കൽക്കരിയുണ്ടകൾ

ഒന്ന്‌

ജപ്പാനിലെ വടക്കൻ ക്യൂയ്‌ഷൂ സംസ്ഥാനത്തിലെ ഇന്നറിയപ്പെടുന്ന ഓയ്‌ത്താ താലൂക്കിന്റെ പുരാതനമായ പേര്‌ ഹിഗോ എന്നായിരുന്നു. അവിടത്തെ മലഞ്ചെരിവിലാണ്‌ ചെറുപ്പക്കാരനായ കൊഗോരോ താമസിച്ചിരുന്നത്‌.

കുടിലിൽ ഇരുന്ന്‌ കൽക്കരിപ്പൊടി നനച്ച്‌ കുഴച്ചുരുട്ടി ഉണക്കി വിൽക്കുകയായിരുന്നു കൊഗോരോവിന്റെ തൊഴിൽ. കരിയുണ്ടകൾ വാങ്ങാനെത്തുന്ന നാട്ടുകാരെ അയാൾ ഒരിയ്‌ക്കൽപോലും കബളിപ്പിച്ചിട്ടില്ല. എണ്ണത്തിലായാലും, തൂക്കത്തിലായാലും. മാത്രമല്ല, രണ്ടോ മൂന്നോ കരിയുണ്ടകൾ പതിവുകാർക്കൊക്കെ സൗജന്യമായി കൊടുക്കുന്നതിൽ അയാൾ ഒട്ടുംതന്നെ വൈമനസ്യം പ്രകടിപ്പിച്ചിരുന്നുമില്ല.

രാവും, പകലും കൊഗോരോവിന്റെ കുടിലിന്നകത്ത്‌ കൽക്കരിയുണ്ടകളുടെ ഒരു കൂമ്പാരംതന്നെ ഉയർന്നുനിൽക്കുന്നുണ്ടായിരിക്കും. കരിയില്ലെന്ന്‌ ഒഴിവുകഴിവ്‌ പറഞ്ഞ്‌ നിരാശരാക്കി ആരേയും വെറുംകൈയ്യോടെ കൊഗോരോ തിരിച്ചയയ്‌ക്കാറില്ല. അയാൾ കരി കൊടുത്തില്ലെങ്കിൽപ്പിന്നെ അവരുടെ അടുപ്പ്‌ എരിയുകയില്ലായെന്ന്‌ അയാൾക്ക്‌ നന്നായി അറിയാമായിരുന്നു.

കാരണമെന്തെന്നറിഞ്ഞില്ലാ, അന്നത്തെ കരിവിൽപന ഏറെ മോശമായിരുന്നു. പതിവുകാർ എത്തിയില്ലെന്ന്‌ മാത്രമല്ല, വന്നവർത്തന്നെ പാതി കരിപോലും വാങ്ങാൻ ഒരുക്കമില്ലായിരുന്നു. കൊഗോരോവിന്‌ അത്ഭുതമടക്കാനായില്ല. അന്നുവരേയ്‌ക്കും തനിയ്‌ക്ക്‌ അപ്രകാരമൊരു അനുഭവമുണ്ടായിട്ടില്ല.

പിറ്റന്നാളും, തലേന്നാളത്തെ അനുഭവംതന്നെ ആവർത്തിയ്‌ക്കുകയാണുണ്ടായത്‌. കൊഗോരോവിന്റെ കുടിലിന്നകത്ത്‌ പതിവുളളതിനേക്കാൾ ഇരിട്ടി വലിപ്പത്തിലുളെളാരു കൂറ്റൻ കരിക്കൂമ്പാരമുയർന്നു.

അന്ന്‌ രാത്രിയിൽ കിടക്കാൻ നേരത്ത്‌ കൊഗോരോ ഒരു തീരുമാനമെടുത്തു. തീരെ പ്രതീക്ഷിക്കാതെ കച്ചവടത്തിൽ ഇടിവ്‌ സംഭവിച്ചതുകൊണ്ട്‌ അടുത്ത ദിവസം കരിപ്പൊടി നനച്ച്‌ ഉരുളകളാക്കുന്നില്ല. ആ കൂറ്റൻ കരിക്കൂമ്പാരത്തിന്റെ പകുതിയെങ്കിലും വിറ്റഴിഞ്ഞില്ലെങ്കിൽപ്പിന്നെ, കൂടുതൽ കരിയുണ്ടകൾ നിർമ്മിച്ച്‌ കുടിലിന്നകത്ത്‌ കൂട്ടിയിട്ടിട്ട്‌ എന്താണ്‌ പ്രയോജനം?

അങ്ങിനെ, വെറും രണ്ട്‌ നാൾക്കുളളിൽ തന്റെ കച്ചവടത്തിലേർപ്പെട്ട വീഴ്‌ചയെക്കുറിച്ചുമാത്രം ചിന്തിച്ച്‌ കൊഗോരോ മനഃക്ലേശത്തോടെ പതുക്കെപ്പതുക്കെ ഉറക്കത്തിലേയ്‌ക്ക്‌ താണുപോവാൻ തുടങ്ങി.

പാതിയുറക്കത്തിൽ കൊഗോരോവിന്‌ തോന്നി… കുടിലിന്റെ വൈക്കോൾ വാതിൽ തളളിനീക്കി ആരോ അകത്തേയ്‌ക്ക്‌ കടന്നുവന്നിരിക്കുന്നു. കുടിലിന്നകത്ത്‌ കരിയുണ്ടകളുടെ വൻകൂമ്പാരമുണ്ടെന്ന്‌ അറിഞ്ഞ്‌ ആരെങ്കിലും മോഷ്‌ടിക്കാനായി വന്നിരിക്കുകയാണോ? അല്ലാ.. മനസ്സിൽ ചോദ്യം ഉയരുന്നതിനുമുമ്പെത്തന്നെ അയാൾക്ക്‌ ഉത്തരവും കിട്ടിക്കഴിഞ്ഞിരുന്നു. അകത്തേയ്‌ക്ക്‌ പ്രവേശിച്ചിരിക്കുന്നത്‌ ഒരു മോഷ്‌ടാവല്ല. കാരണം, രാത്രിയിൽ അയാളുടെ കുടിൽ തേടിവന്ന അതിഥിയെ പിന്നത്തെ നോട്ടത്തിൽത്തന്നെ കൊഗോരോ തിരിച്ചറിഞ്ഞു. തങ്കവസ്‌ത്രം ധരിച്ച ഒരു മാലാഖ…

കരിക്കൂമ്പാരത്തിന്നരികിൽ വന്നുനിന്ന്‌ മാലാഖ കൊഗോരോവിനെ നോക്കി ഒരു കുസൃതിച്ചിരി ചിരിച്ചു. എന്നിട്ട്‌ നിസ്സാരമട്ടിൽ അയാളോട്‌ ചോദിച്ചു.

