കടുവയും കുഞ്ഞിക്കുട്ടനും

ഒരു ദിവസം കുഞ്ഞിക്കുട്ടൻ നേരത്തെതന്നെ സ്‌കൂളിലേയ്‌ക്കു പുറപ്പെട്ടു. ഇന്ന്‌ മറ്റുള്ളവരെക്കാൾ മുൻപേ സ്‌കൂളിലെത്തണം. കുഞ്ഞിക്കുട്ടൻ വേഗം നടന്നു.

ഒരു കാട്ടുവഴിയിലൂടെ നടന്നുവേണം കുഞ്ഞിക്കുട്ടന്‌ സ്‌കൂളിലെത്താൻ. കാട്ടുമരങ്ങൾക്കിടയിൽ സൂര്യൻ ഉദിച്ചു പൊങ്ങാൻ തുടങ്ങുന്നേയുള്ളു. മരങ്ങൾക്കിടയിൽ പതുങ്ങിയിരിക്കുന്ന ഇരുൾ മാഞ്ഞിട്ടില്ല. കാട്ടുമരങ്ങളിൽ നിറയെ പല നിറത്തിലുള്ള പൂക്കൾ വിരിഞ്ഞുനിന്നിരുന്നു. പൂക്കളിലും ഇലകളിലും നിറയെ മഞ്ഞുതുള്ളികൾ.

തണുത്ത കാറ്റേറ്റ്‌ കാട്ടുവഴിയിലൂടെ കുറച്ചുദൂരം ചെന്നപ്പോൾ കുഞ്ഞികുട്ടൻ ഞെട്ടിത്തരിച്ചു നിന്നുപോയി.

വഴിക്കുകുറുകെ നീണ്ടുനിവർന്നുകിടക്കുന്നു. മഞ്ഞയും കറുപ്പും വരകളുള്ള ഒരു കൂറ്റൻ കടുവ!

കാലടിശബ്‌ദം കേട്ട്‌ കടുവ തലയുയർത്തി കുഞ്ഞിക്കുട്ടനെ തുറിച്ചുനോക്കി. തീക്കട്ടപോലുള്ള മഞ്ഞക്കണ്ണുകൾ; കടുവ മെല്ലെ എഴുന്നേറ്റ്‌ മൂരിനിവർന്ന്‌ കുഞ്ഞികുട്ടനുനേരെ തിരിഞ്ഞുനിന്നു. നീണ്ട വാൽ വിറപ്പിച്ചുകൊണ്ട്‌ കടുവ പല്ലിളിച്ചു. ചുവന്ന നാവും മഞ്ഞപ്പല്ലുകളും. കോമ്പല്ലുകൾ കഠാരപോലെ വളഞ്ഞിരുന്നു.

ധൈര്യം വീണ്ടെടുത്ത്‌ തിരിഞ്ഞോടാൻ തുടങ്ങിയ കുഞ്ഞിക്കുട്ടനെ ഒറ്റച്ചാട്ടത്തിന്‌ കടുവ തടുത്തുനിർത്തി. കുഞ്ഞിക്കുട്ടനെ കുപ്പായകോളറിൽ കടിച്ചുതൂക്കിയെടുത്തുകൊണ്ട്‌ കടുവ കാട്ടിനുള്ളിലേക്കു നടന്നു. പേടികാരണം നിലവിളിക്കാൻ പോലും കുഞ്ഞിക്കുട്ടനു കഴിഞ്ഞില്ല.

ഒരു വലിയ ഗുഹയുടെ മുന്നിലാണ്‌ കടുവ അവനെ കൊണ്ടുപോയി നിർത്തിയത്‌. കടുവയുടെ പിടിവിട്ടപ്പോൾ കുഞ്ഞിക്കുട്ടൻ നിവർന്നുനിന്ന്‌ ശ്വാസം വലിച്ചുവിട്ടു. ഇനി പേടിച്ചതുകൊണ്ടു കാര്യമില്ല. കുഞ്ഞിക്കുട്ടൻ ധൈര്യപൂർവ്വം നിവർന്നുനിന്ന്‌ കടുവയുടെ മുഖത്തേയ്‌ക്കു നോക്കി. നിവർന്നു നിന്നപ്പോൾ കുഞ്ഞിക്കുട്ടനു കടുവയോളം തലയെടുപ്പുണ്ടായിരുന്നു.

