കുതിരസ്സവാരിനടത്തിയ സിംഹം

അതൊരു തണുത്ത പ്രഭാതമായിരുന്നു. കുറുക്കൻ സിംഹത്തിന്റെ ഗുഹ്‌ക്കുമുന്നിലെത്തി നീട്ടിവിളിച്ചു. “സിംഹരാജൻ….സിംഹരാജൻ….”

വിളികേട്ട്‌ സിംഹം കണ്ണുകൾ തിരുമ്മി പുറത്തേയ്‌ക്കുവന്നു. ആരാണീ വെളുപ്പാംകാലത്ത്‌ നിലവിളിക്കുന്നത്‌?! നോക്കുമ്പോൾ രാജസേവകനായ കുറുക്കൻ വെളിയിൽ തൊഴുതുനിൽക്കുന്നു.

“ഉം…..? എന്തുവേണം?”… രാജാവ്‌ ഗൗരവത്തോടെ ചോദിച്ചു.

“മഹാരാജൻ…. ഒരു വിചിത്രമൃഗം അനുവാദമില്ലാതെ കാട്ടിൽ പ്രവേശിച്ചിരിക്കുന്നു. നീണ്ടു ബലമുള്ള കാലുകൾ… കഴുത്തിൽ കുഞ്ചിരോമങ്ങൾ… ഇടതൂർന്ന വാല്‌… നല്ല തലയെടുപ്പ്‌. അവന്റെ ഓട്ടത്തിന്‌ മിന്നൽപ്പിണരിന്റെ വേഗതയാണ്‌.”

“ങ്‌ഹെ?”! അതെന്തുമൃഗം?“!

”കുതിര എന്നാണ്‌ അതിന്റെ പേര്‌. നാട്ടിൽനിന്നും രക്ഷപ്പെട്ടുവന്നതാണ്‌. അവൻ മൈതാനത്തിലെ പുല്ലുകൾ മുഴുവൻ തിന്നുതീർക്കുന്നു. മൈതാനം മുഴുവൻ ഓടിത്തിമർക്കുന്നു. അവന്റെ ഇടിമുഴക്കംപോലുള്ള കുളമ്പടി ശബ്‌ദം കേട്ട്‌ മാനുകളും കാട്ടുപോത്തുകളും ഓടിപ്പോയി….“

”അഹങ്കാരി… നമ്മുടെ അനുവാദമില്ലാതെ നമ്മുടെ വനമൈതാനത്ത്‌ പുല്ലുമേയാനും ഓടിത്തിമർക്കാനും ധൈര്യമോ?! അവനെ ഉടൻ നമ്മുടെ മുന്നിൽ ഹാജരാക്കുക!“ ….സിംഹത്തിന്റെ കണ്ണുകൾ കോപംകൊണ്ടു ജ്വലിച്ചു.

”അയ്യോ…. അങ്ങുന്നേ…. അടിയൻ പറഞ്ഞാൽ അവൻ അനുസരിക്കില്ല. ശക്തനും അഹങ്കാരിയുമാണവൻ.“ കുറുക്കൻ തൊഴുകയ്യോടെ ഉണർത്തിച്ചു.

”ശരി… നമ്മുടെ സൈന്യത്തിൽ നിന്നും മൂന്നു ചെന്നായ്‌ക്കളെ കൂട്ടിക്കോളൂ….“

സിംഹം ഗുഹയിലേയ്‌ക്കു തിരിച്ചു നടന്നു. കുറുക്കനും ചെന്നായ്‌ക്കളും മൈതാനത്തിനടുത്തെത്തി കാട്ടുമരങ്ങൾക്കിടയിൽക്കൂടി കുതിരയെ നിരീക്ഷിച്ചു. കുതിര മൈതാനത്തിനുചുറ്റും കുതിച്ചുപായുകയാണ്‌. കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യത്തോടെ പുളഞ്ഞുചാടി ഓടിത്തിമർക്കുന്നു. പുൽനാമ്പുകളും പൊടിപടലങ്ങളും ചരൽക്കല്ലുകളും ചുഴലിയിൽപ്പെട്ടപോലെ കുതിരയ്‌ക്കുപിന്നിൽ പറന്നുയരുന്നു. കുളമ്പടിശബ്‌ദം കാട്ടുമരങ്ങളിൽത്തട്ടി പ്രതിദ്ധ്വനിക്കുന്നു. ഇടയ്‌ക്കിടെ അവൻ രണ്ടുകാലിൽ ചാടിയുയർന്നു ചിനയ്‌ക്കുന്നുമുണ്ട്‌.

