കങ്കാണിക്കാട്ടിലെ കുങ്കൻകുറുക്കന് കുസൃതികളായ മൂന്നു ചങ്ങാതിമാരുമുണ്ടായിരുന്നു. പങ്കനാമ, തങ്കൻ മുളളൻപന്നി, ചിങ്കൻ കഴുത എന്നിവരായിരുന്നു ആ കുസൃതികൾ. എവിടെപ്പോയാലും ഈ നാലു ചങ്ങാതിമാരും ഒരുമിച്ചേ പോകൂ. എന്തുകിട്ടിയാലും നാലുപേരും ഒരുമിച്ചേ പങ്കിടൂ. അത്രയ്‌ക്ക് അടുപ്പമായിരുന്നു അവർ തമ്മിൽ.
കുങ്കൻ കുറുക്കനായിരുന്നു അവരുടെ നേതാവ്. ഒരുദിവസം അവർ നാലുപേരും കൂടി ഒരു വിനോദയാത്രയ്‌ക്ക് പുറപ്പെട്ടു.
നടന്നു തളർന്ന് രാത്രിയായപ്പോൾ അവർ ഒരു കൊടുംകാട്ടിലെത്തി. നല്ല ക്ഷീണം; നല്ല വിശപ്പ്; വല്ലാത്ത ദാഹം. എന്താ ചെയ്‌ക? നാലുപേരും അങ്ങോട്ടുമിങ്ങോട്ടും പാളി നോക്കി. അപ്പോഴാണ് കുറച്ചകലെയായി ഒരു ഗുഹ കണ്ടത്.
കുങ്കൻ കുറുക്കൻ ചങ്ങാതിമാരോടു പറഞ്ഞുഃ
“നമുക്ക് ഇന്നത്തെ രാത്രി ഈ ഗുഹയിൽ കഴിച്ചുകൂട്ടാം. എന്താ?”
കൂട്ടുകാർക്ക് അതു സമ്മതമായി. എല്ലാവരും അപ്പോൾതന്നെ ഗുഹയ്‌ക്കകത്ത് കയറിപ്പറ്റി. ക്ഷീണം കൊണ്ട് എല്ലാവരും ഓരോ മൂലയ്‌ക്ക് ചുരുണ്ടു കിടന്ന് ഒന്നു മയങ്ങി. അപ്പോൾ കേൾക്കാം പുറത്ത് ഭയങ്കരമായ ഒരലർച്ച!
“ഗ്‌ർർർ… അകത്താരാണ്?”
അലർച്ച കേട്ട് നാലു ചങ്ങാതിമാരും ഞെട്ടിയുണർന്നു. കുങ്കൻ കുറുക്കൻ ഒട്ടും കൂസലില്ലാതെ തിരിച്ചു ചോദിച്ചു.
“പുറത്താരാണെന്നു പറഞ്ഞാൽ, അകത്താരാണെന്നു പറയാം.”
“പുറത്ത് കടുവയാണ്; കടുവ!” കാടു കുലുങ്ങുന്ന സ്വരത്തിൽ കടുവയുടെ ശബ്‌ദം മുഴങ്ങി.
അപ്പോഴാണ് തങ്ങൾ കയറി കൂടിയിരിക്കുന്നത് കടുവയുടെ ഗുഹയിലാണെന്നുളള കാര്യം അവർക്കു മനസ്സിലായത്. പങ്കനാമയും തങ്കൻ മുളളൻപന്നിയും ചിങ്കൻ കഴുതയും പേടിച്ചുവിറച്ച് മൂലയിൽ പമ്മിയിരുന്നു. എന്നാൽ കുങ്കൻ കുറുക്കൻ പതറിയില്ല. അവൻ ഉറക്കെ തിരിച്ചടിച്ചു.
“പുറത്തു കടുവയാണെങ്കിൽ; അകത്ത് കിടുവയാണ്!.. കടുവയെ തിന്നുന്ന കിടുവ!”
ഇതു കേട്ടതോടെ കടുവ ഭയന്നു വിറച്ചു. അവൻ വിറയാർന്ന സ്വരത്തിൽ ചോദിച്ചു.
“നിന്റെ രോമമൊന്നു കാണട്ടെ?”
കുങ്കൻകുറുക്കൻ വേഗം മുളളൻപന്നിയുടെ ഒരു മുളെളടുത്ത് പുറത്തേയ്‌ക്കിട്ടു. കടുവ അതു കണ്ടു ഞെട്ടി. ഇത്ര വലിയ രോമമുളള കിടുവയുടെ ദേഹം എത്ര വലുതായിരിക്കും? കടുവ പേടിയോടെ വീണ്ടും ചോദിച്ചു.
“നിന്റെ തലയിലെ പേനിനെ ഒന്നു കാണിക്കാമോ?”
കുറുക്കൻ വേഗം പങ്കനാമയെ എടുത്ത് പുറത്തേയ്‌ക്കിട്ടു. ഇത്ര വലിയ പേനോ? പേനിന് ഇത്ര വലുപ്പമുണ്ടെങ്കിൽ അവന്റെ തലയ്‌ക്ക് എത്ര വലുപ്പമുണ്ടാകും? കടുവ ഓടാൻ തയ്യാറെടുത്തു. അവസാനമായി അവൻ പറഞ്ഞു.
“ഹേ, കിടുവേ!… നിന്റെ അലർച്ച ഒന്നു കേൾക്കട്ടെ.”
കുങ്കൻ കുറുക്കൻ വേഗം മുളളൻപന്നിയുടെ മുളളുകൊണ്ട് ചിങ്കൻ കഴുതയുടെ വയറിന് ഒരു കുത്തുകൊടുത്തു. “ബേ!… ബേ!…. ബേ!…” കഴുത വേദനകൊണ്ട് ഉച്ചത്തിൽ അലറി. ഇതുകേട്ടതോടെ കടുവ പേടിച്ച് വാലും ചുരുട്ടി ഓടെടാ ഓട്ടം!… പിന്നെ നാലു ചങ്ങാതിമാരും ഗുഹയിൽ സുഖമായി താമസിച്ചു.
Generated from archived content: unnikatha_mar31_06.html Author: sippi_pallipuram