മന്ത്രച്ചെരുപ്പുകൾ

രാരിച്ചൻ കുട്ടി പടുവികൃതിയായിരുന്നു. അവൻ എപ്പോഴും ഓരോരോ കുസൃതികൾ കാണിച്ചുകൊണ്ടിരിക്കും. ഒരു ദിവസം കോരിച്ചൊരിയുന്ന മഴയത്ത്‌ രാരിച്ചൻകുട്ടി ചെളിവെളളത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ്‌ പളപളെ മിന്നുന്ന വെളളസാരിയുമുടുത്ത്‌ വളളിവട്ടത്തെ സുന്ദരിക്കോത അതുവഴി വന്നത്‌.

കണ്ടപാതി കാണാത്ത പാതി രാരിച്ചൻകുട്ടി കുറുകിയ ചെളിവെളളം തട്ടിത്തെറിപ്പിച്ചു സുന്ദരിക്കോതയുടെ വെളളസാരിയാകെ വൃത്തികേടാക്കി. ഇതുകണ്ട്‌ അവൾ ദേഷ്യപ്പെട്ട്‌ രാരിച്ചൻകുട്ടിയെ ഇടിക്കാൻ കൈ ചുരുട്ടിക്കൊണ്ട്‌ ഓടിച്ചെന്നു.

പക്ഷേ രാരിച്ചൻകുട്ടിയെ പിടികൂടാൻ അവൾക്കു കഴിഞ്ഞില്ല. അവൻ കൊഞ്ഞനംകുത്തിക്കൊണ്ടു തൊട്ടടുത്തുളള കൈതപ്പൊന്തയിൽ കയറി ഒളിച്ചു.

കൈതപ്പൊന്തയിലിരുന്നു രാരിച്ചൻകുട്ടി മൂത്തുപഴുത്ത കൈതച്ചക്ക പറിച്ചെടുത്തു ‘കറുമുറാന്ന്‌’ കടിച്ചു തിന്നു. അടുത്ത കൈതച്ചക്ക പറിച്ചെടുക്കാൻ കൈ നീട്ടിയപ്പോഴാണ്‌ രണ്ടു കറുത്ത ചെരുപ്പുകൾ തൊട്ടടുത്തായി ഇരിക്കുന്നതു കണ്ടത്‌. രാരിച്ചൻകുട്ടി വേഗം ചെരുപ്പുകൾ രണ്ടുമെടുത്തു തന്റെ കുഞ്ഞിക്കാലുകളിൽ അണിഞ്ഞു. ഇതെന്തു കുന്തം? പെട്ടെന്നു ചെരുപ്പുകൾ രാരിച്ചൻകുട്ടിയെയും ചുമന്നുകൊണ്ട്‌ ഓടെടാ ഓട്ടം!…. കാര്യം പിടികിട്ടാതെ രാരിച്ചൻകുട്ടി കരച്ചിലോടു കരച്ചിൽ!

ചെരിപ്പുകൾ അവനെയുംകൊണ്ടു കൊടുങ്കാടിന്റെ നടുവിലേക്കു പാഞ്ഞു. കുറച്ചു ദൂരം ചെന്നപ്പോൾ അവൻ നിലത്ത്‌ ഇരുന്നുകളഞ്ഞു. പക്ഷേ എന്തു ഫലം? അവന്റെ കാലുകൾ രണ്ടും വായുവിൽ ഉയർന്നു നിന്നു. ചെരുപ്പുകൾ ബലമായി രാരിച്ചൻകുട്ടിയെ അവിടെനിന്നും വലിച്ചിഴച്ച്‌ ദൂരേക്കു ദൂരേക്കു കൊണ്ടുപോയി. അല്പം കഴിഞ്ഞപ്പോൾ രാരിച്ചൻകുട്ടിയുടെ പേടിയെല്ലാം മാറി. അവന്‌ ആ യാത്ര നല്ല രസമായി തോന്നി. രാരിച്ചൻകുട്ടി ഉറക്കെ പാടി.

“പായട്ടങ്ങനെ പായട്ടെ

ചെരുപ്പുരണ്ടും പായട്ടെ

ഡിങ്കിരി ഡിങ്കിരി ഡുണ്ടുണ്ടും

ഡിങ്കിരി ഡിങ്കിരി ഡുണ്ടുണ്ടും….

എന്നേംകൊണ്ടു പറന്നോളൂ

എന്നുടെ വീട്ടിൽ ചെന്നോളൂ….

ഡിങ്കിരി ഡിങ്കിരി ഡുണ്ടുണ്ടും

ഡിങ്കിരി ഡിങ്കിരി ഡുണ്ടുണ്ടും!…”

പക്ഷേ ചെരുപ്പുകൾ രാരിച്ചൻകുട്ടി പറഞ്ഞതൊന്നും അനുസരിച്ചില്ല. അവനെയുംകൊണ്ടു ചെരുപ്പുകൾ കൊടുങ്കാടിന്റെ നടുവിലുളള ഒരു തൂവൽക്കുടിലിലേക്കാണ്‌ പോയത്‌. മയിൽപ്പീലികൊണ്ടും പലതരം പക്ഷികളുടെ തൂവൽകൊണ്ടും കെട്ടിയുണ്ടാക്കിയ ആ കുടിൽ ഒരു മന്ത്രവാദിനിയമ്മൂമ്മയുടെ താമസസ്ഥലമായിരുന്നു.

