ജഗദ്‌ഗുരുവായ ശ്രീ ശങ്കരാചാര്യർ ഒരിക്കൽ ഒരു തടാകതീരത്തിരുന്ന് തപസ്സു ചെയ്യുകയായിരുന്നു. നേരം അസ്‌തമയത്തോടടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യന്മാരെല്ലാം സന്ധ്യാസ്‌നാനത്തിനു പോയിരിക്കുകയായിരുന്നു.
ഈ സമയത്താണ് ദുഷ്‌ടമൂർത്തിയായ ഒരു കാപാലികൻ ശങ്കരാചാര്യരുടെ സമീപത്തെത്തിയത്. അയാൾ ആചാര്യരെ തപസ്സിൽ നിന്നും ഉണർത്തി.
“അങ്ങേക്ക് എന്തുവേണം?” വിനയത്തോടെ ശങ്കരാചാര്യർ അന്വേഷിച്ചു.
“സ്വർഗ്ഗത്തിലെത്താൻ വേണ്ടി ഞാൻ ഒരു യാഗം നടത്താൻ ആഗ്രഹിക്കുന്നു.ഃ കാപാലികൻ അറിയിച്ചു.
”അതിന് എന്റെ എന്തു സഹായമാണ് അങ്ങേക്കു വേണ്ടത്? മടികൂടാതെ ചോദിച്ചോളൂ?“
”എന്റെ യാഗം വിജയിക്കുന്നതിന് ഒരു മഹാപണ്‌ഡിതന്റെ ശിരസ്സ് ആവശ്യമാണ്. അങ്ങയുടെ തല കിട്ടിയാൽ ആ ആഗ്രഹം പൂർണമാകും.“ ദുഷ്‌ടനായ കാപാലികൻ അറിയിച്ചു. ഇതു കേട്ട് ശങ്കരാചാര്യർ ഒന്നു മന്ദഹസിച്ചു. അദ്ദേഹം പറഞ്ഞു.
”അതു ചോദിക്കാൻ അങ്ങ് ഒട്ടും പേടിക്കേണ്ടതില്ല. എന്റെ തലകൊണ്ട് അങ്ങേയ്‌ക്കു സ്വർഗം കിട്ടുമെങ്കിൽ ഞാൻ അതീവ സന്തുഷ്‌ടനാണ്.“
”എങ്കിൽ അങ്ങയുടെ തല വെട്ടിയെടുക്കാൻ സദയം സമ്മതിച്ചാലും.“ കാപാലികൻ കൂപ്പികൈയോടെ ആചാര്യരുടെ മുഖത്തേക്കു നോക്കി.
”ഇപ്പോൾ എന്റെ ശിഷ്യന്മാരും സമീപത്തില്ല. അങ്ങ് എത്രയും വേഗം എന്റെ ശിരസ്സ് വെട്ടിയെടുത്തോളൂ.“ ശങ്കരാചാര്യർ അനുവാദം നൽകി. അദ്ദേഹം കണ്ണുകൾ പൂട്ടി ധ്യാനനിരതനായി ഇരുന്നു.
കാപാലികന്റെ മുഖം ഭയാനകമായി. കണ്ണുകൾ ചെമ്പരത്തിപ്പുപോലെ ചുവന്നു. അസ്‌ഥിമാലകളും തലയോട്ടികളും തൂങ്ങുന്ന നെഞ്ച് പെരുമ്പപാറപോലെ മിടിച്ചു. അയാൾ ആചാര്യന്റെ കഴുത്തിനു നേരെ വാളോങ്ങി.
ഈ സമയത്ത് തടാകത്തിന്റെ മറുകരയിൽ കുളിക്കാൻ പോയിരുന്ന സനന്ദനൻ എന്ന ശിഷ്യൻ കുളികഴിഞ്ഞ് തിരിച്ചുവരുന്നുണ്ടായിരുന്നു. ഗുരുവിന്റെ ശിരസ്സു വെട്ടാൻ ഒരാൾ വാളോങ്ങി നിൽക്കുന്നത് തടാകത്തിന്റെ മറുകരയിൽ വച്ചുതന്നെ സനന്ദനൻ കണ്ടു.
