ഭാഗം3

ബിംബുവിന്‌ വേഗം കാര്യം പിടികിട്ടി ലോറിയുടെ ഒരു ടയർ പൊട്ടിയതാണ്‌. ശബ്‌ദം കേട്ട്‌ ഡ്രൈവറും ക്ലീനറും ചാടിയിറങ്ങി…..“ഠോ!” പെട്ടെന്ന്‌ രണ്ടാമതും കാതു പൊട്ടുന്ന ശബ്‌ദം കേട്ടു. ഒപ്പം ലോറി മലഞ്ചെരുവിലേക്ക്‌ ചരിഞ്ഞു. അതു കണ്ട്‌ ബിംബു ഉച്ചത്തിൽ കരഞ്ഞു. എന്തോ ഭാഗ്യത്തിന്‌ ലോറിയുടെ വലതുവശത്തെ രണ്ടു ടയറുകളാണ്‌ പൊട്ടിയത്‌. അതുകൊണ്ട്‌ വണ്ടി ഒരു പാറക്കല്ലിൽ മുട്ടി ചരിഞ്ഞു നിന്നു. ഇടതുവശത്തെ ടയറാണ്‌ പൊട്ടിയതെങ്കിലോ? ബിംബുവിന്‌ അക്കാര്യം ഓർമിക്കാൻ പോലും കഴിഞ്ഞില്ല. കാരണം, എങ്കിൽ വണ്ടി അഗാധമായ കൊക്കയിലേക്കു മറിഞ്ഞ്‌ ഇതിനകം തന്റെ കഥ കഴിഞ്ഞേനെ!



ബിംബു ഒന്നാശ്വസിച്ചു



“നാശം! ടയർ രണ്ടും പഞ്ചറായല്ലോ. ഇനി ഈ സന്ധ്യയ്‌ക്ക്‌ എന്തു ചെയ്യാനാ” ഡ്രൈവർ ചോദിക്കുന്നത്‌ ബിംബു കേട്ടു. ക്ലീനർ അതിനു മറുപടിയൊന്നുമ പറഞ്ഞില്ല. ഒരു മണ്ടനെപ്പോലെയാണ്‌ അയാൾ. ചെവിയാണെങ്കിൽ ശരിക്കു കേൾക്കുകയുമില്ല.



“എടാ റപ്പേലേ, തനെന്താ വടി വിഴുങ്ങു​‍ിയതുപോലെ നില്‌ക്കുന്നേ. ഞാൻ ചോദിച്ചതുകേട്ടില്ലേ? ഡ്രൈവർ ഉച്ചത്തിൽ ചോദിച്ചു.



”കേട്ടു….. കേട്ടു. ഇത്ര ഉച്ചത്തിൽ ടയറു പൊട്ടിയാൽ കേൾക്കാതിരിക്കുമോ?“



അല്‌പനേരം നിശ്ശബ്‌ദനായി നിന്നശേഷം അയാൾ തുടർന്നു.



”ഹൊ! ഇതൊരു ഭയങ്കര കാടാണല്ലോ. രാത്രിയാവും മുമ്പ്‌ ഇവിടന്നു തടിതപ്പണം. അല്ലെങ്കിൽ വല്ല കടുവവോ സിംഹമോ നമ്മളെ ശരിപ്പെടുത്തു. “റപ്പേൽ ഇടിവെട്ടും പോലെ പറഞ്ഞു.



”അപ്പോ ഈ ആനയും വണ്ടിയും കാട്ടിൽ കിടക്കട്ടെവെന്നേ?“



”പിന്നല്ലാതെ ഇതു ചുമക്കാനൊന്നും എനിക്കു വയ്യ“.



ബിംബു എല്ലാം ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു. അന്നു രാത്രി വണ്ടി നന്നാക്കരുതേ എന്നായിരുന്നു അവന്റെ പ്രാർത്ഥന. കാട്ടിൽ കഴിഞ്ഞിട്ട്‌ എത്ര നാളായി!.



അധികസമയം കഴിയും മുമ്പേ ഡ്രൈവറും ക്ലീനറും കൂടി ബിംബുവിനെ മറ്റു രണ്ടുപേരുടെ സഹായത്തോടെ മെല്ലെ ലോറിയിൽ നിന്നു താഴെയിറക്കി. പിന്നീട്‌ മറ്റു വണ്ടികൾക്ക്‌ കടന്നുപോകാൻ വേണ്ടി കഷ്‌ടപ്പെട്ട്‌ ലോറി ഒരു വിധത്തിൽ ഒരുക്കിയിട്ടു. ”ഇവനെ രാത്രി ഇവിടെയെവിടെയെങ്കിലും തളയ്‌ക്കാം. രാവിലെ വേറെ വണ്ടിയിൽ കൊണ്ടുപോകാം.“ ഡ്രൈവർ പറഞ്ഞു. റപ്പേൽ അത്‌ തലയാട്ടി സമ്മതിക്കുകയും ചെയ്‌തു.