“രണ്ട്‌ ദിവസങ്ങളായി നിന്റെ കൽക്കരിയുണ്ടകൾ വിറ്റഴിയുന്നില്ല, അല്ലേ കൊഗോരോ? നിന്റെ സങ്കടം എനിയ്‌ക്ക്‌ മനസ്സിലാക്കാം.. എങ്കിലും, ഈ കരിയുണ്ടകൾ മുഴുവനും എനിയ്‌ക്ക്‌ തരുമോ നീ?”

“ഓ.. തീർച്ചയായും തരാം…” – കൊഗോരോവും നിസ്സാരമട്ടിൽത്തന്നെയാണ്‌ പറഞ്ഞത്‌. “… പക്ഷേ, തക്കതായ വില തരുമല്ലോ, അല്ലേ?.. എങ്കിലും, ഈ കൽക്കരിയുണ്ടകൾക്കൊണ്ട്‌ മാലാഖമാർക്ക്‌ എന്താണ്‌ പ്രയോജനം? നിങ്ങളൊക്കെയും സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെ പാർക്കുന്നവരല്ലേ?”

“അതേ.. എന്നാലും ഈ കൽക്കരിയുണ്ടകളെക്കൊണ്ട്‌ എനിയ്‌ക്ക്‌ ചില അത്യാവശ്യങ്ങളുണ്ട്‌. പക്ഷേ നിനക്ക്‌ വില തരാനായി എന്റെ കൈവശം പണം ഒന്നുംതന്നെയില്ല, കൊഗോരോ.. അതുകൊണ്ട്‌ ഈ കരിയുണ്ടകൾ മുഴുവനും തന്നെ നീയെനിയ്‌ക്ക്‌ സൗജന്യമായിട്ട്‌ തരണം…”

മാലാഖയിൽനിന്ന്‌ അപ്രകാരമൊരു അഭ്യർത്ഥന കൊഗോരോ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. ചില നിമിഷങ്ങൾ നിശ്ശബ്‌ദനായിരുന്ന്‌ കൊഗോരോ തന്നത്താനെന്നോണം പറഞ്ഞുഃ

“ശരീ… അങ്ങിനെയെങ്കിൽ, അങ്ങിനെ… മാലാഖയ്‌ക്ക്‌ സൗജന്യമായി കരിയുണ്ടകൾ തരാൻ എനിയ്‌ക്ക്‌ അതിയായ സന്തോഷമേയുളളൂ. പക്ഷേ…”

“എന്താണ്‌ പൊടുന്നനെ നിറുത്തിക്കളഞ്ഞത്‌?” – മാലാഖയുടെ സ്വരത്തിൽ വല്ലായ്‌മ കലർന്നിരുന്നു.

“….. അതായത്‌, കരിയുണ്ടകൾ മുഴുവനുംതന്നെ ഈ രാത്രിയിൽ മാലാഖയെ ഏൽപ്പിച്ചാൽ പിന്നെ, പെട്ടെന്ന്‌ ആവശ്യക്കാർ കരി വാങ്ങാൻ വന്നാൽ ഞാനെന്ത്‌ ചെയ്യും? ഇന്നുവരേയ്‌ക്കും ആരുംതന്നെ എന്റെ കുടിലിൽനിന്ന്‌ വെറുംകൈയ്യോടെ തിരികേ പോയിട്ടില്ല…” -കൊഗോരോ നിസ്സഹായനായി പറഞ്ഞു.

അപ്പോൾ അൽപനേരം എന്തോ ചിന്തിച്ചുകൊണ്ട്‌ നിന്നതിന്നുശേഷം, മാലാഖ പറഞ്ഞു.

“നീയിപ്പോൾ പറഞ്ഞത്‌ വളരെയേറെ ശരിയാണ്‌, കൊഗോരോ. കരി മുഴുവനും ഞാനിപ്പോൾത്തന്നെ എടുത്തുകൊണ്ടുപോയിട്ട്‌ നിന്റെ പതിവുകാർക്ക്‌ അസൗകര്യമേർപ്പെടരുത്‌.. എന്നാലൊരു കാര്യം ചെയ്യാം. പകുതി കരിയുണ്ടകൾ നീയെനിയ്‌ക്ക്‌ ഇപ്പോൾത്തന്നെ തരിക. ബാക്കി പകുതി ഞാൻ നാളെയെടുത്തോളാം….”

“വളരെ സന്തോഷം.” – കൊഗോരോയും ആശ്വാസത്തോടെ പറഞ്ഞു. എന്നിട്ട്‌ മാലാഖയെത്തന്നെ നോക്കിക്കൊണ്ട്‌ കിടന്നു…

രണ്ട്‌

ഉടനെത്തന്നെ തങ്കവസ്‌ത്രത്തിന്നകത്തുനിന്ന്‌ മാലാഖ കടുംചുവപ്പുനിറമുളെളാരു പട്ടുസഞ്ചി പുറത്തെടുത്തു. കരിയുണ്ടകൾ പൊതിഞ്ഞുകെട്ടി കൊണ്ടുപോകാനുളള സകല ഒരുക്കത്തോടെത്തന്നെയാണ്‌ മാലാഖയെത്തിയിരിക്കുന്നത്‌. കൊഗോരോ കരുതി.. സഞ്ചിയുടെ നാടയഴിച്ച്‌ മാലാഖ കൂമ്പാരത്തിലെ കരിയുണ്ടകളിൽനിന്ന്‌ ഏറേ ശ്രദ്ധയോടെ നേർപ്പകുതി പെറുക്കിയെടുത്ത്‌ പട്ടുസഞ്ചിയിൽ നിറച്ചു. പിന്നെ സഞ്ചിയുടെ വായ്‌ക്കെട്ടി കൊഗോരോവിന്‌ ഒരു പുഞ്ചിരി സമ്മാനിച്ച്‌ ഒരക്ഷരം മിണ്ടാതെ മാലാഖ കുടിലിൽനിന്നിറങ്ങിപ്പോയി.

