ലാത്ത നീറ്റലും. അവൻ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ, അതിനു കഴിഞ്ഞില്ല. തന്റെ കാൽ ഒടിഞ്ഞുപോയോ എന്നുപോലും ബിംബു സംശയിച്ചു. അപ്പോഴും ബിംബുവിനു ഭയമായിരുന്നു. ഭിംബൻ വീണ്ടും വന്നാൽ……! അക്കാര്യം ബിംബുവിന് ഓർക്കാൻ പോലും കഴിഞ്ഞില്ല. ഇനിയൊരു കുത്തുകൊള്ളാനുള്ള ശേഷി അവനില്ല.ബിംബു ചെവിവട്ടം പിടിച്ചു. ഇല്ല, തന്റെ അടുത്തെങ്ങും ആരുമില്ല. ആ ദുഷ്ടൻ പൊയ്ക്കഴിഞ്ഞെന്ന് ബിംബുവിനുറപ്പായി. എന്നാലും ബിംബു കാതോർത്തു കിടന്നു. ദൂരെ എവിടെയോ പാറകളിൽ തട്ടി വെള്ളം കിലുകിലാന്ന് വീഴുന്ന ശബ്ദം! അവന് ആ ശബ്ദം വളരെ രസമായി തോന്നി. അവിടെ എവിടെയെങ്കിലും തന്റെ അമ്മ ബിന്നി അമ്മായിയോടൊപ്പം വെള്ളം കുടിക്കാൻ വന്നിട്ടുണ്ടാവുമെന്ന് ബിംബു ഓർത്തു.അല്പനേരം കൂടി കഴിഞ്ഞപ്പോൾ മലകൾക്കപ്പുറത്തുനിന്ന് കുറേശ്ശെ പ്രകാശം വനത്തിലേക്ക് ഒലിച്ചൊഴുകുന്നതു ബിംബു കണ്ടു. കാട്ടിലുള്ളപ്പോൾ അമ്മ തന്നെ വെള്ളം കുടിപ്പിക്കാൻ കൊണ്ടുപോകാറുള്ളത് ഈ സമയത്താണ്. അവന്റെ കണ്ണുകൾ നിറഞ്ഞു. ഇനി നേരം വെളുക്കാൻ അധികസമയമില്ല. നേരം പുലർന്നാൽ തന്നെ കൊണ്ടുപോകാൻ ലോറി വരും. പിന്നെ വീണ്ടും സർക്കസ് കൂടാരത്തിലേക്ക്, അടിയുടെയും പട്ടിണിയുടെയും നാളുകൾ വീണ്ടും വരും. അതിനിടയിൽ തടിയൻ തന്നെ വിഷം വച്ചു കൊന്നാൽ…..! സർക്കസിലെ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തെക്കാൾ ഭേദം ഈ കാട്ടിൽ കിടന്നുള്ള മരണംതന്നെയാണെന്ന് ബിംബുവിനു തോന്നി. അപ്പോഴാണ്, മലയുടെ വളരെ താഴെനിന്ന് ഒരു ജീപ്പ് ഇരമ്പി വരുന്നത് ബിംബു കണ്ടത്. അത് സർക്കസ് കൂടാരത്തിലെ ജീപ്പായിരിക്കുമോ? ബിംബു സംശയിച്ചു. തന്നെ അന്വേഷിച്ച് സർക്കസ്സിലെ ആരും വരരുതേയെന്ന് ബിംബു പ്രാർത്ഥിച്ചു.
Generated from archived content: _j_k4.html Author: venu_variyath