ഭീംബൻ കൂട്ടുകാരനായതോടെ ബിംബുവിന് സമയം പോകാൻ എളുപ്പമായി. അങ്ങനെയിരിക്കെ ഒരു ദിവസം ബിംബു ചോദിച്ചു. “ഭിംബാ, നീയെന്താ ഇത്രനാളും ഒറ്റക്കു നടന്നത്? നിനക്ക് അച്ഛനുമമ്മയുമൊന്നുമില്ലേ?” കുറച്ചു നേരം ഭിംബൻ മിണ്ടാതെ നിന്നു. അവൻ എന്തോ ആലോചിക്കുകയാണെന്ന് ബിംബുവിന് മനസ്സിലായി. ബിംബന്റെ മുഖം സങ്കടം കൊണ്ട് വല്ലാതാകുന്നത് ബിംബു കണ്ടു. ചിലപ്പോൾ ഭിംബന്റെ അച്‌ഛനും അമ്മയും മരിച്ചുകാണും. അതാവും അവനിത്ര സങ്കടം – ബിംബു കരുതി. എന്തായാലും ബിംബനെ വേദനിപ്പിക്കാൻ വയ്യ ബിംബു വേഗം ഒരു സൂത്രം പറഞ്ഞുഃ“ഭിംബാ, നമുക്ക് അല്‌പം താഴേക്കു നടന്നാലോ അതിലേ ധാരാളം വാഹനങ്ങൾ പോകുന്നുണ്ട്. നീ കാറും ലോറിയുമൊക്കെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ കാണിച്ചു തരാം. ഒരു മനുഷ്യനിരുന്ന് ചക്രം തിരിച്ചാൽ മതി. ഉടനെ വണ്ടിയോടും. എന്തു രസമാണെന്നോ! മനുഷ്യരുടെ കൈയിൽ ഇങ്ങനെ എന്തെല്ലാം വിദ്യകൾ! ഭിംബൻ എല്ലാം ചെവികൂർപ്പിച്ചു കേട്ടു നിന്നു. അക്കാര്യം ഓർക്കുമ്പോൾത്തന്നെ എനിക്കു ഭയമാകുന്നു.”“ബിംബൂ, എന്റെ അച്‌ഛനെ ഒരിക്കൽ മനുഷ്യർ രക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് എനിക്കവരെ വല്യ ഇഷ്‌ടമാ. ഒരിക്കൽ അച്‌ഛൻ ഒരു പാറയിടുക്കിലൂടെ നടക്കുമ്പോൾ ഒരു കമ്പു കയറി അച്‌ഛന്റെ കാലിൽ ഒരു വലിയ മുറിവു വന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ അച്‌ഛന് ഒരടി പോലും നടക്കാൻ വയ്യാതായി. അച്‌ഛൻ വേദന കൊണ്ടു പുളഞ്ഞു. ഹൊ! ഇപ്പൊ അക്കാര്യം ഓർക്കുമ്പോൾത്തന്നെ എനിക്കു ഭയമാകുന്നു.”“എന്നിട്ട്…. എന്നിട്ട്……. നിന്റെ അച്‌ഛൻ രക്ഷപ്പെട്ടോ?” ബിംബു ആകാംക്ഷയോടെ ചോദിച്ചു.“നീയിങ്ങനെ ധൃതി പിടിച്ചാലോ? ഞാനെല്ലാം പറയാം.” ഭിംബൻ തുടർന്നുഃ“ഒരു ദിവസം ഞാനും അമ്മയും കൂടി രോഗിയായ അച്‌ഛന് വെള്ളം എടുക്കാൻ പോയി. വെള്ളവുമായി തിരിച്ചുവന്ന ഞങ്ങൾ ഞെട്ടിപ്പോയി! അച്‌ഛന്റെ ചുറ്റും മൂന്നുനാലു മനുഷ്യർ. ഓരോരുത്തർക്കും ഓരോ വേഷമാണ്. അവർ അച്‌ഛന്റെ കാലിൽ എന്തോ മരുന്നുവെച്ചുകെട്ടുന്നത് ഞങ്ങൾ ഒളിച്ചുനിന്നു കണ്ടു. അല്‌പം കഴിഞ്ഞ് അവർ തിരിച്ചുപോയി. പക്ഷേ, അന്നു ഞങ്ങൾ വല്ലാതെ ഭയന്നുപോയി. കാരണം, അച്‌ഛൻ ഒന്നും മിണ്ടിയില്ല. കുറെ നേരം ബോധമില്ലാതെ കിടന്നു. ഒടുവിൽ എല്ലാം ശരിയായി അച്‌ഛന്റെ രോഗം മാറി. പഴയതുപോലെ അച്‌ഛന് നടക്കാമെന്നായി.” ബിംബുവിന് ഭിംബന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സു കുളിരുന്നതുപോലെ തോന്നി. അവൻ ഉടനെ ഭിംബന്റെ അടുത്തേക്ക് നീങ്ങിച്ചെന്നു. എന്നിട്ടു