ഭാഗം2

ഇത്രയൊക്കെ സംഭവിക്കുമെന്ന്‌ ബിംബുവും വിചാരിച്ചില്ല. പക്ഷേ, താൻ മനഃപൂർവ്വം ചെയ്‌തതല്ലല്ലോ. തടിയൻ തന്നെ അടിച്ചുവേദനിപ്പിച്ചപ്പോൾ സങ്കടം തോന്നി. തല്ലുന്നതിനുമില്ലേ ഒരു കണക്കൊക്കെ? ബിംബു ഒളികണ്ണിട്ട്‌ തടിയനെ നോക്കി. അയാൾക്കു ചുറ്റും കുറെ ആളുകൾ കൂടിയിട്ടുണ്ട്‌. അവർ എന്തൊക്കെയോ മരുന്നുകൾ വെച്ചുകെട്ടുകയാണ്‌. കാലൊടിഞ്ഞിട്ടും എന്താണാവോ തടിയനെ ആശുപത്രിയിൽ എത്തിക്കാത്തത്‌?കുറെ സമയം കഴിഞ്ഞപ്പോൾ തടിയനെ കുറെപ്പേർ താങ്ങിയെടുത്തു ജീപ്പിൽക്കയറ്റി എങ്ങോട്ടോ കൊണ്ടുപോയി ആശുപത്രിയിലേക്കാവും – ബിംബു മനസ്സിൽ കരുതി.“ണിംണിംണിം!” പെട്ടെന്ന്‌ ഒരു മണിമുഴക്കം കേട്ടു. ബിംബുവിന്‌ കാര്യം പിടികിട്ടി. കോമാളിക്കുരങ്ങന്റെ വരവ്‌. അവന്‌ എന്തു സുഖമാണ്‌! എവിടെ വേണമെങ്കിലും നടക്കാം. ആരും അവനെ ഒന്നും ചെയ്യില്ല. ഭാഗ്യവാൻ!അവൻ അടുത്തെത്തിയപ്പോൾ ബിംബു മെല്ലെ തുമ്പികൈ വീശി. അതു കണ്ട്‌ കോമാളിക്കുരങ്ങൻ പറഞ്ഞുഃ “വേണ്ട വേണ്ട. നിന്റെ ലോഹ്യമൊന്നും എന്നോടു വേണ്ട നീയെന്തിനാ ആ തടിയനെ ചുറ്റിയെടുത്തെറിഞ്ഞത്‌? പാവം! അയാളുടെ കാലൊടിഞ്ഞു.”“കോമാളിക്കുരങ്ങാ, നീ കണ്ടില്ലേ അയാളെന്നെ അടിച്ചു പപ്പടമാക്കുന്നത്‌” വയറു നിറച്ച്‌ എന്തെങ്കിലും കഴിച്ചിട്ട്‌ എത്ര ദിവസമായെന്നോ? വിശപ്പു മാറാൻ തീറ്റയും തരില്ല, പിന്നെ തല്ലും കൊള്ളണോ?“ ബിംബുവിന്റെ കണ്ണു നിറഞ്ഞു. അതു കണ്ടപ്പോൾ കോമാളിക്കുരങ്ങനും സങ്കടമായി. വിശപ്പു പിടിച്ചാൽ ബിംബുവിന്റെ സ്വഭാവമെല്ലാം മാറും. അല്ലെങ്കിൽ ബിംബു പാവമാണ്‌. ആരെന്തും പറഞ്ഞാലും അനുസരിക്കുംകോമാളിക്കുരങ്ങൻ ബിംബുവിന്റെ അടുത്തേക്കു ചേർന്നു നിന്ന്‌ ബിംബുവിന്റെ കാലിലേക്കു നോക്കി. എന്നിട്ട്‌ അത്‌ഭുതത്തോടെ ചോദിച്ചു.”ബിംബൂ ഇതെന്താ? എല്ലാ കാലിലും ചങ്ങലയാണല്ലോ. ഇങ്ങനെ നിന്നാൽ കാലു വേദനിക്കില്ലേ?“ബിംബു അതിനു മറുപടിയൊന്നും പറഞ്ഞില്ല. ബിംബുവിനെ തടിയന്റെ കൂട്ടുകാർ ശിക്ഷിക്കുകയാണെന്ന്‌ കോമാളിക്കുരങ്ങനു മനസ്സിലായി. അവൻ പറഞ്ഞുഃ”ബിംബൂ, നിന്നെ വെടിവച്ചു കൊല്ലുമെന്നാ ആ തടിയൻ പറഞ്ഞിരിക്കുന്നത്‌. അതല്ലെങ്കിൽ മറ്റാരും അറിയാതെ നിനക്ക്‌ ഭക്ഷണത്തിൽ വിഷം കലർത്തി തരുമത്രെ! അയാൾ മഹാദുഷ്‌ടനാ. നീ സുക്ഷിച്ചിരുന്നോ. വിഷം കലർത്തിത്തന്നാൽ നീയെങ്ങനെ അറിയാനാ?