ഭാഗം12

നേരം നന്നായി വെളുത്തു. മരച്ചില്ലകൾക്കിടയിലൂടെ വെള്ളിനൂൽപോലെ സൂര്യപ്രകാശം ഭൂമിയിൽ വീണു തുടങ്ങി. അപ്പോഴെല്ലാം ഭിംബനും ബിംബുവും അനങ്ങാതെ നില്‌ക്കുകയായിരുന്നു. ഒടുവിൽ ഭിംബന്‌ ക്ഷമകെട്ടു. അവൻ മെല്ലെ ബിംബുവിന്റെ നേർക്കു തിരിഞ്ഞ്‌ സ്വകാര്യമായി പറഞ്ഞുഃ



“ഇനി വെറുതെ സമയം കളയണ്ട. നമുക്കുടനെ എന്തെങ്കിലും ചെയ്യണം.” ഭിംബൻ അതു പറഞ്ഞുതീർന്നില്ല, അതിനുമുമ്പേ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥന്മാരിൽ ഒരാൾ പുറത്തേക്കിറങ്ങി വരുന്നത്‌ ബിംബു കണ്ടു. ചിന്നയ്യൻ എന്നാണ്‌ അയാളുടെ പേര്‌. അയാൾ ഒരു വലിയ ഭിത്തിയോടു ചേർന്നു നിന്ന്‌ വിറകെടുക്കാൻ മെല്ലെ നടന്നുവന്നു. അപ്പോഴേക്കും ബിംബു അയാളുടെ അടുത്തെത്തി. ഇതിനിടയിൽ ബിംബുവിന്റെ കഴുത്തിലെ മണി മുഴങ്ങി. ണിം….ണിം…..ണിം.! അടുത്ത നിമിഷത്തിൽ മിന്നൽവേഗത്തിൽ ബിംബു അയാളെ ചുറ്റിയെടുത്തു. ബുദ്ധിമാനായ അവൻ ഒരു കാര്യം കൂടി ചെയ്‌തു. തുമ്പിക്കൈയിന്റെ അറ്റംകൊണ്ട്‌ അയാൾ ബഹളം വെയ്‌ക്കാതിരിക്കാൻ വായടച്ചുപിടിച്ചു. അതോടെ ചിന്നയ്യൻ കുതറാൻ തുടങ്ങി. പക്ഷേ ബിംബുവിന്റെ തുമ്പിക്കൈയിൽ നിന്ന്‌ രക്ഷപ്പെടുക അത്ര എളുപ്പമായിരുന്നില്ല. ബിംബു പിന്നെ ഒരു നിമിഷം പോലും പാഴാക്കിയില്ല. ഉരുളൻകല്ലുകൾക്കും കൂറ്റൻ മരങ്ങൾക്കും ഇടയിലൂടെ അവൻ അതിവേഗം പാഞ്ഞു. തൊട്ടുപിന്നാലെ ഭിംബനുമുണ്ട്‌. കുറച്ചു ദൂരം ചെന്നപ്പോൾ ബിംബു തന്റെ തുമ്പിക്കൈ ഒന്നയച്ചു. അതോടെ വനംവകുപ്പുദ്യോഗസ്‌ഥന്‌ സംസാരിക്കാമെന്നായി. അയാൾ ഉച്ചത്തിൽ കരയാൻ തുടങ്ങി. ആ കരച്ചിൽ കേട്ട്‌ കുറെപ്പേർ ക്വാർട്ടേഴ്‌സിൽ നിന്നിറങ്ങിവന്നു. അവർ ഒന്നേ നോക്കിയുള്ളു. ങേ! ഒരാന ചിന്നയ്യനെയും ചുറ്റിയെടുത്ത്‌ ഓടുന്നു.



“അയ്യോ ചതിച്ചു! നമ്മുടെ ചിന്നയ്യൻസാറിനെ ആന പിടിച്ചു! ഈശ്വരാ.” ആരോ വിളിച്ചുകൂവി.



“നീ വേഗം പോയി ആ തോക്കെടുക്ക്‌. നമുക്കവനെ വെടിവയ്‌ക്കാം. സാറിന്റെ ജീവൻ അപകടത്തിലാണ്‌.” മറ്റൊരാൾ പറഞ്ഞു.



