വെടിയുണ്ടയേറ്റ് പഴുത്തിരിക്കുന്ന അമ്മയുടെ കാലിലെ മുറിവ് വളരെ ആഴത്തിലുള്ളതാണെന്ന് ബിംബുവിനു മനസ്സിലായി. അവൻ എങ്ങിയേങ്ങി കരയുകയും കണ്ണീർ തുടയ്‌ക്കുകയും ചെയ്‌തു. എങ്ങനെയാണ് അമ്മയെ രക്ഷിക്കുക?നല്ല മരുന്നുവെച്ച് ചികത്സിച്ചാൽ അമ്മ രക്ഷപ്പെടും.പക്ഷേ, തനിക്ക് ചികിൽസിക്കാനും മരുന്നു വെയ്‌ക്കാനുമൊന്നും അറിയില്ലല്ലോ. ഇക്കാര്യത്തിലൊക്കെ മനുഷ്യർ എത്ര മിടുക്കന്മാരാണ്! എന്തെങ്കിലും രോഗം വന്നാൽ അവർ എത്ര പെട്ടെന്നാണ് ചികിൽസിച്ച് രോഗം മാറ്റുന്നത്! മനുഷ്യരുടെ സഹായമുണ്ടെങ്കിൽ തന്റെ അമ്മയും രക്ഷപ്പെടുമെന്ന് ബിംബുവിന് ഉറപ്പുണ്ടായിരുന്നു. കാരണം സർക്കസ്സിൽവെച്ച് തനിക്കു രോഗം വന്നപ്പോഴെല്ലാം മനുഷ്യർ ചികിൽസിച്ച് രക്ഷിച്ചതല്ലേ?“എന്താ മോനേ, നീയെന്താ ആലോചിക്കുന്നത്?” അമ്മയുടെ ചോദ്യം കേട്ട് ബിംബു ചിന്തയിൽനിന്നുണർന്നു. പാവം അമ്മ! ബിന്നിയമ്മായിയും ഭീമനാനയുമൊന്നുമില്ലായിരുന്നെങ്കിൽ അമ്മ ഇതിനകം തന്നെ ഈ കാടിനോട് യാത്ര പറഞ്ഞേനെ! ബിന്നിയമ്മായിക്ക് എന്തു സ്‌നേഹമാണ്! തുമ്പിക്കൈയിൽ വെള്ളം കൊണ്ടുകൊടുക്കുന്നതും ഇലകൾ തിന്നാൽ കൊണ്ടുവന്നു കൊടുക്കുന്നതും ബിന്നിയമ്മായിതന്നെയാണല്ലോ. അപ്പോഴേക്കും ബിന്നിയും കൂട്ടരും മലകയറി വരുന്നത് ബിംബു കണ്ടു. ഒപ്പം ഹീമനുമുണ്ട്. ഏറ്റവും മുന്നിലാണ് ഹീമന്റെ നടത്തം. അവനും കുറെ ഇലകൾ ചുറ്റിപ്പിടിച്ചിട്ടുണ്ട്. എല്ലാവരും കൂടി തന്റെ അമ്മയ്‌ക്ക് തീറ്റയുമായി വരികയാണെന്ന് ബിംബുവിനു മനസ്സിലായി. ആനക്കൂട്ടം അടുത്തെത്തിയപ്പോൾ ബിംബു മെല്ലെ എഴുന്നേറ്റു. ഉടനെ ബിന്നി ബിംബുവിനോട് പറഞ്ഞുഃ“ബിംബൂ, ഇനി നീ ഒറ്റയ്‌ക്കു നടക്കണ്ട ആ ഒറ്റയാനില്ലേ, ഭിംബൻ. അവൻ ഇവിടെ അടുത്തെവിടെയോ ഉണ്ട്. സൂക്ഷിക്കണേ മോനേ…. അവൻ മഹാദുഷ്‌ടനാ.”ങേ! ഭിംബൻ! ആ പേരു കേട്ടപ്പോൾത്തന്നെ തലച്ചോറിൽ ഇടി മുഴങ്ങുന്നതുപോലെ തോന്നി. തന്നെ കുത്തിക്കൊല്ലാൻ ശ്രമിച്ച അവനെ ചവിട്ടി കാട്ടുകൊക്കയിലിടാനുള്ള കലിയുണ്ടായിരുന്നു ബിംബുവിന്. ഇനി അവനെങ്ങാനും കൺമുന്നിൽ വന്നാൽ അവന്റെ പൊടിപോലും ബാക്കിവെയ്‌ക്കില്ല – ബിംബുമനസ്സിൽ കരുതി.