കാണാതായ ഹിപ്പൊപ്പൊട്ടാമസ്‌

പണ്ട്‌ ഒരിടത്ത്‌ ‘അന്വേഷണക്കാരൻ അപ്പുണ്ണിയമ്മാവൻ’ എന്നൊരു ആളുണ്ടായിരുന്നു. മഹാവിഡ്‌ഢിയാണ്‌ അപ്പുണ്ണിയമ്മാവൻ. എന്നാലെന്താ, കാണാതായ ആളുകളെയും മൃഗങ്ങളെയുമൊക്കെ അന്വേഷിച്ചു കണ്ടുപിടിക്കാൻ വലിയ വിരുതനാണ്‌ എന്നാണ്‌ അമ്മാവന്റെ ഭാവം!

ഒരിക്കൽ അനന്തപുരിയിലെ മഹാരാജാവിന്റെ മൃഗശാലയിൽ നിന്ന്‌ ഒരു മൃഗത്തെ കാണാതായി. ദൂരെ ഒരു നാട്ടിൽ നിന്നും പുതുതായി കൊണ്ടുവന്ന ഹിപ്പൊപ്പൊട്ടാമസ്‌ എന്ന മൃഗത്തെയാണു കാണാതായത്‌. മഹാരാജാവിനു സങ്കടം സഹിക്കാനായില്ല. രാജഭടന്മാർ ദിക്കായ ദിക്കിലെല്ലാം തപ്പിയിട്ടും ഹിപ്പൊപ്പൊട്ടാമസിനെ കണ്ടുകിട്ടിയില്ല.

ഒടുവിൽ മഹാരാജാവ്‌ അന്വേഷണക്കാരൻ അപ്പുണ്ണിയമ്മാവനെ കൊട്ടാരത്തിൽ വരുത്തി. അദ്ദേഹം അപ്പുണ്ണിയമ്മാവനോടു പറഞ്ഞുഃ

“നമ്മുടെ പൊണ്ണൻ ‘ഹിപ്പോ’യെ

ഇന്നലെ രാവിൽ കാണാതായ്‌.

അതിനെ കണ്ടുപിടിച്ചെന്നാൽ

‘മന്ത്രിസ്ഥാനം’ നൽകാം നാം!

അല്ലെന്നാകിൽ തലപോകും

ഓർമിച്ചോളൂ ചങ്ങാതീ!”

ഇതുകേട്ട്‌ അപ്പുണ്ണിയമ്മാവന്റെ മുഖം വിളറി. അദ്ദേഹത്തിന്റെ നെഞ്ച്‌ ‘പടാപടാ’യെന്നു തുടികൊട്ടി. അപ്പുണ്ണിയമ്മാവൻ അതിനുമുമ്പ്‌ ഒരിക്കൽപോലും ഹിപ്പൊപ്പൊട്ടാമസ്‌ എന്ന മൃഗത്തെ കണ്ടിട്ടേയില്ല. പിന്നെ എങ്ങനെ അതിനെ കണ്ടുപിടിക്കും? പക്ഷേ തലപോകുന്ന കാര്യമല്ലേ? അപ്പുണ്ണിയമ്മാവൻ വിക്കി വിക്കി ചോദിച്ചുഃ

“എന്താണാവോ ‘ഹിപ്പോ’വിൻ

അടയാളങ്ങൾ തിരുമേനീ?”

മഹാരാജാവ്‌ ഹിപ്പൊപ്പൊട്ടാമസിന്റെ അടയാളങ്ങൾ പറഞ്ഞുകൊടുത്തുഃ

“കണ്ടാൽ വലിയൊരു മൃഗമാണേ!

പെരുവയറുളെളാരു മൃഗമാണേ!

വായ തുറന്നാൽ ഗുഹയാണേ!

വാലിനു നീളം കുറവാണേ!

അടയാളങ്ങൾ കുറിച്ചെടുത്തശേഷം അപ്പുണ്ണിയമ്മാവൻ ഹിപ്പൊപ്പൊട്ടാമസിനെ അന്വേഷിച്ചു യാത്രയായി. കുറച്ചുദൂരം ചെന്നപ്പോൾ ഈറ്റക്കാടിന്റെ നടുവിൽ ഏതോ ഒരു മൃഗം നിൽക്കുന്നതായി അപ്പുണ്ണിയമ്മാവനു തോന്നി. അമ്മാവൻ സൂക്ഷിച്ചുനോക്കി. അതാ പെരുവയറുളള ഒരു മൃഗം നിൽക്കുന്നു. വാലിനു നീളംകുറവ്‌. വായ്‌ ഒരു വലിയ ഗുഹപോലെ!