ഇതിനിടയിൽ ആരോ തോക്കുമായി വന്നു. അവർ എല്ലാവരും കൂടി ബിംബുവിന്റെ പിന്നാലെ ഓട്ടം തുടങ്ങി. കല്ലും മുള്ളും ചവിട്ടി അവർ ഓടിക്കൊണ്ടിരുന്നു. ചിലരുടെ കാൽ പൊട്ടി ചോരയൊഴുകി.



“വെടിവയ്‌ക്കുന്നതു സൂക്ഷിച്ചുവേണം. ഒന്നല്ല, രണ്ടാനകളുണ്ട്‌.” ഒരാൾ പറഞ്ഞു.



ബിംബുവും ഭിംബനും ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. എന്തായാലും വനംവകുപ്പുകാർ അത്രവേഗം തന്നെ കൊല്ലില്ലെന്ന്‌ ബിംബുവിനറിയാമായിരുന്നു. ഉച്ചയാകാറായപ്പോഴേക്കും ബിംബുവും ഭിംബനും അമ്മയുടെ അടുത്തെത്തി. ചെന്നയുടനെ ബിംബു തുമ്പിക്കൈയിലുള്ള ആളെ താഴെ നിർത്തി. എന്നിട്ട്‌ ഭിംബനെ നോക്കി തുമ്പിക്കൈ ഒന്നു പിരിച്ചു കാണിച്ചു. ഭിംബാ, ഇയാൾ ഓടിപ്പോകാതെ സൂക്ഷിച്ചോണേ, എന്നായിരുന്നു അതിനർഥം. ഭിംബൻ മെല്ലെ തലയാട്ടി.



ആന തന്നെ താഴെ നിർത്തിയതോടെ ചിന്നയ്യനു സമാധാനമായി. എന്തായാലും ചവിട്ടിക്കൊന്നില്ലല്ലോ! അയാൾ ബിംബുവിനെയും ഭിംബനെയും കാലിൽ മുറിവേറ്റുകിടക്കുന്ന ആനയെയും മാറി മാറി നോക്കി. ബിംബുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു കണ്ടപ്പോൾ അയാൾക്ക്‌ എന്തെല്ലാമോ സംശയം തോന്നി. മദം പൊട്ടിയവനെപ്പോലെ പാഞ്ഞുവന്ന ബിംബു എത്ര ശാന്തനാണിപ്പോൾ. ആനകൾക്ക്‌ മറ്റു ജന്തുക്കളെക്കാൾ ബുദ്ധിയുണ്ടെന്നല്ലേ കേട്ടിട്ടുള്ളത്‌. ഒരു പക്ഷേ, ആരും കാണാതെ അപകടത്തിൽപെട്ട ആനയെ കാണിച്ചുതരാനാകും തന്നെ ഇവിടെ എത്തിച്ചതെന്ന്‌ അയാൾക്കു തോന്നി. ചിന്നയ്യൻ മെല്ലെ മുറിവേറ്റ ആനയുടെ അരികിലേക്കു ചെന്നു വെടിയുണ്ടയേറ്റ്‌ പഴുത്തിരിക്കുന്ന കാലുകളിൽ അയാൾ ഒന്നേ നോക്കിയുള്ളൂ!. അപ്പോഴെല്ലാം ബിംബുവും ഭിംബനും ഒരു മാൻപേടയെപ്പോലെ ശാന്തരായി നിൽക്കുകയായിരുന്നു. ഒടുവിൽ ചിന്നയ്യൻ അവരോടായി പറഞ്ഞു.



‘എനിക്കെല്ലാം മനസ്സിലായി മക്കളേ. ഇവളുടെ അസുഖമെല്ലാം നമുക്കു ചികിൽസിച്ചു ഭേദമാക്കാം.“ പെട്ടെന്നാണ്‌ ബിംബുവിന്റെ കഴുത്തിലെ മണി ചിന്നയ്യൻ ശ്രദ്ധിച്ചത്‌.



