വെള്ളി വെളിച്ചം തൂകിവരുന്നു
വെള്ളത്തുള്ളികള്‍ മഴയായി
പൊള്ളും വേനല്‍ക്കാലം ഭൂവി-
ന്നുള്ളുതപിച്ചു വിളിച്ചപ്പോള്‍
മുത്തുപൊഴിഞ്ഞു മഴയായി
എത്തീ പൂമഴയപ്പോഴേ
താഴേത്തേയ്ക്കുപതിക്കുന്നു
താരകളായിത്തെളിനീര്
കണ്ണീര്‍വറ്റിവരണ്ടോര്‍ക്ക്
കാരുണ്യത്തിന്‍ ജലധാര
മണ്ണിനെ വിണ്ണിനെ ബന്ധിപ്പിക്കും
കണ്ണെത്താത്തൊരു ജലപാത
നൂറല്ലായിരമല്ലാനീള്‍ വിരല്‍
തേടിവരുന്നൂ സ്നേഹാര്‍ദ്രം
കുന്നിനുമീതെ കുടിലിനുമീതെ
വന്നുതൊടുന്നു കനിവോടെ
കാടിനൊടൊത്തൊരു നൃത്തം ചെയ്താല്‍
കാട്ടരുവിയ്ക്കുണ്ടാഘോഷം
വന്നു മടങ്ങിപ്പോകിലുമിലതന്‍
തുമ്പിലെയോര്‍മ്മത്തുള്ളികളായ്
വെള്ളിവെളിച്ചം തൂകിവരുന്നു
വെള്ളത്തുള്ളികള്‍ മഴയായി
മണ്ണിനെ വിണ്ണിനെ ബന്ധിപ്പിക്കും
കണ്ണെത്താത്തൊരു ജലപാത.
Generated from archived content: nurse3_jan15_15.html Author: suresh_mookanoor