ചുള്ളിപെറുക്കാൻ കാട്ടിൽ ചെന്നപ്പോൾ
മുത്തിയമ്മയ്‌ക്കൊരു പെട്ടികിട്ടി
പച്ചനിറത്തിൽ തുകൽപ്പൊതിയിട്ടൊരു
പെട്ടിക്കു ഭാരം പെരുത്തല്ലോ!
തലയിൽ ചുമന്നും താങ്ങിപ്പിടിച്ചും
അമ്മുമ്മ കാട്ടീന്ന് തിരിയെയെത്തി
പെട്ടിനിറച്ചും പൊന്നാണേ‘
പേരക്കിടാവിന്റെ കാതിലോതി
പൊന്നിട്ട പെട്ടി തുറന്നുകാണാൻ
പുന്നാരക്കുട്ടനു മോഹമായി
’അകത്തു തുറന്നാൽ പുറത്തറിയുന്നൊരു
അത്ഭുതമാന്ത്രികപ്പെട്ടിയിത്
ഇപ്പത്തുറക്കേണ്ടാ പൊന്നുമോനേ
അന്തിയിരുട്ടട്ടെ ആളുപോട്ടേ‘
മുറ്റത്തിറങ്ങിയ കുട്ടനപ്പോൾ
കിഴക്കും പടിഞ്ഞാറും പാളിനോക്കി
തെക്കും വടക്കും നടന്നുനോക്കി
നോക്കെത്താദൂരത്തങ്ങാരുമില്ല
’ആളുമില്ലാരുമില്ലമ്മുമ്മേ
ആമാടപ്പെട്ടി തുറന്നാട്ടെ
ഒരുകടലോളം കൊതിയെനിക്ക്
ഒരുകപ്പൽ നിറയെ പൊന്നുവേണം‘
കൊതിയനെ കൂടെപ്പിടിച്ചിരുത്തി
വാതിലും ചാരിയകത്തിരുന്നു
അമ്മൂമ്മ പെട്ടീടെ മൂടിനീക്കി
അത്ഭുതപ്പെട്ടിയും വാപൊളിച്ചു
പത്തരമാറ്റിൽ തിളങ്ങുന്നു
പൊന്നിൻകട്ടകൾ പെട്ടകത്തിൽ!
സ്വർണ്ണത്തിന്റെ സുഗന്ധമെല്ലാം
കാറ്റിൽപ്പരന്നു പടർന്നപ്പോൾ
വാതിലും തള്ളിത്തുറന്നുകൊണ്ട്
നാലഞ്ചു മക്കളകത്തുകേറി
വേലിയേറ്റംപോലെ വെള്ളമേറി
വെള്ളത്തിലഞ്ചാറു കപ്പലോടി
പൊന്നായ പൊന്നെല്ലാം കപ്പലേറി
കപ്പൽ തുറമുഖം വിട്ടിറങ്ങി
ആമോദംകൊണ്ടു മതിമറന്നു
അമ്മൂമ്മ പൊട്ടിച്ചിരിച്ചുരച്ചു-
’അമ്പിളി പൊങ്ങിവരുമ്പോഴേയ്‌ക്കും
കുമ്പളവട്ടി പയിക്കുമല്ലോ
വെമ്പിവിശന്നിങ്ങു വന്നിടുമ്പോൾ
ചെമ്പിൽപ്പുഴുങ്ങി വിളമ്പിടാം ഞാൻ‘
ചുള്ളിപെറുക്കുവാൻ കാട്ടിലേക്കായ്
മുത്തശ്ശി പിന്നെയും യാത്രയായി.
ചേന
അടി പാറയല്ല
നടു വടിയല്ല
മേൽ കുടയല്ല
രൂപകങ്ങളെല്ലാം
പൊളിച്ചുമാറ്റുമ്പോൾ
വെളിവാകുന്നതാണ്
സ്വരൂപം
പാറയെല്ലാം പാറയല്ലെന്നും
വടിയെല്ലാം വടിയല്ലെന്നും
കുടയെല്ലാം കുടയല്ലെന്നും
അറിയാത്ത പിള്ളകൾക്ക്
ഒരുപിടി അറിവും
കരുതിവെച്ചിട്ടുണ്ട്.
Generated from archived content: nurse1_sep23_10.html Author: subramahnyan_kuttikol