’ങേ! നീയാണോ സർക്കസ്സിൽ നിന്നു ചാടിപ്പോന്ന ബിംബുവെന്ന ആനക്കുട്ടി?” ചിന്നയ്യന്റെ ചോദ്യം കേട്ട്‌ ബിംബു തലയാട്ടി. അവൻ സർക്കസ്സിൽ കാണികളെ അനുഗ്രഹിക്കുന്നതുപോലെ ചിന്നയ്യനെ അനുഗ്രഹിച്ചു. ഭിംബന്‌ അതൊന്നും മനസ്സിലായില്ല. അവൻ സംശയിച്ചു നിൽക്കെ ബിംബു ഭിംബനെ നോക്കി. എന്നിട്ടു പറഞ്ഞു “ഇനി ഇയാൾ പൊയ്‌ക്കോട്ടെ. അമ്മയെ ചികിൽസിച്ചു സുഖപ്പെടുത്താൻ നാളെ വീണ്ടും വരും.” ഭിംബന്‌ അതു കേട്ടപ്പോൾ സന്തോഷമായി. അവൻ ബിംബുവിനെ കെട്ടിപ്പുണർന്നു. പിന്നെ അവർ ചിന്നയ്യന്റെ പിന്നാലെ മെല്ലെ നടന്നു.



പിറ്റേന്നു നേരം പുലർന്നപ്പോൾ ബിംബു രസകരമായ ഒരു കാഴ്‌ച ഭിംബനു കാണിച്ചുകൊടുത്തു. മലയുടെ താഴെ നിന്നു കുറേപ്പേർ കയറിവരുന്നു. അവരെ നോക്കി ബിംബു ഭിംബനോടു പറഞ്ഞു.



“അവരുടെ കൈയിൽ ഒരു പ്രത്യേക സാധനം കണ്ടില്ലേ? അതാണ്‌ ഷൂട്ടിംഗ്‌ നടത്തുന്ന ക്യാമറ. അമ്മയെ ചികിൽസിക്കുന്നത്‌ ടെലിവിഷനിൽ കാണിക്കാൻ വേണ്ടിയാണ്‌ അതെല്ലാം കൊണ്ടുവരുന്നത്‌.”



“ടെലിവിഷനോ? അതെന്താ?” ഭിംബനു സംശയമായി. ബിംബു വേഗം ടെലിവിഷനെക്കുറിച്ച്‌ ഭിംബനു പറഞ്ഞുകൊടുത്തു.



“ഞാൻ സർക്കസ്സിലായിരുന്നപ്പോൾ എത്ര തവണ അഭിനയിച്ചിട്ടുണ്ടെന്നോ? ബിംബു പറഞ്ഞു.



ഭിംബന്‌ എല്ലാം പുതുമയായിരുന്നു. എത്ര ബുദ്ധിമാന്മാരാണ്‌ മനുഷ്യർ. എന്തെല്ലാം വിദ്യകളാണ്‌ അവരുടെ പക്കലുള്ളത്‌!



”അവർ വരുമ്പോൾ നമ്മൾ ഇവിടെ നിന്നാൽ അപകടമാ. നമുക്ക്‌ അല്‌പം മാറിനിൽക്കാം.“ ബിംബു പറഞ്ഞു. ഭിംബന്‌ അതു ശരിയാണെന്നു തോന്നി. ബിംബുവും ഭിംബനും മെല്ലെ മെല്ലെ മലയുടെ താഴേക്കു നടന്നു.



ഒരാഴ്‌ച കൂടി കഴിഞ്ഞു. അമ്മയുടെ മുറിവ്‌ ഏതാണ്ട്‌ പൂർണമായും ഉണങ്ങി. പക്ഷേ, ബിംബുവിനത്‌ വിശ്വസിക്കാൻ പ്രയാസം തോന്നി. അവൻ അമ്മയുടെ കാലിൽ ഇടയ്‌ക്കിടയ്‌ക്ക്‌ സൂക്ഷിച്ചുനോക്കി. അപ്പോഴൊക്കെ ഭിംബൻ പറയും ”ഇത്ര സൂക്ഷിച്ചു നോക്കാനൊന്നുമില്ല. രണ്ടുമൂന്നു ദിവസം കൂടി കഴിഞ്ഞാൽ നിന്റെ അമ്മ നടന്നു തുടങ്ങും.



