ദുരമുത്തുവിന്റെ ദുരാഗ്രഹം

പച്ചാളം ചന്തയിൽ ദുരമുത്തു എന്ന ഒരു വലിയ കച്ചവടക്കാരൻ ഉണ്ടായിരുന്നു. ദുരമുത്തുവിന്റെ കടയിലെ തൂപ്പുകാരനായിരുന്നു സുരമുത്തു.

ദുരമുത്തു ഒരു ദുരാഗ്രഹിയായിരുന്നു. എത്ര ലാഭം കിട്ടിയാലും പിന്നേയും പിന്നേയും പണം വാരിക്കൂട്ടണമെന്നായിരുന്നു അയാളുടെ ആഗ്രഹം. അതുകൊണ്ട്‌ സാധനങ്ങളിൽ മായം ചേർത്തുവിൽക്കുക അയാളുടെ പതിവായിരുന്നു.

തൂപ്പുകാരനായ സുരമുത്തു ഇതെല്ലാം കാണാറുണ്ടായിരുന്നു. സഹിക്കവയ്യാതാവുമ്പോൾ അയാൾ ദുരമുത്തുവിനോടു പറയുംഃ

“ആഹാരത്തിൽ മായം ചേർത്താൽ

ആപത്താണേ ദുരമുത്തൂ

വെളളിത്തുട്ടു കൊതിച്ചിട്ടിങ്ങനെ

കളളം ചെയ്യാൻ തുനിയരുതേ!”

പക്ഷേ, എത്ര പറഞ്ഞിട്ടും എന്തൊക്കെ പറഞ്ഞിട്ടും ദുരമുത്തുവിന്റെ ദുരാഗ്രഹം ശമിച്ചില്ല. അയാൾ സുരമുത്തുവിനെ ആക്ഷേപിക്കും.

“പണമില്ലാത്തവനയ്യോ വെറുമൊരു

പിണമാണല്ലോ സുരമുത്തൂ

തൂപ്പുപണിക്കു നടന്നിട്ടിപ്പോൾ

നിനക്കു വല്ലൊരു വിലയുണ്ടോ?”

ദുരമുത്തുവിന്റെ കുത്തുവാക്കുകൾ കേട്ട്‌ സുരമുത്തുവിന്‌ ഒട്ടും സങ്കടം തോന്നിയില്ല. അയാളും കുടുംബവും ഒരു ചെറിയ വൈക്കോൽപുരയിലാണ്‌ പാർത്തിരുന്നത്‌. അയാൾക്ക്‌ എല്ലാ ജീവികളോടും വലിയ സ്നേഹമായിരുന്നു.

സുരമുത്തുവിന്റെ വീട്ടുമുറ്റത്ത്‌ ഒരു കിങ്ങിണിക്കുരുവി കൂടുകെട്ടി പാർത്തിരുന്നു. ജോലി കഴിഞ്ഞ്‌ മടങ്ങുമ്പോൾ അയാൾ കുറെ പയറുമണി കൊണ്ടുവന്ന്‌ കിങ്ങിണിക്കുരുവിക്ക്‌ കൊടുക്കുമായിരുന്നു.

ഒരു ദിവസം സന്ധ്യയ്‌ക്ക്‌ സുരമുത്തു ജോലി കഴിഞ്ഞു വന്നപ്പോൾ കിങ്ങിണിക്കുരുവിയുടെ അരുമയായ കുഞ്ഞ്‌ കാലുതെറ്റി താഴെവീണ്‌ ചിറകടിക്കുന്നതാണ്‌ കണ്ടത്‌. അയാൾക്ക്‌ വലിയ സങ്കടം തോന്നി.

അയാൾ ഓടിച്ചെന്ന്‌ കുഞ്ഞിക്കുരുവിയെ വാരിയെടുത്തു. അതിന്റെ ഒരു കാല്‌ ഒടിഞ്ഞു തൂങ്ങിയിരുന്നു. അയാൾ കാലിൽ മരുന്നുവെച്ച്‌ കെട്ടിയശേഷം അതിനെയെടുത്ത്‌ കുരുവിക്കൂട്ടിൽ വെച്ചു കൊടുത്തു.

കുഞ്ഞിക്കുരുവിക്ക്‌ വലിയ സന്തോഷമായി. കിങ്ങിണിക്കുരുവി വന്നപ്പോൾ, ഉണ്ടായ വിശേഷങ്ങളെല്ലാം കുഞ്ഞിക്കുരുവി പറഞ്ഞുകൊടുത്തു.

തന്റെ കുഞ്ഞിനെ രക്ഷിച്ച സുരമുത്തുവിനോട്‌ എങ്ങനെയാണ്‌ നന്ദി കാണിക്കേണ്ടതെന്ന്‌ കിങ്ങിണിക്കുരുവി ആലോചിച്ചു.