ഞെട്ടിയുണർന്നെഴുന്നേറ്റ്‌ നോക്കിയപ്പോൾ കൊഗോരോ അതിശയിച്ചിരുന്നുപോയി. കാരണം, കരിയുണ്ടകളുടെ കൂമ്പാരം പാതിവെട്ടി മാറ്റിയതുപോലെ നിലകൊളളുന്നു. അതേ… താനത്രനേരവും കണ്ടതൊരു സ്വപ്‌നമല്ലായിരുന്നു.

പിറ്റേന്ന്‌ പതിവുപോലെ എഴുന്നേറ്റ്‌ കൊഗോരോ കൽക്കരിപ്പൊടി നനച്ചുരുട്ടി ഉണക്കി കുടിലിന്നകത്തെ പാതി കൂമ്പാരത്തോട്‌ ചേർത്ത്‌ കൂട്ടിയിട്ടു. അന്നും കരിവിൽപന തീരെ മോശമായിരുന്നു.

പിന്നീട്‌ രാത്രിയിൽ ഒട്ടുമുറങ്ങാതെ കൊഗോരോ കരിക്കൂമ്പാരത്തിന്‌ കാവലിരുന്നു. പക്ഷേ, അർദ്ധരാത്രിയായപ്പോൾ അയാൾ സ്വയമറിയാതേത്തന്നെ മയങ്ങിപ്പോയി.

അപ്പോൾ കുടിലിന്റെ വൈക്കോൽവാതിൽ പതുക്കെയെടുത്തുനീക്കി മാലാഖ അകത്തേയ്‌ക്ക്‌ കടന്നുവരുന്നത്‌ കൊഗോരോ കണ്ടു. കുസൃതി പുരണ്ട ഒരു പുഞ്ചിരിയോടെ മാലാഖ കൊഗോരോവിനോട്‌ പറഞ്ഞു.

“ഞാൻ വീണ്ടുമിതാ വന്നിരിക്കുന്നു, കൊഗോരോ… നീയെനിയ്‌ക്ക്‌ തന്ന വാക്കനുസരിച്ച്‌ ഈ കൂമ്പാരത്തിൽനിന്ന്‌ പകുതി കരിയുണ്ടകൾ ഒരിയ്‌ക്കൽകൂടി ഞാനെടുത്തുകൊണ്ടുപോകുന്നു…”

“വളരെ സന്തോഷം…” കൊഗോരോ പറഞ്ഞു.

കടുംചുവപ്പുനിറമുളള മറ്റൊരു പട്ടുസഞ്ചിയിൽ മാലാഖ കരിക്കൂമ്പാരത്തിന്റെ നേർപ്പകുതി പെറുക്കിയെടുത്ത്‌ നിറച്ച്‌ കുടിലിൽനിന്ന്‌ ഇറങ്ങിപ്പോയി.

കണ്ണുകൾ തുറന്നുനോക്കിയപ്പോൾ കൊഗോരോ കണ്ടത്‌ പകുതി നഷ്‌ടപ്പെട്ട കൽക്കരിക്കൂമ്പാരമായിരുന്നു.

അടുത്ത രാത്രിയിലും ഉറക്കമിളച്ച്‌ കൊഗോരോ കരിയുണ്ടകൾക്ക്‌ കാവലിരുന്നു. എങ്കിലും അർദ്ധരാത്രിയായിട്ടും മാലാഖ വന്നില്ല. പക്ഷേ, നേരം പുലരാറായപ്പോഴേയ്‌ക്കും എത്രതന്നെ നിയന്ത്രിച്ചിട്ടും അയാൾക്ക്‌ അൽപസമയം മയങ്ങാതിരിക്കാൻ കഴിഞ്ഞില്ല.

കൊഗോരോവിന്റെ കണ്ണുകൾ അടയേണ്ട താമസം, മാലാഖ അയാളുടെ മുമ്പിൽ പ്രതൃക്ഷപ്പെട്ടു. എന്നിട്ട്‌ പതിഞ്ഞ ശബ്‌ദത്തിൽ ചിരിച്ചുകൊണ്ട്‌ പറഞ്ഞുഃ

“എന്നെ കൈയ്യോടെ പിടിയ്‌ക്കാനായി നീ ഉറക്കമൊഴിച്ച്‌ ഇത്രനേരവും കാത്തിരിയ്‌ക്കുകയായിരുന്നുവല്ലേ, കൊഗോരോ? പക്ഷേ, ഇന്ന്‌ ഞാൻ വന്നിരിക്കുന്നത്‌ നിന്റെ കരിയുണ്ടകൾ കൈവശപ്പെടുത്തി സഞ്ചിയിൽ നിറച്ചുകൊണ്ടു പോവാനല്ല. ഒരു പ്രത്യേക കാര്യം അറിയിക്കാനാണ്‌. നേരം പുലർന്നാൽ നീ വെളളം ചേർത്ത്‌ കൽക്കരിപ്പൊടി കുഴയ്‌ക്കുമ്പോൾ, ഇനിയും പലേ അത്ഭുതങ്ങളും സംഭവിക്കും…”

ചില നിമിഷങ്ങൾക്കുശേഷം മാലാഖയെ കാണാതായി.

പൊടുന്നനെ മയക്കത്തിൽനിന്നുണർന്നപ്പോൾ, കൊഗോരോ കണ്ടു… കരിയുണ്ടകളുടെ കൂമ്പാരത്തിന്‌ യാതൊരു മാറ്റവുമില്ല.

ഇനിയുമെന്തെല്ലാം മഹാത്ഭുതങ്ങളാണ്‌ സംഭവിക്കാൻ പോവുന്നത്‌? കൊഗോരോവിന്റെ മനസ്സിന്നകത്ത്‌ ആകാംക്ഷയും, അസ്വസ്ഥതയും പെരുകാൻ തുടങ്ങി.