അങ്ങനെയിരിക്കെ ഒരു ദിവസം ഭിംബനും ബിംബുവും കൂടി അമ്മയ്‌ക്ക്‌ കുറെ ഇലകളുമായി വരികയായിരുന്നു. അപ്പോഴാണ്‌ കുറെ ദൂരെയായി ആരോ നിലവിളിക്കുന്നത്‌ ബിംബു കേട്ടത്‌.



“അയ്യോ! ഓടിവരണേ, ഓടിവരണേ.”



അവൻ വേഗം ചെവി വട്ടംപിടിച്ചു. എന്നിട്ട്‌ ഭിംബനോടു പറഞ്ഞു.



“ഭിംബാ, ഒരു മനുഷ്യന്റെ കരച്ചിലാണു കേൾക്കുന്നത്‌. എന്തോ അപകടം പറ്റിയിട്ടുണ്ട്‌.” പെട്ടെന്ന്‌ ഭിംബൻ പറഞ്ഞു.



“അതു കണ്ടോ, മലയടിവാരത്തിൽ തീ ആളിപ്പടരുന്നു. അവിടെനിന്നാണ്‌ കരച്ചിൽ കേൾക്കുന്നത്‌.” ഭിംബൻ പറഞ്ഞുതീർന്നില്ല അതിനു മുമ്പേ ബിംബു ഭിംബനുമായി അതിവേഗത്തിൽ അങ്ങോട്ടു പാഞ്ഞു. പരക്കം പാച്ചിലിനിടയ്‌ക്ക്‌ ഒരു ചെറിയ വെള്ളച്ചാട്ടത്തിനടുത്തെത്തിയ ബിംബു പറഞ്ഞുഃ



“ഭിംബാ, നീ തുമ്പിക്കൈ വെള്ളമെടുത്തോ ഞാനും എടുക്കുന്നുണ്ടേ”. ബിംബുവും ബിംഭനും വേഗം തുമ്പിക്കൈ നിറയെ വെള്ളമെടുത്തു. ഒന്നോ രണ്ടോ നിമിഷമേ അതിനു വേണ്ടിവന്നുള്ളു. അവർ വീണ്ടും താഴ്‌വാരത്തേക്കു കുതിച്ചു.



മലയടിവാരത്തെത്തിയ ബിംബു ഒരു നിമിഷം സംശയിച്ചു. നിന്നു. ഒരു കുടിൽ കത്തിപ്പടരുകയാണ്‌. തീജ്വാലകൾ ഉയർന്നു വരുന്നേയുള്ളു. നിമിഷങ്ങൾക്കകം തീ ആളിപ്പടരും. കുടിലിനകത്ത്‌ ആരോ പെട്ടിട്ടുണ്ട്‌. കുടിലിനു പുറത്ത്‌, ഒരു സ്‌ത്രീ നെഞ്ചത്തടിച്ച്‌ ഒരു ഭ്രാന്തിയെപ്പോലെ കരയുന്നുണ്ട്‌. കൂടുതൽ ആലോചിക്കാൻ സമയമില്ല. എങ്ങനെയെങ്കിലും അകത്തുള്ളയാളെ രക്ഷിക്കണം. പക്ഷേ എന്തു ചെയ്യും? കുടിലിനകത്ത്‌ കടന്നാൽതന്നെ എവിടെയാണ്‌ ആളെന്നറിയാൻ കഴിയില്ല. ഒരു നിമിഷം! ബിംബു തന്റെ തുമ്പികൈയിലെ വെള്ളം കുടിലിനകത്ത്‌ കരച്ചിൽ കേട്ട സ്‌ഥലത്തു ചീറ്റി. പിന്നെ മിന്നൽ വേഗത്തിൽ തുമ്പിക്കൈ താഴ്‌ത്തി കുടിലിന്റെ മേൽക്കൂരയിൽ ആഞ്ഞൊരടി കൊടുത്തു. ഭും! വലിയൊരു ശബ്‌ദത്തോടെ മേൽക്കൂരയുടെ ഒരു ഭാഗം തെറിച്ചുപോയി. പെട്ടെന്ന്‌ ബിംബു ആ കാഴ്‌ച കണ്ടു – ഒരു കാലില്ലാത്ത നിസ്സഹായനായ ഒരു മനുഷ്യൻ കുടിലിൽ കിടന്ന്‌ പ്രാണവേദനയോടെ പിടയുന്നു.! അയാൾക്കു ചുറ്റും തീ പടരുകയാണ്‌. പക്ഷേ, ബിംബു അതു കാര്യമാക്കിയില്ല. അവൻ കാൽ പൊള്ളുമെന്നറിഞ്ഞുകൊണ്ടുതന്നെ തീക്കനൽ വകവെയ്‌ക്കാതെ തുമ്പിക്കൈ നീട്ടി. വേദനകൊണ്ടു പുളയുന്ന മനുഷ്യനെ ചുറ്റിയടുക്കേണ്ടിവന്നില്ല. അതിനു മുമ്പേ അയാൾ ബിംബുവിന്റെ തുമ്പിക്കൈയിൽ കൈകൊണ്ട്‌ കടന്നുപിടിച്ചു. അടുത്ത നിമിഷം ബിംബു പിന്നാക്കം ചാടി. തുമ്പിക്കൈയിലുള്ള ആളെ രക്ഷപ്പെടുത്തുകയും ചെയ്‌തു.



