അരിശ്ശേരി മാടപ്രാവും അരിങ്ങോടൻ കാക്കയും അയൽക്കാരായിരുന്നു. ആശാരിമുറ്റത്തെ അമച്ചിപ്ലാവിന്റെ അങ്ങേപ്പൊത്തിലും ഇങ്ങേപ്പൊത്തിലുമാണ് അവർ താമസിച്ചിരുന്നത്. മാടപ്രാവ് മഹാസാധുവും അരിങ്ങോടൻ കാക്ക മഹാദുഷ്‌ടനും ആയിരുന്നു.
ആവണിപ്പിറപ്പിൻനാൾ അതിരാവിലെ അവർ രണ്ടുപേരും കൂടി ആവിണിശ്ശേരി ഇല്ലത്ത് ഇര തേടാൻ പോയി.
ഇല്ലത്തിന്റെ മുറ്റത്ത് ഒരു മുറം ചെറുപയറും ഒരു കൊട്ട കൊണ്ടാട്ടം മുളകും ഉണക്കാൻ വെച്ചിരിക്കുന്നത് അവർ കണ്ടു.
അരിങ്ങോടൻ കാക്ക തെല്ല് അഹങ്കാരത്തോടെ പറഞ്ഞുഃ
“മാടപ്രാവേ, മടിയത്തീ നീ
ചെറുപയർ കൊത്തിത്തിന്നോളൂ
നിന്നെക്കാളും വേഗത്തിൽ ഞാൻ
മുളകു മുഴുക്കെ തീർത്തോളാം.”
ഇതുകേട്ട് അരിശ്ശേരി മാടപ്രാവ് വിട്ടില്ല. അവൾ പറഞ്ഞുഃ
“കാക്കച്ചാരേ, കരുമാടീ നീ
അത്രയ്‌ക്കങ്ങനെ ഞെളിയാതെ!
നിന്നെക്കാളും വേഗത്തിൽ ഞാൻ
പയറു മുഴുക്കെത്തീർത്തോളാം.”
ഇതോടെ അരിങ്ങോടൻ കാക്കയ്‌ക്കും വാശിയായി. കാക്ക പറഞ്ഞുഃ
“എങ്കിൽ നമുക്കൊരു പന്തയമാകാം
തീറ്റ തുടങ്ങാം വേഗത്തിൽ
തോറ്റീടുന്നതു നീയാണെങ്കിൽ
നിൻകരൾ കൊത്തിത്തിന്നും ഞാൻ”
കരൾ കൊത്തിത്തിന്നുമെന്നു കേട്ടിട്ടും അഭിമാനിയായ മാടപ്രാവ് പിന്മാറിയില്ല. അവൾ പറഞ്ഞു.
“എൻ കരളങ്ങനെ കൊത്തിത്തിന്നാൻ
കാക്കച്ചാര് കൊതിക്കേണ്ട
ഉടനടി മത്സരമാരംഭിക്കാം
തോൽക്കില്ലീ ഞാൻ കട്ടായം”
രണ്ടുപേരും പന്തയമുറപ്പിച്ചു. പെട്ടെന്നുതന്നെ മത്സരവുമാരംഭിച്ചു.
അരിശ്ശേരി മാടപ്രാവ് ‘കറ്റ്-കറ്റ്’ എന്നു പയറു തിന്നു. അരിങ്ങോടൻ കാക്ക ‘ടക്-ടക്’ എന്നു മുളകു തിന്നു. രണ്ടുപേരും തീറ്റയോടു തീറ്റതന്നെ!
ഇതിനിടയിൽ അരിങ്ങോടൻ കാക്ക ഒരു സൂത്രപ്പണി ചെയ്തു. അവൻ കുറെ മുളകെടുത്ത് ചിറകിനടിയിൽ ഒളിച്ചുവെച്ചു. കഷ്‌ടമെന്നല്ലാതെ എന്തു പറയാൻ? ഒടുവിൽ അരിങ്ങോടൻ കാക്ക ജയിച്ചു. മാടപ്രാവ് തോറ്റു. അരമുറം പയറുപോലും തിന്നുതീർക്കാൻ അതിനു കഴിഞ്ഞില്ല.