നേരം പുലർന്നപ്പോൾ, പതിവുപോലെ മിറ്റത്തിരുന്ന്‌ കൊഗോരോ കൽക്കരിപ്പൊടി നനച്ച്‌ കുഴയ്‌ക്കുകയായിരുന്നു. അപ്പോഴാണ്‌ മാലാഖയുടെ പ്രവചനമനുസരിച്ച്‌ അത്ഭുതങ്ങളിലൊരെണ്ണം സംഭവിച്ചത്‌.

ചെമ്മൺനിരത്തിന്റെ വക്കത്ത്‌ നാലുപേർ ചുമക്കുന്ന, പൂമാലകളെക്കൊണ്ട്‌ അലങ്കരിച്ച ഒരു പല്ലക്ക്‌ വന്നുനിൽക്കുന്നത്‌ കൊഗോരോ കണ്ടു. പല്ലക്ക്‌ നിലത്തിറക്കിയപ്പോൾ, അതിന്നകത്തുനിന്ന്‌ നാടുവാഴിയുടെ അതിസുന്ദരിയായ മകളിറങ്ങി അയാളുടെ നേരേ നടന്നടുക്കുന്നു.

കരി പുരണ്ട കൈകൾ ഉടുതുണിയിൽത്തന്നെ അമർത്തിത്തുടച്ച്‌ കൊഗോരോ പൊടുന്നനെ എഴുന്നേറ്റുനിന്നു. എന്നിട്ട്‌ പരിഭ്രമത്തോടെ നാലടി നടന്ന്‌ രാജകുമാരിയുടെ മുമ്പിൽ മുട്ട്‌ കുത്തിനിന്നു.

“എന്താണാവോ ഈ ദരിദ്രന്റെ കുടിലിൽ?…” കൊഗോരോ അതിവിനയത്തോടെ ചോദിച്ചു. “.. അതും അതിരാവിലെത്തന്നെ…”

“നിങ്ങൾത്തന്നെയല്ലേ, കൊഗോരോ?” രാജകുമാരിയുടെ മറുപടിയൊരു ചോദ്യമായിരുന്നു.

“അതേ…” കൂടുതൽ പരിഭ്രാന്തനായി കൊഗോരോ പറഞ്ഞു.

അപ്പോൾ രാജകുമാരി അയാളെ ചില നിമിഷങ്ങൾ നോക്കിക്കൊണ്ട്‌ നിന്നു. എന്നിട്ട്‌ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“പരിഭ്രമിക്കേണ്ട.. ഇന്നലെ രാത്രി തങ്കവസ്‌ത്രം ധരിച്ച ഒരു മാലാഖ എനിയ്‌ക്ക്‌ സ്വപ്‌നത്തിൽ ദർശനം തന്നിരുന്നു… മാലാഖ എന്നോട്‌ എന്താണ്‌ പറഞ്ഞതെന്നറിയാമോ?”

“മാലാഖ പറഞ്ഞതെന്താണാവോ?” അത്ഭുതം കലർന്ന സ്വരത്തിൽ കൊഗോരോ ചോദിച്ചു.

കൽക്കരിപ്പൊടി നനച്ചുരുട്ടി ഉണക്കി കച്ചവടം ചെയ്യുന്ന കൊഗോരോവിന്റെ വീട്ടിൽ പിറ്റന്നാൾ പുലർച്ചയ്‌ക്കുതന്നെ പോകണം. പിന്നീട്‌ കൊഗോരോവിന്റെ ഭാര്യയാകണം. മാലാഖയുടെ വാക്കുകൾ അനുസരിയ്‌ക്കാനാണ്‌ ഞാനിപ്പോൾ വന്നിരിക്കുന്നത്‌…“

സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല കൊഗോരോവിന്‌. എങ്കിലും അയാൾ പറഞ്ഞുഃ

”ക്ഷമിക്കണം. രണ്ടുനേരവും വയർ നിറയേ ആഹാരം കഴിയ്‌ക്കാൻപോലും വകയില്ലാത്തവനാണ്‌ ഞാൻ. ഇപ്പോൾ രാജകുമാരിക്കായി ആഹാരം പാകം ചെയ്യാൻ ഒരു മണി അരിപോലും ഇവിടെയില്ല.“

”അതുകൊണ്ട്‌ തീരേ വേവലാതിപ്പെടാനില്ല. ഇനിമുതൽ ആഹാരം ഞാൻതന്നെ പാകം ചെയ്‌തോളാം…ഇതാ, ഈ രണ്ട്‌ നാണയങ്ങളും കൊണ്ടുപോയി അരിയും, മറ്റ്‌ സാധനങ്ങളുമൊക്കെ വാങ്ങിക്കൊണ്ടുവരൂ. ഞാനിവിടെത്തന്നെ കാത്തുനിൽക്കാം.“ രാജകുമാരി രണ്ട്‌ സ്വർണ്ണനാണയങ്ങൾ കൊഗോരോവിനെ ഏൽപ്പിച്ചു.

മൂന്ന്‌

രാജകുമാരിയുടെ തീരേ ലളിതമായ പെരുമാറ്റം കണ്ടപ്പോൾ കൊഗോരോവിന്‌ തോന്നി…. വില തരാതെ തന്റെ കരിയുണ്ടകൾ കൈവശമാക്കി ചുവന്ന പട്ടുസഞ്ചികളിൽ നിറച്ചെടുത്തുകൊണ്ടുപോയെങ്കിലും, മാലാഖ കനിഞ്ഞ്‌ അയാളെ പൂർണ്ണമായും അനുഗ്രഹിച്ചിരിക്കുന്നു. കാരണം, മാലാഖയുടെ നിർദ്ദേശപ്രകാരം കൊഗോരോയെന്ന കൽക്കരിക്കച്ചവടക്കാരനെ തേടിയെത്തിയിരിക്കുന്നത്‌ അന്നാട്ടിലെ രാജകുമാരിയാണ്‌.

