പുലിങ്ങോട്ടുകരയിൽ ഒരു ഉണ്ണിപ്പുലിയാരും അവന്റെ അമ്മപ്പുലിയാരുംകൂടി സുഖമായി പാർത്തിരുന്നു. അമ്മപ്പുലിയാർക്ക് ഉണ്ണിപ്പുലിയാരോടു വലിയ പുന്നാരമായിരുന്നു.
ഒരു ദിവസം ഉണ്ണിപ്പുലിയാർക്ക് കാടു മുഴുവൻ ഒന്നു ചുറ്റിക്കാണണമെന്ന് ആശ തോന്നി. അവൻ പുറപ്പെട്ടപ്പോൾ അമ്മപ്പലിയാരു പറഞ്ഞുഃ
“മകനേ പുലിയുണ്ണീ, നമുക്ക് ഈ പെരുങ്കാട്ടിൽ ആരെയും പേടിക്കാനില്ല. എങ്കിലും നാട്ടിൽനിന്ന് ഇടയ്‌ക്കിടെ മനുഷ്യൻ എന്നു പേരുളള ഒരു ജന്തു വരും. അവൻ നമ്മുടെ ശത്രുവാണ്. അവനെ കണ്ടാൽ സൂക്ഷിക്കണം.”
ഇതുകേട്ട് ഉണ്ണിപ്പുലിയാർക്കു വല്ലാത്ത പേടി തോന്നി. എങ്കിലും മനുഷ്യനെന്ന ജന്തുവിനെ ഒന്നു നേരിൽ കാണാൻതന്നെ അവൻ തീരുമാനിച്ചു. മനുഷ്യനെ അന്വേഷിച്ച് അവൻ പെരുങ്കാട്ടിലൂടെ പാത്തും പതുങ്ങിയും യാത്രയായി. കുറച്ചുദൂരം നടന്നു.
പുല്ലാർക്കാട്ടെത്തിയപ്പോഴതാ നീണ്ട ചെവിയും നീളൻ മീശയുമുളള ഒരു ജന്തു ഓടിച്ചാടി വരുന്നു!
ഉണ്ണിപ്പുലിയാര് തെല്ലു ധൈര്യത്തോടെ ആ ജന്തുവിനോടു ചോദിച്ചുഃ
“എടോ മീശക്കാരാ, അവിടെ നിന്നാട്ടെ. നീയാണോ മനുഷ്യൻ?”
“അയ്യെടാ കേമാ…..! ഇനെന്തു ചോദ്യം? ഞാൻ മനുഷ്യനല്ല. നിസ്സാരനായ ഒരു മുയൽക്കുട്ടി മാത്രം. മനുഷ്യൻ എന്നെക്കാൾ എത്രയോ വലിയവനാണ്.” കണ്ണപ്പൻ മുയലിനു ചിരി വന്നു.
ഇതുകേട്ട് ഉണ്ണിപ്പുലിയാരു പിന്നെയും യാത്രയായി. കുറച്ചു ദൂരം നടന്നു പനങ്ങോട്ടുദേശത്തെത്തിയപ്പോഴതാ നീണ്ടു നിവർന്ന ഒരു ഒറ്റത്തടിയൻ കാറ്റത്തു തലയുമാട്ടി നില്‌ക്കുന്നു!
ഉണ്ണിപ്പുലിയാര് ഒട്ടും കൂസാതെ ആ ഒറ്റത്തടിയനോടു ചോദിച്ചുഃ
“എടോ ഒറ്റത്തടിയാ! അനങ്ങാതവിടെ നിന്നാട്ടെ. നീയാണോ മനുഷ്യൻ?”
“അമ്പട പുലിയാ…! ഇതെന്തു ചോദ്യം? ഞാൻ മനുഷ്യനല്ല. ഈ വഴിവക്കത്തു വളരുന്ന ഒരു കരിമ്പനയാണ്. മനുഷ്യനു കൈയും കാലുമൊക്കെയുണ്ട്. അവന് എവിടെയും നടക്കാൻ കഴിയും.” കരിമ്പന കാറ്റത്തു വീണ്ടും തലയാട്ടാൻ തുടങ്ങി.
ഇതു കേട്ട് ഉണ്ണിപ്പുലിയാരു പിന്നെയും യാത്രയായി. കുറച്ചുദൂരം നടന്നു മങ്കിസ്ഥാനിലെത്തിയപ്പോഴതാ കൈയും കാലും വലിച്ചുവെച്ച് ഒരു ജന്തു കാട്ടുമരത്തിന്റെ കൊമ്പിലൂടെ നടക്കുന്നു! ഉണ്ണിപ്പുലിയാരു ചോദിച്ചുഃ
“എടോ ഇരുകാലീ….. അവിടെ നിന്നാട്ടെ. നീയാണോ മനുഷ്യൻ?”
“എന്റെ ദൈവമേ!…… ഇതെന്തു ചോദ്യം? ഞാൻ മനുഷ്യനല്ല, കുരങ്ങനാണ്. കാഴ്‌ചയിൽ മനുഷ്യനെപ്പോലിരിക്കും. എങ്കിലും എനിക്കു വാലുണ്ട്. മനുഷ്യനു വാലില്ല.”
മാണിക്കൻ കുരങ്ങൻ മരക്കൊമ്പിൽ നിന്നു വാലുകുലുക്കാൻ തുടങ്ങി. ഇതു കേട്ട് ഉണ്ണിപ്പുലിയാരു പറഞ്ഞുഃ
“എന്തുവന്നാലും ഞാൻ മനുഷ്യനെ കണ്ടുപിടിച്ചിട്ടേ മടങ്ങുന്നുളളൂ.”