ഗുരുഭക്തനായ സനന്ദനന്റെ ചോര തിളച്ചു വേഗം അങ്ങോട്ടു പാഞ്ഞെത്തിയില്ലെങ്കിൽ അയാൾ ഗുരുവിന്റെ തല കൊയ്യും! താൻ തടാകം ചുറ്റി വരുമ്പോഴേക്കും പ്രിയപ്പെട്ട ഗുരുവിന്റെ കഥ കഴിഞ്ഞിരിക്കും. എന്താണു ചെയ്യുക?….
സനന്ദനൻ ഒരു നിമിഷം ചിന്തിച്ചു.
പെട്ടെന്ന് അയാൾ സ്‌ഥലകാലങ്ങൾ മറന്നു. തടാകമാണെന്ന യഥാർത്ഥ്യം ഓർമ്മിക്കാതെ അയാൾ ജലത്തിന്റെ ഉപരിതലത്തിലൂടെ നടന്നു. അത്ഭുതം!…… അയാൾ കാലെടുത്തുവച്ച സ്‌ഥലത്തെല്ലാം നിമിഷംകൊണ്ട് ഓരോ വലിയ താമരപ്പൂക്കൽ ഉയർന്നുവന്നു.
താമരപ്പൂക്കളിലൂടെ വായുവേഗത്തിൽ നടന്ന് സനന്ദനൻ ഗുരുവിന്റെ സമീപമെത്തി. ഗുരുവിനെ വെട്ടാൻ വാളോങ്ങിനിന്ന ദുഷ്‌ടനായ കാപാലികന്റെ വയറും നെഞ്ചും അയാൾ കുത്തിപ്പിളർന്നു!…….
ബഹളം കേട്ട് ശങ്കരാചാര്യർ കണ്ണും തുറന്നു. അപ്പോൾ ചോരയിൽ കുളിച്ച്, കുടൽമാല പുറത്തുചാടി, ചത്തുമലച്ചു കിടക്കുന്ന കാപാലികനേയും രുദ്രസേനനെപ്പോലെ കലിപൂണ്ടു നിൽക്കുന്ന സനന്ദനനേയുമാണ് അദ്ദേഹത്തിനു കാണാൻ കഴിഞ്ഞത്.
ആചാര്യർ ശിഷ്യനെ കണക്കറ്റു ശാസിച്ചു. പക്ഷെ സനന്ദനൻ അടങ്ങിയില്ല. അയാൾ ഗുരുവിനെ താണുവണങ്ങിക്കൊണ്ടു പറഞ്ഞു.
”ഗുരോ, ഈ ലോകത്തെ മുഴുവൻ സ്വർഗമാക്കി മാറ്റാൻ കഴിവുള്ളതാണ് അങ്ങയുടെ ശിരസ്സ്! അതു ദുഷ്‌ടനായ ഒരു കാപാലികന്റെ ഇഷ്‌ടത്തിനുവേണ്ടി മാത്രം ദാനം ചെയ്യാനുള്ളതല്ല. ദയയ്‌ക്കും ഒരതിരൊക്കെ വേണം.!
പ്രിയശിഷ്യന്റെ കത്തിജ്വലിക്കുന്ന സ്‌നേഹത്തിനു മുന്നിൽ ഗുരുവിനു തോല്‌ക്കേണ്ടി വന്നു. ഒരക്ഷരം പോലും സനന്ദനനോട് എതിർത്തുപറയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
അന്നു മുതൽ സനന്ദനന് പുതിയൊരു പേര് കിട്ടി പത്മപാദർ! ഗുരുവിനോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ പ്രതിഫലനം പോലെയാണ് ഈശ്വരാനുഗ്രഹത്തിന്റെ ഓരോ താമരപ്പൂക്കൾ സനന്ദനന്റെ ഓരോ കാലടിവെയ്‌പിലും ഉയർന്നുവന്നത് പാദം വെച്ചിടത്തെല്ലാം പത്‌മങ്ങൾ വിരിഞ്ഞുവന്നതുകൊണ്ടാണ് പത്‌മപാദർ എന്ന പേര് സനന്ദനനു ലഭിച്ചത്. നോക്കണേ, ഗുരുഭക്തിയുടെ ശക്തി.!
Generated from archived content: unnika1_jun1_09.html Author: sippi_pallipuram