പിന്നീട്‌ നിരത്തിലേയ്‌ക്കിറങ്ങി ചന്തയിലേയ്‌ക്ക്‌ നടക്കുമ്പോൾ, കൊഗോരോ തീരുമാനിച്ചു.. തിരികെ വരുമ്പോൾ തക്കതായ ഒരു സമ്മാനം കൊണ്ടുവന്ന്‌ കൊടുത്ത്‌ രാജകുമാരിയെ അത്ഭുതപ്പെടുത്തണം.

നടക്കുന്നതിനിടയിൽ പാതവക്കത്തെ തടാകത്തിലേയ്‌ക്ക്‌ ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പത്തിരുന്ന്‌ കൊക്കുകൾ ഉരുമ്മുന്ന രണ്ട്‌ പച്ചതത്തകളെ കൊഗോരോ കാണാനിടയായി. രാജകുമാരിയ്‌ക്ക്‌ സമ്മാനമായി സമർപ്പിയ്‌ക്കാൻ ഏറ്റവും ഉത്തമം ആ തത്തകൾത്തന്നെ. കൊഗോരോ മനസ്സിൽ കരുതി.

പക്ഷേ, മരക്കൊമ്പത്തിരിയ്‌ക്കുന്ന ആ പച്ചതത്തകളുടെ ജോഡിയെ എങ്ങിനെയാണ്‌ കൈവശമാക്കുക?

തത്തകളെ എറിഞ്ഞുവീഴ്‌ത്തണം. കൊഗോരോ മനസ്സിലുറപ്പിച്ചു. ഏറ്‌ കാലിൽ മാത്രമേ ഏൽക്കാൻ പാടുളളൂ. വെളളത്തിൽ വീണ തത്തകളെ നീന്തിച്ചെന്ന്‌ കൈക്കലാക്കണം. തത്തകളെ പിടിക്കാൻ കൊഗോരോ കണ്ടെത്തിയ ഏറ്റവും എളുപ്പമായ മാർഗ്ഗമായിരുന്നു അത്‌!

പക്ഷേ, എന്തുകൊണ്ടെറിഞ്ഞിട്ടാണ്‌ തത്തകളെ വീഴ്‌ത്തുക? കല്ലുകൊണ്ടെറിഞ്ഞുകൂടാ. വല്ല മർമ്മത്തും കല്ലേറ്‌ തട്ടിയാൽപ്പിന്നെ തത്തകൾക്ക്‌ ഏറേ പരുക്കേറ്റാലോ? അല്ലെങ്കിൽ ഏറുകൊണ്ട പക്ഷി നിലത്തുവീണ്‌ പിടഞ്ഞ്‌ ചത്തുപോയാലോ?

ഒടുവിൽ, കൊഗോരോ ഒരു പോംവഴി കണ്ടെത്തി. കൈവശമുളള സ്വർണ്ണനാണയങ്ങളെക്കൊണ്ട്‌ തീരേ ലഘുവായ തോതിൽ കാലിലെറിഞ്ഞ്‌ വീഴ്‌ത്തി തത്തകളെ പിടിക്കാം. നാണയം തത്തയുടെ വിരലുകൾക്കിടയിൽ കുരുങ്ങും. പറക്കാൻ പൊങ്ങുന്ന തത്ത പൊടുന്നനെ തടാകത്തിൽ വീഴും. മിച്ചമുളള നാണയംകൊണ്ടെറിഞ്ഞ്‌ രണ്ടാമത്തെ തത്തയേയും വെളളത്തിൽ വീഴ്‌ത്താം. പിന്നീട്‌ നീന്തിച്ചെന്ന്‌ തത്തകളെ പിടിയ്‌ക്കുമ്പോൾ സ്വർണ്ണനാണയങ്ങളും തത്തകളുടെ വിരലുകൾക്കിടയിൽനിന്ന്‌ വീണ്ടെടുക്കാം.

പിന്നെ, അങ്ങാടിയിൽനിന്നൊരു തത്തക്കൂടും വാങ്ങണം. എന്നിട്ട്‌ തത്തകളെ ആ കൂട്ടിലിട്ട്‌ രാജകുമാരിയ്‌ക്ക്‌ സമ്മാനിക്കണം.

പിന്നീട്‌ മറ്റൊന്നുംതന്നെ ചിന്തിക്കാൻ മുതിർന്നില്ല കൊഗോരോ. കൈവശമുളള സ്വർണ്ണനാണയങ്ങളിലൊന്ന്‌ ഒരു തത്തയുടെ നേരേ ഉന്നംവെച്ച്‌ അയാൾ മെല്ലെയെറിഞ്ഞു. സ്വർണ്ണത്തുട്ട്‌ തത്തയ്‌ക്ക്‌ തട്ടിയില്ലെന്ന്‌ മാത്രമല്ല, ആ നാണയം വെളളത്തിൽ വീണ്‌ തടാകത്തിന്റെ ആഴത്തിലേയ്‌ക്ക്‌ താഴുകയും ചെയ്‌തു.

ഒട്ടുംതന്നെ നിരാശനാവാതെ കൊഗോരോ വീണ്ടും ഉന്നംവെച്ച്‌ രണ്ടാമത്തെ സ്വർണ്ണനാണയവും തത്തയുടെ നേരേയെറിഞ്ഞു. പക്ഷേ, ആ നാണയവും ലക്ഷ്യം പിഴച്ച്‌ വെളളത്തിൽ വീണുപോയി. അപ്പോൾ, വിരണ്ട പച്ചതത്തകൾ രണ്ടും ഉടനെത്തന്നെ മരക്കൊമ്പത്തുനിന്ന്‌ പറന്നുപോവുകയും ചെയ്‌തു.

വെറുംകയ്യോടെ, ചുണ്ടുകളിൽ ഒരിളിഭ്യച്ചിരിയോടെ കുടിലിൽ തിരിച്ചെത്തിയ കൊഗോരോവിനെ നോക്കി അരിശം മൂത്ത രാജകുമാരി ചോദിച്ചു.