“എന്താടാ തുറിച്ചുനോക്കുന്നത്‌?” കടുവ കണ്ണുരുട്ടിക്കൊണ്ടു ചോദിച്ചു. “എങ്ങോട്ടാ രാവിലെ തന്നെ യാത്ര?”

“ഞാൻ സ്‌കൂളിലേക്കു പോവുകയാ”. കുഞ്ഞുക്കുട്ടൻ കടുവയുടെ മുഖത്തുനോട്ടമുറപ്പിച്ചുകൊണ്ട്‌ ധൈര്യം കൈവിടാതെ മറുപടി പറഞ്ഞു.

അവന്റെ ധീരമായ ശബ്‌ദം കേട്ടപ്പോൾ കടുവ ഒന്നു പതറി. ഇവൻ ആളു മോശക്കാരനല്ലല്ലോ…. ഒരലർച്ചകൊണ്ട്‌ ഇവനെയൊന്ന്‌ വിരട്ടിക്കളയാം.

കടുവ വാപൊളിച്ച്‌ ഉറക്കെ ഒന്നലറി, മരക്കൊമ്പിലിരുന്ന കാക്കകൾ ചിറകടിച്ചു പറന്നുപോയി.

കടുവയുടെ ഈ അലർച്ച തന്റെ വീട്ടിലെ അൾസേഷന്റെ കുരയുടെ അത്ര വരില്ലെന്ന്‌ കുഞ്ഞിക്കുട്ടനും മനസ്സിലായി. അതിനാൽ അവന്‌ പേടിയൊന്നും തോന്നിയില്ല. കൂസലില്ലാതെ നില്‌ക്കുന്ന കുഞ്ഞിക്കുട്ടനെക്കെണ്ട്‌ കടുവയ്‌ക്ക്‌ അദ്‌ഭുതം തോന്നി. ഇവൻ ചില്ലറക്കാരനൊന്നുമല്ലല്ലോ……..?!

“അലർച്ചകേട്ട്‌ നിനക്കുപേടിയില്ലേ?” കടുവ ചോദിച്ചു.

“ഇല്ല”

“എന്തിനാടാ നീ സ്‌കൂളിൽ പോകുന്നത്‌?”

“പഠിക്കാൻ.” കുഞ്ഞികുട്ടൻ അഭിമാനത്തോടെ പറഞ്ഞു. കടുവ കുഞ്ഞികുട്ടന്റെ മുതുകിലുള്ള ബാഗിലേക്കു നോക്കി.

“എന്താ ഈ സഞ്ചിക്കകത്ത്‌?”

“സ്ലേറ്റും പുസ്‌തകോം.”

കുഞ്ഞിക്കുട്ടൻ സ്ലേറ്റും പുസ്‌തകവും പുറത്തെടുത്ത്‌ കടുവയെ കാണിച്ചുകൊടുത്തു. സ്ലേറ്റിൽ ചോക്കുകൊണ്ട്‌ എന്തോ എഴുതിയിട്ടുള്ളത്‌ കടുവ ശ്രദ്ധിച്ചു.

“എന്താ ഈ സ്ലേറ്റിൽ എഴുതിയിരിക്കുന്നത്‌”?

“അത്‌ കോപ്പിയെഴുതിയതാ.” സ്ലേറ്റുയർത്തി കടുവയുടെ കണ്ണിനുനേരെപ്പിടിച്ച്‌ കുഞ്ഞിക്കുട്ടൻ പറഞ്ഞു സ്ലേറ്റിലേക്ക്‌ കുറേനേരം തുറിച്ചുനോക്കി കടുവ നിന്നു.

