ബിഹബു-​‍ാഗം1

പെപ്പരപെപ്പരവേ……! പെപ്പരപെപ്പരവേ……“ പിപ്പീയുടെയും ചെണ്ടയുടെയും ശബ്‌ദം കേട്ടതോടെ ബിംബു ആന മെല്ലെ നടന്നു തുടങ്ങി. ചെവികൾ ചെണ്ടമേളത്തിനൊത്ത്‌ ആട്ടിയാട്ടി ബിംബു കൂടാരത്തിനു പിന്നിൽ നിന്ന്‌ നടന്നു വരുന്നതു കണ്ടപ്പോൾ സർക്കസ്‌ കാണാൻ വന്നവരെല്ലാം ആർത്തു വിളിച്ചു. ”ഹായ്‌, അതാ ബിംബു വരുന്നു! ബിംബു ആന വരുന്നു!“ ബിംബുവിനെ

ക്കുറിച്ചു നേരത്തേ അറിയാവുന്ന ചില കുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. പക്ഷേ, ബിംബുവിന്‌ അതൊക്കെ കേട്ടിട്ടും ഒരു രസവും തോന്നിയില്ല. എത്രയോ നാളായി കേൾക്കുന്ന കൂക്കുവിളിയാണ്‌. എന്നാലും ബിംബു പതിവുപോലെ രണ്ടു കാലിൽ നിന്ന്‌ എല്ലാവരെയും തുമ്പിക്കൈ വീശി കാണിച്ചു. അപ്പോഴേക്കും കൂടുതൽ ഉച്ചത്തിൽ വാദ്യമേളങ്ങൾ മുഴങ്ങാൻ തുടങ്ങി. ബിംബുമേളത്തിനൊപ്പിച്ച്‌ നൃത്തം ചവിട്ടി. തുടർന്ന്‌ മേളത്തിന്റെ ശബ്‌ദം കുറഞ്ഞു കുറഞ്ഞ്‌ ഇല്ലാതായി.നിമിഷങ്ങൾ കഴിഞ്ഞില്ല. അതാ മറ്റൊരു ചെണ്ടയുടെ മുഴക്കം! ഡുംഡുംഡും! ആ ശബ്‌ദം കൂടാരത്തിനപ്പുറത്തുനിന്ന്‌ അടുത്തടുത്തു വരികയാണ്‌. എല്ലാവരും ഒരു നിമിഷം അങ്ങോട്ടു നോക്കി. പെട്ടെന്ന്‌ കാണികൾക്കിടയിൽ നിന്ന്‌ പൊട്ടിച്ചിരി ഉയർന്നു. ഒരു കോമാളിക്കുരങ്ങൻ ചെണ്ടയും കൊട്ടി നടന്നു വരികയാണ്‌. അവന്റെ ഇളകിയാടിയുള്ള വരവു കണ്ടാൽ ചിരിക്കാത്തവർ പോലും ചിരിച്ചു പോകും. അത്ര രസമാണ്‌ കോമാളിക്കുരങ്ങന്റെ നടത്തം കാണാൻ.ഓരോ പ്രാവശ്യം ചെണ്ട മുഴങ്ങുമ്പോഴും കോമാളിക്കുരങ്ങന്റെ കൂർമ്പൻ തൊപ്പി മേലോട്ടു ചാടും! അവന്റെ തൊട്ടുപിന്നാലെ ഒരു മുയലുമുണ്ട്‌. രണ്ടു പേരും നടന്നുനടന്ന്‌ ബിംബുവിന്റെ അടുത്തെത്തി. കോമാളിക്കുരങ്ങൻ വേഗം കൈയ്യുയർത്തി ബിംബുവിനെ സല്യൂട്ടു ചെയ്‌തു. തുടർന്ന്‌ കോമാളിക്കുരങ്ങൻ വീണ്ടും ചെണ്ട മുഴക്കാൻ തുടങ്ങി, ഡുംഡുംഡും.