പണ്ടുപണ്ട് പനിക്കുളങ്ങര ദേശത്ത് ഒരു പനിയമ്മാവനും കുറെ മരുമക്കളും പാർത്തിരുന്നു. ആരും മൂക്കുപൊത്തുന്ന ഒരു അഴുക്കുചാലിലായിരുന്നു അവരുടെ വാസം.
പനിയമ്മാവനും മരുമക്കളും മഹാക്രൂരന്മാരായിരുന്നു. നാടുതോറും ചുറ്റിനടന്ന് ആളുകളുടെ ശരീരത്തിൽ നുഴഞ്ഞു കയറി പനിയുണ്ടാക്കുന്ന വൃത്തികെട്ട രോഗാണുക്കളായിരുന്നു അവർ.
ഒരു ദിവസം രാവിലെ അവർ അഴുക്കുചാലിൽനിന്ന് ആളുകൾ പാർക്കുന്ന ദിക്കിലേക്ക് മൂളിപ്പാട്ടും പാടി യാത്രയായി.
“പനികൊടുത്തു പനികൊടുത്തു
വരികയാണു ഞങ്ങൾ
പടനയിച്ചു നിരനിരന്നു
വരികയാണു ഞങ്ങൾ…..”
ആരെയെങ്കിലും ആക്രമിച്ചു കീഴടക്കാൻ വേണ്ടിയാണ് അവർ ചാടിത്തുളളിപ്പോയത്.
കുറച്ചുദൂരം ചെന്നപ്പോൾ അവർ ശുചീന്ദ്രത്തെ ശുചിക്കുട്ടനെ കണ്ടു. ശുചിക്കുട്ടൻ വീടിന്റെ ഇറയത്തിരുന്നു സ്ലേറ്റിൽ എന്തോ കുത്തിക്കുറിക്കുകയായിരുന്നു. ഇതുകണ്ടു പനിയമ്മാവൻ മരുമക്കളോടു പറഞ്ഞുഃ
“പനിമക്കളേ, മരുമക്കളേ നിൽക്ക്! നമുക്ക് ഈ കുട്ടന്റെ കൈവിരലുകൾക്കിടയിൽ കയറി പതുങ്ങിയിരിക്കാം. ഇവൻ കൈകഴുകാതെ ആഹാരം കഴിക്കുമ്പോൾ നമുക്ക് സുഖമായി വായിൽ കടന്നുകൂടാം. പിന്നെ വയറ്റിലും കടക്കാം. നമ്മളകത്തുകടന്നാൽ പനിപിടിച്ച് ഇവൻ ക്ലോസാകും. ഹി ! ഹി !”
പനിയമ്മാവൻ പറഞ്ഞതുപോലെ എല്ലാവരും ശുചിക്കുട്ടന്റെ കൈവിരലുകൾക്കിടയിൽ കയറിപ്പറ്റി.
പക്ഷേ, ശുചിക്കുട്ടൻ നല്ല വൃത്തിയുളള കുട്ടിയായിരുന്നു. ചോറുണ്ണാൻ അമ്മ വിളിച്ച ഉടനെ അവൻ കൈയും മുഖവും നന്നായി കഴുകി.
ആ വെളളത്തിൽപ്പെട്ടു പനിയമ്മാവനും മരുമക്കളും ഒഴുകി താഴെ വീണു. ചിലരുടെ കൈയും കാലും ഒടിഞ്ഞു. ചിലർ ഒഴുകിപ്പോയി. ചിലരെല്ലാം ചത്തു.
ഭാഗ്യത്തിനു പനിയമ്മാവനും പത്തുപന്ത്രണ്ടു മരുമക്കളും ചാവാതെ രക്ഷപ്പെട്ടു. അതോടെ അവർക്കു വാശിയായി. പനിയമ്മാവൻ മരുമക്കളോടു പറഞ്ഞുഃ
“പനിമക്കളെ, മരുമക്കളെ ഇവനെ നമുക്കു വെറുതെ വിട്ടുകൂടാ. തൽക്കാലം നമുക്കിവന്റെ മൂക്കിനകത്തു കയറി ഇരിക്കാം.”
പനിയമ്മാവൻ പറഞ്ഞതുപോലെ അവരെല്ലാം ശുചിക്കുട്ടന്റെ മൂക്കിനകത്തു കയറിപ്പറ്റി. അപ്പോഴാണ് ഗതികേടിന് ശുചിക്കുട്ടൻ ഉറക്കെ ഒരു തുമ്മുതുമ്മിയത്. തുമ്മലിന്റെ ശക്തികൊണ്ടു പനിയമ്മാവനും മരുമക്കളും തെറിച്ചു ദൂരെ വീണു. ആ വീഴ്‌ചയിലും കുറെപ്പേർ ചത്തു. കുറെപ്പേർ നിലത്തുകിടന്നു വായു വലിച്ചു. എങ്കിലും പനിയമ്മാവനും മൂന്നാലു മരുമക്കളും കഷ്‌ടിച്ചു രക്ഷപ്പെട്ടു.
