ചപ്പാത്തിവേലു ഒരു പെരുവയറനും പെരുംകൊതിയനുമായിരുന്നു. പളളിക്കൂടത്തിലെ കുട്ടികൾക്കെല്ലാം ചപ്പാത്തിവേലുവിനെ വലിയ പേടിയായിരുന്നു. കുട്ടികൾ പുറത്തുപോകുന്ന തക്കം നോക്കി അവരുടെ ചോറ്റുപാത്രം തുറന്നു ചോറും കറികളും കട്ടു തിന്നുന്നതു ചപ്പാത്തിവേലുവിന്റെ പതിവായിരുന്നു.
ഒരിക്കൽ കുഞ്ഞപ്പൻസാറ് ഉച്ചയ്‌ക്കു തിന്നാൻ വാഴയിലയിൽ പൊതിഞ്ഞു മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ചപ്പാത്തി മുഴുവൻ കൊതിയൻ വേലു കട്ടുതിന്നു. ഇതു മറ്റു കുട്ടികൾ കണ്ടുപിടിച്ചു. അങ്ങനെയാണ് അവന് ‘ചപ്പാത്തിവേലു’ എന്നു പേരുവന്നത്.
കുഞ്ഞപ്പൻസാറ് സ്‌നേഹത്തോടെ ഉപദേശിച്ചുഃ
“ചപ്പാത്തി കട്ടതും സാരമില്ല
ചപ്പാത്തി തിന്നതും സാരമില്ല
മേലിൽ കളവുകൾ ചെയ്യരുതേ
കളളത്തരങ്ങൾ നീ കാട്ടരുതേ.”
ഇതുകേട്ട് ചപ്പാത്തിവേലു തലതാഴ്‌ത്തി നിന്നു പറഞ്ഞുഃ
“ഇല്ലില്ല കട്ടു ഞാൻ തിന്നുകില്ലാ
ചപ്പാത്തി കട്ടു മുടിക്കുകില്ല!
വല്ലാത്ത കൊതികൊണ്ടു ചെയ്തതാണേ
മാപ്പെനിക്കേകണേ പൊന്നുസാറേ!”
കുഞ്ഞപ്പൻസാറ് അവനു മാപ്പുകൊടുത്തു. പിന്നെ കുറെ ദിവസത്തേക്ക് അവൻ കൊതിയൊക്കെ അടക്കി നല്ല കുട്ടിയായി നടന്നു.
പക്ഷേ രണ്ടാഴ്‌ച തികയും മുമ്പേ ചപ്പാത്തിവേലു ആറാം ക്ലാസ്സിലെ കുട്ടിരാമന്റെ മുട്ടക്കറിയും ചോറും മുഴുവൻ ഒറ്റ ശ്വാസത്തിനു തിന്നു തീർത്തു. ഇത് ഇട്ടൂണ്ണൂലി ടീച്ചർ കണ്ടുപിടിച്ചു. ഇട്ടുണ്ണൂലി ടീച്ചർ നീരസത്തോടെ അവനെ ശകാരിച്ചുഃ
“മുട്ടയും ചോറും നീ കട്ടുതിന്നാൽ
കുട്ടികൾ പട്ടിണിയാവുകില്ലേ?
മേലിൽ നീയിങ്ങനെ ചെയ്തുകണ്ടാൽ
ചൂരൽപ്പഴം കിട്ടുമോർത്തുകൊളളൂ.”
ഇതുകേട്ട് ചപ്പാത്തിവേലു നാവു നുണഞ്ഞുകൊണ്ടു പറഞ്ഞുഃ
“മുട്ടയും ചോറും ഞാൻ കക്കുകില്ലാ
വല്ലാത്ത കൊതികൊണ്ടു ചെയ്തതാണേ
മാപ്പെനിക്കേകണേ ടീച്ചറമ്മേ!”
ഇട്ടുണ്ണൂലി ടീച്ചർ അവനു മാപ്പു കൊടുത്തു. പിന്നെ കുറെ ദിവസത്തേക്ക് അവൻ കൊതിയൊക്കെ അടക്കി നല്ല കുട്ടിയായി നടന്നു.