അടുത്ത നിമിഷത്തിൽ കോമാളിക്കുരങ്ങനോടൊപ്പം വന്ന മുയൽ ബിംബുവിന്റെ പുറത്തു ചാടിക്കയറി. അവൻ ഒരു ആനക്കാരനെപ്പോലെ എന്തൊക്കെയോ ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങി. അപ്പോഴെല്ലാം ബിംബു അനങ്ങാതെ നിന്നു. തുടർന്ന്‌ അവൻ ഒറ്റച്ചാട്ടത്തിന്‌ ബിംബുവിന്റെ തുമ്പിക്കൈയിൽ കയറിയിരുന്നു. ഇതിനിടയിൽ കൊട്ടുനിർത്തി കൂടാരത്തിന്റെ ഒരു മൂലയ്‌ക്കു കിടന്ന ഒരു വലിയ സൈക്കിൾ കോമാളിക്കുരങ്ങൻ കൂടാരമധ്യത്തിനു നടുവിൽ തള്ളിക്കൊണ്ടുവന്നു നിർത്തി. അപ്പോഴേക്കും പാട്ടും ബഹളവുമെല്ലാം നിന്നു. മൈക്കിലെ പാട്ടിനു പകരം അനൗൺസ്‌മെന്റ്‌ മുഴങ്ങി.”മാന്യരേ, ബിംബുവിന്റെ അടുത്ത രണ്ടിനത്തോടെ ഞങ്ങളുടെ ഈ നഗരത്തിലെ സർക്കസ്‌ പരിപാടികൾ അവസാനിക്കുകയാണ്‌…“അനൗൺസ്‌മെന്റ്‌ തുടരുന്നതിനിടയിൽ ബിംബു, മുയലിനെ തുമ്പിക്കൈയിൽ നിന്നിറക്കിവിട്ട്‌ മെല്ലെ സൈക്കിൾ ചവിട്ടാൻ തുടങ്ങി. ഒരുവട്ടം സൈക്കിൾ ചവിട്ടിയശേഷം അവൻ താഴെയിറങ്ങി. അടുത്ത ഐറ്റം ഒറ്റക്കാലിൽ നിൽപ്പാണ്‌, അതിനായി ഒരാൾ ഒരു കൂറ്റൻ സ്‌റ്റൂൾ ബിംബുവിന്റെ അരികിൽ കൊണ്ടുവന്നിട്ടു. പക്ഷേ, ബിംബുവിന്‌ വലിയ ക്ഷീണം തോന്നി. ഇന്നിതു നാലാമത്തെ പ്രാവശ്യമാണ്‌. ഇനിയും സ്‌റ്റൂളിൽ ഒറ്റക്കാലിൽ നിന്നാൽ താൻ ഉരുണ്ടു താഴെ വീഴുമെന്ന്‌ അവനുറപ്പായിരുന്നു. വൈകിട്ട്‌ നാല്‌ ഓലമടൽ മാത്രമാണ്‌ തിന്നത്‌. വിശന്ന്‌ വയർ കത്തിക്കാളുകയാണ്‌. ഇനി അഭ്യാസമൊക്കെ കഴിഞ്ഞാൽ വല്ലതും കിട്ടിയെങ്കിലായി. തളർച്ചയും ക്ഷീണവും കാരണം അവൻ അനങ്ങാതെ നിന്നു വയ്യ, ഇനി ഒന്നിനും വയ്യ.പിന്നെ ബിംബു തുമ്പിക്കൈ വീശാനോ കാണികളെ സല്യൂട്ടുചെയ്യാനോ തയ്യാറാകാതെ വെറുതേ നിന്നു. അവന്‌ എന്തോ വല്ലായ്‌മ തോന്നി. അപ്പോഴേക്കും ബിംബുവിന്റെ അടുത്തേക്ക്‌ ഒരു തടിയൻ ഓടി വന്നു. അയാളുടെ കൈയിൽ ചെമ്പുതകിട്‌ ചുറ്റിയ വലിയൊലു വടി ഉണ്ടായിരുന്നു. വടി കണ്ടപ്പോൾ ബിംബു ഒന്നു ഭയന്നു. ബിംബുവിനോടു ചേർന്നു നിന്ന്‌ രൂക്ഷമായി നോക്കി തടിയൻ പറഞ്ഞു.” എന്താടാ, നിനക്കൊരു വല്ലായ്‌മ? ഹും!