ഇതിനിടയിൽ ബിബുവിനെ ചട്ടങ്ങൾ പഠിപ്പിക്കുന്ന ഒരു മൊട്ടത്തലയൻ ബിംബിവിന്റെ അടുത്തേക്കു വന്നു. മൊട്ടത്തലയൻ ആളു പാവമാണ്‌. തന്നെ തല്ലിയ തടിയന്റെ കൂട്ടുകാരനാണ്‌ മൊട്ടത്തലയനെന്ന്‌ ബിംബുവിനറിയാം. എന്നാലും മൊട്ടത്തലയനെ അവനു വലിയ കാര്യമാണ്‌. അയാൾ വന്നയുടനെ ബിംബുവിനെ തലോടിക്കൊണ്ടുപറഞ്ഞു.



”നീയാകെ ക്ഷീണിച്ചല്ലോടാ ബിംബു എന്നാലും നീ………..“ മൊട്ടത്തലയൻ എന്തോ പറഞ്ഞു നിർത്തി.



ബിംബു അനുസരണയോടെ നിന്നതേയുള്ളു. സ്‌നേഹം കാണിക്കാൻ അവൻ തുമ്പികൈ ഉയർത്തുകയും വാലാട്ടുകയും ചെയ്‌തു.



അയാൾ ബിംബുവിന്റെ കാലിലെ ചങ്ങല മെല്ലെ അഴിച്ചു. എന്നിട്ടു പറഞ്ഞു.



”മോനേ, നീ ഇവിടെവച്ച്‌ കുരുത്തക്കേടൊന്നും കാണിക്കരുത്‌. എന്നെ ചതിക്കല്ലേ.“ ബിംബുവിന്‌ അതുകേട്ട്‌ ചിരി വന്നു.



മൊട്ടത്തലയൻ ബിംബുവിനെയുംകൊണ്ട്‌ മെല്ലെ നടന്നു. കുറച്ചു ദൂരം ചെന്നപ്പോഴേക്കും ഒരു വിധം ഇരുട്ടു പരന്നു കഴിഞ്ഞിരുന്നു. കുറച്ചുമാറി അല്‌പം തുറസ്സായ സ്‌ഥലം കണ്ട്‌ മൊട്ടത്തിയൻ ബിംബുവിനെ നിർത്തി.



”തൽക്കാലം ഇവനെ ഇവടെ തളയ്‌ക്കാം, എന്താ?“ അയാൾ ചോദിച്ചു. ഡ്രൈവറും ക്ലീനറും അതു സമ്മതിച്ചു. അങ്ങനെ ബിംബുവിനെ മൊട്ടത്തലയൻ ഒരു വലിയ മരത്തിൽ ചങ്ങലയിട്ട്‌ പൂട്ടിയിട്ടു. അവർ ഒരു ജീപ്പിൽ ക്കയറി പോവുകയും ചെയ്‌തു.



എല്ലാവരും പോയക്കഴിഞ്ഞപ്പോൾ ബിംഭു ചുറ്റും നോക്കി. തന്റെ പോയിക്കഴിഞ്ഞപ്പോൾ ബിംബു ചുറ്റും നോക്കി. തന്റെ കൂടെ വന്നവരെല്ലാം പൊയ്‌ക്കഴിഞ്ഞിരിക്കുന്നു. തന്നെ കയറ്റിവന്ന ലോറിമാത്രം അല്‌പം മാറികിടപ്പുണ്ട്‌.



ബിംബുവിന്‌ അല്‌പം പേടി തോന്നാതിരുന്നില്ല. ആയിരക്കണക്കിനാളുകളുടെ മുന്നിൽ കൂക്കുവിളികളും കൈയടിയും കേട്ട്‌ ചവിട്ടിക്കൊണ്ടിരുന്ന താൻ ഒരു കൊടുംകാട്ടിൽ ഒറ്റയ്‌ക്കു നിൽക്കുന്നു.! ബിംബുവിന്‌ അത്‌ വിശ്വസിക്കാനായില്ല. ഈ കാട്ടിൽ വച്ച്‌ തനിക്കെന്തെങ്കിലും സംഭവിച്ചാൽ………..!



ബിംബുവിന്റെ കണ്ണു നിറഞ്ഞു. പിന്നെ, അവൻ ആശ്വസിച്ചു. താൻ ജനിച്ചുവളർന്ന കാട്ടിൽ എന്തിനു പേടിക്കണം? തന്നെ ആരും ഒന്നും ചെയ്യില്ല. എത്രയോ നാളായി കാട്ടിലേക്ക്‌ തിരിച്ചുവരാൻ താൻ ആഗ്രഹിക്കുന്നു. ഇന്ന്‌ ആ ആഗ്രഹം സാധിച്ചു. പക്ഷേ… ബിംബു ഒരു നിമിഷം തന്റെ കാലിലെ ചങ്ങലയെക്കുറിച്ചോർത്തു. പെട്ടെന്ന്‌ ബിംബുവിന്‌ ഒരു സൂത്രം തോന്നി. ഉച്ചത്തിൽ ഒന്നു ചിന്നം വിളിച്ചാലോ?