“ കോമാളിക്കുരങ്ങന്റെ കണ്ണുകൾ നിറഞ്ഞു. അതു കണ്ടപ്പോൾ ബിംബുവിനും കരച്ചിൽ വന്നു.”എടാ, ഇവിടെ എന്നോട്‌ സ്‌നേഹമുണ്ടെങ്കിൽ നിനക്കു മാത്രമേയുള്ളു. നിനക്ക്‌ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാൽ…..“ ബിംബു തന്റെ കാലിലെ ചങ്ങലയിലേക്കു നോക്കി.”ങേ! രക്ഷിക്കാനോ?“ കോമാളിക്കുരങ്ങൻ അത്‌ഭുതത്തോടെ ചോദിച്ചു.”ഞാനെങ്ങനെ രക്ഷിക്കാനാണ്‌ ബിംബൂ? ഇവിടെ നിന്നു രക്ഷപ്പെട്ടാൽ തന്നെ അവർ പിടികൂടും. പിന്നെ എനിക്കു തല്ലും കിട്ടും.“ ബിംബുവിനു കോമാളിക്കുരങ്ങൻ പറയുന്നതു ശരിയാണെന്നു തോന്നി.”പക്ഷേ, ഈ കൂടാരത്തിൽ കഴിഞ്ഞാൽ….“ കോമാളിക്കുരങ്ങൻ ബിംബുവിനെത്തന്നെ ഉറ്റു നോക്കി. എന്നിട്ടും പറഞ്ഞു.”നിന്നെ അയാൾ കൊല്ലും. അതിനു മുമ്പ്‌ എങ്ങനെയെങ്കിലും നമുക്കു രക്ഷപ്പെടണം.“”ങേ! അപ്പോ നീയും രക്ഷപ്പെടുകയാണോ?“ ബിംബു ചോദിച്ചു.”അതെ ബിംബൂ. നീയില്ലാതെ ഒരു ദിവസം പോലും ഞാനിവിടെ നിൽക്കില്ല. നീയുള്ളതുകൊണ്ടാല്ലേ ഞാൻ ഇവിടെ കഴിഞ്ഞുകൂടുന്നത്‌. അല്ലെങ്കിൽ ഞാൻ പണ്ടേ രക്ഷപ്പെട്ടേനെ.“കോമാളിക്കുരങ്ങൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു. പക്ഷേ, അവൻ പറഞ്ഞതെല്ലാം ബിംബുവിന്‌ ഓർമിക്കാനായില്ല.ഒരാഴ്‌ചകൂടി കഴിഞ്ഞപ്പോൾ കൂടാരമെല്ലാം പൊളിച്ചു. ഇനി കുറെ ദൂരെയുള്ള നഗരത്തിലാണ്‌ സർക്കസ്‌. കുറെ സാധനങ്ങൾ കൊണ്ടുപോയിക്കഴിഞ്ഞു. കസേരകളും കൂറ്റൻ തൂണുകളും കുതിര, തത്തകൾ, ആടുകൾ, ഹിപ്പൊപ്പൊട്ടാമസ്‌ എന്നീ മൃഗങ്ങളെയുംമെല്ലാം ലോറികളിൽ കയറ്റി അവിടെ എത്തിച്ചു കഴിഞ്ഞു. ആനകളും സിംഹങ്ങളും മൂന്ന്‌ ഒട്ടകങ്ങളും മാത്രമേ ഇനി ബാക്കിയുള്ളു. പിന്നെ ഒരു ചെറിയ കൂട്ടിൽ നാലു കുരങ്ങന്മാരുമുണ്ട്‌. വാദ്യസംഘവും വലിയ മൃഗങ്ങളുമൊക്കെ അവസാനമാണ്‌ പോകുന്നത്‌. ബിംബുവിന്റെയും കോമാളിക്കുരങ്ങന്റെയും യാത്ര വാദ്യസംഘത്തോടൊപ്പമാണ്‌.സർക്കസ്‌ ഇല്ലാത്തതിനാൽ കോമാളിക്കുരങ്ങന്‌ ബിംബുവിനെ കുളിപ്പിക്കുന്നതു കാണാം, അത്ര തന്നെ.അങ്ങനെയിരിക്കെ സർക്കസിലെ അവസാന സംഘവും ദൂരെയുള്ള നഗരത്തിലേക്കു യാത്രയായി. അഞ്ചു ലോറികളിലായി ഒട്ടകങ്ങളും ആനകളുമെല്ലാം ഉണ്ടായിരുന്നു. ഒന്നിനുപിറകേ ഒന്നായി ഒരു ഘോഷയാത്രപോലെ വണ്ടികൾ നീങ്ങി. ലോറിയിൽ വലിയ മരത്തടികൾ വച്ചു കെട്ടിയാണ്‌ ബിംബുവിനെ കൊണ്ടുപോയത്‌. നഗരത്തിൽ നിന്ന്‌ കുറെ ദൂരം ചെന്നപ്പോൾ ഒരു