പിറ്റേ ദിവസം അവൾ അവിടെയുളള ഒരു കുന്നിന്റെ താഴ്‌വരയിലേക്കു പറന്നുപോയി. അവിടെനിന്നും എന്തിന്റെയോ ഒരു വിത്ത്‌ കൊത്തിക്കൊണ്ടുവന്ന്‌ അവൾ സുരുമുത്തുവിന്റെ കാൽക്കൽ വെച്ചു. എന്നിട്ട്‌ പറഞ്ഞു.

“എന്നുടെ കുഞ്ഞിനെ

രക്ഷിച്ചതിനൊരു

സമ്മാനം ഞാൻ നൽകട്ടെ

ഇച്ചെറുവിത്തു കുഴിച്ചിട്ടാലും

ചങ്ങാതീ നിൻ മുറ്റത്ത്‌.”

സുരമുത്തു ആ വിത്തെടുത്ത്‌ അപ്പോൾതന്നെ തന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടു. കുറെ ദിവസം കഴിഞ്ഞപ്പോൾ വിത്ത്‌ മുളച്ചുപൊങ്ങി. അയാൾ വെളളമൊഴിച്ചും വളമിട്ടും അതിനെ വളർത്തിക്കൊണ്ടുവന്നു. ഒരു ദിവസം രാവിലെ നോക്കിയപ്പോൾ അതിന്റെ ഓരോ ചില്ലയിലും ഓരോ രത്നങ്ങൾ കായ്‌ച്ചു നിൽക്കുന്നതാണു കണ്ടത്‌.

ആ രത്നങ്ങൾ വിറ്റ്‌ സുരമുത്തു വേഗത്തിൽ വലിയൊരു പണക്കാരനായി. വൈക്കോൽ പുരയുടെ സ്ഥാനത്ത്‌ അയാൾ വലിയൊരു മാളിക വീട്‌ പണിഞ്ഞു. പാവങ്ങൾക്ക്‌ വാരിക്കോരി ദാനം കൊടുക്കാനും തുടങ്ങി.

ഇതറിഞ്ഞ്‌ ദുരാഗ്രഹിയായ ദുരമുത്തുവിന്‌ ഊണും ഉറക്കവും ഇല്ലാതായി. അയാൾ സുരമുത്തുവിനെ സമീപിച്ച്‌ സംഭവമെല്ലാം ചോദിച്ചു മനസ്സിലാക്കി. നല്ലവനായ സുരമുത്തു ഒന്നും ഒളിച്ചുവയ്‌ക്കാതെ ഉണ്ടായതെല്ലാം തന്റെ യജമാനനോടു തുറന്നു പറഞ്ഞു.

ദുരമുത്തുവിന്റെ ബംഗ്ലാവിന്റെ മുകളിലും ഒരു കുരുവിക്കൂടുണ്ടായിരുന്നു. അയാൾ ഓടിച്ചെന്ന്‌ കൂട്ടിലിരുന്ന കുരുവിക്കുഞ്ഞിനെയെടുത്തു താഴേക്കെറിഞ്ഞു.

പാവം കുഞ്ഞിക്കുരുവിയുടെ രണ്ടുകാലും ഒടിഞ്ഞു. ഇതുകണ്ട്‌ ദുരമുത്തു ഓടിച്ചെന്ന്‌ അതിനെ വാരിയെടുത്തു. അതിന്റെ ഒടിഞ്ഞു നുറുങ്ങിയ കാലുകളിൽ മരുന്നുകൾ വെച്ചുകെട്ടിയശേഷം എടുത്തു കുരുവിക്കൂട്ടിൽ വെച്ചുകൊടുത്തു.

കുഞ്ഞിക്കുരുവിക്ക്‌ വല്ലാത്ത ദേഷ്യംതോന്നി. അമ്മക്കുരുവി വന്നപ്പോൾ ഉണ്ടായ വിശേഷങ്ങളെല്ലാം കുഞ്ഞിക്കുരുവി പറഞ്ഞുകൊടുത്തു.

തന്റെ കുഞ്ഞിനെ ഉപദ്രവിച്ച ദുരമുത്തുവിനെ ഒരു പാഠം പഠിപ്പിക്കണമെന്ന്‌ അമ്മക്കുരുവി വിചാരിച്ചു. പിറ്റേ ദിവസം അവൾ അകലെയുളള ഒരു കുന്നിന്റെ താഴ്‌വരയിലേക്കു പറന്നുപോയി. അവിടെ നിന്ന്‌ എന്തിന്റെയോ ഒരു വിത്ത്‌ കൊത്തിക്കൊണ്ടുവന്ന്‌ ദുരമുത്തുവിന്റെ കാൽക്കൽ വച്ചു എന്നിട്ട്‌ പറഞ്ഞുഃ

“എന്നുടെ കുഞ്ഞിനെ

വഞ്ചിച്ചതിനൊരു

സമ്മാനം ഞാൻ നൽകട്ടെ

ഇച്ചെറുവിത്തു കുഴിച്ചിട്ടാലും

ചങ്ങാതീ നിൻ മുറ്റത്ത്‌.”

