പാച്ചുമൂപ്പീന്നിന്റെയും പാറോതിയമ്മയുടെയും മകളായിരുന്നു സുന്ദരിക്കോത. ആറ്റുനോറ്റുണ്ടായ പുന്നാരമകൾ! പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം? മഹാവികൃതിയാണവൾ!
ഒരു ദിവസം സുന്ദരിക്കോത പാച്ചുമൂപ്പിന്നിന്റെ കഷണ്ടിത്തല കല്ലെറിഞ്ഞു പൊട്ടിച്ചു. മറ്റൊരു ദിവസം പാറോതിയമ്മയുടെ ഉച്ചക്കഞ്ഞിയിൽ ഒരു കരിന്തേളിനെ തോണ്ടിയിട്ടു. തീർന്നില്ല; വീട്ടിൽ ഭിക്ഷയ്‌ക്കു വന്ന ഒരു സന്യാസിയപ്പൂപ്പന്റെ താടിമീശയിൽ അവൾ ചക്കപ്പശ തേച്ചു. ആ പാവത്താന്റെ താടിയും മീശയുമെല്ലാം ഒട്ടിപ്പിടിച്ചു വായ തുറക്കാൻ വയ്യാത്ത മട്ടായി!
ശല്യം സഹിക്കവയ്യാതായപ്പോൾ പാച്ചുമൂപ്പീന്നും പാറോതിയമ്മയുംകൂടി സുന്ദരിക്കോതയെ പൊക്കിയെടുത്ത് കോട്ടയ്‌ക്കൽ ഗണപതിയുടെ കോവിൽപ്പടിക്കൽ കൊണ്ടുപോയി ഭജനമിരുത്തി.
ഭജനത്തിനിടയിൽ അതാ കൊമ്പും തുമ്പിക്കൈയും നീട്ടി ഒരാൾ മുന്നിൽ നിൽക്കുന്നു. അവൾ ശ്രദ്ധിച്ചുനോക്കി. ആരാ? സാക്ഷാൽ ഗണപതിതന്നെ! അത്ഭുതംകൊണ്ട് പാച്ചുമൂപ്പീന്നിന്റെയും പാറോതിയമ്മയുടെയും കണ്ണുകൾ വിടർന്നു. അവർ കൂപ്പുകൈയോടെ ഭഗവാന്റെ തൃപ്പാദങ്ങളിൽ വീണു.
“എന്താ? എന്തു വേണം?” ഗണപതി ഭഗവാൻ ചോദിച്ചുഃ
“അടിയന്റെ മകളുടെ കുറുമ്പും കുസൃതിയും നൊണയും നൊണാച്ചിയും ഒന്നു മാറ്റിത്തരണേ.?
”ശരി. താമസിയാതെ നിങ്ങളുടെ മകൾ ഒരു നല്ല കുട്ടിയായിത്തീരും. നമ്മുടെ അനുഗ്രഹം സ്വീകരിച്ചാലും.“ ഗണപതി ഭഗവാൻ അനുഗ്രഹിച്ചു.
പാച്ചുമൂപ്പീന്നും പാറോതിയമ്മയും കൂടി സുന്ദരിക്കോതയെ തോളിലെടുത്തു സന്തോഷത്തോടെ വീട്ടിലേക്കു നടന്നു.
പക്ഷേ, കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടും സുന്ദരിക്കോത നേരേയായില്ല. അവൾ പഴയപടി തെമ്മാടിത്തരങ്ങൾ കാണിച്ചുകൊണ്ടിരുന്നു.
അപ്പോഴാണു പെട്ടെന്നൊരു ദിവസം ഒരു കാട്ടാനക്കൊമ്പൻ അവിടെ എത്തിയത്. കൊമ്പും കുലുക്കിവരുന്ന കാട്ടാനയെ കണ്ട് നാട്ടാരെല്ലാം അമ്പരന്നു. എന്നാൽ ആന ഒരാളെപ്പോലും ഉപദ്രവിച്ചില്ല. അവൻ ‘ഗമ’യിൽ നടന്ന് സുന്ദരിക്കോതയുടെ വീടിനടുത്തെത്തി. ഒരു കൊമ്പനാന തന്റെ നേരെ നടന്നുവരുന്നതു കണ്ട് അവൾ ഒരു പാറക്കല്ലെടുത്ത് ആനയുടെ മസ്തകത്തിനു നേരേ ഒരേറ്! ഠിം!……..”