“എന്നാലതൊന്നു വായിക്കൂ….. കേൾക്കട്ടെ!”

അയ്യേ! ഈ പൊണ്ണൻ കടുവയ്‌ക്ക്‌ അക്ഷരവുമറിയില്ലേ! കുഞ്ഞിക്കുട്ടന്‌ ഉള്ളിൽ ചിരിവന്നു. അവൻ സ്ലേറ്റിലേക്കു നോക്കി ഉറക്കെ വായിച്ചു.

“ഗതികെട്ടാൽ പുലി പുല്ലും നിന്നും!”

“ങേ!”

കടുവ ഒന്നു ഞെട്ടി. ഗതികെട്ടാൽ പുലി പുല്ലും തിന്നുമെന്നോ? നമ്മുടെ വർഗ്ഗത്തെത്തന്നെ അധിക്ഷേപിക്കുന്നതല്ലേ ഇത്‌? കടുവയുടെ കണ്ണുകൾ കോപംകൊണ്ടു ചുവന്ന മീശകൾ വിറച്ചു. മേൽചുണ്ടുയർത്തി കഠാര പോലുള്ള പല്ലുകൾ ഇളിച്ചുകാട്ടി കടുവ മുരണ്ടു.

സ്‌കൂളിൽ നിന്ന്‌ ഇതാണ്‌ പഠിക്കുന്നത്‌. അല്ലേ! എടാ….. നീയിനി സ്‌കൂളിൽ പോകണ്ട…… ഇപ്പോൾത്തന്നെ നിന്നെ ഞാൻ പിടിച്ചു തിന്നാൻ പോവുകയാണ്‌.“

കുഞ്ഞിക്കുട്ടനെ നോക്കി കടുവ വീണ്ടും മുരണ്ടു. കടുവയുടെ മുരൾച്ചകേട്ടപ്പോൾ കുഞ്ഞിക്കുട്ടനു ചിരിയാണു വന്നത്‌. വീട്ടിൽ കട്ടുതിന്നാൻ വരുന്ന കണ്ടൻ പൂച്ചയുടെ ഒരു വലിയ പതിപ്പ്‌…… ഏതായാലും അക്ഷരംപോലുമറിയാത്ത ഈ മണ്ടൻ കടുവയെ എളുപ്പം പറ്റിക്കാമെന്ന്‌ കുഞ്ഞിക്കുട്ടനു തോന്നി.

”അയ്യോ….. കടുവച്ചേട്ടാ! ചേട്ടനെന്നെ തിന്നാൻ പറ്റില്ലല്ലോ!“ കുഞ്ഞിക്കുട്ടൻ ചിരിച്ചുകൊണ്ടു പറഞ്ഞു. കടുവ അദ്‌ഭുതപ്പെട്ടു. ഈ പിക്കിരിപ്പയ്യനെ എനിക്ക്‌ തിന്നാൻ പറ്റില്ലെന്നോ? ഇവനെന്തു ധൈര്യം?

”അതെന്താടാ നിന്നെ തിന്നാൻ പറ്റാത്തത്‌?

“ഈ ചെറിയ വായകൊണ്ട്‌ ചേട്ടൻ എങ്ങനെയാണ്‌ എന്നെ തിന്നുന്നത്‌?

കുഞ്ഞിക്കുട്ടൻ നിർഭയനായി കടുവയുടെ മുന്നിൽ നെഞ്ചുവിരിച്ചു നിന്നു. അവന്റെ ഉയർന്ന ശിരസ്സും ഉറച്ച നോട്ടവും കണ്ടപ്പോൾ കടുവ അല്‌പം പതറാതിരുന്നില്ല.

