ഒരിക്കൽ യേശുനാഥൻ ഗലീലാ തടാകത്തിന്റെ മറുകരയിലേക്കു പോയി. യേശുവിനെ ഒരുനോക്കു കാണാൻ ജനങ്ങൾ ചുറ്റും തിങ്ങിക്കൂടി.
നേരമിരുണ്ടു എന്നിട്ടും ആളുകൾ തുരുതുരാ വന്നുകൊണ്ടിരുന്നു.
യേശുവും ശിഷ്യന്മാരും അവിടെ ഒരു മലമ്പ്രദേശത്ത് ഇരുന്നു. എന്നിട്ടും ജനങ്ങൾ പിരിഞ്ഞുപോയില്ല. അവർ അയ്യായിരത്തോളം പേരുണ്ടായിരുന്നു.
തന്നെ അനുഗമിക്കുന്ന ഈ ജനക്കൂട്ടത്തിന് വല്ലാതെ വിശക്കുന്നുണ്ടെന്ന് യേശുനാഥൻ മനസ്സിലാക്കി. അദ്ദേഹം തന്റെ ശിഷ്യനായ ഫിലിപ്പോസിനോടു ചോദിച്ചുഃ
“ഫിലിപ്പോസ്, ഇത്രയും ജനങ്ങൾ നമുക്കു ചുറ്റും കൂടിയിരിക്കുന്നല്ലോ. ഇവർക്കു ഭക്ഷിപ്പാൻ നാം എവിടെ നിന്നും അപ്പം വാങ്ങും?”
ഇതുകേട്ട് അമ്പരന്ന ഫിലിപ്പോസ് പറഞ്ഞുഃ
“ഗുരോ, ഇത്രയും പേർക്ക് അപ്പം വാങ്ങാൻ ധാരാളം പണം വേണ്ടിവരും”.
അപ്പോൾ അവിടെയുണ്ടായിരുന്ന അന്ത്രയോസ് പറഞ്ഞുഃ
“ഇവിടെ ഒരു ബാലന്റെ കൈയിൽ അഞ്ചപ്പവും രണ്ടു വറുത്ത മീനും ഉണ്ട്. പക്ഷെ അതുകൊണ്ട് എത്ര പേർക്കു വിളമ്പാൻ?”
ജനങ്ങളെയെല്ലാം താഴെയിരുത്താൻ യേശുനാഥൻ കല്പിച്ചു. ഇതെന്തു ഭ്രാന്തെന്ന മട്ടിൽ ശിഷ്യന്മാർ തമ്മിൽ നോക്കി മുറുമുറുത്തു.
അവിടെയുണ്ടായിരുന്ന അഞ്ചപ്പവും രണ്ടു മീനും എടുത്തു വാഴ്‌ത്തിയിട്ട്, അത് എല്ലാവർക്കും പങ്കുവെച്ചു കൊടുക്കുവാൻ ഗുരുനാഥൻ ശിഷ്യന്മാരോട് അരുളിച്ചെയ്തു. ശിഷ്യന്മാർ ഗുരുവിനെ അനുസരിച്ചു. വിളമ്പി വിളമ്പി അവരുടെ കൈകൾ കുഴഞ്ഞു.
അവിടെ കൂടിയിരുന്ന അയ്യായിരം പേരും തൃപ്തിയോടെ അപ്പവും മീനും ഭക്ഷിച്ചു. എന്നിട്ടും പന്ത്രണ്ടു കുട്ടയോളം അപ്പം ബാക്കിവന്നു.
അഞ്ചപ്പം കൊണ്ടും രണ്ടു മീൻ കൊണ്ടും അയ്യായിരങ്ങളെ തീറ്റാൻ കഴിഞ്ഞ ഗുരുനാഥന്റെ മഹത്വം അവരെ കൂടുതൽ അത്ഭുതപ്പെടുത്തി. ഗുരുവിനോടുള്ള ബഹുമാനാദരങ്ങൾ കൊണ്ട് അവരുടെ ശിരസ് താനേ കുനിഞ്ഞു. അവൻ ഗുരുവിനെ നമസ്‌കരിച്ചിട്ടു പറഞ്ഞു.
“അങ്ങയെ ഞങ്ങൾ സംശയിച്ചു. ഇത്രയും പേരെ എങ്ങനെ തീറ്റുമെന്ന് ഞങ്ങൾ പരസ്പരം ചോദിച്ചു. പക്ഷെ ദൈവപുത്രനായ അങ്ങേയ്‌ക്കിത് നിഷ്‌പ്രയാസം സാധിച്ചു. ഗുരോ ക്ഷമിച്ചാലും”.
“ശിഷ്യരെ, ദൈവഹിതത്തിൽ നാം ചെയ്യുന്നതെന്തും നിറവേറ്റപ്പെടും”. ഗുരുനാഥൻ തന്റെ ശിഷ്യന്മാരെ സസന്തോഷം അനുഗ്രഹിച്ചു.
അവരുടെ മനസ്സിൽ ഗുരുവിനോടുള്ള സ്നേഹവും ആദരവും ഭക്തിയും കുറേക്കൂടി ആഴത്തിൽ വേരൂന്നി.
Generated from archived content: unnikatha2_sept11_07.html Author: sippi_pallipuram