“എന്നാൽ നിന്നെ സഹായിക്കാൻ ഞാനും പോരാം.” മാണിക്കൻ കുരങ്ങൻ ഉണ്ണിപ്പുലിയാരുടെ കൂടെ യാത്രയായി.
കുറച്ചുദൂരം ചെന്നപ്പോൾ വാലില്ലാത്ത ഒരു ഇരുകാലി ഏറുമാടത്തിലിരുന്ന് പക്ഷികളെ വേട്ടയാടുന്നതു മാണിക്കൻ കുരങ്ങൻ കണ്ടു. മാണിക്കൻ കുരങ്ങൻ പറഞ്ഞുഃ
“അതാ, അക്കാണുന്ന ഏറുമാടത്തിൽ ഒരു മനുഷ്യൻ ഉണ്ടെന്നു തോന്നുന്നു. നീ അങ്ങോട്ടു ചെന്നോളൂ. ഞാൻ ഈ മരക്കൊമ്പിൽ ഇരുന്നോളാം.”
ഇതുകേട്ട് ഉണ്ണിപ്പുലിയാരു സന്തോഷത്തോടെ ഏറുമാടത്തിന്റെ അരികിലേക്കു ചെന്നു. അവൻ വലിയ ഗമയിൽ നിന്നിട്ടു ചോദിച്ചുഃ
“എടോ പെരുങ്കാലാ! ഇറങ്ങി വന്നാട്ടെ… നീയാണോ മനുഷ്യൻ?”
“അതെ, ഞാനാണു മനുഷ്യൻ. നിനക്കെന്തു വേണം?” മനുഷ്യൻ അന്വേഷിച്ചുഃ
ഉണ്ണിപ്പുലിയാര് ഉറക്കെ മുരണ്ടുകൊണ്ടു പറഞ്ഞുഃ
“നീ എന്റെ ശത്രുവാണ് എന്റെ അമ്മപ്പുലിയാരു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാൻ നിന്നെ മാന്തിക്കീറി തിന്നാൻ പോവുകയാണ്.”
“എന്തെടാ വീരാ! അത്രയ്‌ക്കായോ? മനുഷ്യനെ തിന്നാൻ വെറുമൊരു പുളളിപ്പുലിയോ?” – എന്നു പറഞ്ഞിട്ട് തന്റെ കൈയിലിരുന്ന വലയെടുത്ത് ഉണ്ണിപ്പുലിയാരുടെ നേരെ വീശി. ഉണ്ണിപ്പുലിയാര് അയാളുടെ വലയിൽ കുടുങ്ങി. അവൻ വലയ്‌ക്കുളളിൽക്കിടന്നു പിടയാൻ തുടങ്ങി. എങ്കിലും അവൻ ധൈര്യം വിടാതെ പറഞ്ഞുഃ
“എന്നെ പിടിച്ചവന്റെ കഥ കഴിക്കാൻ എന്റെ അമ്മപ്പുലിയാരു പിന്നാലെ വരുന്നുണ്ട്.”
ഇതുകേട്ട് പേടിച്ച പക്ഷിവേട്ടക്കാരൻ ഉണ്ണിപ്പുലിയാരെയും കൊണ്ടു കടന്നുകളയാൻ നോക്കി.
ഇതിനിടയിൽ മരക്കൊമ്പിൽ ഒളിച്ചിരുന്ന മാണിക്കൻ കുരങ്ങൻ പാത്തും പതുങ്ങിയും വന്ന് ആ മനുഷ്യന്റെ പുറത്തേക്കു ചാടി.
അമ്മപ്പുലിയാരാണു തന്റെ പുറത്തു ചാടിവീണിരിക്കുന്നതെന്നാണു മനുഷ്യൻ വിചാരിച്ചത്. ഉണ്ണിപ്പുലിയാരെ അവിടെത്തന്നെ ഇട്ടിട്ട് അയാൾ പേടിച്ചുവിറച്ചു കരഞ്ഞുകൊണ്ട് എവിടെയോ ഓടി ഒളിച്ചു. പിന്നെ അയാൾ അതുവഴി വന്നതേയില്ല. ഈ തക്കം നോക്കി മാണിക്കൻ കുരങ്ങൻ മടങ്ങിവന്നു വല അറുത്തുമുറിച്ച് ഉണ്ണിപ്പുലിയാരെ രക്ഷിച്ചു.
മാണിക്കൻ കുരങ്ങൻ ചിരിച്ചുകൊണ്ടു ചോദിച്ചുഃ
“എങ്ങനെയുണ്ട് മനുഷ്യൻ?”
“എന്തുപറയാൻ? വെറും പേടിത്തൊണ്ടൻ……..! ഓടിയ ഓട്ടം കണ്ടില്ലേ…..?
ഉണ്ണിപുലിയാരും കുലുങ്ങിചിരിക്കാൻ തുടങ്ങി.
മനുഷ്യനെ നിസ്സാരവിദ്യകൊണ്ടു തോല്‌പിച്ചതിൽ ഇരുവർക്കും വലിയ സന്തോഷം തോന്നി.
അവർ ഒരു പാറപ്പുറത്തു കയറി നിന്ന് ഉറക്കെ പാട്ടുപാടി നൃത്തംവെച്ചുഃ
”മനുഷ്യനെന്നാലയ്യോ – വെറുമൊരു
പേടിത്തൊണ്ടൻ മരമണ്ടൻ….!
ഉണ്ണിപ്പുലിയെ കണ്ടാൽപ്പോലും
മണ്ടിയൊളിക്കും പെരുമണ്ടൻ!“
Generated from archived content: unnipuli.html Author: sippi_pallipuram