”എവിടേ, അരിയും മറ്റും?“

രാജകുമാരിയ്‌ക്ക്‌ സമ്മാനിക്കാനായി പച്ചതത്തകളെ പിടിക്കാൻ നാണയങ്ങളെറിഞ്ഞ്‌ വെളളത്തിൽ നഷ്‌ടപ്പെട്ടതും, പിന്നിട്‌ പക്ഷികൾ രണ്ടും പറന്നുപോയതും കൊഗോരോ ഒരു വീരസാഹസികനെപ്പോലെ വിവരിച്ചു. എന്നിട്ട്‌ ഒരു വിഡ്‌ഢിയെപ്പോലെ പൊട്ടിച്ചിരിച്ചു.

അപ്പോൾ രാജകുമാരിയുടെ കണ്ണുകൾ കലങ്ങുന്നതും, മുഖം ചുവക്കുന്നതും കൊഗോരോ കണ്ടു.

രാജകുമാരി വീണ്ടും പരുഷസ്വരത്തിൽ പറഞ്ഞുഃ

”ഞാൻ തന്നത്‌ വെറും സാധാരണ നാണയങ്ങളാണെന്ന്‌ കരുതിയോ നിങ്ങൾ, തത്തകളുടെ നേർക്ക്‌ വലിച്ചെറിയാൻ? രണ്ടും അസ്സൽ സ്വർണ്ണനാണയങ്ങളായിരുന്നു… നിങ്ങൾ വെളളത്തിലേയ്‌ക്ക്‌ എറിഞ്ഞുകളഞ്ഞ ആ സ്വർണ്ണനാണയങ്ങൾക്ക്‌ വില മതിയ്‌ക്കാനാവില്ല. ഞാനിനിയിവിടെ നിൽക്കുന്നില്ല. കൊട്ടാരത്തിലേക്കുതന്നെ തിരികെ പോവുകയാണ്‌. വെളളത്തിൽ വീണുപോയ ആ സ്വർണ്ണനാണയങ്ങൾ നിങ്ങൾതന്നെ മുങ്ങിത്തപ്പിയെടുക്കണം. നാളെ പുലർച്ചയ്‌ക്ക്‌ വീണ്ടും ഞാൻ വരും. അപ്പോൾ ആ നാണയങ്ങൾ എനിയ്‌ക്ക്‌ നിങ്ങളുടെ ഉളളംകൈയ്യിൽ കാണണം…“

ഒന്നുംതന്നെ പറയാനാവാതെ കൊഗോരോ അമ്പരപ്പോടെ നോക്കിക്കൊണ്ട്‌ നിന്നപ്പോൾ, രാജകുമാരി പല്ലക്കിലേറി കൊട്ടാരത്തിലേയ്‌ക്ക്‌ തിരികെപ്പോയി.

രാജകുമാരി പിണങ്ങിപ്പിരിയാനുളള കാരണം അപ്പോഴും കൊഗോരോവിന്‌ വ്യക്തമല്ലായിരുന്നു. നാണയംകൊണ്ടുളള തന്റെ നനുത്ത ഏറ്‌ കാലിലേറ്റ്‌ തത്തകൾ രണ്ടും വെളളത്തിൽ വീണിരുന്നുവെങ്കിൽ.. തത്തകളുടെ കാൽവിരലുകളിൽ കുരുങ്ങിയ സ്വർണ്ണനാണയങ്ങൾ താൻ വീണ്ടെടുത്തിരുന്നുവെങ്കിൽ. എങ്കിൽ, കൂട്ടിലിട്ട ആ തത്തകളെ രാജകുമാരി ഇരുകൈകളും നീട്ടി സ്വന്തമാക്കുമായിരുന്നു.. തനിയ്‌ക്ക്‌ പിഴവ്‌ പറ്റിയത്‌ എവിടേയാണ്‌?

പിന്നീടൊരു നിമിഷംപോലും താമസിച്ചില്ല. പരിഭ്രാന്തനായ കൊഗോരോ തടാകത്തിന്റെ വക്കത്തേയ്‌ക്കോടി. വെളളത്തിന്നടിയിൽനിന്ന്‌ നാണയങ്ങൾ വീണ്ടെടുക്കണമെന്ന ഒരേയൊരു ചിന്തയേ അയാൾക്കുണ്ടായിരുന്നുളളു.

തടാകത്തിന്റെ വക്കത്തെത്തിയതും, കൊഗോരോ ഇളംനീലനിറമുളള വെളളത്തിലേയ്‌ക്കെടുത്തുചാടി. പിന്നെ, നേരേ തടാകത്തിന്റെ അടിത്തട്ടിലേയ്‌ക്ക്‌ ഊളിയിട്ടു…

നാല്‌

നിലകിട്ടാത്ത വെളളത്തിൽ ശ്വാസം മുട്ടാൻ തുടങ്ങിയപ്പോൾ, കൊഗോരോ ജലപ്പരപ്പിലേയ്‌ക്ക്‌ പൊങ്ങിവന്ന്‌ വീണ്ടും മുങ്ങി. പക്ഷേ, ആഴത്തിന്റെ ആധിക്യം കാരണം, പലവട്ടം മുങ്ങിയിട്ടും അയാൾക്ക്‌ സ്വർണ്ണനാണയങ്ങൾ തപ്പിയെടുക്കാൻ കഴിഞ്ഞില്ല.

ഒടുവിൽ കൊഗോരോ വീട്ടിലേയ്‌ക്ക്‌ തിരിച്ചു.. വെറുംകൈയ്യോടെ, നിരാശനായി.

നനഞ്ഞുവിറച്ച കൊഗോരോ തളർച്ചയോടെ കുടിലിന്നകത്തേയ്‌ക്ക്‌ കടന്ന്‌ ഇരിയ്‌ക്കക്കുത്തനെ വീഴുകയായിരുന്നു. പിന്നെ അയാൾ തളർച്ചയോടെ തറയിലേയ്‌ക്ക്‌ ചാഞ്ഞു. തോൽവിയും, നിരാശയും താങ്ങാനാവാതെ അതേ കിടപ്പിൽത്തന്നെ അയാൾ സ്വയമറിയാതെ നീണ്ട ഉറക്കത്തിലാണ്ടുപോയി.

കൽക്കരിയുണ്ടകൾ വാങ്ങാനായി വന്നവരെല്ലാംതന്നെ അന്നാദ്യമായി വെറുംകൈയ്യോടെ അവരവരുടെ വീടുകളിലേയ്‌ക്ക്‌ തിരികെപ്പോയി.