ഒരു നിമിഷം



ബിംബു ഉച്ചത്തിൽ, തനിക്കാവുന്നത്ര ഉച്ചത്തിൽ, ഒന്നല്ല, രണ്ടുവട്ടം ചിന്നം വിളിച്ചു. ങേ! തന്റെ ചിന്നംവിളിക്ക്‌ ഇത്ര ശബ്‌ദമുണ്ടോ? ബിംബുവിന്‌ അത്‌ഭുതം തോന്നി. അവൻ വിണ്ടും ചിന്നം വിളിച്ചുകൊണ്ടേയിരുന്നു. തന്റെ അമ്മയോ പഴയ കൂട്ടുകാരോ ആരെങ്കിലും വന്നാൽ…….‘ അവരെ ഒന്നു കാണാൻ കഴിഞ്ഞാൽ ……..’ ബിംബുവിന്‌ അക്കാര്യമോർത്തപ്പോൾ വലിയ സന്തോഷം തോന്നി.



അവൻ വീണ്ടും വീണ്ടും ചിന്നം വിളിച്ചുകൊണ്ടേയിരുന്നു. ആ ശബ്‌ദം എവിടെയോ തട്ടിപ്രതിധ്വനിക്കുന്നത്‌ ബിംബു കേട്ടു. കുറെ പ്രാവശ്യം ബിംബു ഇതാവർത്തിച്ചു. ഒടുവിൽ അവനാകെ തളർന്നുപോയി അവന്റെ ശബ്‌ദം പുറത്തുവരാതായി.



തന്റെ അമ്മയും കൂട്ടുകാരുമെല്ലാം മരിച്ചു എന്നല്ലേ ഇതു കൊണ്ടു മനസ്സിലാക്കേണ്ടത്‌? അല്ലെങ്കിൽ തന്റെ വിളികേട്ട്‌ ആരെങ്കിലും വരുമായിരുന്നു. അതോ തന്നെ എല്ലാവരും മറന്നോ?



പുലരാൻ ഇനി അധികനേരം ഇല്ലെന്നവനു മനസ്സിലായി. വെട്ടം വീണാലുടനെ ലോറി നന്നാക്കാൻ ആളുകളെത്തും. ടയർ മാറ്റിയാലുടനെ തന്നെ കൊണ്ടുപോകുകയും ചെയ്യും.



ബിംബു ഒരിക്കൽകൂടി ശക്തി സംഭരിച്ച്‌ ചിന്നം വിളിക്കാനൊരുങ്ങി, തുമ്പികൈ ഉയർത്തി ഉച്ചത്തിൽ…….‘



കാടു മുഴുവൻ കുലുങ്ങുന്ന ശബ്‌ദം’



ബിംബു ചിന്നം വിളിച്ചതും അതാ അതിന്റെ പ്രതിധ്വനി! ബിംബു കാതോർത്തു.



ങേ! താൻ ഒരു പ്രാവശയമല്ലേ ചിന്നം വിളിച്ചുള്ളു? തിരിച്ച്‌ രണ്ടുപ്രാവശ്യം കേട്ടല്ലോ! ബിംബു ചെവി വട്ടം പിടിച്ചു.



അതാ വീണ്ടും ഒരു ചിന്നം വിളിയുടെ ശബ്‌ദം.



ഇത്തവണ അവനു കാര്യം പിടികിട്ടി. അത്‌ മറ്റൊരാനയുടെ കരച്ചിലാണ്‌. മലയടിവാരത്തിലെവിടെ നിന്നോ ആണ്‌ ആ ശബ്‌ദം കേട്ടത്‌.



ബിംബു വീണ്ടും ആവുന്ന തരത്തിലൊക്കെ ശബ്‌ദമുണ്ടാക്കിക്കൊണ്ടിരുന്നു. പെട്ടെന്നതാ തന്നെ കൊണ്ടുവന്ന ലോറിക്കടുത്ത്‌ ഒരനക്കം! ങേ! ബിംബു സൂക്ഷിച്ചു നോക്കി. ഒരു കൊമ്പൻ ലോറിക്കടുത്തേക്കു വരുന്നു. ബിംബു അവനെ വിളിക്കാനൊരുങ്ങിയതേയുള്ളു. അതിനുമുമ്പേ അവൻ ലോറിക്ക്‌ ഒരു ചവിട്ടുകൊടുത്തു. അതോടെ ജാക്കിയിൽ നിർത്തിയിട്ടിരുന്ന ലോറി ഒരു വശത്തേക്ക്‌ മറിഞ്ഞു. അടുത്ത നിമിഷത്തിൽ കൊമ്പൻ ഒരു ശത്രുവിനെ വകവരുത്തും പോലെ ലോറിയുടെ മുൻഭാഗം ചവിട്ടിപ്പരത്തി. പിന്നെ മസ്‌തകം കൊണ്ട്‌ അതു കുത്തിമറിച്ചു ബ്‌ധിം!



ബിംബുനോക്കുമ്പോൾ ലോറി അഗാധമായ കൊക്കയിലേക്ക്‌ ഉരുണ്ടുരുണ്ടുപോവുകയായിരുന്നു.




Generated from archived content: _j_k3.html Author: venu_variyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here