“ഉണ്ണീ വിഷ്‌ണുദത്താ, നിനക്കു വിദ്യ അഭ്യസിക്കേണ്ട കാലമായി. അതുകൊണ്ട് ഉടനെ പുറപ്പെടാനൊരുങ്ങുക.”
ബ്രഹ്‌മദത്തരാജാവ് തന്റെ മകന്റെ തോളിൽ കൈവച്ചുകൊണ്ട് അറിയിച്ചു.
“എവിടേക്കാണച്ഛാ ഞാൻ പോകേണ്ടത്?” വിഷ്‌ണുദത്തൻ അച്‌ഛന്റെ മുഖത്തേക്കു ആകാംക്ഷയോടെ നോക്കി.
“നിന്നെ തക്ഷശിലയിലേക്ക് അയക്കണമെന്നാണ് നമ്മുടെ ആഗ്രഹം. അവിടത്തെ ഗുരുകുലങ്ങൾ പേരും പെരുമയും ആർജിച്ചവയാണ്!”
അച്‌ഛൻ വിദശമാക്കിക്കൊടുത്തു.
“ശരി അച്ഛാ, എല്ലാം അങ്ങയുടെ അഭീഷ്‌ടം പോലെ.” വിഷ്‌ണുദത്തൻ അച്‌ഛന്റെ വാക്കുകൾ അതേപടി അനുസരിച്ചു.
കാശിയിലെ രാജാവായിരുന്നു ബ്രഹ്‌മദത്തൻ. തനിക്കുശേഷം രാജ്യം ഭരിക്കേണ്ട മകൻ സകലഗുണങ്ങളും തികഞ്ഞവനായിരിക്കണമെന്നു ബ്രഹ്‌മദത്തനു വളരെ നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് മകനെ തക്ഷശിലയിലേക്കുതന്നെ അയക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്. അക്കാലത്ത് ഭാരതത്തിലെ ഏറ്റവും കീർത്തികേട്ട വിദ്യാകേന്ദ്രങ്ങളിൽ ഒന്നായിരുന്നു തക്ഷശില.
വിഷ്‌ണുദത്തൻ ഒട്ടും താമസിയാതെ തക്ഷശിലയിലേക്കു പുറപ്പെടാനുളള ഒരുക്കങ്ങൾ പൂർത്തിയാക്കി. രാജകുമാരനോടൊപ്പം അങ്ങോട്ടു പുറപ്പെടാൻ മറ്റു ചില വിദ്യാർത്ഥികൾ കൂടി ഉണ്ടായിരുന്നു.
വിഷ്‌ണുദത്തൻ അച്‌ഛന്റെയും അമ്മയുടെയും പാദങ്ങൾ തൊട്ടുവന്ദിച്ചശേഷം, അവരോടു യാത്ര ചോദിച്ചു.
അപ്പോൾ അമ്മ പറഞ്ഞു.
“ഉണ്ണീ, കൊട്ടാരത്തിൽ വളർന്ന നീ ഗുരുവിന്റെ കുടിലിലേക്കാണു പോകുന്നത്. അവിടെ ഗുരുവിനേക്കാൾ വലിയവരായി ആരുമില്ല. കൺകണ്ട ദൈവമാണു ഗുരു!”
“അതെനിക്കറിയാമമ്മേ.” വിഷ്‌ണുദത്തൻ അമ്മയെ ആശ്വസിപ്പിച്ചു.
“ഗുരുവചനങ്ങൾ കേട്ടും, ഗുരു നൽകുന്നതുമാത്രം തിന്നും ഒരു നല്ല കുട്ടിയായി നീ വളരണം. എളിമ ഒരിക്കലും കൈവിടരുത്.” അമ്മ വീണ്ടും ഓർമ്മപ്പെടുത്തി.
വിഷ്‌ണുദത്തനും കൂട്ടുകാരും വളരെ ദൂരം സഞ്ചരിച്ച് ഭാരതത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതിചെയ്യുന്ന തക്ഷശിലയിലെത്തിച്ചേർന്നു.
ഗുരുകുലത്തിൽവെച്ച് ഗുരു വിഷ്‌ണുദത്തനോട് അവനെക്കുറിച്ചുളള വിവരങ്ങൾ ആരാഞ്ഞു.
താൻ കാശിയിലെ രാജാവായ ബ്രഹ്‌മദത്തന്റെ മകനാണെന്നും, ഗുരുവിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ജീവിക്കാനാണ് ഇവിടെ വന്നിരിക്കുന്നതെന്നും വിഷ്‌ണുദത്തൻ അറിയിച്ചു.
