പണ്ടു പണ്ട് ഒരിടത്തു കുഞ്ഞിക്കാളി നേത്യാരമ്മ എന്നൊരു പാവം അമ്മയുണ്ടായിരുന്നു. കുഞ്ഞിക്കാളി നേത്യാരമ്മയ്‌ക്കു മൂന്നു പുന്നാരമക്കളുണ്ടായിരുന്നു.
ഒരിക്കൽ കുഞ്ഞിക്കാളി നേത്യാരമ്മയ്‌ക്കും കുഞ്ഞുങ്ങൾക്കും നെയ്യപ്പം തിന്നാൻ കൊതി. കൊതിമൂത്തപ്പോൾ കുഞ്ഞിക്കാളി നേത്യാരമ്മ കാഞ്ഞൂരു ചന്തയിൽ നിന്നു പച്ചരി കൊണ്ടുവന്നു. ചക്കരക്കടവിൽ നിന്നു ശർക്കര കൊണ്ടുവന്നു. വെളളാങ്കല്ലൂരിൽനിന്നു വെളിച്ചെണ്ണ കൊണ്ടുവന്നു.
ഒരു ദിവസം രാവിലെ കുഞ്ഞിക്കാളി നേത്യാരമ്മയും കുഞ്ഞുങ്ങളും കൂടി അരിപൊടിച്ചു കുഴകുഴച്ചു നെയ്യപ്പം ചുടാൻ തുടങ്ങി.
നെയ്യപ്പം വെളിച്ചെണ്ണയിൽ കിടന്നു നൃത്തം വയ്‌ക്കുന്നതു കുഞ്ഞിക്കാളി നേത്യാരമ്മയും കുഞ്ഞുങ്ങളും കൊതിയോടെ നോക്കിനിന്നു.
“ഈ നെയ്യപ്പം ഞാൻ തിന്നും,” മൂത്ത മകൻ കുഞ്ഞിപ്പാക്കൻ പറഞ്ഞു.
“ഈ നെയ്യപ്പം നിനക്കല്ല; എനിക്കാണ്.” രണ്ടാമത്തെ മകൻ കുഞ്ഞിക്കേളൻ തിടുക്കം കൂട്ടി.
“ഇതു നിങ്ങൾക്കു രണ്ടുപേർക്കും തരില്ല; ഞാൻ തിന്നും,” ഇളയമകൻ ഇട്ടിച്ചിരി വാശിപിടിച്ചു.
ഇങ്ങനെ തർക്കിക്കുന്നതിനിടയിൽ നെയ്യപ്പം പെട്ടെന്നു ചീനച്ചട്ടിയിൽനിന്നും പുറത്തേക്കൊരു ചാട്ടം!
അവരെല്ലാം നോക്കിനിൽക്കേ, നെയ്യപ്പം ഉരുണ്ട് ഇറയത്തു നിന്നും മുറ്റത്തേക്കു ചാടി. പിന്നെ മുറ്റത്തുകൂടി ഉരുണ്ടു വളപ്പും കടന്നു പാടവരമ്പത്തു കൂടി ഒരോട്ടം!
ഇതുകണ്ടു കുഞ്ഞിക്കാളി നേത്യാരമ്മയും കുഞ്ഞുങ്ങളുംകൂടി നെയ്യപ്പത്തിന്റെ പിന്നാലെ ഓടി, കുഞ്ഞിക്കാളി നേത്യാരമ്മ ഉറക്കെ പറഞ്ഞുഃ
“അപ്പക്കുട്ടീ അരുമക്കുട്ടീ
പോകരുതേ നീ പോകരുതേ
നിന്നെയെടുക്കാം താലോലിക്കാം
തോളിൽവയ്‌ക്കാം വന്നാട്ടെ!”
അതുകേട്ടു നെയ്യപ്പം പറഞ്ഞുഃ “ഇല്ല. ഞാൻ വരില്ല. വന്നാൽ അമ്മയും മക്കളുംകൂടി എന്നെ തിന്നും. ഞാൻ ലോകം ചുറ്റാൻ പോവുകയാണ്.” എന്നിട്ടു നെയ്യപ്പം തിരിഞ്ഞുനോക്കാതെ വേഗത്തിൽ ഓടി.
കുഞ്ഞിക്കാളി നേത്യാരമ്മയും കുഞ്ഞുങ്ങളും സങ്കടത്തോടെ വീട്ടിലേക്കു തിരിച്ചുപോയി.
നെയ്യപ്പം കടമ്പകേറി മറിഞ്ഞും മല ചാടി മറിഞ്ഞും കാട്ടുവഴിയിലൂടെ മൂളിപ്പാട്ടും പാടി യാത്രയായി.
“ലോകം ചുറ്റും നെയ്യപ്പം ഞാൻ
മധുരച്ചക്കര നെയ്യപ്പം!….
കൊതിയന്മാരേ ചതിയന്മാരേ
മാറിക്കോ വഴി മാറിക്കോ!….”
അല്പസമയത്തിനുളളിൽ നെയ്യപ്പം ഉരുണ്ടുരുണ്ട് ആനപ്പാറക്കുന്നിന്റെ അരികിലെത്തി. അപ്പോൾ ഒരു കൊതിയൻ കുടവയറനാന ഓടിവന്നു തുമ്പിക്കൈ നീട്ടി നെയ്യപ്പത്തെ കടന്നു പിടിച്ചു. എങ്കിലും നെയ്യപ്പം സൂത്രത്തിൽ തുമ്പിക്കൈയിൽനിന്നു ചാടിക്കളഞ്ഞു. ആന പിന്നാലെ ഓടിയെങ്കിലും നെയ്യപ്പത്തെ പിടികൂടാൻ കഴിഞ്ഞില്ല.