ബിന്നിയമ്മായി ഇലകളും വെള്ളവും ബിംബുവിന്റെ അമ്മയ്‌ക്കു കൊടുത്തു. പിന്നെ, കുറച്ചു നേരം എല്ലാവരും അവിടെ വിശ്രമിച്ചു. ഒടുവിൽ എല്ലാവരും പോകാനൊരുങ്ങിയപ്പോൾ ബിന്നിയമ്മായി ബിംബുവിനെ വിളിച്ചു. എന്നിട്ടു ചോദിച്ചുഃ“മോൻ താഴ്‌വാരത്തേക്കു വരുന്നോ? നല്ല തെളിവെള്ളമുണ്ട്. സ്വാദുള്ള പലതരം പുല്ലുകളമുണ്ട്.”“ഞാനില്ല, അമ്മായി ഞാനിവിടെനിന്നെങ്ങും വരുന്നില്ല ദാഹിക്കുമ്പോൾ ഞാൻ താഴെപ്പോയി വെള്ളം കുടിച്ചോളാം.” ബിംബു പറഞ്ഞു.ആനക്കൂട്ടം താഴേക്കിറങ്ങിപ്പോയി. കളിച്ചുരസിച്ചുള്ള ആനക്കൂട്ടത്തിന്റെ യാത്രകണ്ടപ്പോൾ ഒരു നിമിഷം ബിംബുവിനു അവരോടൊപ്പം പോകണമെന്നു തോന്നി. പക്ഷേ, അമ്മയെ തനിച്ചാക്കി പോകണമല്ലോ എന്നോർത്തപ്പോൾ ബിംബു മടിച്ചു.അല്‌പസമയം കഴിഞ്ഞതേയുള്ളൂ. പെട്ടെന്ന് താഴ്‌വാരത്തെവിടെയോ മരങ്ങൾ ഒടിഞ്ഞു വീഴുന്ന ശബ്‌ദം കേട്ടു. ബിംബു എല്ലാം കാതോർത്തിരുന്നു. വീണ്ടും ആ ശബ്‌ദം തന്നെ കേട്ടു. ആരോ മരങ്ങൾ കുത്തിയൊടിക്കുകയാണ്. ബിംബു ശബ്‌ദം കേട്ട സ്‌ഥലത്തേക്ക് എത്തിനോക്കി. പെട്ടെന്നാണ് കറുത്ത ഒരു രൂപം ബിംബു കണ്ടത്. ങേ! താൻ പ്രതീക്ഷിച്ച ആൾ തന്നെ. ഭിംബൻ! അവനെങ്ങാനും അമ്മയെ കണ്ടാൽ……! ബിംബു അറിയാതെ ഒന്നു ഞെട്ടി. അപ്പോഴേക്കും ഭിംബൻ തുമ്പിക്കൈ ചുഴറ്റിക്കൊണ്ട് മലകയറുന്നത് ബിംബു കണ്ടു. ഭിംബൻ തന്നെ കണ്ടുവെന്ന് ബിംബുവിന് ഉറപ്പായി. അവൻ വേഗം രണ്ടായി പിളർന്ന് വരുന്ന ഒരു കൂറ്റൻമരത്തിനടുത്തേക്കു നീങ്ങി മാറിനിന്നു. ബിംബു മരത്തിനടുത്തെത്തിയതും ഭിംബൻ ഓടിവന്ന് അവനെ ആക്രമിച്ചതും ഒരുമിച്ചായിരുന്നു ഒരു നിമിഷം! ബിംബു സർക്കസിലെ ഒരു വിദ്യപോലെ പെട്ടെന്ന് ഒഴിഞ്ഞുമാറി. അതോടെ ഭിംബന്റെ തല മരത്തടികൾക്കിടയിലായി. ഒപ്പം ഭിംബന് അനങ്ങാൻ വയ്യാതായിപ്പോയി. പ്രതികാരം ചെയ്യാൻ പറ്റിയ അവസരമാണിത്! തനിക്ക് ഒന്നനങ്ങാൻ പോലും പറ്റാതിരുന്നപ്പോഴാണല്ലോ ഭിംബൻ തന്നെ കുത്തിവശംകെടുത്തിയത്. ബിംബു മനസ്സിൽ കരുതി.