ശുചിക്കുട്ടന്റെ അടുക്കൽ തങ്ങളുടെ വേലത്തരമൊന്നും നടക്കുകയില്ലെന്നു പനിയമ്മാവനും മരുമക്കൾക്കും നല്ല ബോധ്യം വന്നു. അവർ ഇഴഞ്ഞും വലിഞ്ഞും മൂളിപ്പാട്ടും പാടി പുതിയ ഇരയെത്തേടി അവിടെനിന്നു യാത്രയായി.
“പനികൊടുത്തു പനികൊടുത്തു
വരികയാണു ഞങ്ങൾ
പടനയിച്ചു നിരനിരന്നു
വരികയാണു ഞങ്ങൾ…..!”
കുറച്ചുദൂരം ചെന്നപ്പോൾ അവർ അഴുക്കന്തറയിലെ പെരുങ്കൊതിയൻ ചാത്തുക്കുട്ടിയെ കണ്ടു. പെരുങ്കൊതിയൻ ചാത്തുക്കുട്ടി കുളിക്കാതെയും കൈകഴുകാതെയും നടക്കുന്ന ഒരു വികൃതിക്കുട്ടിയായിരുന്നു.
പനിയമ്മാവൻ മരുമക്കളോടു പറഞ്ഞുഃ
“പനിമക്കളേ, മരുമക്കളേ നിൽക്ക്! ഇതാ ഇവൻ നമുക്കു പറ്റിയവനാണ്. ഇവന്റെ കൈവിരലുകൾക്കിടയിൽ കയറിയിരുന്നോളൂ.”
ഇതുകേട്ടയുടനെ അവരെല്ലാവരും പെരുങ്കൊതിയൻ ചാത്തുക്കുട്ടിയുടെ കൈവിരലുകൾക്കിടയിലും നഖത്തിനിടയിലും കയറിപ്പറ്റി.
അൽപം കഴിഞ്ഞപ്പോൾ പെരുങ്കൊതിയൻ ചാത്തുക്കുട്ടി തൊട്ടടുത്തുളള കുട്ടിപ്പട്ടരുടെ ചായക്കടയിൽ ചെന്ന് അഞ്ചാറു ദോശ വാങ്ങി കൈകഴുകാതെ വെട്ടിവിഴുങ്ങി.
പനിയമ്മാവനും മരുമക്കളും ഈ തക്കം നോക്കി ദോശയിൽ പറ്റിയിരുന്ന് പെരുങ്കൊതിയൻ ചാത്തുക്കുട്ടിയുടെ വായിലെത്തി. അവിടെനിന്നു വയറ്റിലേക്കു മാർച്ചു ചെയ്‌തു. ചാത്തുക്കുട്ടിയുടെ വയറ്റിലെത്തിയ പനിയമ്മാവനും കൂട്ടരും സന്തോഷത്തോടെ ചാടിത്തുളളാൻ തുടങ്ങി. അതോടെ പെരുങ്കൊതിയൻ ചാത്തുക്കുട്ടി കിടുകിടാ വിറയ്‌ക്കാനും തുടങ്ങി. പനിയും വിറയലും വന്ന് തലപൊക്കാതെ അവൻ കിടപ്പായി.
പനിയമ്മാവനും മരുമക്കൾക്കും വലിയ സന്തോഷമായി. ഒട്ടും വൈകാതെ ചാത്തുക്കുട്ടിയെ കൊല്ലാമെന്ന് അവർക്ക് ഉറപ്പായി.
പനിപിടിച്ചു പിച്ചുംപേയും പറയാൻ തുടങ്ങിയപ്പോൾ വീട്ടുകാർക്ക് അമ്പരപ്പായി. അവർ പെരുങ്കൊതിയൻ ചാത്തുക്കുട്ടിയെ വാരിയെടുത്ത് തോളിലിട്ടുകൊണ്ട് ആശുപത്രിയിലേക്ക് ഓടി.
ഇതെല്ലാം കണ്ടു പനിയമ്മാവനും മരുമക്കളും ചാത്തുക്കുട്ടിയുടെ വയറ്റിൽകിടന്ന് പാട്ടുപാടി നൃത്തം വെച്ചുഃ
“കൈയും മുഖവും കഴുകാത്തവനാം
ചാത്തുക്കുട്ടി ജയിക്കട്ടെ!
കുട്ടികളെല്ലാമിങ്ങനെ ചെയ്‌താൽ
ഞങ്ങൾക്കെന്നും പൊടിപൂരം !”
Generated from archived content: unnikatha_apr30.html Author: sippi_pallipuram