വീടിന്റെ തൊടിയില്‍പ്പുല്ലിന്നിടയില്‍
വീണു കിടക്കുവതെന്താണ്?
ചോരത്തുള്ളികള്‍ പോലെ കിടന്നതു
വാരിയെടുത്തു കുതുകത്താല്‍
ചോന്നു തുടുത്തൊരു മഞ്ചാടിക്കുരു
മോനു കളിക്കാന്‍ കൈ നിറയെ
കോരിയെടുത്തു കുപ്പിയിലാക്കി
വീട്ടില്‍ മുഴുക്കെ വിതറുന്നു
വീണു കിടക്കും മഞ്ചാടിക്കുരു
നൂണു പെറുക്കിയെടുക്കുന്നു
വീണ്ടും വിതറും വീണ്ടുമെടുക്കും
വീടു നിറയ്ക്കും ബഹളത്താല്‍
നൂലുമെടുത്തു സൂചിയെടുത്തു
മാലകൊരുക്കാന്‍ നോക്കുന്നു
നൂലു കൊരുക്കാന്‍ വഴിയില്ല
മാല കൊരുക്കാന്‍ കഴിയില്ല
മാലു പെരുത്തീ മഞ്ചാടിക്കുരു
വാരിവലിച്ചങ്ങെറിയുന്നു
മാലു ശമിക്കെ മഞ്ചാടിക്കുരു
തേടിത്തൊടിയില്‍ തിരയുന്നു
മോനു കളിക്കാന്‍ മഞ്ചാടിക്കുരു
ചോന്നു തുടുത്തു കിടക്കുന്നു.
Generated from archived content: nurse1_mar9_13.html Author: suresh_mookanoor