കുതിരയുടെ വിളയാട്ടം കുറുക്കനും ചെന്നായ്‌ക്കളും അത്ഭുതത്തോടെ നോക്കിനിന്നു. കുറേനേരത്തെ കുതിപ്പിനുശേഷം കുതിര മൈതാനത്തിനു നടുവിൽനിന്നും പുല്ലുമേയാൻ തുടങ്ങി. കുറുക്കനും സംഘവും മരങ്ങൾക്കിടയിൽ നിന്നും പുറത്തുവന്ന്‌ പതുക്കെ കുതിരയെ സമീപിച്ചു.

”സുപ്രഭാതം ചങ്ങാതീ!“

തിരിഞ്ഞുനോക്കിയപ്പോൾ കുതിരയ്‌ക്കു പുച്ഛം തോന്നി. നിസ്സാരനായ ഒരു കുറുക്കനും മൂന്നു ചെന്നായ്‌ക്കളും…..

”ഉം? എന്തുവേണം?“ പുല്ലുതിന്നുന്നതിനിടയിൽ കുതിര ചോദിച്ചു.

”രാജാവ്‌ താങ്കളെ കാണാൻ ആഗ്രഹിക്കുന്നു.“

”രാജാവോ ഏതുരാജാവ്‌“

”ഈ പ്രദേശംമുഴുവൻ രാജാവിന്റെ ഭരണപരിഥിയിൽപ്പെട്ടതാണ്‌. കാട്ടുകരം കൊടുക്കാതെ ഇവിടെ മേയാനും താമസിക്കാനും പറ്റില്ല.“

”ഓഹോ കാട്ടിലും നികുതിയോ?“ കുതിര അത്ഭുതപ്പെട്ടു.

”അതെ! ഇതു രാജാവിന്റെ നിയമമാണ്‌“… കുറുക്കൻ വിശദീകരിച്ചു.

”ആരാണ്‌ നിങ്ങളുടെ രാജാവ്‌“

”സിംഹരാജൻ! കേട്ടിട്ടില്ലേ!“?

പ്രതാപസിംഹൻ, അമരസിംഹൻ മുതലായ രാജാക്കൻമാരെക്കുറിച്ചും അവരുടെ പരാക്രമികളായ കുതിരികളെക്കുറിച്ചും ധാരാളം കേട്ടിട്ടുണ്ട്‌. കുതിരയ്‌ക്ക്‌ രാജാവിനോട്‌ ബഹുമാനം തോന്നി.

”സിംഹരാജൻ താങ്കളെ കൂട്ടികൊണ്ടുചെല്ലാൻ ഞങ്ങളെ അയച്ചിരിക്കയാണ്‌. അതിഥികളെ ഉചിതമായി സ്വീകരിക്കുന്നവനാണ്‌ ഞങ്ങളുടെ രാജാവ്‌“. കുറുക്കൻ അഭിമാനത്തോടെ പറഞ്ഞു.

”ശരി പോകാം“… കുതിര സമ്മതിച്ചു.

കുറുക്കനും സംഘവും കുതിരയോടൊപ്പം രാജാവിന്റെ ഗുഹയ്‌ക്കരികിലെത്തി. സിംഹം ഗുഹാമുഖത്തുതന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. കുതിര രാജാവിനടുത്തെത്തി നമസ്‌കരിച്ചു.

”വന്ദനം രാജാവേ ഞാനൊരു കുതിര. നഗരത്തിൽ നിന്നും വരുന്നു. മനുഷ്യരെ സേവിച്ചുമടുത്തു. ഈ കാട്ടിൽ താമസിക്കാൻ അനുവാദം തരണം.“

കുതിരയുടെ വാക്കുകൾ കേട്ടപ്പോൾ സിംഹത്തിനു സന്തോഷം തോന്നി. സിംഹം കുതിരയെ അടിമുടി അവലോകനം ചെയ്‌തു. നല്ല കൊഴുത്ത ശരീരം. ഇരുമ്പുകൂടംപോലെ ഒറ്റക്കുളമ്പുള്ള കാലുകൾ. ഒരു പിടിയാനയോളം തലയെടുപ്പ്‌. ബലിഷ്‌ഠമായ മാംസപേശികൾ. കുറുക്കൻ പറഞ്ഞത്‌ ശരിതന്നെ.

”ആട്ടെ നഗരത്തിൽ നീ എന്താണ്‌ ചെയ്‌തിരുന്നത്‌?“

”സവാരി. ഞാൻ യജമാനനെ പുറത്തിരുത്തി ലക്ഷ്യസ്‌ഥാനത്തെത്തിക്കും. പന്തയങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌. പണ്ടു കാലത്ത്‌ രാജാക്കന്മാരെ യുദ്ധങ്ങളിൽ സഹായിച്ചിരുന്നത്‌ ഞങ്ങളായിരുന്നു.“

ഇവനൊരു മിടുക്കൻ തന്നെ. ഒരു മരുഷ്യരാജാവിനെപ്പോലെ കുതിരപ്പുറത്തിരുന്ന്‌ സവാരിചെയ്യാൻ സിംഹത്തിനും കൊതിതോന്നി.

