പണ്ടുപണ്ട് മയൂരപുരിയിൽ മയൂര സേനൻ എന്നൊരു രാജാവുണ്ടായിരുന്നു. മയൂരസേനന്റെ ഏകസന്താനമായിരുന്നു വിചിത്ര സേനൻ
കുട്ടിക്കാലം മുതൽ തന്നെ വിചിത്രസേനൻ അനുസരണയില്ലാത്തവനും അലസനും തെമ്മാടിയുമായിരുന്നു. രാജകുമാരന്റെ ഇത്തരം മോശമായ പെരുമാറ്റം കണ്ട് മയൂരസേന മഹാരാജാവിന്റെ മനസ് വല്ലാതെ വേദനിച്ചു.
“നമ്മുടെ കുമാരനെ പഠിപ്പിച്ചു മിടുക്കനാക്കാനും നന്മയിൽ വളർത്താനും പറ്റിയ ഗുരു ആരാണ്? മയൂരസേനൻ അന്വേഷിച്ചു.
പല പേരുകേട്ട ഗുരുക്കന്മാരും വന്നെങ്കിലും വിചിത്രസേനന്റെ മര്യാദയില്ലായ്മ കണ്ട് അവരെല്ലാം പിൻവാങ്ങുകയാണ് ചെയ്തത്.
ഒടുവിലാണ് മഹാരാജാവ് പാടലീപുത്രത്തിലെ മഹാഗുരുവായ സുരകീർത്തിയെക്കുറിച്ച് അറിഞ്ഞത്. വിചിത്ര സേനനെ താമസിക്കാതെ അദ്ദേഹം സുരകീർത്തിയുടെ ഗുരുകുലത്തിൽ ചേർത്തു.
”ഗുരു പറയുന്നതെല്ലാം അതേപടി അനുസരിച്ചും പാഠങ്ങളെല്ലാം നന്നായി പഠിച്ചും നീ നാടിന് വിലപ്പെട്ടവനാകണം“ – മയൂരസേനൻ മകനെ ഓർമ്മിപ്പിച്ചു.
പിറ്റേന്നുമുതൽ വിചിത്രസേനൻ സുരകീർത്തിയുടെ കീഴിൽ പഠനമാരംഭിച്ചു. ഒരാഴ്‌ചയോളം അവൻ വലിയ കുഴപ്പമുണ്ടാക്കിയില്ല.
പക്ഷെ, പിന്നീട് വിചി്രസേനന്റെ മട്ടും ഭാവവുമൊക്കെ മാറി. ഒരു ദിവസം തന്റെ സതീർത്ഥ്യനായ ശൂലപാണിയുടെ കൈപിരിച്ച് ഒടിച്ചു. മറ്റൊരിക്കൽ ഗുരുകുലത്തിൽ വളർത്തുന്ന പൂവാലിത്തത്തകളെ കല്ലെറിഞ്ഞു വീഴ്‌ത്തി. പിന്നീടൊരു സന്ധ്യയ്‌ക്ക് അത്താഴമായി വിളമ്പിക്കൊടുത്ത പാൽക്കഞ്ഞി ഗുരുവിന്റെ മുന്നിൽവച്ചു തന്നെ തട്ടിയെറിഞ്ഞു!
സുരകീർത്തി അതാതു സമയം തന്നെ ഉചിതമായ ശിക്ഷകൾ നൽകുന്നുണ്ടായിരുന്നു. എന്നിട്ടും രാജകുമാരന്റെ അഴിഞ്ഞാട്ടത്തിന് യാതൊരു കുറവും ഉണ്ടായില്ല. ഗത്യന്തരമില്ലാതെ വന്നപ്പോൾ സുരകീർത്തി മയൂരസേനനെ വിവരമറിയിച്ചു. അദ്ദേഹം നേരിട്ട് ഗുരുകുലത്തിലേക്ക് എഴുന്നള്ളി.
”ഗുരോ, അലസതയ്‌ക്കും തെമ്മാടിത്തത്തിനും അങ്ങ് കടുത്തശിക്ഷ നൽകിക്കോളൂ. രാജകുമാരനാണെന്നു കരുതി അങ്ങ് ആവശ്യത്തിലധികം ദാക്ഷിണ്യം കാട്ടരുത്“- മയൂരസേനൻ സുരകീർത്തിക്ക് ധൈര്യം പകർന്നു.
അതിനുശേഷം ഗുരുവിന്റെ ശിക്ഷാരീതികൾ അല്പം കൂടി ഗൗരവസ്വഭാവത്തിലായി. പലപ്പോഴും അദ്ദേഹത്തിന് ചൂരൽ പ്രയോഗം തന്നെ നടത്തേണ്ടതായി വന്നു. കുറെ ദിവസങ്ങൾ കൊണ്ട് രാജകുമാരന്റെ പെരുമാറ്റത്തിൽ വ്യത്യാസം വന്നു. ഗുരുവചനങ്ങൾ അനുസരിക്കാനും അന്നന്നുള്ള പാഠങ്ങൾ കൃത്യമായി പഠിക്കാനും അവൻ ശ്രദ്ധവച്ചു.