ചോദിച്ചുഃ“ഭിംബാ, ആ മനുഷ്യർ ഇപ്പോഴും ഈ കാട്ടിലുണ്ടാവുമോ? എങ്കിൽ നമുക്കവരെ എങ്ങനെയെങ്കിലും അമ്മയുടെ അടുത്തെത്തിക്കണം. എന്റെ അമ്മയെയും രക്ഷിക്കണം. പാവം അമ്മ!” ബിംബുവിന്റെ കണ്ണു നിറയുന്നത് ഭിംബൻ കണ്ടു. അവനും ബിംബുവിന്റെ അമ്മയെ രക്ഷിക്കണമെന്നു തോന്നി. തന്റെ കൂട്ടുകാരന്റെ അമ്മ തന്റെയും അമ്മയല്ലേ?“ബിംബൂ, അമ്മയെ നമുക്കെങ്ങനെയെങ്കിലും രക്ഷിക്കാം.” പക്ഷേ എങ്ങനെയാണെന്നു ചോദിച്ചാൽ…..?“ ഭിംബന് അതിനുത്തരമില്ലായിരുന്നു.”മനുഷ്യരെ എങ്ങനെയെങ്കിലും അമ്മയുടെ അടുത്തേക്ക് ആകർഷിക്കണം. അമ്മയെ കണ്ടാൽ അവർ ഒരുപക്ഷേ, ചികിൽസിക്കും.“ ബിംബു പറഞ്ഞു.”അതു ശരിയാ, നമുക്ക് അതിനൊരു വഴി കണ്ടുപിടിക്കണം. അതിനുമുമ്പ് മനുഷ്യരുടെ താവളം എവിടെയാണെന്നറിയണം. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ.“ഭിംബൻ പറഞ്ഞതു ശരിയാണെന്നു ബിംബുവിനു തോന്നി. എല്ലാം വളരെ ആലോചിച്ചുവേണം. മനുഷ്യരും അത്ര മോശക്കാരല്ലല്ലോ. ഭിംബന് അതൊന്നും അറിയില്ല. ഭിംബന്റെ അച്‌ഛനെ രക്ഷിച്ചത് വല്ല വനംവകുപ്പുകാരും ആകും. കണ്ടുപിടിക്കേണ്ടത് അവരെയാണ്. മറ്റു മനുഷ്യരെ കണ്ടാൽ ഒരു കാര്യവുമില്ല. അതു ചിലപ്പോൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ബിംബു മനസ്സിൽ കരുതി.അവർ രണ്ടുപേരും കൊടുങ്കാട്ടിലൂടെ കുറെ നേരം നടന്നു. സന്ധ്യയായപ്പോൾ അവർ ഒരു പാതയ്‌ക്കരികിലെത്തി. അപ്പോഴാണ് അല്‌പം ദൂരെയായി ഒരു വെളിച്ചം ബിംബു കണ്ടത്. ഉടനെ ഭിംബൻ പറഞ്ഞുഃ”ആ കാണുന്നതു മനുഷ്യരുടെ വീടാണ്. രാത്രിയായാൽ അവർ തീ കത്തിക്കും. രാത്രി നമ്മളൊക്കെ അവിടെ ചെല്ലാതിരിക്കാനാണത്രെ അവർ അങ്ങനെ തീ കത്തിക്കുന്നത്. എന്തായാലും നമുക്ക് കുറെക്കൂടി അടുത്തു ചെല്ലാം.“ ഭിംബൻ മുന്നിൽ നടന്നുകൊണ്ടു പറഞ്ഞു. ബിംബുവിന് അല്‌പം പേടി തോന്നാതിരുന്നില്ല. പക്ഷേ, ഭിംബൻ കൂടെയുള്ളപ്പോൾ താനെന്തിനു പേടിക്കണം.?രണ്ടുപേരുംകൂടി ശബ്‌ദമുണ്ടാക്കാതെ പതുക്കെ വെളിച്ചം കണ്ട ദിക്കിലേക്കു നടന്നു.പെട്ടെന്ന് രണ്ടുമൂന്നുപേർ ഒരു വീട്ടിൽ നിന്നു പുറത്തിറങ്ങി വരുന്നത് അവർ കണ്ടു. അവരിൽ രണ്ടു പേർ കാക്കിയുടുപ്പുധരിച്ചിരുന്നു.”ബിംബൂ, അവരാണെന്നു തോന്നുന്നു എന്റെ അച്‌ഛനെ ചികിൽസിച്ചത്.“”ശ്‌ശ്…. പതുക്കെ. നമ്മുടെ ശബ്‌ദം കേട്ടാൽ അവർ നമ്മെ ഓടിക്കും. നമുക്ക് അനങ്ങാതെ ഇവിടെത്തന്നെ നിൽക്കാം. അവർ എന്താണു ചെയ്യുന്നതെന്നറിയാമല്ലോ.“ ബിംബു സ്വകാര്യമായി പറഞ്ഞു.
Generated from archived content: _j_k11.html Author: venu_variyath