മന്ത്രവാദിനിയമ്മൂമ്മ കുടിലിന്റെ മുന്നിലുണ്ടായിരുന്നു. ചെരുപ്പുകൾ രാരിച്ചൻകുട്ടിയെ കൊണ്ടുപോയി അമ്മൂമ്മയുടെ മുന്നിൽ നിറുത്തി.

മന്ത്രവാദിനിയമ്മൂമ്മ രാരിച്ചൻകുട്ടിയെ തഴുകിക്കൊണ്ടു പറഞ്ഞുഃ

“ചെരുപ്പുകൾ രണ്ടും കാണാതായി-

ട്ടൊത്തിരി നാളുകളായല്ലോ

ചെരുപ്പുരണ്ടും തിരിച്ചുനൽകിയ

നിനക്കു നന്മകൾ നേരുന്നു.”

ഇതുകേട്ടു രാരിച്ചൻകുട്ടി അത്ഭുതത്തോടെ ചോദിച്ചു.

“കൈതപ്പൊന്തയ്‌ക്കുളളിൽ നിന്നും

കിട്ടിയതാണേ ഇവ രണ്ടും

കളഞ്ഞുകിട്ടിയ ചെരുപ്പുവാങ്ങാ-

നമ്മൂമ്മയ്‌ക്കെന്തവകാശം?”

രാരിച്ചൻകുട്ടി ഇങ്ങനെ ചോദിച്ചപ്പോൾ മന്ത്രവാദിനിയമ്മൂമ്മ പെട്ടെന്നു തന്റെ രൂപം മാറ്റിക്കാണിച്ചു. ആദ്യം ഒരു കാട്ടുപോത്തായി അവനെ ഭയപ്പെടുത്തി. പിന്നെ ഒരു കാട്ടുപൂച്ചയായി അവന്റെ ചുറ്റും ഓടിനടന്നു. ഒടുവിൽ ഒരു ലഡുവായി അവന്റെ മുന്നിലിരുന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞുഃ

“എന്നുടെ മന്ത്രച്ചെരിപ്പു രണ്ടും

തിരിച്ചുവേഗം തന്നോളൂ-

പണ്ടൊരു നാളിൽ കൈതക്കൂട്ടിൽ

വച്ചു മറന്നവയാണേ ഞാൻ!”

അപ്പോഴാണ്‌ അമ്മൂമ്മ ഒരു കൊടിയ മന്ത്രവാദിനിയാണെന്നും തന്റെ കാലിൽ കിടക്കുന്നതു മന്ത്രച്ചെരിപ്പുകളാണെന്നും രാരിച്ചൻക്കുട്ടിക്കു മനസ്സിലായത്‌. മന്ത്രച്ചെരിപ്പണിഞ്ഞ്‌ ഒരു വിനോദയാത്ര നടത്താൻ അവനു കൊതി തോന്നി. അവൻ അമ്മൂമ്മയോടു ചോദിച്ചുഃ

“പൊന്നമ്മൂമ്മേ, ചെരുപ്പുരണ്ടും

തിരിച്ചുനൽകാം, വൈകാതെ.

ഇത്തിരിനേരം മഴവെളളത്തിൽ

കളിച്ചുകൊണ്ടു തിരിച്ചുവരാം.”

രാരിച്ചൻകുട്ടിയോട്‌ അമ്മൂമ്മയ്‌ക്കു വലിയ ഇഷ്ടം തോന്നി. മന്ത്രച്ചെരുപ്പുകളണിഞ്ഞ്‌ അവൻ മഴവെളളത്തിൽ കളിക്കുന്നതിൽ അമ്മൂമ്മയ്‌ക്കു സന്തോഷമേ ഉണ്ടായിരുന്നുളളു. അമ്മൂമ്മ ചെരുപ്പുകളോടു പറഞ്ഞുഃ

“മഴവെളളത്തിൽ കുഴികളിലെല്ലാം

കളിയാടിച്ചു തിരിച്ചുവരൂ

കാടും മേടും കുണ്ടും കുഴിയും

കണ്ടുംകൊണ്ടു മടങ്ങിവരൂ!”

ഇതു പറയേണ്ട താമസം മന്ത്രച്ചെരുപ്പുകൾ രാരിച്ചൻകുട്ടിയേയുംകൊണ്ടു മഴവെളളം കെട്ടിക്കിടക്കുന്ന കുഴികൾക്കരികിലേക്കു പാഞ്ഞു. ഓരോ കുഴിയിലും ഇറങ്ങി നിന്ന്‌ അവൻ കുറെ സമയം വെളളം തട്ടി രസിച്ചു.