ഇതുകേട്ട ഉടനെ ദുരമുത്തു ആ വിത്തെടുത്ത്‌ തന്റെ ബംഗ്ലാവിന്റെ മുറ്റത്ത്‌ കുഴിച്ചിട്ടു.

കുറെ ദിവസം കഴിഞ്ഞപ്പോൾ വിത്ത്‌ മുളച്ചു പൊങ്ങി. അയാൾ വെളളമൊഴിച്ച്‌ വളമിട്ട്‌ അതിനെ വളർത്തിക്കൊണ്ടുവന്നു. ഒരു ദിവസം രാവിലെ നോക്കിയപ്പോൾ അതിന്റെ ഒത്ത നടുവിലായി ഒരു വലിയ കായ്‌ മൂത്തു പഴുത്തു നിൽക്കുന്നതാണ്‌ ദുരമുത്തു കണ്ടത്‌.

ദുരമുത്തുവിന്റെ സന്തോഷത്തിന്‌ അതിരുണ്ടായിരുന്നില്ല. അതിനകത്തു നിറയെ വിലപിടിച്ച രത്നങ്ങൾ ഉണ്ടാകുമെന്ന്‌ അയാൾ വിശ്വസിച്ചു.

ദുരമുത്തു ആർത്തിയോടെ ഓടിച്ചെന്ന്‌ കായ്‌ പറിച്ചെടുത്തു. അത്‌ മുറിച്ചപ്പോൾ ഭയങ്കരമായ ഒരലർച്ച കേട്ടു. അതിനകത്തുനിന്ന്‌ ഒരു കുട്ടിച്ചെകുത്താൻ പുറത്തേക്കു ചാടി.

ദുരമുത്തു പേടിച്ചുവിറച്ച്‌ ബംഗ്ലാവിൽ കയറി വാതിലടച്ചു. പക്ഷേ, കുട്ടിച്ചെകുത്താൻ പിന്മാറിയില്ല. അവൻ വാതിൽ തല്ലിത്തകർത്ത്‌ ബംഗ്ലാവിനകത്തേക്കു പാഞ്ഞുകയറി.

ബംഗ്ലാവിനകത്തുണ്ടായിരുന്ന പൊന്നും പണവുമെല്ലാം കുട്ടിച്ചെകുത്താൻ വാരിക്കെട്ടിയെടുത്തു. എന്നിട്ട്‌ ദുരമുത്തുവിനോടു പറഞ്ഞുഃ

“ദുരാഗ്രഹത്താൽ വാരിക്കൂട്ടിയ-

തൊക്കെയുമിന്നു മുടിക്കും ഞാൻ.

മായം വിറ്റു പടച്ചുണ്ടാക്കിയ-

തൊക്കെ കടലിൽ താഴ്‌ത്തും ഞാൻ.”

ഇതുകേട്ട്‌ ദുരമുത്തു ചെവിയും പൊത്തിക്കൊണ്ട്‌ പുറത്തേക്കോടി. കുട്ടിച്ചെകുത്താൻ പിന്നാലെ പാഞ്ഞുഃ

കുണ്ടും കുഴിയും കാടും മേടും പിന്നിട്ട്‌ വളരെ ദൂരെ ചെന്നിട്ടും കുട്ടിച്ചെകുത്താൻ വിട്ടില്ല.

രക്ഷയില്ലാതായപ്പോൾ ദുരമുത്തു തൊട്ടടുത്തു കണ്ട ഒരു ആഞ്ഞിലിപ്പൊത്തിൽ കയറി ഒളിച്ചു. കുട്ടിച്ചെകുത്താന്‌ അതിനകത്തേക്കു കടക്കാൻ കഴിഞ്ഞില്ല. അവൻ അന്തിമയങ്ങുന്നതുവരെ അവിടെ കാവൽനിന്നു. എന്നിട്ടും പുറത്തു വരാതായപ്പോൾ കലിപൂണ്ട കുട്ടിച്ചെകുത്താൻ ദുരമുത്തുവിനെ ശപിച്ചു.

“പകലുമുഴുക്കെ പൊത്തിൽ കഴിയും

പക്ഷിക്കുഞ്ഞായ്‌ മാറും നീ!

പുറത്തുകണ്ടാലാളുകളെല്ലാ-

മിനിമേൽ നിന്നെ കല്ലെറിയും!”

കുട്ടിച്ചെകുത്താന്റെ ശാപത്തോടെ ദുരമുത്തു പൊത്തിനകത്തു പാർക്കുന്ന ഒരു പക്ഷിയായി മാറി. പകൽ സമയത്ത്‌ പുറത്തിറങ്ങാൻപോലും അവനു കഴിഞ്ഞില്ല. അവനാണ്‌ മൂങ്ങ എന്ന പേരിൽ അറിയപ്പെടുന്നത്‌.

Generated from archived content: unnikatha_june12.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleലാസറും യേശുദേവനും
Next articleഉയർച്ചയും താഴ്‌ചയും
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English