അവന്റെ തെളിമയുളള വാക്കുകളും എളിമയുളള പെരുമാറ്റവും ഗുരുവിനെ അങ്ങേയറ്റം ആകർഷിച്ചു. അദ്ദേഹം തന്റെ വിനീതശിഷ്യന്മാരിൽ ഒരാളായി അവനെ അന്നുതന്നെ സ്വീകരിച്ചു.
ഗുരുകുലത്തിൽ പലതരത്തിലുളള കുട്ടികളുണ്ടായിരുന്നു. എങ്കിലും ഉളളവന്റെ മക്കൾക്കും ഇല്ലാത്തവന്റെ മക്കൾക്കും അവിടെ ഒരേ സ്ഥാനമായിരുന്നു. രാജകുമാരനും യാചകന്റെ മകനും ഒരേ ഭക്ഷണമായിരുന്നു അവിടെ ലഭിച്ചിരുന്നത്.
പകൽ മുഴുവൻ പലവിധ ജോലികളാണ്. ചിലപ്പോൾ കൃഷിപ്പണികൾ ചെയ്യണം. മറ്റു ചിലപ്പോൾ വിറകു കീറണം. വേറെ ചിലപ്പോൾ കാലികളെ മേയ്‌ക്കാൻ കാട്ടിൽ പോകണം. ഇതൊന്നുമല്ലെങ്കിൽ അടുക്കളയിൽ ഗുരുപത്‌നിയെ സഹായിച്ചുകൊടുക്കണം.
പഠനകാര്യങ്ങൾ കൂടുതലായും രാത്രികാലങ്ങളിലാണ് നടന്നിരുന്നത്. വിഷ്‌ണുദത്തൻ കൂടുതൽ ശ്രദ്ധയോടും അനുസരണയോടും കൂടി എല്ലാം ചെയ്‌തുവന്നു.
ഗ്രീഷ്‌മവും ശരത്തും ഹേമന്തവും ശിശിരവും വസന്തവുമെല്ലാം പലവട്ടം കടന്നുപോയി.
ഗുരുവിനു വിഷ്‌ണുദത്തനോട് അതിരറ്റ വിശ്വാസവും സ്‌നേഹവുമുണ്ടായിരുന്നു. അതുകൊണ്ട് ദിവസവും കുളിക്കാൻ പോകുമ്പോൾ ഗുരു കൂടെക്കൊണ്ടുപോയിരുന്നത് അവനെയായിരുന്നു. ഇഞ്ചയും താളിയും കുഴമ്പും തോർത്തുമുണ്ടുമൊക്കെയായി ആ ശിഷ്യൻ ഗുരുവിനെ പിൻതുടരും.
കുളക്കടവിലേക്കു പോകുന്ന വഴിയുടെ അരികിൽ ഒരു ചെറിയ അങ്ങാടിയുണ്ടായിരുന്നു. അവിടെ ഒരു അപ്പക്കച്ചവടക്കാരനിരുന്ന് അപ്പം വിൽക്കാറുണ്ട്. വല്ലപ്പോഴുമൊക്കെ ആ അപ്പക്കച്ചവടക്കാരൻ വിഷ്‌ണുദത്തന്റെ മുഖത്തു നോക്കി ഒന്നു ചിരിക്കുകയും ചെയ്യും.
ഒരു ദിവസം വിഷ്‌ണുദത്തൻ സൂത്രത്തിൽ ഒരപ്പം ആ കുട്ടയിൽ നിന്നു തട്ടിയെടുത്തു. കച്ചവടക്കാരൻ അതുകണ്ടെങ്കിലും ‘കുട്ടിക്കു വിശന്നിട്ടായിരിക്കും’ എന്നു കരുതി ക്ഷമിച്ചു. പക്ഷെ, രണ്ടാംദിവസം അവൻ രണ്ടപ്പം കൈയിലാക്കി. മൂന്നാംദിവസം ഒന്നും രണ്ടുമല്ല; കൈനിറയെ വാരിയെടുത്തു.
പാവം അപ്പക്കച്ചവടക്കാരൻ! അയാൾ ഇതുകണ്ട് പൊട്ടിക്കരഞ്ഞു പോയി. കരച്ചിൽ കേട്ട് ഗുരു തിരിഞ്ഞുനോക്കി. “എന്താ? എന്തുപറ്റി?” ഗുരു അപ്പക്കച്ചവടക്കാരനോടു ചോദിച്ചു.