അപ്പുണ്ണിയമ്മാവൻ ഒരു വിറയലോടെ ആ മൃഗത്തോടു ചോദിച്ചുഃ

”ചൊല്ലുക ചൊല്ലുക ചങ്ങാതീ

‘ഹിപ്പോ’വെന്നാൽ നീയാണോ?“

അപ്പുണ്ണിയമ്മാവന്റെ ചോദ്യം കേട്ട്‌ അവൻ ഒന്നു തിരിഞ്ഞുനിന്നു. എന്നിട്ടു പറഞ്ഞുഃ

”എന്നെപ്പരിചയമില്ലെന്നോ

ഞാനാണല്ലോ കാട്ടാന!

‘ഹിപ്പോ’വെന്നാൽ നീരാന

നീരിൽപ്പാർക്കും നീരാന!“

ഇതുകേട്ട്‌ അപ്പുണ്ണിയമ്മാവനു വല്ലാത്ത നിരാശതോന്നി. അമ്മാവൻ പിന്നെയും നടന്നു. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു പുഴക്കടവിൽ ഏതോ ഒരു മൃഗം തലമാത്രം ഉയർത്തിപ്പിടിച്ചു മുങ്ങിക്കിടക്കുന്നത്‌ അമ്മാവൻ കണ്ടു. ഇതായിരിക്കാം നീരിൽ പാർക്കുന്ന നീരാന! അയാൾ സന്തോഷത്തോടെ ചോദിച്ചു.

”ചൊല്ലുക ചൊല്ലുക ചങ്ങാതീ

‘ഹിപ്പോ’വെന്നാൽ നീയാണോ?“​‍്‌

അപ്പുണ്ണിയമ്മാവന്റെ ചോദ്യം കേട്ട്‌ വെളളത്തിൽ കിടന്ന മൃഗം തലയുയർത്തി. എന്നിട്ടു പറഞ്ഞുഃ

”ഞാനാണല്ലോ പോത്തമ്മാൻ

കാട്ടിനകത്തെ കെങ്കേമൻ!

‘ഹിപ്പോ’വെന്നാൽ പെരുവയറൻ

പന്നി കണക്കൊരു പെരുമടയൻ!“

ഇതുകേട്ട്‌ അപ്പുണ്ണിയമ്മാവനു നിരാശതോന്നി. തന്റെ തലപോയതുതന്നെ എന്ന്‌ അമ്മാവൻ വിചാരിച്ചു. എങ്കിലും അപ്പുണ്ണിയമ്മാവൻ അന്വേഷണം തുടർന്നു. കുറച്ചുദൂരം ചെന്നപ്പോൾ അകലെ നിന്നും പെരുവയറുളള ഒരു മൃഗം ചാടിച്ചാടി വരുന്നത്‌ കണ്ടു. അതാ പെരുവയറിൽ അളളിപ്പിടിച്ച്‌ ഒരു കുട്ടിയുമുണ്ടല്ലോ! ഇതുതന്നെ ഹിപ്പോ! സംശയമില്ല. അമ്മാവൻ സന്തോഷത്തോടെ ചോദിച്ചുഃ

”ചൊല്ലുക ചൊല്ലുക ചങ്ങാതീ

‘ഹിപ്പോ’വെന്നാൽ നീയാണോ?“

അപ്പുണ്ണിയമ്മാവന്റെ ചോദ്യം കേട്ട്‌ ആ മൃഗം ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞുഃ

”ഞാനാണല്ലോ സഞ്ചിമൃഗം

കൗതുകമേറും കങ്കാരു!

‘ഹിപ്പോ’യ്‌ക്കുണ്ടേ വലിയൊരു വായ്‌

വായ തുറന്നാൽ വലിയ ഗുഹ!“

അപ്പുണ്ണിയമ്മാവനു പിന്നെയും നിരാശതോന്നി. അമ്മാവൻ സങ്കടത്തോടെ അവിടെയുമിവിടെയും അലഞ്ഞുതിരിഞ്ഞു. ഒടുവിൽ ഒരു തടാകത്തിന്റെ അരികിലെത്തി. അപ്പോഴതാ തടാകത്തിൽ വലിയൊരു ഇരമ്പം! അമ്മാവൻ സൂക്ഷിച്ചു നോക്കി. ഗുഹപോലുളള വായും തുറന്ന്‌ ഒരു പൊണ്ണത്തടിയൻ നീണ്ടു നിവർന്നു കിടക്കുന്നു. സംശയമില്ല. ഇവൻതന്നെ ഹിപ്പോ! അപ്പുണ്ണിയമ്മാവൻ താല്പര്യത്തോടെ ചോദിച്ചുഃ

”ചൊല്ലുക ചൊല്ലുക ചങ്ങാതീ

‘ഹിപ്പോ’വെന്നതു നീയാണോ?“

ഇതുകേട്ട്‌ ആ പഹയൻ വെളളത്തിൽ തലപൊക്കിനിന്നു. എന്നിട്ടു പറഞ്ഞു.