പക്ഷേ, രാത്രിയേറെച്ചെന്നിട്ടും, കൊഗോരോ ഉണർന്നെഴുന്നേറ്റില്ല. അയാളുടെ കുടിലിന്നകത്ത്‌ ആരും വിളക്ക്‌ കത്തിച്ചില്ല. വിളക്ക്‌ കൊളുത്തേണ്ടവൾ പുലർച്ചയ്‌ക്കുതന്നെ പിണങ്ങിപോയതല്ലേ?

അപ്പോൾ ഉറക്കത്തിൽ കൊഗോരോവിന്‌ കാണാൻ കഴിഞ്ഞു.. കുടിലിന്റെ വൈക്കോൽവാതിൽ പതുക്കെ തളളിനീക്കിക്കൊണ്ട്‌ ചുണ്ടുകളിൽ ചെറുപുഞ്ചിരിയോടെ തങ്കവസ്‌ത്രം ധരിച്ച മാലാഖ കടന്നുവരുന്നു… മാലാഖയെ കണ്ടപ്പോൾ സ്വയം നിയന്ത്രിക്കാനാവാതെ കൊഗോരോ തേങ്ങിത്തേങ്ങിക്കരയാൻ തുടങ്ങി…

”നീയെന്തിന്‌ കരയുന്നു, കൊഗോരോ?…“ ചിരിച്ചുകൊണ്ടുതന്നെ മാലാഖ ചോദിച്ചു. ”നീയൊരു തെറ്റോ, കുറ്റമോ ചെയ്‌തിട്ടില്ലല്ലോ. നീ നിന്റെ കർത്തവ്യങ്ങൾ ആത്മാർത്ഥമായി നിറവേറ്റാൻ ശ്രമിച്ചു. പക്ഷേ, ഫലപ്രാപ്‌തി നിന്റെ കൈയ്യിലല്ലല്ലോ, കൊഗോരോ. അതുകൊണ്ടുതന്നെ ഇന്ന്‌ നീ ആഗ്രഹിച്ച ഫലം കിട്ടിയില്ലെന്ന്‌ കരുതിയെന്തിന്‌ വേവലാതിപ്പെടുന്നു? ഇനിയും വൈകിയിട്ടില്ല, കൊഗോരോ.. നിനക്കറിയാമോ, ഇന്ന്‌ കരിയുണ്ടകൾ വാങ്ങാൻ വന്നവരൊക്കെയും വെറുംകൈയ്യോടെ തിരികെ പോവുകയാണുണ്ടായത്‌… മുമ്പൊരിക്കലും ഇപ്രകാരം സംഭവിച്ചിട്ടില്ല..“

മാലാഖ അപ്പോഴും ചിരിച്ചുകൊണ്ടുതന്നെ നിൽക്കുകയായിരുന്നു. നിറകണ്ണുകളോടെ കൊഗോരോ ചോദിച്ചു.

”പക്ഷേ, ഇനി ഞാനെന്താണ്‌ ചെയ്യുക? പുലർച്ചയ്‌ക്ക്‌ രാജകുമാരി തിരികെയെത്തി സ്വർണ്ണനാണയങ്ങൾ എവിടേയെന്ന്‌ ചോദിച്ചാൽപ്പിന്നെ ഞാനെന്ത്‌ മറുപടി പറയും?“

”നിനക്ക്‌ പറയാനുളള മറുപടി എന്റെ കൈവശമുണ്ട്‌ കൊഗോരോ… നേരം വെളുക്കുന്നതിനുമുമ്പെത്തന്നെ എഴുന്നേറ്റ്‌ നീ നിന്റെ കുടിലിന്‌ പുറകിൽ ചെന്നുനോക്കണം. എന്നിട്ടവിടെ കുഴിയ്‌ക്കണം…“

നിന്നിടത്തുനിന്ന്‌ നിമിഷങ്ങൾക്കുശേഷം മാലാഖ മറഞ്ഞപ്പോൾ കൊഗോരോ തട്ടിപ്പിടഞ്ഞെണീറ്റു. കുടിലിന്നകത്ത്‌ ആരുംതന്നെയില്ലായിരുന്നു. ഇരുട്ടിലേയ്‌ക്ക്‌ തിരുകിവെച്ച മറ്റൊരു ഇരുട്ടിൻകട്ടപോലെ കരിയുണ്ടക്കൂമ്പാരം കണ്ടു.

പിന്നീട്‌ കൊഗോരോവിന്‌ ഉറങ്ങാനേ കഴിഞ്ഞില്ല.

ഒരുവിധത്തിൽ നേരം വെളുപ്പിച്ച്‌ കൊഗോരോ മമ്മട്ടിയെടുത്ത്‌ കുടിലിന്റെ പുറകിലേയ്‌ക്കോടി. അവിടത്തെ കാഴ്‌ച കണ്ട്‌ അയാൾ വിശ്വസിയ്‌ക്കാനാവാതെ നിന്നുപോയി. ആഴമറിയാത്ത തടാകത്തിൽ അയാൾ മുങ്ങിത്തേടിയ രണ്ട്‌ സ്വർണ്ണനാണയങ്ങളും ഉണക്കപ്പുല്ലുകൾക്കിടയിൽക്കിടന്ന്‌ ആദ്യകിരണങ്ങളേറ്റ്‌ വെട്ടിത്തിളങ്ങുന്നു.

സ്വർണ്ണനാണയങ്ങൾ തിടുക്കത്തിൽ പെറുക്കിയെടുത്ത്‌ തന്റെ കിമോണോ*യ്‌ക്കകത്ത്‌ സൂക്ഷിച്ചുവെച്ച്‌ അയാൾ സകല കരുത്തുമുപയോഗിച്ച്‌ ആയിടം അതിവേഗം കിളച്ചുമറിയ്‌ക്കാൻ തുടങ്ങി.