വളവിൽ വണ്ടികളെല്ലാം നിർത്തിയിട്ടപ്പോൾ ബിംബു ചുറ്റുപാടും സൂക്ഷിച്ചു നോക്കി. പെട്ടെന്ന്‌ അവൻ കോമാളിക്കുരങ്ങനെ കണ്ടു. തന്റെ തൊട്ടുപിന്നിലുള്ള ലോറിയിലെ ഒരു കമ്പികൂട്ടിലിരുന്ന്‌ കോമാളി കുരങ്ങൻ കൈ വീശിക്കാണിക്കുന്നു! ബിംബുവിന്‌ അവനെ തുമ്പിക്കൈ വീശികാണിക്കണമെന്നു തോന്നി. പക്ഷേ, അനങ്ങാൻ വയ്യ. അതുപോലെയാണ്‌ തന്നെ പൂട്ടിയിരിക്കുന്നത്‌.കുറച്ചു സമയം കഴിഞ്ഞപ്പോൾ വണ്ടി നിർത്തി ഇറങ്ങിപ്പോയ ഡ്രൈവർമാരെല്ലാം വന്നു. ” ഇനി ഹൈറേഞ്ചാ, പതുക്കെ പോയാൽ മതി“. ഒരു ഡ്രൈവർ പറയുന്നതു കേട്ടു. താമസിയാതെ ലോറികൾ ഒന്നിനു പിറകെ ഒന്നായി നീങ്ങി. ഓരോ വളവു തിരിയുമ്പോഴും ബിംബു കോമാളിക്കുരങ്ങനെ നോക്കും. അപ്പോഴെല്ലാം അവൻ ബിംബുവിനെ കൈ വീശിക്കാണിക്കുകയും ചെയ്‌തു.ഹൈറേഞ്ചിലൂടെ വണ്ടി പോകുമ്പോൾ ബിംബു കഴിയുന്നത്ര എത്തി നോക്കി. കൂറ്റൻ മരങ്ങളും പാറകെട്ടുകളും പിന്നന്നിട്ട്‌ ലോറി നീങ്ങുമ്പോൾ ആ സ്‌ഥലം തനിക്ക്‌ പരിചയമുള്ളതാണെന്നു ബിംബുവിനു തോന്നി. ഒടുവിൽ അവന്‌ കാര്യം പിടികിട്ടി. താൻ ജനിച്ചു വളർന്ന കാട്ടിനു നടുവിലൂടെയാണ്‌ ലോറി പോകുന്നത്‌. ഒരു വളവിലെത്തിയപ്പോൾ തൊട്ടുതാഴെ അവനൊരു വെള്ളച്ചാട്ടം കണ്ടു. ങേ! തന്നെ അമ്മ ചെറുപ്പിലേ വെള്ളം കുടിപ്പിക്കാൻ കൊണ്ടുവരുന്ന വെള്ളച്ചാട്ടം! ബിംബു അറിയാതെ അവന്റെ കണ്ണു നിറഞ്ഞുപോയി. താൻ ഓടിക്കളിച്ചു നടന്ന സുന്ദരമായ കാട്‌. ഈ കാട്ടിലെവിടെയെങ്കിലും തന്റെ അമ്മ ഉണ്ടാകുമോ? അതോ അമ്മ മരിച്ചുകാണുമോ? ബിംബുവിന്‌ അത്‌ ഓർമിക്കാൻ പോലും കഴിഞ്ഞില്ല. അമ്മ അവിടെ ഉണ്ടായിരുന്നെങ്കിൽ …. ബിംബു വെറുതെ അങ്ങനെ ആഗ്രഹിച്ചുപോയി. ലോറി നീങ്ങുന്നതറിയാതെ ബിംബു കാഴ്‌ചകൾ കണ്ടു നിൽക്കെ ‘ബിംബൂ, ബിംബൂ എന്ന്‌ അമ്മ തന്നെ വിളിക്കുന്നതുപോലെ ബിംബുവിനു തോന്നി.”ഠോ!“ പെട്ടെന്നൊരു ശബ്‌ദം കേട്ട്‌ ബിംബു നടുങ്ങിപ്പോയി; ങേ, ലോറിയിൽ ആരോ വെടിവച്ചതുപോലെ! ബിംബു ഞെട്ടിപ്പോയി. ലോറികൾ ഒന്നൊന്നായി ആ മലഞ്ചെരുവിൽ നിന്നു. എന്താണു സംഭവിച്ചതെന്നറിയാതെ ബിംബു നിൽക്കെ പിന്നിലെ ലോറിയിൽ നിന്ന്‌ കോമാളിക്കുരങ്ങന്റെ ’ണിംണിം‘ എന്ന മണിയടി ബിംബു കേട്ടു.

​‍്‌

​‍്‌

​‍്‌
Generated from archived content: _j_k2.html Author: venu_variyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English