”ഞാനൊരു പൊണ്ണൻ മുതലേച്ചൻ

പെരുവായുളെളാരു മുതലേച്ചൻ

വേഗം പോയി മറഞ്ഞോളൂ

അല്ലെന്നാകിൽ കൊല്ലും ഞാൻ!“

ഇതുകേൾക്കേണ്ട താമസം അപ്പുണ്ണിയമ്മാവൻ ഓടെടാ ഓട്ടം!

തലപോയാലും ഇനി ഇവിടെനിന്നും തൽക്കാലം രക്ഷപ്പെടുന്നതാണു നല്ലതെന്ന്‌ അമ്മാവനു തോന്നി.

അപ്പോഴേക്കും സമയം സന്ധ്യയോടടുത്തിരുന്നു. അപ്പുണ്ണിയമ്മാവൻ പേടിച്ചുവിറച്ചു ജീവനുംകൊണ്ടു മുന്നോട്ടു നടന്നു. പക്ഷേ ഇവിടെനിന്നും രക്ഷപ്പെട്ടാലും മഹാരാജാവിന്റെ മുന്നിൽ നിന്നും എങ്ങനെ രക്ഷപ്പെടും? തല പോയതു തന്നെ!

അല്പദൂരം നടന്നു കാടിന്റെ ഒരു മൂലയ്‌ക്കെത്തിയപ്പോൾ അതാ ഒരു ഭയങ്കര ശബ്ദം! അപ്പുണ്ണിയമ്മാവൻ പേടിച്ചു വിറച്ചുപോയി. അമ്മാവൻ സൂക്ഷിച്ചുനോക്കി. അതാ ഒരു വൃത്തികെട്ട ജന്തു വായും പിളർന്നു തന്നെ വിഴുങ്ങാൻ വരുന്നു! അമ്മാവൻ ഒരു നിമിഷം മരവിച്ചുനിന്നുപോയി.

ആ ജന്തു ചോദിച്ചു.

”എങ്ങോട്ടേക്കാ പോകുന്നേ

പേടിക്കാതെ പറഞ്ഞോളൂ?

മൃഗശാലയിലേക്കാണെങ്കിൽ

ഞാനും കൂടെ പോരാമേ?“

ഇതുകേട്ട്‌ അപ്പുണ്ണിയമ്മാവൻ കൈ കൂപ്പിയിട്ടു തളർന്ന സ്വരത്തിൽ പറഞ്ഞുഃ

”എന്നുടെ കൂടെപ്പോന്നോളൂ

എങ്കിലുമെന്നെ വിഴുങ്ങരുതേ!

കാണാതായൊരു ‘ഹിപ്പോ’യെ

തേടിയിറങ്ങിയതാണേ ഞാൻ!“

അപ്പുണ്ണിയമ്മാവന്റെ വിറയലും പരിഭ്രമവും കണ്ട്‌ ആ ജന്തു തന്റെ വലിയ വായ്‌ തുറന്ന്‌ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞുഃ

”ഞാനാണല്ലോ വഴിതെറ്റി

തെണ്ടിനടക്കും ‘ഹിപ്പോച്ചൻ’

മൃഗശാലയിലേക്കെത്തീടാൻ

വഴികാട്ടീടുക ചങ്ങാതീ!“

അപ്പുണ്ണിയമ്മാവൻ സന്തോഷം കൊണ്ടു തുളളിച്ചാടി. അമ്മാവൻ ഹിപ്പൊപ്പൊട്ടാമസിനെയും കൂട്ടി വീരശൂര പരാക്രമിയെപ്പോലെ മൃഗശാലയിലേക്കു നടന്നു. അവിടെ എത്തിയപ്പോൾ മഹാരാജാവും പരിവാരങ്ങളും

അത്ഭുതത്തോടെ അയാളെ നോക്കിനിന്നു. കാണാതായ മൃഗത്തെ അന്വേഷിച്ചു കണ്ടുപിടിച്ച ആ മഹാവിരുതനെ ആനപ്പുറത്തിരുത്തി വാദ്യഘോഷങ്ങളോടെ രാജവീഥിയിലൂടെ എഴുന്നളളിച്ചു.

അതുമാത്രമോ? അന്നുതന്നെ മഹാരാജാവു തിരുമനസ്സുകൊണ്ട്‌ അപ്പുണ്ണിയമ്മാവനെ തന്റെ പ്രധാനമന്ത്രിയായും അന്വേഷണവകുപ്പിന്റെ തലവനായും നിയമിച്ചു. നോക്കണേ ഭാഗ്യം വരുന്ന വഴി!

Generated from archived content: unnikatha_july12.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രസംഗവും മുട്ടയും
Next articleവയലിനു വരമ്പായിക്കിടന്ന ആരുണി
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here