“ഹൊ എന്നാലും നിന്നെ സമ്മതിക്കണം ബിംബു. നീ ഇത്ര ധീരനാണോ?” ബിംബു അതിനു മറുപടിയൊന്നും പറഞ്ഞില്ല. പകരം അവൻ ചോദിച്ചു. നീ തുമ്പിക്കൈയിലെടുത്ത വെള്ളമെവിടെ“.



”ഇതൊരു നല്ല തമാശ തന്നെ. നീ തീയിൽ ചവിട്ടിയപ്പോൾ ഞാനതങ്ങോട്ട്‌ ചീറ്റിയില്ലേ? നിന്റെ കാൽ പൊള്ളുന്നത്‌ ഞാൻ കണ്ടു നിൽക്കണമെന്നാണോ?“ അപ്പോഴാണ്‌ ബിംബു, ഭിംബൻ ചെയ്‌ത സഹായമറിഞ്ഞത്‌. താൻ കരുതിയപോലെയൊന്നുമല്ല ഭിംബൻ. അവനും ബുദ്ധിമാൻ തന്നെ അവൻ ബിംബുവിനു ചുറ്റും നടന്നു.



”ബിംബൂ നിന്റെ കാലു പുറവും ചിലയിടത്തെല്ലാം പൊള്ളിയിട്ടുണ്ട്‌. നമുക്കുടനെ പോകാം.“ ഭിംബൻ പറയാതെ തന്നെ ബിംബുവിനതറയാമായിരുന്നു. കാരണം, ശരീരമാകെ നീറിപ്പുകയുന്നുണ്ടായിരുന്നു. അവൻ വല്ലാതെ വേദന തോന്നിയ സ്‌ഥലത്തെല്ലാം തുമ്പിക്കൈകൊണ്ടു തൊട്ടു നോക്കി. എന്തായാലും വലിയ പരിക്കൊന്നുമില്ല. പെട്ടെന്നാണ്‌ തന്റെ കാലിൽ ആരോ പിടിച്ചതായി ബിംബുവിനു തോന്നിയത്‌.. അവൻ വേഗം ഞെട്ടിത്തിരിഞ്ഞു നോക്കി. ങേ! താൻ രക്ഷിച്ച മനുഷ്യൻ താടിയും മുടിയുമെല്ലാം നീട്ടി വളർത്തിയ അയാൾ പൊട്ടിക്കരയുകയായിരുന്നു.



ബിംബു അയാളെ സൂക്ഷിച്ചു നോക്കി.