ആന ഉറക്കെ ഒന്നമറി. എന്നിട്ടു തുമ്പിക്കൈ നീട്ടി സുന്ദരിക്കോതയെ വാരിയെടുത്തു പുറത്തു വെച്ചു. പിന്നെ എങ്ങോട്ടെന്നില്ലാതെ ഒരൊറ്റ നടത്തം!
ആനപ്പുറത്തിരുന്ന് സുന്ദരിക്കോത ഉറക്കെ കരഞ്ഞുഃ
“കാട്ടാനവന്നെന്നെ കൊണ്ടുപോണേ
കാക്കണേ കാക്കണേ വീട്ടുകാരേ!
കുന്തവും പന്തവും തോക്കുമായി
ഓടിവാ ചാടിവാ നാട്ടുകാരേ!”
പക്ഷേ, വികൃതിയായ സുന്ദരിക്കോതയുടെ കരച്ചിൽ കേട്ടെങ്കിലും നാട്ടുകാരോ വീട്ടുകാരോ ഒന്നും അങ്ങോട്ടോടിച്ചെന്നില്ല.
കാട്ടാന സുന്ദരിക്കോതയെയുംകൊണ്ട് കൊടുംകാടിന്റെ നടുവിലേക്കു നടന്നു. അവിടെയുളള ഒരു മരച്ചുവട്ടിൽ അവളെ വച്ചിട്ട് ആന എങ്ങോട്ടോ പോയി.
അപ്പോഴാണ് ഇടിമുഴക്കം പോലെയൊരു അലർച്ച കേട്ടത്. സുന്ദരിക്കോത അമ്പരന്നു നാലുപാടും നോക്കി. അതാ ഒരു കൂറ്റൻ പുളളിപ്പുലി വായുംപിളർന്നുകൊണ്ടു വരുന്നു.!….
സുന്ദരിക്കോതയുടെ അരികിലെത്തിയപ്പോൾ പുളളിപ്പുലി പറഞ്ഞുഃ
“നാവു മുഴുത്തൊരു കൊച്ചുപെണ്ണേ
നാടുമുടിക്കും കുരുന്നു പെണ്ണേ
കരിനുണചൊല്ലും കടുത്തപെണ്ണേ
നിന്നെ ഞാൻ കൊന്നു വിഴുങ്ങുമിപ്പോൾ.”
ഇതുകേട്ട സുന്ദരിക്കോത ആലിലപ്പോലെ വിറച്ചു. അവൾ കണ്ണീരോടെ പുളളിപ്പുലിയോടു പറഞ്ഞു.
“പുലിയണ്ണാ നീയെന്നെ തിന്നരുതേ
പുലിനഖം കൊണ്ടെന്നെ മാന്തരുതേ
അച്ഛനുമമ്മയ്‌ക്കും പോറ്റുവാനായ്
ആറ്റുനോറ്റുണ്ടായ കുട്ടിയാണേ!”
സുന്ദരിക്കോതയുടെ പറച്ചിൽകേട്ട് പുളളിപ്പുലി ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു.
“നുണപറയില്ലെന്നു മൂന്നുവട്ടം
ആണയിട്ടെന്നോടു ചൊല്ലിയെന്നാൽ
കൊല്ലാതെ നിന്നെ ഞാൻ വിട്ടയയ്‌ക്കാം
അല്ലാതെനിന്നെ വിടില്ലപെണ്ണേ.”
ഇതുകേട്ട ഉടനെ അവൾ കൈകൂപ്പിക്കൊണ്ട് അറിയിച്ചുഃ
“ഇനിയൊരു കാലവും ജീവിതത്തിൽ
ഒരുനുണപോലും ഞാൻ ചൊല്ലുകില്ല
കനിവോടെ നീയെന്നെ വിട്ടയച്ചാൽ
ചെറുനുണപോലും ഞാൻ ചൊല്ലുകില്ല.”
ഒരിക്കലും നുണ പറയില്ലെന്ന ഉറപ്പിന്മേൽ പുളളിപ്പുലി സുന്ദരിക്കോതയെ വെറുതെ വിട്ടു.
അല്‌പം കഴിഞ്ഞപ്പോൾ ആരോ ഓടിവന്ന് സുന്ദരിക്കോതയുടെ കണ്ണുപൊത്തി. അയ്യോ!….. ആരാണാവോ? അവൾ പിടിവിടർത്തി നോക്കി. അപ്പോഴുണ്ട് ചെമ്പൻ കരടി നാവും നീട്ടിക്കൊണ്ട് മുന്നിൽ നിൽക്കുന്നു!…..