പക്ഷേ, ഒരു മാസം തികയും മുമ്പേ ചപ്പാത്തിവേലു പളളിക്കൂടത്തിന്റെ മുന്നിലുളള അപ്പുസ്വാമിയുടെ ചായക്കടയിൽനിന്നു പത്തിരുപതു പഴംപൊരി ഒറ്റക്കപ്പിനു കട്ടുതിന്നു. ഇത് അപ്പുസ്വാമിയുടെ കെട്ടിയവൾ നങ്ങിയമ്മ കണ്ടുപിടിച്ചു. നങ്ങിയമ്മ ദേഷ്യത്തോടെ അവനെപ്പിടിച്ചു കെട്ടിയിട്ടു.
“കാശു തരാതെ വിടില്ല നിന്നെ
ആരുവന്നാലും വിടില്ല നിന്നെ
കണ്ടതു കണ്ടതു കട്ടുതിന്നാൽ
നട്ടെല്ലു കാണില്ല പൊന്നുമോനേ!”
ഇതുകേട്ട് ചപ്പാത്തിവേലു നാണത്തോടെ പറഞ്ഞുഃ
“മേലിൽ പഴംപൊരി കക്കുകില്ലാ,
കാശു ഞാൻ പിന്നീടു തന്നുകൊളളാം
വല്ലാത്ത കൊതികൊണ്ടു ചെയ്തതാണേ
മാപ്പെനിക്കേകണേ നങ്ങിയമ്മേ!”
നങ്ങിയമ്മ അവനു മാപ്പു കൊടുത്തു. പിന്നെ കുറെ ദിവസത്തേക്ക് അവൻ കൊതിയൊക്കെ അടക്കി നല്ല കുട്ടിയായി നടന്നു.
പക്ഷേ, രണ്ടു മാസം തികയും മുമ്പേ ചപ്പാത്തിവേലു പളളിക്കൂടവളപ്പിലെ പ്ലാവിൽ കയറിയിരുന്ന് ഒരു പഴച്ചക്ക മുഴുവൻ തിന്നു തീർത്തു. ഇതു പളളിക്കൂടത്തിലെ തൂപ്പുകാരി കുഞ്ഞിപ്പാറു കണ്ടുപിടിച്ചു. കുഞ്ഞിപ്പാറു ചൂലു വീശിക്കൊണ്ടു പറഞ്ഞുഃ
“ഹെഡ്‌മാസ്‌റ്ററിങ്ങോട്ടു വന്നിടട്ടെ
തോലു പൊളിച്ചിന്നു ചെണ്ടകെട്ടും.”
ഇതുകേട്ടതോടെ ചപ്പാത്തി വേലു പേടിച്ചുവിറച്ചു. “തടുപുടിനത്തോം” എന്നു താഴെ വീണു. ഒടുവിൽ അധ്യാപകരെല്ലാം കൂടി ഓടിവന്ന് അവനെ പൊക്കിയെടുത്തു കോമപ്പവൈദ്യരുടെ അടുത്തു കൊണ്ടാക്കി. ഉഴിച്ചിലും കിഴികെട്ടും കഷായവുമായി. പിന്നെ കുറെ നാളത്തേക്ക് അവൻ കൊതിയൊക്കെ അടക്കി നല്ല കുട്ടിയായി നടന്നു.
പക്ഷേ, ഒടിവും ചതവും മാറി പളളിക്കൂടത്തിലെത്തിയ ദിവസം തന്നെ ചപ്പാത്തിവേലു കട്ടുതീറ്റ തുടങ്ങി. പളളിക്കൂടത്തിലെ കഞ്ഞിപ്പുരയിൽ കടന്നു ചപ്പാത്തിവേലു ഒരു കലം ചെറുപയറുകറി മുഴുവൻ അകത്താക്കി. ഉച്ചയ്‌ക്ക് കഞ്ഞിയോടൊപ്പം വിളമ്പാൻ കറിയുണ്ടായിരുന്നില്ല. കുട്ടികളെല്ലാം കറിയില്ലാതെ കഞ്ഞി കുടിക്കേണ്ടിവന്നു.
ഹെഡ്‌മാസ്‌റ്റർ ദേഷ്യത്തോടെ ചപ്പാത്തിവേലുവിനെ നാലുപാടും തെരഞ്ഞു. അദ്ദേഹം പറഞ്ഞു.
“ഇങ്ങനെയുണ്ടോ പെരുവയറൻ
ഇമ്മട്ടിലുണ്ടോ പെരുങ്കൊതിയൻ?
ഇന്നു ഞാൻ കളളന്റെ പേരുവെട്ടും
മാപ്പുകൊടുക്കുന്ന പ്രശ്‌നമില്ല.!”