ബിംബു വേഗം രണ്ടുമൂന്നടി പിന്നാക്കം മാറി. പിന്നെ ഭിമബന്റെ പിന്നിൽ തുരുതുരെ ആഞ്ഞുകുത്തി. ഒന്നല്ല, രണ്ടുനാലഞ്ചുവട്ടം! പെട്ടെന്ന് ഭിംബന്റെ കരച്ചിൽ ഉയർന്നു.!“അയ്യോ!……. അമ്മേ…… രക്ഷിക്കണേ”ബിംബുവിന് അവനെ കൊല്ലണമെന്നുണ്ടായിരുന്നു. അവൻ പല്ലും കടിച്ചുകൊണ്ട് ഭിംബനെ ചവിട്ടാനായി ആഞ്ഞു. ആനകളുടെ മർമ്മം എവിടെയാണെന്ന് സർക്കസിൽ വച്ച് തടിയൻ പറയിന്നത് കേട്ടിട്ടുണ്ട്. വാലിന്റെ ഇടതുവശത്ത് കാലിനോടു ചേർന്ന്….. ബിംബു ഉന്നം തെറ്റാതെ കാലുയർത്തിനിന്നു. ഈ ചവിട്ടോടെ ഭിംബന്റെ കഥകഴിയുമെന്ന് അവനുറപ്പുണ്ടായിരുന്നു. ഇനി കാട്ടിൽ എല്ലാവർക്കും പേടിക്കാതെ നടക്കാം. അപ്പോഴെല്ലാം ഭിംബൻ കരയുകയായിരുന്നു.“ബിംബു അരുത്! ഭിംബനെ കൊല്ലരുത്. മനുഷ്യരെപ്പോലെ കലഹിക്കാൻ നീയും പഠിച്ചോ? ശ്ശെ! ഇതൊന്നും നമുക്ക് ചേർന്നതല്ല മോനേ” – ബിംബു വേഗം തിരിഞ്ഞു നോക്കി. ങേ! ബിന്നിയമ്മായി!“അപ്പോൾ അമ്മായി പോയില്ല, അല്ലേ” – ബിംബു മുൻകാൽ താഴ്‌ത്തി ചോദിച്ചു.“ബിന്നിയമ്മായി, എന്നെ കൊല്ലല്ലേ….. എന്നെ കൊല്ലല്ലേ, ഞാനിനി ബഹളമെന്നുമുണ്ടാക്കാതെ കഴിഞ്ഞോളാമേ….” ഭിംബൻ കരഞ്ഞുകൊണ്ട് പറഞ്ഞു. ബിന്നി ഒരു നിമിഷം അവനെത്തന്നെ നോക്കി നിന്നു.“കുറുമ്പൻ! നീയിപ്പോൾ അനുസരണ പഠിച്ചു അല്ലേ” ബിന്നി ചോദിച്ചു. അവൻ മെല്ലെ തന്റെ ചെവികൾ ആട്ടി. പിന്നെ ഒരു നിമിഷം പോലും, പാഴാക്കാതെ ബിന്നിയും ബിംബവും കൂടി അവനെ രക്ഷിച്ചു. ഭിംബൻ ഉടനെ ബിംബുവിന്റെ അടുത്തുചെന്നു എന്നിട്ടു പറഞ്ഞു.“ഇന്നുമുതൽ നാം നല്ല ചങ്ങാതിമാരാ, നമുക്ക് കഴിഞ്ഞതൊക്കെ മറക്കാം”.ഭിംബന്റെ കണ്ണു നിറയുന്നതു കണ്ടപ്പോൾ ബിംബുവിനും സങ്കടമായി. അവരിരുവരും കെട്ടിപ്പുണരുമ്പോൾ ബിന്നി പറഞ്ഞു;“മിടുക്കന്മാർ! നല്ല കുട്ടികൾ ഇങ്ങനെ വേണം”.തുടരും…….
Generated from archived content: _j_k10.html Author: venu_variyath