“ അയാൾ പറഞ്ഞതിന്റെ അർത്ഥം ബിംബുവിനു മനസ്സിലായി. പക്ഷേ, അവൻ അതു കേട്ട ഭാവംപോലും കാണിച്ചില്ല. തടിയൻ കോപത്തോടെ ബിംബുവിനെ നോക്കി. കൈയിലിരുന്ന വടി ചുഴറ്റിക്കാണിച്ചു. അതു കണ്ട്‌ കോമാളിക്കുരങ്ങൻ ഒന്നു ഞെട്ടി. കാരണം അങ്ങനെ വടി ചുഴറ്റിയാൽ അതിനർഥം അടി കിട്ടും എന്നാണ്‌. തടിയൻ സാധാരണയായി അങ്ങനെ വടി ചുഴറ്റാറില്ല. കാരണം, തടിയനെ കണ്ടാൽ മതി, സിംഹം പോലും വാലു മടക്കി പറയുന്നതെല്ലാം അനുസരിക്കും. കൂടാരത്തിലുള്ളവരിൽ ഏറ്റവും ദുഷ്‌ടനാണ്‌ അയാളെന്ന്‌ എല്ലാവർക്കുമറിയാം. ചെറിയൊരു അനുസരണക്കേടു കാണിച്ചാൽ മതി, തടിയൻ അടി തുടങ്ങും. ഇതൊക്കെ അറിഞ്ഞിട്ടും പക്ഷേ, ബിംബു അനങ്ങിയില്ല. കോമാളിക്കുരങ്ങൻ ഭീതിയോടെ ബിംബുവിനെയും തടിയനെയും മാറിമാറി സൂക്ഷിച്ചുനോക്കി.”എന്തിനാണു ബിംബു, നീ ആ തടിയന്റെ തല്ലു കൊള്ളുന്നത്‌? കുറുമ്പു കാണിക്കാതെ അയാൾ പറയുന്നത്‌ അനുസരിച്ചോ.“ കോമാളിക്കുരങ്ങൻ തന്നോട്‌ ഇങ്ങനെ പറയുന്നതു പോലെ ബിംബുവിനു തോന്നി. പക്ഷേ, ബിംബു അനങ്ങിയില്ല. അവൻ സൈക്കിൾ നിർത്തി കാണികളെ നോക്കി വെറുതെ നിന്നു. ‘ടപ്പേ! ടപ്പേ! പെട്ടെന്ന്‌ തടിയന്റെ വടി രണ്ടു വട്ടം ബിംബുവിന്റെ മേൽ വീണു. അയാൾ വടി ചുഴറ്റി ഒരു രാക്ഷസനെപ്പോലെ ബിംബുവിനെ നോക്കി. ” ഹും, നിന്നെ ഞാൻ…. കഴിഞ്ഞ കളി

ക്കുവരെ നിനക്കീ കുറുമ്പില്ലായിരുന്നല്ലോടാ, ഹും!“ ടപ്പേ! ടപ്പേ!’ വീണ്ടും രണ്ടടി കൂടി ബിംബുവിനു കിട്ടി. ആദ്യം അടികൊണ്ടപ്പോൾ ബിംബു ഒന്നു ഞെട്ടി. പക്ഷേ, പിന്നീട്‌ അടി കൊണ്ടിട്ടും ബിംബു അനങ്ങിയില്ല. തല്ലട്ടെ. തല്ലിത്തല്ലി കൈപൊക്കാൻ വയ്യാതാവുമ്പോൾ തനിയെ അടി നിർത്തിക്കോളും. ഇനി സല്യൂട്ടു ചെയ്യാനൊന്നും വയ്യ. ഇന്നു നാലാമത്തെ കളിയാണ്‌. കണ്ണിൽ ചോരയില്ലാത്ത ദുഷ്‌ടന്മാർ – ബിംബു മനസ്സിൽ കരുതി. അപ്പോഴും കോമാളിക്കുരങ്ങൻ ബിബുവിനെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു.തടിയൻ വീണ്ടും വീണ്ടും ബിംബുവിനെ അടിക്കാൻ തുടങ്ങി. അതോടെ കാണികൾ കൂക്കുവിളിക്കാൻ തുടങ്ങി. ബിബുവിന്റെ കണ്ണുകൾ നിറഞ്ഞു. എത്രയോ ആളുകൾ നോക്കിയിരിക്കുമ്പോഴാണ്‌ തന്നെ തല്ലിച്ചതയ്‌ക്കുന്നത്‌. എല്ലാവരും അതു കണ്ടു രസിക്കുകയാണ്‌. ഒരാൾ പോലും തന്നെ തല്ലരുതെന്നു പറയാനില്ല. അതോർത്തപ്പോൾ ബിംബുവിന്റെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു. അവൻ ഒളികണ്ണിട്ട്‌ കോമാളിക്കുരങ്ങനെ നോക്കി. ങേ! അവൻ കരയുകയാണല്ലോ! തന്നെ ചന്നംപിന്നം തല്ലുന്നത്‌ കോമാളിക്കുരങ്ങനെ വല്ലാതെ വേദനിപ്പിച്ചെന്ന്‌ ബിംബുവിനു മനസ്സിലായി.