ഈ കഥ നടക്കുന്നത് പുഴയോരത്തുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമത്തിലാണ്. എവിടെയും വൃക്ഷങ്ങളും ചെടികളും നെൽപ്പാടങ്ങളും. ഇവിടെയാണ് ഒരു ചെറിയ കുടിലിൽ ദാമു അവന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്. പത്തുവയസ്സുള്ള ദാമു 5-ാം ക്ലാസ് വിദ്യാർത്ഥി ആണ്. അവന്റെ അച്ഛൻ തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു. അയാൾ ഒരു ദിവസം തെങ്ങിൽ നിന്നും വീണതിനാൽ കിടപ്പിലായി. ദാമുവിന്റെ അമ്മ പാടത്തു പണിക്കുപോയി കിട്ടുന്ന തുഛമായ വരുമാനം മാത്രം കൊണ്ടാണ് ആ സാധു കുടുംബം കഴിഞ്ഞു കൂടിയിരുന്നത്. പക്ഷേ ദാമു എല്ലാ ദിവസവും സ്‌കൂളിൽ പോകുകയും നല്ലവണ്ണം പഠിക്കുകയും ചെയ്തിരുന്നു. അവൻ ക്ലാസിലെ മികച്ച വിദ്യാർത്ഥി ആയിരുന്നു. ഒഴിവ് സമയങ്ങളിലെല്ലാം അവന് അടുത്ത വീടുകളില വല്ല സഹായവും ചെയ്തുകൊടുത്ത് കുറച്ചുപൈസയും കിട്ടുമായിരുന്നു.
ആ ഇടയ്‌ക്ക് ആ കൊച്ചു ഗ്രാമത്തിൽ രവി ടോയ് സ്‌റ്റോർ എന്ന കളിപ്പാട്ട കട തുടങ്ങിയിരുന്നു. ദാമുവിന്റെ കൂട്ടുകാരുടെ സംസാരവിഷയം ഓടുന്ന തീവണ്ടിയെപ്പറ്റിയും, കൊട്ടുന്ന കുരങ്ങിനെപ്പറ്റിയും, പല നിറത്തിലും തരത്തിലുമുള്ള പന്തുകളെപ്പറ്റിയുമായിരുന്നു. ഇതെല്ലാം കേട്ടപ്പോൾ ദാമുവിനും രവി സ്‌റ്റോറിൽ പോകാൻ ആഗ്രഹം തോന്നി.
ഒരു ദിവസം ദാമു രവി സ്‌റ്റോറിൽ പോയി. അവിടെ പലതരത്തിലും നിറത്തിലുമുള്ള ധാരാളം കളിപ്പാട്ടുകൾ കണ്ടു രസിച്ചു നിന്നു. അവനു ഒരെണ്ണം വാങ്ങിക്കണമെന്നുള്ള വലിയ ആശ ഉണ്ടായി. അന്നു മുതൽ അവൻ അവന്റെ ചിലവുകളെല്ലാം ചുരുക്കി രൂപ ശേഖരിച്ചു തുടങ്ങി. കുറെനാൾ കഴിഞ്ഞ് അവന്റെ സമ്പാദ്യപ്പെട്ടി തുറന്നു നോക്കി. അതിൽ നാല്പതുരൂപ ഉണ്ടായിരുന്നു. അന്നു ഒരു ഞായറാഴ്‌ച ദിവസമായിരുന്നതിനാൽ അവൻ അതുംകൊണ്ട് രവിസ്‌റ്റോറിൽ പോയി, നേരെ കൗണ്ടറിൽ ചെന്നു. അവിടെ സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ടായിരുന്നു. അയാളായിരുന്നു കടയുടെ ഉടമ. ദാമു ഒരു നല്ല കളിപ്പാട്ടം വേണമെന്നു അയാളോടു പറയുകയും അയാൾ പലതരം മനോഹരങ്ങളായ കളിപ്പാട്ടങ്ങൾ – ഓടുന്ന പാവ, ചാടുന്ന കുതിര, കാറുകൾ, ഓടുന്ന തീവണ്ടി മുതലായവ അവനെ കാണിച്ചു. ഇതിൽ തൊപ്പി വച്ച് ചെണ്ട കൊട്ടുന്ന കോമാളിയെ അവന് വളരെ അധികം ഇഷ്ടമായി. അതുമതി എന്നും, അതിന്റെ വില എത്രയാണെന്നു ചോദിച്ചു. അതിന്റെ വില അറുപതു രൂപയാണെന്നു കടയുടമ പറഞ്ഞു. വിലകേട്ടപ്പോൾ ദാമുവിന്റെ മുഖം വാടി. അതു കണ്ട് കടക്കാരൻ അവന് എന്താണ് പെട്ടെന്ന് വിഷമം തോന്നിയതെന്ന് ചോദിച്ചു.
“സാറേ! എന്റെ പക്കൽ നാല്പതു രൂപ മാത്രമേ ഉള്ളൂ. ഇരുപതു രൂപ കൂടെ ഉണ്ടെങ്കിലേ ഈ കോമാളിയെ വാങ്ങിക്കാൻ പറ്റൂ” എന്നു അവൻ വ്യസനത്തോടെ പറഞ്ഞു.