ഏറെനേരം കിളയ്‌ക്കേണ്ടിവന്നില്ല, കൊഗോരോവിന്‌. അതാ മറ്റൊരു അത്ഭുതം. മണ്ണിന്നകത്തുനിന്ന്‌ കടുംചുവപ്പുനിറമുളള തുണിയുടെ ഒരു ശകലം മേലപ്പരപ്പിലേയ്‌ക്ക്‌ എത്തിനോക്കുന്നു. അപ്പോൾ യാതൊന്നുംതന്നെ ഉരിയാടാനാവാതെ ആ ചുവന്ന തുണിയുടെ അറ്റം പിടിച്ചയാൾ ഊക്കോടെ മേലോട്ട്‌ വലിച്ചു. കൈയ്യിൽ കിട്ടിയത്‌ വായ്‌ക്കെട്ടിയ ഒരു ഭാരിച്ച സഞ്ചിയായിരുന്നു.

അടുത്ത നിമിഷംതന്നെ കൊഗോരോ ആ സഞ്ചി തിരിച്ചറിഞ്ഞു. സ്വപ്‌നത്തിൽ കുടിലിന്നകത്തേയ്‌ക്ക്‌ കടന്നുവന്ന്‌ കൽക്കരിയുണ്ടകൾ പെരുക്കിയെടുത്തുനിറച്ച്‌ മാലാഖ കൊണ്ടുപോയത്‌ ആ ചുവന്ന സഞ്ചിയിലായിരുന്നു.

സമയം ഒട്ടുംതന്നെ പാഴാക്കാതെ കൊഗോരോ സഞ്ചി തുറന്നുനോക്കി. അയാൾക്ക്‌ വിശ്വസിക്കാനായില്ല. സഞ്ചിയ്‌ക്കകത്തുണ്ടായിരുന്നത്‌ കരിയുണ്ടകളല്ലായിരുന്നു. പകരം സഞ്ചി നിറയേ ആയിരക്കണക്കിന്‌ സ്വർണ്ണനാണയങ്ങൾ നിറച്ചിരിയ്‌ക്കുന്നു. അവ ഇളവെയിൽനാളങ്ങളേറ്റ്‌ മിന്നിത്തിളങ്ങി.

അപ്പോൾ കൊഗോരോ പൊടുന്നനെ ഓർത്തു. ഇനിയൊരു ചുവന്ന സഞ്ചികൂടി കരിയുണ്ടകൾ നിറച്ചുകൊണ്ടുപോയിരുന്നല്ലോ, മാലാഖ.

കൊഗോരോ വീണ്ടും മമ്മട്ടിയെടുത്ത്‌ തുടർച്ചയായി കിളച്ചു. നിമിഷങ്ങൾക്കുളളിൽ ആയിരക്കണക്കിന്‌ സ്വർണ്ണനാണയങ്ങൾ നിറഞ്ഞ മറ്റൊരു ചുവന്ന സഞ്ചികൂടി മണ്ണിന്നടിയിൽനിന്ന്‌ അയാൾ വെളിയിലേയ്‌ക്ക്‌ വലിച്ചെടുത്തു. വിലതരാതെ മാലാഖ അയാളിൽനിന്ന്‌ ഈടാക്കിയ കരിയുണ്ടകൾ വിലമതിയ്‌ക്കാനാവാത്ത ഒരു വൻസമ്പത്തായി അയാൾക്കുതന്നെ തിരികെ കൊടുത്തിരിക്കുന്നു.

കൊഗോരോ സഞ്ചികൾ രണ്ടും തോളത്തേറ്റി കുടിലിന്റെ മിറ്റത്ത്‌ കൊണ്ടുവന്നുവെച്ചു. എന്നിട്ട്‌ രാജകുമാരിയുടെ വരവും കാത്തുനിന്നു.

ഇളവെയിൽ കൂടുതൽ പരന്നപ്പോൾ രാജകുമാരി പല്ലക്കിൽ വന്നിറങ്ങി. അപ്പോൾ നിരത്തിന്നരികിൽ ചെന്നുനിന്ന്‌ ‘കീമോണോ’യ്‌ക്കകത്തുനിന്ന്‌ രണ്ട്‌ സ്വർണ്ണനാണയങ്ങളുമെടുത്ത്‌ കൊഗോരോ രാജകുമാരിയുടെ നേരെ നീട്ടി.

”ഈ നാണയങ്ങൾ രണ്ടും ഞാൻ നിങ്ങൾക്ക്‌ തന്നതാണ്‌…“ രാജകുമാരി പറഞ്ഞു. ”… അതുകൊണ്ട്‌ നിങ്ങളുടെ കൈവശംതന്നെയിരിയ്‌ക്കട്ടെ. നാണയങ്ങൾ തടാകത്തിൽനിന്ന്‌ മുങ്ങിത്തപ്പിയെടുക്കണമെന്ന്‌ ഞാൻ വാശിപിടിച്ചത്‌ നിങ്ങളുടെ ആത്മാർത്ഥയെയൊന്ന്‌ പരീക്ഷിയ്‌ക്കാനായിരുന്നു. ഇന്നുമുതൽ ഞാൻ താമസിക്കുന്നത്‌ ഇവിടെയാണ്‌… നിങ്ങളുടെ ഭാര്യയായി…“

”ഈ ചുവന്ന സഞ്ചികൾ നിറയേ സ്വർണ്ണനാണയങ്ങളാണ്‌. ഇതൊക്കെയും നമ്മുടെ മാലാഖ കനിഞ്ഞുതന്നതാണ്‌. ഈ സ്വർണ്ണനാണയങ്ങൾ രാജകുമാരി സമ്മാനമായി സ്വീകരിക്കണം.. പറന്നുപോയ പച്ചതത്തകൾക്ക്‌ പകരമായി…“

ചുണ്ടിലൊരിളം പുഞ്ചിരിയോടെ രാജകുമാരിയും, കൊഗോരോവും സ്വർണ്ണനാണയങ്ങൾ നിറച്ച സഞ്ചികളുമേന്തി കുടിലിന്നകത്തേയ്‌ക്ക്‌ കടക്കുമ്പോൾ, ആകാശത്തുനിന്ന്‌ തങ്കവസ്‌ത്രമണിഞ്ഞ മാലാഖ അവരുടെമേൽ പല നിറങ്ങളിലുളള പൂവിതളുകൾ വിതറി…

*ജപ്പാൻകാരുടെ ദേശീയവേഷം.

Generated from archived content: unni_kakkari.html Author: unnikrishnan_poonkunnam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English