‘ടപ്പേ! ടപ്പേ! വീണ്ടും അടിയുടെ ശബ്‌ദം മുഴങ്ങി. ഒരു നിമിഷം! ബിംബുവിന്റെ മനസ്സിൽ തീ ആളിക്കത്തി. ദുഷ്‌ടൻ! എല്ലാ മൃഗങ്ങളെയും തല്ലിച്ചതയ്‌ക്കുന്ന ഇവനെ ഇനി…. പെട്ടെന്ന്‌ ബിംബു ഒന്നു തിരിഞ്ഞു. പിന്നെ മിന്നൽ വേഗത്തിൽ ബിംബു തുമ്പിക്കൈയിൽ തടിയനെ ചുറ്റിയെടുത്ത്‌ ആർത്തു വിളിക്കുന്ന കാണികളുടെ ഇടയിലേക്ക്‌ ഒരേറുവച്ചുകൊടുത്തു.അതോടെ കൂടാരം ഇളകി മറിഞ്ഞു. കാണികൾ നാലുപാടും എഴുന്നേറ്റോടി. അതുവരെ തന്നെ നോക്കി പൊട്ടിച്ചിരിച്ചിരുന്നവരെല്ലാം പേടിച്ചു വിരണ്ട്‌ തന്നെ നോക്കി കരയുന്നതും ഓടി മറയുന്നതും ബിംബു കണ്ടു.അപ്പോഴേക്കും ബിംബുവിനു ചുറ്റുനിന്നും നാലഞ്ചു തടിയന്മാർ ഓടിവന്നു. ”വേഗം പൂട്ടവനെ. ചിലപ്പോൾ മദമിളകിയതാവും.“ ഒരാൾ വിളിച്ചു പറഞ്ഞു. അവരെയും ചുറ്റിയെടുത്ത്‌ എറഞ്ഞാലോ എന്ന്‌ ബിംബുവിനു തോന്നി. പക്ഷേ, തന്നെ ഒരു തരത്തിലും ദ്രേഹിക്കാത്ത അവരെ ശിക്ഷിക്കുന്നതു ശരിയല്ലല്ലോ! അവന്‌ കോപം ആളിക്കത്തുന്നുണ്ടെങ്കിലും ഒരു പച്ചപ്പാവത്തെപ്പോലെ നിന്നു. ഇതിനിടയിൽ തടിയന്മാരെല്ലാവരും ചേർന്ന്‌ ബിംബുവിന്റെ കാലുകളെല്ലാം കൂച്ചുവിലങ്ങിട്ടു പൂട്ടി. അവർ ബിംബുവിനെ കൂടാരത്തിനകത്തുള്ള ആനപ്പന്തിയിലേക്കു മെല്ലെ നടത്തിക്കൊണ്ടുപോയി…”ഇന്നിവന്റെ കഥ കഴിക്കണം. ഹും! തെമ്മാടി!“ ബിംബു കേൾക്കെ ആരോ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ബിംബുവിനെ തല്ലിയ തടിയനെ മൂന്നു നാലു പേർ ചേർന്ന്‌ താങ്ങിയെടുത്ത്‌ അങ്ങോട്ടു കൊണ്ടുവന്നു. ചോരയിൽ കുളിച്ച അയാളുടെ ഒരു കാൽ ഒടിഞ്ഞു തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അയാൾ ബിംബുവിനെ നോക്കി പല്ലിറുമ്മി. പക്ഷേ, ബിംബു അപ്പോഴും ശാന്തനായി നിന്നതേയുള്ളു.


Generated from archived content: _j<_k1.html Author: venu_variyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English