അപ്പോഴാണു ചപ്പാത്തിവേലു വിറകുപുരയിൽ കിടന്നു കരയുന്നുവെന്ന് ചില കുട്ടികൾ വന്നു പറഞ്ഞത്.
ഹെഡ്‌മാസ്‌റ്ററും മറ്റുളളവരും അങ്ങോട്ടു പാഞ്ഞുചെന്നു. അപ്പോൾ കണ്ടതോ! ചപ്പാത്തിവേലു വിറകുപുരയുടെ തറയിൽ കിടന്നുരുളുന്നു! അവന്റെ വയറ് ഒരു വലിയ ചങ്ങനാശ്ശേരി മത്തങ്ങാപോലെ വീർത്തിരുന്നു. ഇരിക്കാനും കിടക്കാനും പറ്റാത്ത അവൻ ദയനീയമായി മോങ്ങുകയാണ്.
ഹെഡ്‌മാസ്‌റ്റർ വേലുവിന്റെ അച്ഛനമ്മമാരെ വിളിക്കാൻ ആളയച്ചു. അച്ഛനും അമ്മയും ഓടിവന്നു. അച്ഛൻ ചോദിച്ചു.
“സാറേ, വേലുവിനെന്തു പറ്റി? അവൻ മൂന്നുകിണ്ണം പായസം കുടിച്ചിട്ടാണ് പളളിക്കൂടത്തിലേക്കു പോന്നത്.”
ഹെഡ്‌മാസ്‌റ്റർ പറഞ്ഞുഃ
“പിന്നെയുമൊരുകലം പയറുതിന്നു
കറിവെച്ച പയറെല്ലാം കട്ടുതിന്നു
ഇമ്മട്ടിലായെന്നാലെന്തു ചെയ്യും;
ഇവനെക്കൊണ്ടയ്യാ പൊറുതിമുട്ടി.”
ഇതിനിടയിൽ വേലുവിന്റെ നിലവിളി ഉറക്കെയായി. അച്ഛൻ വൈദ്യരെ വിളിക്കാനോടി. അമ്മ നെഞ്ചത്തടിച്ചു കരഞ്ഞു.
അല്‌പസമയത്തിനുളളിൽ മരുന്നുപെട്ടിയും തൂക്കി കൊട്ടിക്കലെ കിട്ടുണ്ണിവൈദ്യൻ വന്നെത്തി.
വായും വയറുമെല്ലാം പരിശോധിച്ചു. കിട്ടുണ്ണിവൈദ്യൻ രണ്ടുമൂന്നു ഗുളികകൾ അരച്ചു വേലുവിന്റെ വായിലൊഴിച്ചുകൊടുത്തു. കുറെ കഴിഞ്ഞപ്പോൾ വയറുവേദന മാറി അവൻ എഴുന്നേറ്റിരുന്നു.
അപ്പോൾ കിട്ടുണ്ണിവൈദ്യൻ ചിരിച്ചുകൊണ്ടു വേലുവിനോടു പറഞ്ഞുഃ
“കണ്ടതു കണ്ടതു പൊന്നുമോനേ
വാരിവലിച്ചു വിഴുങ്ങരുതേ!
ആർത്തിപെരുത്തതു മൂലമല്ലോ
ഇമ്മട്ടിൽ നീയൊരു രോഗിയായി!”
ചപ്പാത്തിവേലുവിന്റെ കണ്ണുകൾ നിറഞ്ഞു. നാണക്കേടും സങ്കടവുംകൊണ്ട് അവന്റെ മുഖം താണു. അവൻ ഹെഡ്‌മാസ്‌റ്ററുടെ കാലുകളിൽ കെട്ടിവീണിട്ടു പറഞ്ഞുഃ
“കൊതിക്കൊണ്ടു ഞാനൊരു മടയനായി
കളവിനും ചതിവിനും അടിമയായി
മേലിൽ ഞാൻ നല്ലൊരു കുട്ടിയായി
പളളിക്കൂടത്തിൽ കഴിഞ്ഞുകൊളളാം.”
ഹെഡ്‌മാസ്‌റ്റർ അവനു മാപ്പുകൊടുത്തു. പിന്നെ വേലു ഒരിക്കലും ആർത്തി കാണിച്ചില്ല. ആരുടെയും ആഹാരം അവൻ മോഷ്‌ടിച്ചതുമില്ല.
Generated from archived content: unni_may31.html Author: sippi_pallipuram