ചൂടുളള രണ്ടടി

എത്ര നേരമായി താൻ ശിഷ്യന്മാരെയും കാത്ത്‌ ഈ മുറിയിലിരിക്കുന്നു… പഠനം തുടങ്ങേണ്ട സമയം ഏറെ അതിക്രമിച്ചു. എന്നിട്ടും അവർ വരുന്നില്ലല്ലോ?…

ഗുരുനാഥനു വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി. ഒരുപക്ഷെ രാജകുമാരന്മാരാണെന്ന ധിക്കാരം കൊണ്ടായിരിക്കാം അവർ തന്നോട്‌ ഇപ്രകാരം പെരുമാറുന്നത്‌. എല്ലാം സഹിക്കുകതന്നെ!…

കൊത്തുപണികളാൽ നിറഞ്ഞ അതിമോഹം കൊട്ടാരത്തിലെ പഠനമുറിയിൽ ഗുരുനാഥൻ ശിഷ്യന്മാരുടെ വരവും പ്രതീക്ഷിച്ചുകൊണ്ട്‌ കാതോർത്തിരുന്നു.

ബാഗ്‌ദാദിലെ ചക്രവർത്തിയായ ഹാരൂൺ റഷീദിന്റെ കൊട്ടാരമായിരുന്നു അത്‌. രാജകുമാരൻമാരായ അമീനേയും മഹമൂനേയും പഠിപ്പിക്കുന്നതിനുവേണ്ടിയാണ്‌ ഗുരുനാഥൻ അവിടെവന്ന്‌ കാത്തിരുന്നത്‌. അമീൻ അധികം വൈകാതെ അവിടെ എത്തിച്ചേർന്നു. എന്നാൽ മഹമൂൻ അങ്ങോട്ടു വന്നതേയില്ല. അവൻ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ കളിച്ചുല്ലസിച്ചുനടന്നു.

ഒടുവിൽ ഗുരുനാഥനു ക്ഷമകെട്ടു. അദ്ദേഹം മഹമൂനെ ആളയച്ചു വിളിപ്പിച്ചു. വന്നപ്പോൾ ഗുരു അവന്റെ തുടയിൽ നല്ല ചൂടുളള രണ്ടടി കൊടുത്തു! വേദനകൊണ്ട്‌ അവൻ വല്ലാതെ പുളഞ്ഞുപോയി.

മഹമൂൻ ഉറക്കെ കരഞ്ഞു. അവന്റെ കണ്ണിൽ നിന്ന്‌ ‘കുടുകുടാന്ന്‌’ വെളളം പുറത്തേക്കു ചാടി.

ഇതിനിടയിൽ ഗുരുനാഥൻ പാഠമെടുക്കാൻ തുടങ്ങിയിരുന്നു. കരച്ചിലിന്റെ ശബ്‌ദം കേട്ട്‌ ഹാരൂൺ റഷീദിന്റെ പ്രധാനമന്ത്രി വിവരം അന്വേഷിക്കാൻ അവിടെ വന്നു. പക്ഷെ ഗുരുനാഥൻ ചെയ്‌തതിനെക്കുറിച്ച്‌ മഹമൂൻ ഒരക്ഷരം പോലും അദ്ദേഹത്തോട്‌ ഉരിയാടിയില്ല. ഗുരുവിന്‌ വല്ലാത്ത അത്ഭുതം തോന്നി. അദ്ദേഹം ചോദിച്ചുഃ

“മഹമൂൻ, ഞാൻ നിന്നെ തല്ലിയ വിവരം എന്തുകൊണ്ടാണ്‌ നീ പ്രധാനമന്ത്രിയോട്‌ പറയാതിരുന്നത്‌? നിനക്ക്‌ ഇക്കാര്യത്തിൽ യാതൊരു പരാതിയും തോന്നിയില്ലേ?”