അഴിയൂരും പുഴയൂരും കോഴിക്കോട്ടും കോഴഞ്ചേരിയിലുമെല്ലാമുളള കുഴികളായ കുഴികളിലെല്ലാം മന്ത്രച്ചെരുപ്പുകൾ അവനെ കൂട്ടിക്കൊണ്ടുപോയി.

സന്തോഷം കൊണ്ടു രാരിച്ചൻകുട്ടി വല്ലാതെ മതിമറന്നു. കാലിൽ ചെളിപുരണ്ടിട്ടും കുപ്പായമെല്ലാം നനഞ്ഞിട്ടും അവന്‌ ഒരു വിഷമവും തോന്നിയില്ല.

ചെരുപ്പുകൾക്കു പുറത്തിരുന്ന്‌ അവൻ ഉറക്കെ പാടി.

“മഴ പെയ്തപ്പോൾ വഴികൾ മുഴുവൻ

കുഴകുഴയായീ ചങ്ങാതീ.

അഴിയും പുഴയും കുണ്ടും കുഴിയും

കോഴഞ്ചേരിയുമൊരുപോലെ!….”

ചെരുപ്പുകൾ രാരിച്ചൻകുട്ടിയേയും കൊണ്ടു തോടുകളുടെയും കുളങ്ങളുടെയും തടാകങ്ങളുടെയും മലകളുടെയും മീതെ പറന്നുപോയി.

ഒടുവിൽ നേരം വളരെ വൈകിയതായി രാരിച്ചൻകുട്ടിക്കുതോന്നി. അവൻ ചെരുപ്പുകളോടു പറഞ്ഞുഃ

“നേരം പൊയി മറഞ്ഞല്ലോ

കിളികൾ പാടി മറഞ്ഞല്ലോ

എന്നുടെ വീട്ടിലണഞ്ഞോളൂ

എന്നെയിറക്കിപ്പൊയ്‌ക്കൊളളൂ.”

പക്ഷേ ചെരുപ്പുകൾ രാരിച്ചൻകുട്ടി പറഞ്ഞത്‌ അനുസരിച്ചില്ല. അവ അവനെയുംകൊണ്ട്‌ നേരെ മന്ത്രവാദിനിയമ്മൂമ്മയുടെ തൂവൽക്കുടിലിലേക്കു തിരിച്ചു.

മന്ത്രവാദിനിയമ്മൂമ്മ കുടിലിന്റെ മുന്നിൽത്തന്നെ കാത്തുനില്പുണ്ടായിരുന്നു. ചെരുപ്പുകൾ രാരിച്ചൻകുട്ടിയെ അമ്മൂമ്മയുടെ മുന്നിൽകൊണ്ടുപോയി നിറുത്തി. അവൻ അമ്മൂമ്മയോടു പറഞ്ഞുഃ

“നനഞ്ഞുപോയെൻ കുപ്പായം;

ചേറുപുരണ്ടേ കുപ്പായം;

നേരവുമൊത്തിരി വൈകിപ്പോയ്‌

പോകട്ടെ ഞാനിനി വീട്ടിൽ.”

അമ്മൂമ്മ അവനെ പോകാൻ അനുവദിച്ചു. പക്ഷേ ചെരുപ്പുകൾ രണ്ടും ചേറും ചെളിയും പുരണ്ട്‌ അവന്റെ കാലിൽ ശരിക്കും ഒട്ടിപ്പോയിരുന്നു. ചെരുപ്പഴിച്ച്‌ അമ്മൂമ്മയെ ഏല്പിക്കാൻ അവൻ ഏറെ നേരം പാടുപെട്ടു. കുറെ സമയം അടുപ്പിന്റെ അരികിൽ പോയിരുന്നു. തീയുടെ ചൂടേല്പിച്ചപ്പോൾ ചെരിപ്പ്‌ ഊരിപ്പോന്നു.

ഉടനെ രാരിച്ചൻകുട്ടി അവന്റെ വീട്ടിലേക്കോടി. സന്ധ്യമയങ്ങിയിട്ടും രാരിച്ചൻകുട്ടിയെ കാണാതെ അമ്മ ഇറയത്തുതന്നെ ചൂരലുമായി കാത്തുനില്പുണ്ടായിരുന്നു. അമ്മ ദേഷ്യത്തോടെ ചൂരലോങ്ങിക്കൊണ്ടു ചോദിച്ചുഃ

“എവിടെപ്പോയെട തെമ്മാടീ നീ

കാര്യം വേഗം ചൊന്നോളൂ

ഇല്ലെങ്കിൽ ഞാൻ നിന്നുടെ തുടയിൽ

ചൂരലുകൊണ്ടൊരു ‘വീക്ക്‌’ തരും!”

ഉടനെ രാരിച്ചൻകുട്ടി ഉണ്ടായതെല്ലാം വളളിപുളളി വിടാതെ അമ്മയോടു പറഞ്ഞു. മകന്റെ അത്ഭുതകഥ കേട്ട്‌ അമ്മയുടെ കയ്യിൽനിന്നും ചൂരൽ താഴെവീണു.

Generated from archived content: unni_sep24.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരാജാവും സന്യാസിയും
Next articleകുട്ടിയെ കണ്ട്‌ പഠിക്കാം
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here