”എന്റെ വായ അത്ര ചെറുതൊന്നുമല്ല. നിന്നെ മാത്രമല്ല. നിന്റെ അപ്പൂപ്പനേയും എനിക്കു തിന്നാൻ കഴിയും.“

കടുവയുടെ വീമ്പിളക്കൽ കേട്ട്‌ കുഞ്ഞിക്കുട്ടൻ പുഞ്ചിരിച്ചു. നിരായുധനായി ഒരു സിംഹത്തെകൊന്ന്‌ തോലുപൊളിച്ചെടുത്ത അപ്പൂപ്പനെ ഓർത്തപ്പോൾ കുഞ്ഞിക്കുട്ടനു ധൈര്യം ഇരട്ടിച്ചു.

”എന്നാലതൊന്നു കാണട്ടെ. കടുവച്ചേട്ടന്റെ വായ എത്ര വലുതാണെന്ന്‌.“

കുഞ്ഞിക്കുട്ടൻ കുടുവയെ വെല്ലുവിളിച്ചു.

കടുവ വെല്ലുവിളി സ്വീകരിച്ചു. ഇവനെയൊന്ന്‌ പേടിപ്പിച്ചിട്ടുതന്നെ കാര്യം. ഏതായാലും നല്ല വിശപ്പുണ്ട്‌. മനുഷ്യക്കുട്ടിയെങ്കിൽ മനുഷ്യക്കുട്ടി. മാനിറച്ചിയൊന്നും ഇനിയുള്ളകാലം കിട്ടാൻ പോകുന്നില്ല. എല്ലാം മനുഷ്യർ വേട്ടയായി മുടിച്ചു കളഞ്ഞില്ലേ!

കടുവ തന്റെ വായ കുഞ്ഞിക്കുട്ടന്റെ മുന്നിൽ തുറന്നു കാട്ടി. ഗുഹപോലെ ഇരുണ്ട ഉൾവശം. കൂർത്തുതിളങ്ങുന്ന പല്ലുകൾ ചുവന്ന നാക്ക്‌.

”ഓ! ഇത്രയേ ഉള്ളൂ?!“ നിസ്സാരഭാവത്തിൽ കുഞ്ഞിക്കുട്ടൻ ചോദിച്ചു.

കടുവ വായ കൂടുതൽ വിശാലമായി തുറന്നു പിടിച്ചു. മനുഷ്യന്റെ തല സുഖമായി കടത്താം. ഇതുതന്നെ അവസരം!

കുഞ്ഞിക്കുട്ടൻ സ്ലേറ്റെടുത്ത്‌ കടുവയുടെ വായിലേക്ക്‌ കുത്തിത്തിരുകിക്കയറ്റി വെച്ചു. സ്ലേറ്റ്‌ കടുവയുടെ വായിൽ ഫിറ്റ്‌!

പാവം കടുവ! വായ പൂട്ടാൻ കഴിയാതെ തലകുടഞ്ഞുകുടഞ്ഞ്‌ അവൻ മറിഞ്ഞുവീണു. മുൻകാലുകളും പിൻകാലുകളുമുപയോഗിച്ച്‌ സ്ലേറ്റുപുറത്തെടുക്കാൻ ശ്രമിച്ചുകൊണ്ട്‌ കടുവ മണ്ണിൽകിടന്നുരുണ്ടു. സ്ലേറ്റിലെ അക്ഷരങ്ങൾ നാവിലെ ഉമിനീരുപുരണ്ട്‌ മാഞ്ഞുതുടങ്ങി. ‘പുലി പുല്ലും തിന്നും!…..

”നാലക്ഷരം നാവിൽ പുരണ്ടാൽ അത്രയെങ്കിലും വിവരം വെയ്‌ക്കും.“

കടുവയ്‌ക്കു സലാം പറഞ്ഞുകൊണ്ട്‌ കുഞ്ഞിക്കുട്ടൻ കാട്ടുവഴിയിലൂടെ സ്‌കൂളിലേക്കു വെച്ചുപിടിച്ചു.

Generated from archived content: kattu1_mar11_10.html Author: subramahnyan_kuttikol

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English