“പൊന്നൊടേതേ!…. അടിയൻ ഒരു ദരിദ്രനാരായണനാണ്. അഞ്ചാറു കുഞ്ഞുമക്കളുമുണ്ട്. അവരെ പോറ്റാൻ ഈ അപ്പക്കച്ചവടം മാത്രമേ ഉളളൂ. അങ്ങയുടെ ശിഷ്യൻ ഒരപ്പമെടുത്തപ്പോൾ ഞാൻ ക്ഷമിച്ചു. രണ്ടെണ്ണമെടുത്തപ്പോഴും മിണ്ടിയില്ല. ഇന്നിതാ കൈനിറയെ വാരിയെടുത്തിരിക്കുന്നു. ഇങ്ങനെയായാൽ അടിയന്റെ അപ്പക്കച്ചവടം പൂട്ടും.. ” അയാൾ പിന്നെയും കരയാൻ തുടങ്ങി. ഗുരു അയാളെ സാന്ത്വനപ്പെടുത്തി. പിന്നെ ഒരക്ഷരം മിണ്ടാതെ ശിഷ്യനോടൊപ്പം കുളിക്കടവിലേക്കു പോയി.
കുളി കഴിഞ്ഞു മടങ്ങുമ്പോഴും ഗുരു അവനെ ശകാരിക്കുകയോ തല്ലുകയോ ഉപദേശിക്കുകയോ ചെയ്‌തില്ല. വിഷ്‌ണുദത്തന്റെ നെഞ്ച് പെരുമ്പറപോലെ മുഴങ്ങുന്നുണ്ടായിരുന്നു.
ഗുരുകുലത്തിൽ എത്തിയ ഉടനെ അദ്ദേഹം വിഷ്‌ണുദത്തനെ വിളിച്ചു. മേൽക്കൂരയിൽ തിരുകി വച്ചിരുന്ന ചൂരൽ കൈയിലെടുത്തു.
“മേലിൽ ഒരാളുടെയും ഒന്നും മോഷ്‌ടിക്കരുത്.” ഗുരു വിഷ്‌ണുദത്തന്റെ തുടയിൽ മൂന്നുവട്ടം ആഞ്ഞടിച്ചു.
അവൻ വേദനകൊണ്ട് ഉറക്കെക്കരഞ്ഞു. എങ്കിലും കണ്ണുകൾ ദേഷ്യം കൊണ്ട് തീക്കനൽ പോലെ തിളങ്ങി. കാശിയിലെ രാജകുമാരനെ ശിക്ഷിക്കാൻ ഒരു ഭിക്ഷാംദേഹിയോ?
അവന്റെ മനസ്സിൽ ഒരു വിഷപ്പാമ്പ് തല നിവർത്തിപ്പുളഞ്ഞു.
വർഷങ്ങൾ പിന്നെയും കടന്നുപോയി. വിഷ്‌ണുദത്തന്റെ പഠനം പൂർത്തിയായി. ഇനി കൊട്ടാരത്തിലേക്ക് തിരിച്ചു പൊയ്‌ക്കൊളളാൻ ഗുരു ആജ്ഞാപിച്ചു.
വിഷ്‌ണുദത്തൻ പെട്ടിയും കിടക്കയുമായി കാശിയിലെ കൊട്ടാരത്തിലേക്കു മടങ്ങി. ഏറെ താമസിയാതെ ബ്രഹ്‌മദത്തരാജാവ് നാടുനീങ്ങി. അച്‌ഛന്റെ കിരീടവും ചെങ്കോലും വിഷ്‌ണുദത്തൻ ഏറ്റുവാങ്ങി. കാശിയിലെ പുതിയ രാജാവായി അയാൾ സ്ഥാനമേറ്റു.
സ്ഥാനമേറ്റതിന്റെ പിറ്റേ ആഴ്‌ച വിഷ്‌ണുദത്തൻ ഒരു കത്തുമായി തക്ഷശിലയിലേക്ക് ഒരു ദൂതനെ അയച്ചു. തന്റെ പഴയ ഗുരുവിനെ കൊട്ടാരത്തിലേക്കു ക്ഷണിച്ചുകൊണ്ടുളളതായിരുന്നു ആ കത്ത്.
മനസ്സു നിറയെ അഭിമാനത്തോടും സന്തോഷത്തോടും കൂടി ഗുരു തന്റെ ശിഷ്യനായ കാശിരാജാവിന്റെ കൊട്ടാരത്തിലേക്ക് യാത്രയായി. രാജാവും പ്രജകളും ചേർന്നു ഗുരുവായ തന്നെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, സ്വീകരിച്ചാനയിക്കുമെന്നായിരുന്നു അദ്ദേഹം വിചാരിച്ചിരുന്നത്. പക്ഷേ ഒന്നുമുണ്ടായില്ല.