”ശരി. നിന്നെ എന്റെ സവാരിമൃഗമായി നിയമിച്ചിരിക്കുന്നു. രാവിലെ രണ്ടുമണിക്കൂർ സവാരി. പിന്നെ നിനക്ക്‌ ഇഷ്‌ടംപോലെ മേഞ്ഞുനടക്കാം.“

കുതിര സമ്മതിച്ചു. ഒരു രാജാവിനെ മുതുകിലിരുത്തി തന്റെ പൂർവികരെപ്പോലെ സവാരി നടത്താൻ കുതിരയും കൊതിച്ചിരുന്നു. സിംഹം എന്നും രാവിലെ കുതിരപ്പുറത്തിരുന്ന്‌ സവാരി തുടങ്ങി. കുതിച്ചുപായുന്ന കുതിരപ്പുറത്തിരിക്കാൻ നല്ല രസം. കൈകാലുകൾക്കിടയിൽ കുതിരയുടെ കൊഴുത്ത മാംസം. ഒരു നഖമമർത്തിയാൽ മാംസത്തിൽ ആഴ്‌ന്നിറങ്ങും. പക്ഷെ ഇരുമ്പുകൂടംപോലു ഒറ്റക്കുളമ്പൻ കാലുകളുടെ കടുപ്പവും കുതിരശക്തിയും ഓർത്തപ്പോൾ സിംഹത്തിനു കുതിരയെ മുറിവേൽപ്പിക്കാൻ ധൈര്യം വന്നില്ല.

ദിവസങ്ങൾ നീങ്ങി. കുതിരയിറച്ചിയുടെ ചൂടും ഗന്ധവും സിംഹത്തിന്റെ ഉറക്കം കെടുത്തി. ഇവനെ കൊല്ലാൻ എന്താണൊരു മാർഗ്ഗം? സിംഹം കുറുക്കനെ വിളിച്ച്‌ ആഗ്രഹം അറിയിച്ചു. മാംസത്തിന്റെ രുചിയോർത്തപ്പോൾ കുറുക്കന്റെ വായിലും വെള്ളമൂറി.

”സവാരിചെയ്യുമ്പോൾ അവന്റെ കുരൽ കടിച്ചുമുറിക്കണം.“ കുറുക്കൻ ഉപദേശിച്ചു.

”പക്ഷേ അവൻ അതിശക്തനാണ്‌. അവന്റെ കുളമ്പുകൊണ്ട്‌ ഒരു തൊഴികിട്ടിയാൽ എന്റെ തലമണ്ട തകർന്നുപോകും.“

ഒരു വഴിയുണ്ട്‌”? കുറുക്കൻ ആലോചനയിൽ മുഴുകിക്കൊണ്ടു പറഞ്ഞു. “അവനെ ഒരു ദീർഘയാത്രയ്‌ക്കുപയോഗിക്കണം. ഓടിയോടി അവൻ ക്ഷീണിക്കും. അപ്പോൾ എളുപ്പം കഥകഴിക്കാം.”

“നീയൊരു തന്ത്രശാലിതന്നെ”… സിംഹം കുറുക്കനെ അഭിനന്ദിച്ചു.

പിറ്റേദിവസം പതിവില്ലാത്ത ഒരു ചിരിയോടെയാണ്‌ സിംഹം എതിരേറ്റത്‌. “ഇന്ന്‌ ദിവസം മുഴുവൻ നിന്റെ സേവനം എനിക്കുവേണം.” സിംഹം പറഞ്ഞു.

“രാജാവിനെ സേവിക്കാൻ ഞാൻ സദാ സന്നദ്ധനാണ്‌.” വിനയപൂർവം കുതിര പറഞ്ഞു. സിംഹത്തിനു സന്തോഷമായി. ഗൗരവം നടിച്ച്‌ സിംഹം വിഷയം അവതരിപ്പിച്ചു.

“ആ മലനിരകൾക്കപ്പുറത്ത്‌ എന്റെ ഒരു കൂട്ടുകാരൻ ആന താമസിക്കുന്നുണ്ട്‌. അവൻ എന്നെ ഒരു വിരുന്നിനു ക്ഷണിച്ചിരിക്കുകയാണ്‌. വേഗത്തിൽ സഞ്ചരിച്ചാൽ വൈകുന്നേരമാവുമ്പോഴേക്കും അവിടെ എത്താം.” ഇതുപറയുമ്പോൾ സിംഹം കുറുക്കനോട്‌ കണ്ണിറുക്കുന്നത്‌ കുതിര ശ്രദ്ധിക്കാതിരുന്നില്ല.