അരിങ്ങോടൻ കാക്ക ആർത്തിയോടെ മാടപ്രാവിന്റെ നെഞ്ച് കൊത്തിക്കീറാൻ ഒരുങ്ങി. അപ്പോൾ പ്രാവു പറഞ്ഞുഃ
“അഴുക്കുമുഴുവൻ കൊത്തിത്തിന്നും
കൊഴുത്തകാക്കേ കോമാളീ
എൻ കരൾ കൊത്തിത്തിന്നണമെങ്കിൽ
ചുണ്ടുകൾ രണ്ടും കഴുകി വരൂ”
ഇതുകേട്ട ഉടനെ അരിങ്ങോടൻ കാക്ക പറന്ന് തളർന്ന് ആലുവാപ്പുഴയുടെ അരികിലെത്തി. പുഴവെളളത്തിൽ ചുണ്ടുകൾ കഴുകാൻ ഭാവിച്ചപ്പോൾ പുഴയമ്മാവൻ കോപിച്ചുഃ
അഴുക്കു ചുണ്ടുകൾ കഴുകണമെങ്കിൽ
അഴുക്കുചാലിൽ പൊയ്‌ക്കോളൂ
അല്ലെന്നാകിൽ വെളളമെടുക്കാൻ
മൊന്തയൊരെണ്ണം കൊണ്ടുവരൂ“
പുഴയമ്മാവന്റെ പിണക്കം കേട്ട അരിങ്ങോടൻ കാക്ക പറന്നു തളർന്ന് മണിയൻ മൂശാരിയുടെ അരികിലെത്തി. മൊന്ത ചോദിച്ചപ്പോൾ മണിയൻ മൂശാരി പറഞ്ഞു.
”മണ്ണില്ലിവിടെ കണ്ണൂരിൽപ്പോയ്
മണ്ണും പേറിയണഞ്ഞെന്നാൽ
ചന്തം വഴിയും മൊന്തയൊരെണ്ണം
ഇപ്പോൾതന്നെ മെനഞ്ഞുതരാം.“
മണിയൻ മൂശാരിയുടെ പറച്ചിൽ കേട്ട് അരിങ്ങോടൻ കാക്ക വേഗം കണ്ണൂരിലെ കളിമൺ പാടത്തെത്തി. അവിടത്തെ കളിമണ്ണ് ഉണങ്ങി കട്ടപിടിച്ചു കിടക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും മണ്ണ് ഇളകിയില്ല. പാടത്തപ്പൻ പറഞ്ഞുഃ
”മണ്ണുകിളച്ചു മറിക്കാനായൊരു
കാട്ടിപ്പോത്തിൻ കൊമ്പുതരൂ.
എങ്കിൽ രസികൻ മണ്ണുതരാം ഞാൻ
തിണ്ണം പോയിക്കൊണ്ടുവരൂ.“
പാടത്തപ്പന്റെ പറച്ചിൽ കേട്ട് അരിങ്ങോടൻ കാക്ക വിയർത്തൊലിച്ച് കാട്ടാക്കടയിലെ കാട്ടിപ്പോത്തിന്റെ അരികിലെത്തി വിവരം പറഞ്ഞു. കാട്ടിപ്പോത്ത് ദേഷ്യത്തോടെ അമറിക്കൊണ്ട് കാക്കയെ കുത്താൻ ചെന്നു.
അരിങ്ങോടൻ കാക്ക അവിടെനിന്നും പറന്ന് അക്കരവിളയിലെ പാഞ്ചാലിപ്പട്ടിയുടെ അടുക്കൽ ചെന്ന് കാട്ടിപ്പോത്തിനെ കടിക്കണമെന്ന് അപേക്ഷിച്ചു.
പാഞ്ചാലിപ്പട്ടി വയറു തടവിക്കൊണ്ടു പറഞ്ഞു.
”ഇത്തിരി പാലു കുടിച്ചിട്ടിപ്പോൾ
ഒത്തിരിയായീ കാലം ഞാൻ
പോത്തിനെയൊന്നു കടിക്കണമെങ്കിൽ
നാഴിപ്പാലു തരേണം നീ.“
ഇതുകേട്ട് അരിങ്ങോടൻ കാക്ക വീണ്ടും ധർമ്മസങ്കടത്തിലായി. കാക്ക ഉടനെ പാലന്വേഷിച്ച് ആലുങ്കടവിലെ വാൽക്കണ്ണിപ്പശുവിന്റെ അരികിലെത്തി. വാൽക്കണ്ണിപ്പശു പറഞ്ഞു.