നെയ്യപ്പം പിന്നെയും മൂളിപ്പാട്ടും പാടി യാത്രയായി.
“ലോകം ചുറ്റും നെയ്യപ്പം ഞാൻ
മധുരച്ചക്കര നെയ്യപ്പം
കൊതിയന്മാരേ ചതിയന്മാരേ
മാറിക്കോ വഴിമാറിക്കോ!…..”
അങ്ങനെ നെയ്യപ്പം ഉരുണ്ടുരുണ്ട് കോഴിക്കോട്ടങ്ങാടിയിലെത്തി. അപ്പോൾ അഴകൻ പൂങ്കോഴി കൊക്കിക്കൊക്കി വന്ന് നെയ്യപ്പത്തെ കൊത്തിയെടുത്തു. എങ്കിലും നെയ്യപ്പം ഉരുണ്ടു പിരണ്ട് കോഴിക്കൊക്കിൽ നിന്നും ചാടിക്കളഞ്ഞു. പൂങ്കോഴി പുറകേ ചെന്നെങ്കിലും നെയ്യപ്പത്തെ പിടികൂടാൻ കഴിഞ്ഞില്ല.
നെയ്യപ്പം പിന്നെയും മൂളിപ്പാട്ടും പാടി യാത്രയായി.
“ലോകം ചുറ്റും നെയ്യപ്പം ഞാൻ
മധുരച്ചക്കര നെയ്യപ്പം
കൊതിയന്മാരേ ചതിയന്മാരേ
മാറിക്കോ വഴി മാറിക്കോ!….”
അല്പസമയത്തിനുളളിൽ നെയ്യപ്പം ഉരുണ്ടുരുണ്ട് പൂച്ചാക്കലെ നാൽക്കവലയിലെത്തി. അപ്പോൾ മീശക്കാരൻ പൂശകനാശാൻ ‘മ്യാവൂ മ്യാവൂ’ എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന് നെയ്യപ്പത്തെ കടിച്ചെടുത്തു. എങ്കിലും നെയ്യപ്പം തത്തിപ്പിടഞ്ഞു പൂച്ചവായിൽ നിന്നും ചാടിക്കളഞ്ഞു. പൂശകനാശാൻ പിന്നാലെ പാഞ്ഞെങ്കിലും നെയ്യപ്പത്തെ പിടികൂടാൻ കഴിഞ്ഞില്ല.
നെയ്യപ്പം പിന്നെയും മൂളിപ്പാട്ടും പാടി യാത്രയായി.
“ലോകം ചുറ്റും നെയ്യപ്പം ഞാൻ
മധുരച്ചക്കര നെയ്യപ്പം
കൊതിയന്മാരേ ചതിയന്മാരേ
മാറിക്കോ വഴി മാറിക്കോ!…..”
അല്പസമയത്തിനുളളിൽ നെയ്യപ്പം ഉരുണ്ടുരുണ്ട് മുല്ലപ്പെരിയാറിന്റെ തീരത്തെത്തി. പക്ഷേ, അക്കരെ കടക്കാൻ വഴി കാണാതെ നെയ്യപ്പം കുറെനേരം സങ്കടത്തോടെ അവിടെ ഇരുന്നു.
അപ്പോഴാണ് ഉണ്ടേക്കടവിലെ കണ്ടപ്പൻ മുതല അതുവഴി വന്നത്. ചുവന്നു തുടുത്ത ഒരു നെയ്യപ്പം പുഴവക്കത്തിരിക്കുന്നതു കണ്ടു കണ്ടപ്പൻ മുതലയുടെ വായിൽ വെളളം നിറഞ്ഞു. മുതല പറഞ്ഞുഃ
“അപ്പക്കുട്ടീ വേഗം നീയെൻ
തലയിൽക്കേറിയിരുന്നോളൂ
അക്കരെയെത്താം; അവിടെ നിനക്കൊരു
രാജാവാകാം വൈകാതെ!”
മുതലച്ചാരുടെ ചക്കരവാക്കുകൾ നെയ്യപ്പത്തിനു കൂടുതൽ ഇഷ്ടമായി. അക്കരെയെത്തിയാൽ മുതല തന്നെ ഒരു രാജാവാക്കുമെന്നും നെയ്യപ്പം വിശ്വസിച്ചു.
നെയ്യപ്പം വേഗം കണ്ടപ്പൻ മുതലയുടെ തലയിൽ കയറിയിരുന്നു. കണ്ടപ്പൻ മുതല വാലിട്ടടിച്ച് സന്തോഷത്തോടെ പുഴയിലൂടെ നീന്തിയകന്നു.
എന്നാൽ പുഴയുടെ നടുവിലെത്തിയപ്പോൾ കണ്ടപ്പൻ മുതല ഒരു മുങ്ങുമുങ്ങി. നെയ്യപ്പം വെളളത്തിൽ ഒന്നു മുങ്ങിപ്പൊങ്ങി.
‘ടപ്പ്’ കണ്ടപ്പൻ മുതല വായ തുറന്ന് ആർത്തിയോടെ നെയ്യപ്പത്തെ ഒരു വിഴുങ്ങു വിഴുങ്ങി! പാവം നെയ്യപ്പത്തിന്റെ ലോകസഞ്ചാരം അതോടെ തീർന്നു.
Generated from archived content: unnikatha_apr16.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English