“ശരി ഞാൻ തയ്യാറാണ്‌.”

കുതിര സിംഹത്തെ പുറത്തിരുത്തിക്കൊണ്ട്‌ കുതിച്ചുപാഞ്ഞു. കാടുകളും മേടുകളും പിന്നിട്ട്‌ അവർ മലയുടെ അടിവാരത്തെത്തി. കാണാപ്പാടകലെ കുറുക്കനും അവരെ പിൻതുടരുന്നുണ്ടായിരുന്നു. കിഴുക്കാംതൂക്കായ കയറ്റമാണ്‌. കുതിര ലാഘവത്തോടെ സിംഹത്തേയും വഹിച്ചുകൊണ്ട്‌ പ്രയാണം തുടർന്നു. ഉച്ചയായപ്പോഴേക്കും മലയുടെ മുകളിലെത്തി. താഴെ പാറക്കൂട്ടങ്ങൾനിറഞ്ഞ അഗാധമായ കൊക്കയാണ്‌. കുതിര കിതയ്‌ക്കാൻ തുടങ്ങിയിരുന്നു. അവൻ തളർന്നുകഴിഞ്ഞെന്ന്‌ സിംഹത്തിനു മനസ്സിലായി. ഇതുതന്നെ പറ്റിയ അവസരം.

മാംസപേശികളിലെ താപവ്യത്യാസം സ്‌പർശിച്ചറിഞ്ഞ്‌ സവാരിക്കാരന്റെ മനസ്സുവായിക്കാൻ ജന്മസിദ്ധമായ കഴിവുള്ളവനാണ്‌ കുതിര. യുദ്ധമുന്നണികളിൽപ്പോലും യോദ്ധാവിനെ വിജയത്തിലേയ്‌ക്കുനയിക്കുകയും മുറിവേറ്റവരെപ്പോലും രക്ഷപ്പെടുത്തുകയും ചെയ്‌ത അശ്വകഥകൾ പ്രസിദ്ധമാണ്‌.

വിശന്ന സിംഹത്തിന്റെ നഖങ്ങൾ ഉറയിൽനിന്നും പുറത്തുവരുന്നതും തന്റെ മാംസപേശികളിലേയ്‌ക്ക്‌ തുളഞ്ഞിറങ്ങാൻ തുടങ്ങുന്നതും അവന്റെ ശ്വാസം ക്രൂരതയാൽ കനത്തുവരുന്നതും കുതിര അറിഞ്ഞു. പെട്ടെന്ന്‌ കുതിര ചിനച്ചുകൊണ്ട്‌ ഒരു ചാട്ടം ചാടി. പിൻകാലുകളിൽ ഉയർന്നുനിന്നുകൊണ്ട്‌ അവൻ സിംഹത്തെ കൊല്ലിയിലേയ്‌ക്ക്‌ കുടഞ്ഞുതെറിപ്പിച്ചു. എഴുന്നുനിൽക്കുന്ന പാറക്കല്ലുകളിൽ തട്ടിത്തെറിച്ച്‌ സിംഹം അഗാധതയിലേയ്‌ക്കുപതിച്ചു.

കുതിര ആത്‌മവിശ്വാസത്തോടെ ശ്വാസം വലിച്ചുവിട്ട്‌ കൊല്ലിയിലേയ്‌ക്കെത്തിനോക്കി. അനേകമടിതാഴെ പാറകൾക്കിടയിൽ തലതകർന്നുകിടക്കുന്ന സിംഹത്തിന്‌ ഒരു പൂച്ചയുടെ വലുപ്പമേ തോന്നിയുള്ളൂ.

“കാട്ടിലും ചതിയന്മാർ നിറഞ്ഞിരിക്കുന്നു. തമ്മിൽഭേദം നഗരം തന്നെ….” കുതിര ഉറക്കെ പറഞ്ഞു.

നഗരത്തിലേയ്‌ക്കുള്ള കാട്ടുപാതയിലൂടെ ശീഘ്രം നടക്കുമ്പോൾ ദൂരെ മലഞ്ചെരിവിലൂടെ കുറുക്കൻ കൊല്ലിയിലേയ്‌ക്ക്‌ ഇറങ്ങിപ്പോകുന്നതുകണ്ട്‌ കുതിരയ്‌ക്ക്‌ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കുറുക്കന്റെ കാര്യം കുശാൽതന്നെ. രാജമാംസത്തിനു രുചികൂടുമല്ലോ!

Generated from archived content: kattu1_may20_10.html Author: subramahnyan_kuttikol

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English