”കാക്കേ കാക്കേ കൊതിയൻ കാക്കേ
പാലുതരാം ഞാൻ വേണ്ടോളം
പകരമെനിക്കെൻ പളള നിറയ്‌ക്കാൻ
പുല്ലൊരു കുട്ട തരേണം നീ“
അരിങ്ങോടൻ കാക്കയ്‌ക്കു വീണ്ടും തലവേദനയായി. എന്താ ചെയ്‌ക? ഇനി പുല്ലന്വേഷിച്ചു പോകണം.
അരിങ്ങോടൻ കാക്ക അരിവാളന്വേഷിച്ച് അരിയന്നൂരെ കൊല്ലപ്പണിക്കന്റെ അരികിലെത്തി. കൊല്ലപ്പണിക്കൻ പറഞ്ഞു.
”ഉലയൂതീടാൻ തീക്കനലില്ലാ
തിവിടെ കുത്തിയിരിപ്പൂ ഞാൻ.
തീക്കനൽ കൊണ്ടുത്തന്നിടുമെങ്കിൽ
അരിവാളൊന്നു പണിഞ്ഞു തരാം.“
ഇതുകേട്ടപ്പോൾ അരിങ്ങോടൻ കാക്കയ്‌ക്ക് വളരെ ആശ്വാസമായി. അല്പം തീക്കനലല്ലേ വേണ്ടൂ, അത് ആരു ചോദിച്ചാലും തരും.
അരിങ്ങോടൻ കാക്ക തീക്കനലന്വേഷിച്ച് കൂട്ടാലയിലെ വീട്ടുകാരിക്കൊച്ചമ്മയുടെ അടുക്കലെത്തി. വീട്ടുകാരിക്കൊച്ചമ്മ പറഞ്ഞു.
”തീക്കനൽ കൊണ്ടു കളിച്ചാലയ്യോ
ഗുലുമാലാണേ ചങ്ങാതീ
പതുക്കെ നീറിപ്പടർന്നു പോയാൽ
സർവ്വം വെണ്ണീറായീടുമേ!….“
എന്തു പറഞ്ഞിട്ടും അരിങ്ങോടൻ കാക്ക പിന്മാറിയില്ല. തീക്കനൽ കിട്ടിയേ അടങ്ങൂ എന്നവൻ ശഠിച്ചു. അപ്പോൾ വീട്ടുകാരിക്കൊച്ചമ്മ ചോദിച്ചു.
”തീക്കനലും കൊണ്ടെങ്ങനെ പോകും
പാത്രം കയ്യിലിരിപ്പുണ്ടോ?“
ഇതുകേട്ട് അരിങ്ങോടൻ കാക്ക പറഞ്ഞുഃ
”വീട്ടമ്മേ നീ വെക്കം വെക്കം
തീക്കനൽ കോരിയെടുത്താട്ടെ
തീക്കനൽ കോരിയെടുത്തിട്ടെന്നുടെ
ചിറകിനു മുകളിൽ വെച്ചാട്ടെ.“
കാക്കയുടെ നിർബന്ധം മൂത്തപ്പോൾ വീട്ടുകാരിക്കൊച്ചമ്മ അടുപ്പിൽനിന്ന് രണ്ടു തവി തീക്കനൽ കോരി ചിറകിന്മേലിട്ടു കൊടുത്തു.
അരിങ്ങോടൻകാക്ക തീക്കനലുംകൊണ്ട് സന്തോഷത്തോടെ കൊല്ലപ്പണിക്കാരന്റെ ആലയിലേക്കു പറന്നു. പക്ഷേ, കഷ്‌ടമെന്നല്ലാതെ എന്തു പറയാൻ? ആലുവാപ്പുഴയുടെ മുകളിലെത്തിയപ്പോൾ കാക്കയുടെ ചിറകു രണ്ടും കരിഞ്ഞുപോയി. അവൻ പുഴയുടെ നടുവിൽ തലയും കുത്തി വീണു, ”ബ്‌ളും!..“
Generated from archived content: unnikatha_may17.html Author: sippi_pallipuram