ഗുരു വിനയത്തോടെ രാജസദസ്സിലേക്ക് മന്ദം മന്ദം നടന്നുചെന്നു. വിഷ്‌ണുദത്തൻ സിംഹാസനത്തിൽനിന്ന് എഴുന്നേൽക്കുകയോ, അദ്ദേഹത്തെ കൈവണങ്ങുകയോ ചെയ്‌തില്ല. ഗുരുവിനെ കണ്ടപാടെ അദ്ദേഹം ക്രൂദ്ധനായ സിംഹത്തെപ്പോലെ അലറുകയാണ് ചെയ്‌തത്. എന്നിട്ടു പറഞ്ഞു.
“ഈ നിൽക്കുന്ന കാട്ടുകിഴവനെ കണ്ടോ? ഇയാളാണ് തക്ഷശിലയിൽ വെച്ച് എന്നെ വിദ്യ അഭ്യസിപ്പിച്ചത്. രാജകുമാരനായ എന്റെ തുടയിൽ ഇയാൾ ചൂരലുകൊണ്ട് ആഞ്ഞടിച്ചു. അതിന്റെ പാടുകൾ ഇപ്പോഴുമുണ്ട്. അന്നു മുതൽക്കേ ഇയാളോടുളള പ്രതികാരം എന്റെ നെഞ്ചിൽ പുകയുകയാണ്!… ആരവിടെ? ഇയാളെ ഉടൻ തൂക്കിലേറ്റൂ.”
സ്വന്തം ഗുരുവിനെ തൂക്കിലേറ്റാനുളള രാജാവിന്റെ കൽപന കേട്ട് പ്രജകൾ മുഖത്തോടുമുഖം നോക്കി. പക്ഷെ ഗുരുവിന്റെ മുഖം പ്രസാദാത്മകമായിരുന്നു. അദ്ദേഹം ഒരു മാൻകിടാവിന്റെ ശാന്തതയോടെ ഒതുങ്ങിനിന്നു. എന്നിട്ട് ചോദിച്ചു.
“പ്രിയ ശിഷ്യാ, എനിക്കു തൂക്കുമരത്തെ ഭയമില്ല. കാശിരാജാവായ അങ്ങയുടെ കൽപ്പന അനുസരിക്കാൻ അടിയൻ തയ്യാറാണ്. പക്ഷെ അന്ന് അങ്ങനെ അടിച്ചില്ലായിരുന്നെങ്കിൽ, അങ്ങ് ഒരു മോഷ്‌ടാവോ, തെമ്മാടിയോ ആകുമായിരുന്നു. ആ അടിയാണ് ഈ സിംഹാസനത്തിലിരിക്കാൻ അങ്ങയെ യോഗ്യനാക്കിയത്!”
മരണത്തിന്റെ മണിമുഴക്കവും കാത്തുകൊണ്ട് ഗുരു രാജസന്നിധിയിൽ നിന്നു. വിഷ്‌ണുദത്തൻ ചിന്താധീനനായി. അദ്ദേഹം പെട്ടെന്ന് സിംഹാസനത്തിൽ നിന്ന് ചാടിയെണീറ്റു.
എന്താണു സംഭവിക്കാൻ പോകുന്നതെന്നറിയാതെ ആളുകൾ നടുങ്ങി.
നിമിഷങ്ങൾക്കുളളിൽ വിഷ്‌ണുദത്തൻ ഗുരുവിന്റെ കാലുകളിൽ വീണു കെട്ടിപ്പിടിച്ചു.
“ഗുരോ, അങ്ങാണ് നാടിനും വീടിനും നാട്ടാർക്കും കൊളളാവുന്നവനായി നമ്മെ വളർത്തിക്കൊണ്ടുവന്നത്. പക്ഷെ, ദുരഭിമാനിയായ ഞാൻ അതു മറന്നുകളഞ്ഞു. എനിക്കു മാപ്പു തരണം!… എനിക്കു മാപ്പു തരണം.”
വിഷ്‌ണുദത്തരാജാവിന്റെ കണ്ണുകൾ നിറയുന്നത് ജനം കണ്ടു. അവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി…
വൃദ്ധനും അവശനുമായ ഗുരു തന്റെ ശിഷ്യനെ കെട്ടിപ്പുണർന്നു. പിന്നെ മണിമഞ്ചലിലേറ്റി സകല രാജകീയാഡംബരങ്ങളോടും കൂടിയാണ് വിഷ്‌ണുദത്തൻ തന്റെ ഗുരുവിനെ തക്ഷശിലയിലേക്ക് യാത്രയാക്കിയത്.
Generated from archived content: unnikatha_may26_06.html Author: sippi_pallipuram