“ഇല്ല ഗുരോ ഇല്ല!… എനിക്കു യാതൊരു പരാതിയുമില്ല. അങ്ങ്‌ എന്നെ തല്ലിയത്‌ എന്റെ നന്മയ്‌ക്കു വേണ്ടിയാണെന്നു ഞാൻ നന്നായി മനസ്സിലാക്കുന്നു.” മഹമൂൻ തന്റെ കണ്ണുകൾ തുടച്ചുകൊണ്ട്‌ പറഞ്ഞുഃ

“അപ്പോൾ സ്വന്തം പിതാവിനോടുപോലും നീ ഇതേക്കുറിച്ച്‌ പറയില്ലെന്നാണോ?” ഗുരുനാഥൻ ആരാഞ്ഞു.

“തീർച്ചയായും പറയില്ല. അങ്ങയെക്കുറിച്ച്‌ സ്‌നേഹാദരങ്ങളല്ലാതെ മറ്റൊന്നും എന്റെ ഹൃദയത്തിലില്ല.” മഹമൂൻ മൃദുവായ സ്വരത്തിൽ അറിയിച്ചു.

ഈ സംഭവത്തോടെ ഗുരുനാഥന്‌ തന്റെ ശിഷ്യരെക്കുറിച്ച്‌ മനസ്സിലുണ്ടായിരുന്ന തെറ്റിദ്ധാരണകൾ നീങ്ങി. രാജകുമാരന്മാരാണെന്ന ഭാവം അവരിൽ ലവലേശം പോലും ഇല്ലെന്ന്‌ അദ്ദേഹത്തിനു ബോധ്യമായി.

അമീനും മഹമൂനും വളരെ വിനയത്തോടും താല്‌പര്യത്തോടുംകൂടി ഗുരുവചനങ്ങൾ കേട്ടുപഠിച്ചു. അവർ സൽസ്വഭാവികളായി വളർന്നു.

നാളുകൾ കുറെ കടന്നുപോയി. ഗുരുവിനോടുളള അവരുടെ സ്‌നേഹബഹുമാനങ്ങൾക്ക്‌ അതിരില്ലാതായി. ഏതു വിധേയയാണ്‌ ഗുരുവിനെ സന്തോഷിപ്പിക്കേണ്ടതെന്ന്‌ അവർ ഓരോരുത്തരും ചിന്തിച്ചുകൊണ്ടേയിരുന്നു.

അന്നൊരിക്കൽ ഗുരുനാഥൻ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു. പെട്ടെന്ന്‌ എന്തോ അത്യാവശ്യകാര്യത്തിനായി അദ്ദേഹം പുറത്തുപോകാൻ ഭാവിച്ചു. ഈ സമയത്ത്‌ അമീനും, മഹമൂനും മത്സരബുദ്ധിയോടെ ഓടിച്ചെന്ന്‌ ഗുരുവിന്റെ ചെരിപ്പുകൾ നേരെവച്ചു കൊടുക്കുവാൻ ഒരുമ്പെട്ടു. ഇതുകണ്ട്‌ ഗുരു പറഞ്ഞുഃ

“പ്രിയ ശിഷ്യരെ, മത്സരമൊന്നും വേണ്ട. നിങ്ങൾക്കു രണ്ടുപേർക്കും എന്നോടുളള സ്‌നേഹവും ആദരവും തുല്യമാണെന്നു ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ട്‌ നിങ്ങൾ രണ്ടുപേരും ഓരോ ചെരുപ്പ്‌ നേരെയാക്കി വെയ്‌ക്കുക.”

ശിഷ്യന്മാർ അപ്രകാരം ചെയ്‌തു. ഗുരുവിന്റെ മനസ്സിൽ അഭിമാനവും സ്‌നേഹവും അലതല്ലി. അവരെ അനുഗ്രഹിച്ചിട്ട്‌ അദ്ദേഹം മെല്ലെ ഇറങ്ങി നടന്നു.

Generated from archived content: unnikatha_may6_08.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപഠിപ്പും പണവും
Next articleമനുഷ്യ സ്വഭാവം
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here