എങ്കിലും ഗുരുവിന്റെ നേരെ നല്ല മുഖം കാണിക്കാനോ, അദ്ദേഹത്തെ നോക്കി ഒന്നു ചിരിക്കാനോ ആദരപൂർവ്വം ഒന്നു കൈവണങ്ങാനോ കുമാരൻ കൂട്ടാക്കിയില്ല. ഗുരുവിനോടുള്ള പക അവന്റെ മനസ്സിൽ അറിയാതെ പുകഞ്ഞുകൊണ്ടേയിരുന്നു.
നാളുകൾ വളരെ വേഗം കടന്നുപോയി. മയൂര സേന മഹാരാജാവ് നാടുനീങ്ങി. ഒട്ടും വൈകാതെ വിചിത്രസേനൻ മയൂരപുരിയിലെ രാജാവായി സ്ഥാനമേറ്റു.
ഗുരുവിനോട് പകരം വീട്ടാനുള്ള സമയമടുത്തുവെന്ന് വിചിത്രസേനൻ കണക്കുകൂട്ടി.
”പാടലീപുത്രത്തിലെ ഗുരുകുലത്തിൽ വച്ച് നമ്മെ തല്ലിച്ചതച്ച സുരകീർത്തിയെ ഇന്നുതന്നെ കൽത്തുറങ്കിലടയ്‌ക്കൂ“ -രാജാവ് സ്ഥാനാരോഹണ ദിവസം തന്നെ കല്പനയായി.
രാജഭടന്മാർ അന്നു തന്നെ വൃദ്ധനും വിവശനുമായ സുരകീർത്തിയെ പിടിച്ചുകെട്ടി ജയിലിലടച്ചു. യാതൊരു വൈമനസ്യവും കൂടാതെ അദ്ദേഹം ജയിലിൽ താമസവും തുടങ്ങി.
ഒരുദിവസം വിചിത്രസേനൻ ജയിലിലെ കാഴ്‌ചകൾ നേരിൽ കാണാനായി എഴുന്നള്ളി. അപ്പോൾ സുരകീർത്തി വിയർത്തൊലിച്ച് ഒരു വലിയ കുട്ടയിൽ മണ്ണുചുമക്കുകയായിരുന്നു. അദ്ദേഹം ഏങ്ങിവലിഞ്ഞു നടന്നുനീങ്ങുന്നതു കണ്ട വിചിത്രസേനൻ ഉറക്കെ പൊട്ടിച്ചിരിച്ചു.
ഹ ഹ ഹ!!! നമ്മെ തല്ലിയതിനുള്ള ശിക്ഷയാണിത്. ചുമന്നോളൂ; കുട്ടനിറയെ മണ്ണു ചുമന്നോളൂ.”
ഇതുകേട്ട് ഗുരു ഒരു നിമിഷം നിന്നു. അദ്ദേഹം പറഞ്ഞുഃ
“ഞാൻ മണ്ണു ചുമക്കേണ്ടിവന്നതുകൊണ്ട് ഇന്നാട്ടിലെ പാവം പ്രജകൾ മണ്ണുചുമക്കാതെ രക്ഷപ്പെട്ടു! ”
“ങും അതെന്താ?” – വിചിത്രസേനൻ ആരാഞ്ഞു.
“വേണ്ട സമയത്ത് ഞാൻ ശിക്ഷിച്ചു വളർത്തിയതുകൊണ്ടാണ് നീയിന്ന് ഉത്തമനായ ഒരു രാജാവായത്. പഴയതുപോലെ അലസനും തെമ്മാടിയുമായ വിചിത്രസേനനായിരുന്നുവെങ്കിൽ ഇന്നാട്ടിലെ സകലമാന ജനങ്ങൾക്കും മണ്ണു ചുമക്കേണ്ട ഗതികേടുവരുമായിരുന്നു. നീയൊന്നു ചിന്തിച്ചു നോക്കൂ” – ഗുരു വിശദീകരിച്ചു. ഇതു കേട്ടതോടെ വിചിത്രസേനന് ഉത്തരം മുട്ടി. അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന് ംലാനമായി. ഗുരു പറഞ്ഞതിന്റെ പൊരുൾ രാജാവിനു മനസ്സിലായി. അദ്ദേഹം നിറഞ്ഞ കണ്ണുകളോടെ ഗുരുവിന്റെ പാദങ്ങളിൽ വീണു.
“ഗുരോ, ശരിയാണ്; ശരിയാണ്; മൂഢനായ നമ്മുടെ കണ്ണുതുറന്നത് ഇപ്പോഴാണ്! നമ്മെ ഈ രാജസിംഹാസനത്തിലിരിക്കാൻ യോഗ്യനാക്കിയത് അങ്ങയുടെ കഠിനമായ ശിക്ഷണം തന്നെയായിരുന്നു. അജ്ഞത കൊണ്ട് നാമങ്ങയെ ജയിലിലടച്ചു; ഗുരോ, മാപ്പ് മാപ്പ്”.
പൊട്ടിക്കരയുന്ന വിചിത്രസേന മഹാരാജാവിന്റെ കണ്ണുകൾ ഗുരു തന്റെ മെലിഞ്ഞ കൈകൊണ്ട് തുടച്ചുകൊടുത്തു.
Generated from archived content: unnikatha_1_june13_07.html Author: sippi_pallipuram