”അതേടാ മോനേ, ഇതു ഞാനാ, നീ ഒരിക്കൽ എടുത്തെറിഞ്ഞ പാവം! എന്നാലും ഇന്നെന്നെ രക്ഷിക്കാൻ നീ തന്നെ വന്നല്ലോടാ, മോനേ!“



ബിംബുവിന്‌ താൻ കാണുന്നതെല്ലാം വെറും സ്വപ്‌നമാണോ എന്നു തോന്നി. അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ വേഗം കുനിഞ്ഞ്‌ തുമ്പിക്കൈകൊണ്ട്‌ അയാളെ തലോടി.



അയാളും കരയുകയാണെന്ന്‌ അവനറിഞ്ഞു.



ഭിംബന്‌ അവിടെ നടക്കുന്നതെന്താണെന്ന്‌ ഒരു പിടിയും കിട്ടിയില്ല. മനുഷ്യൻ ആനയെ കെട്ടിപ്പിടിച്ച്‌ കരയുന്നോ? ഭിംബൻ എന്തു ചെയ്യണമെന്നറിയാതെ നിൽക്കെ തൊട്ടടുത്ത്‌ ഒരു ചിന്നംവിളി കേട്ടു. അവൻ തിരിഞ്ഞുനോക്കി. ആ കാഴ്‌ച നല്ല രസമുള്ളതായിരുന്നു. ഹീമനും ബിന്നിയമ്മായിയും ഭീമനാനയും എല്ലാരുംകൂടി നടന്നുവരുന്നു. അവരോടൊപ്പം വളരെപ്പതുക്കെ നടക്കുന്ന ബിംബുവിന്റെ അമ്മയുമുണ്ട്‌. അവർ അടുത്തെത്തിയപ്പോൾ താടി വളർത്തിയ മനുഷ്യൻ സാവധാനം എഴുന്നേറ്റു. അയാൾക്ക്‌ നടക്കാൻ എന്തോ ബുദ്ധിമുട്ടുണ്ടെന്ന്‌ ബിംബുവിനു മനസ്സിലായി. അയാൾ ബിംബുവിനോടായി പറഞ്ഞു. ”മോനേ, നിങ്ങൾ മൃഗങ്ങൾ മനുഷ്യരെക്കാളും നന്ദിയുള്ളവരാ അന്ന്‌, കാലൊടിഞ്ഞു സർക്കസ്സിൽ നിന്നും പോന്ന എന്നെ ഒരുത്തനും തിരിഞ്ഞു നോക്കിയില്ലാ ഞാനും എന്റെ കുടുംബവും ഇപ്പൊ ഇവിടെയാണ്‌ താമസിക്കുന്നത്‌. ഞങ്ങൾക്ക്‌ ആരും കൂട്ടില്ലെന്ന ദുഃഖമായിരുന്നു. സ്‌നേഹമുള്ള നിങ്ങളൊക്കെ ഇവിടെയുണ്ടല്ലോ“ ബിംബുവിന്‌ എല്ലാം മനസ്സിലായി. അവൻ മെല്ലെ ഭിംബനെയും കൂട്ടി ആനക്കൂട്ടങ്ങളുടെ അടുത്തേക്കു ചെന്നു. അവിടെ ഭയന്നു നിൽക്കുന്ന തന്റെ അമ്മയെ നോക്കി ബിംബു പറഞ്ഞു.



”അമ്മയ്‌ക്ക്‌ ഇപ്പോൾ മനസ്സിലായില്ലേ മനുഷ്യരുടെ സ്‌നേഹം അവരിൽ ചിലരേ ദുഷ്‌ടന്മാരുള്ളൂ. മറ്റുള്ളവരെല്ലാം വളരെ നല്ലവരാ.“



എന്തോ, ബിംബുവിന്റെ അമ്മയ്‌ക്ക്‌ അതത്ര വിശ്വാസമായില്ല. അവൾ മെല്ലെ മുന്നോട്ടു നടന്നു. തൊട്ടു പിന്നാലെ മറ്റാനകളും ഉണ്ടായിരുന്നു. മല കയറുമ്പോൾ ബിംബു, മെല്ലെ തിരിഞ്ഞു നിന്നു. ദൂരെ കുടിലിൽ നിന്ന്‌ അപ്പോഴും പുകച്ചുരുളുകൾ ഉയരുന്നുണ്ടായിരുന്നു.

Generated from archived content: _j_k12.html Author: venu_variyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here