ആ കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കമായ മുഖവും, അവനു ആ കളിപ്പാട്ടത്തോടുള്ള അത്യാശയും കണ്ടപ്പോൾ കടയുടമയുടെ മനസ് അലിഞ്ഞു. അയാൾക്ക് ദാമുവിനോടു ദയതോന്നി. ആ ചെണ്ട കൊട്ടുന്ന കോമാളിയെ അവനു വിറ്റു. ബാക്കി ഇരുപതു രൂപ രണ്ടാഴ്‌ചക്കുള്ളിൽ കൊണ്ടു കൊടുക്കണമെന്നു പറയുകയും ചെയ്തു.
ദാമു സന്തോഷം കൊണ്ടു തുള്ളിച്ചാടി. കളിപ്പാട്ടവും കൊണ്ടു വീട്ടിൽ പോയി. ആ കളിപ്പാട്ടം അവനു വളരെ ഇഷ്ടപ്പെട്ടു. ഊണിലും ഉറക്കത്തിലും അവൻ അതിനെ വിട്ടുപിരിഞ്ഞില്ല. രണ്ടാഴ്‌ച കഴിഞ്ഞിട്ടും ദാമുവിനു 20 രൂപയുടെ കടം വീട്ടാൻ കഴിഞ്ഞില്ല. അതു അവനെ വല്ലാതെ വേദനിപ്പിച്ചു.
ഒരു ദിവസം ദാമു റോഡു മുറിച്ചു കടക്കുമ്പോൾ വേഗത്തിൽ വന്ന ഒരു കാറ് അവനെ തട്ടിവീഴ്‌ത്തി. രക്തത്തിൽ കുളിച്ച് കിടന്ന കുട്ടിയുടെ ചുറ്റും ആളുകൾ കൂടി. കൂട്ടത്തിൽ രവി സ്‌റ്റോർ ഉടമയും ഉണ്ടായിരുന്നു. അയാൾക്കു അതു ദാമുവാണെന്നു മനസ്സിലായി. ഉടനെ തന്നെ അവനെ ആശുപത്രിയിൽ എത്തിക്കുകയും അവന്റെ വീട്ടിൽ അറിയിക്കുകയും ചെയ്തു. ദാമുവിനു ബോധം വീണപ്പോൾ അവൻ ചുറ്റും നോക്കി. അവിടെ നിന്ന പല ആളുകളുടെ കൂട്ടത്തിൽ ടോയ്‌സ്‌റ്റോർ ഉടമയെ അവൻ കണ്ടു. ഇരുപതുരൂപ കഴിയുന്നതും വേഗം തരാം എന്നു അവൻ പല പ്രാവശ്യം പിറുപിറുത്തുകൊണ്ടിരുന്നു. ഈ കുട്ടി എന്താണു പറയുന്നതെന്ന് അവിടെ നിന്നവർ തിരക്കി. കടയുടമ നടന്ന കാര്യങ്ങളും അവൻ ഇരുപതു രൂപ കളിപ്പാട്ടം വാങ്ങിച്ച വകയിൽ അയാൾക്കു കൊടുക്കുവാനുള്ളതും പറഞ്ഞു. അയാൾ ദാമുവിന്റെ അരികിൽ ചെന്നു പതുക്കെ ഇങ്ങനെ പറഞ്ഞു.
“ദാമു നീ എനിക്കു ആ രൂപ തരേണ്ട. നിനക്കു ഞാൻ ഒരു നല്ല കളിപ്പാട്ടം കൂടെ തരാം കേട്ടോ, നീ എളുപ്പം സുഖമായി കടയിലേക്കു വരണം”.
ദാമു വേദനയെല്ലാം ഒരു നിമിഷം മറന്നു. അവന്റെ മുഖത്ത് സന്തോഷത്തിന്റെ ചെറിയ ചിരി വിടർന്നു. കടക്കാരന്റെ നിഷ്‌കളങ്ക സ്നേഹത്തിനു ദൈവത്തോടു നന്ദി പറഞ്ഞു. ഒരാഴ്‌ചകൊണ്ട് അവന്റെ മുറിവ് എല്ലാം ഉണങ്ങി. ആശുപത്രിയിൽ നിന്നും വിടുകയും ചെയ്തു. ദാമു സ്‌കൂളിൽ പോകുകയും അവൻ മുൻപ് ചെയ്യാറുള്ളതുപോലെ അടുത്ത വീടുകളിൽ പല സഹായവും ചെയ്തു കൊടുത്തു തുടങ്ങി. അതിൽ നിന്നും കിട്ടിയ രൂപ ശേഖരിച്ചുവെച്ച് ഒരു മാസംകൊണ്ട് കടക്കാർക്ക് കൊടുക്കാനുള്ള ഇരുപതു രൂപ അവന് തിരികെ കൊടുക്കാൻ പറ്റി. ആ കടക്കാരനോടുള്ള നന്ദി അവന്റെ കൊച്ചു മനസ്സിൽ എന്നും ഉണ്ടായിരുന്നു. ഒപ്പം സാധാരണഗതിയിൽ കൊടുത്ത് തീർക്കാൻ പറ്റുമൊ എന്ന് സംശയിച്ച ഒരു കടം കൊടുത്തു തീർക്കാൻ പറ്റി എന്ന ചാരിതാർത്ഥ്യവും.
Generated from archived content: unnikatha_2_june13_07.html Author: sunil_surendran