ചെമ്പൻ കരടി കോപത്തോടെ പറഞ്ഞുഃ
“അച്ഛനെ തല്ലുന്ന കൊച്ചുപെണ്ണേ
അമ്മയെ നോവിക്കും കൊച്ചുപെണ്ണേ
ആരെയും കൂസാത്ത കൊച്ചുപെണ്ണേ
നിന്നെ ഞാൻ കൊന്നു വിഴുങ്ങുമിപ്പോൾ.”
ഇതുകേട്ടു സുന്ദരിക്കോത അമ്മയെ വിളിച്ചുകരഞ്ഞു. അവൾ വിറയ്‌ക്കുന്ന ചുണ്ടുകളോടെ ചെമ്പൻ കരടിയോടു പറഞ്ഞു
“കൊല്ലല്ലേ തിന്നല്ലേ കരടിയച്ചാ
കൊല്ലാതെകൊല്ലല്ലേ കരടിയച്ചാ
അച്ഛനുമമ്മയ്‌ക്കും പോറ്റുവാനായ്
ആറ്റുനോറ്റുണ്ടായ കുട്ടിയാണേ!”
സുന്ദരിക്കോതയുടെ വെപ്രാളം കണ്ടു ചെമ്പൻകരടിക്കു ചിരിവന്നു. കരടി പറഞ്ഞുഃ
“അച്ഛനേമമ്മയേം കൈവണങ്ങി
അനുസരിച്ചെന്നും കഴിയുമെങ്കിൽ
കൊല്ലാതെ നിന്നെ ഞാൻ വിട്ടയയ്‌ക്കാം
അല്ലാതെ നിന്നെ വിടില്ല പെണ്ണേ.”
ഇതുകേട്ട ഉടൻ അവൾ കൈകൂപ്പിക്കൊണ്ട് അറിയിച്ചുഃ
“അച്ഛനുമമ്മയും ചൊല്ലിടുന്ന
വാക്കുകളൊക്കെയും കേട്ടുകൊളളാം
അടിപിടി- കടിപിടി കൂടിടാതെ
അനുസരിച്ചെന്നും വളർന്നുകൊളളാം.”
ഒരിക്കലും അനുസരണക്കേട് കാണിക്കില്ലെന്ന ഉറപ്പിന്മേൽ ചെമ്പൻ കരടി സുന്ദരിക്കോതയെ വെറുതെ വിട്ടു.
അല്‌പം കഴിഞ്ഞപ്പോൾ പിന്നിൽനിന്നു മറ്റൊരു ഗർജ്ജനം! എന്താണാവോ? അവൾ തിരിഞ്ഞുനോക്കുമ്പോൾ അതാ വരുന്നു ഒരു സിംഹത്തപ്പൻ! സിംഹത്തപ്പൻ അലറിക്കൊണ്ടു പറഞ്ഞുഃ
“തെമ്മാടിപ്പെണ്ണേ തെറിച്ചപെണ്ണേ
തെറ്റുകൾ മാത്രം പഠിച്ചപെണ്ണേ
തണ്ടുകൾ കാട്ടും നടിച്ചപെണ്ണേ
നിന്നെത്താൻ കൊന്നു വിഴുങ്ങുമിപ്പോൾ.”
ഇതുകേട്ട സുന്ദരിക്കോത നെഞ്ചത്തടിച്ചു നിലവിളിച്ചു. അവൾ സിംഹത്തപ്പന്റെ കാൽക്കൽ വീണിട്ടു പറഞ്ഞുഃ
“മാന്തല്ലേ കീറല്ലേ സിംഹത്താനേ
കറുമുറെ തിന്നല്ലേ സിംഹത്താനേ
അച്ഛനുമമ്മയ്‌ക്കും പോറ്റുവാനായ്
ആറ്റുനോറ്റുണ്ടായ കുട്ടിയാണേ.”
സുന്ദരിക്കോതയുടെ നെഞ്ചത്തടിയും ബഹളവും കണ്ടപ്പോൾ സിംഹത്തപ്പനു വലിയ രസം തോന്നി. സിംഹത്തപ്പൻ പറഞ്ഞുഃ
“വികൃതികളൊക്കെയും മാറ്റിവെച്ച്
തകൃതിയെഴുന്നൊരു കുട്ടിയായാൽ
കൊല്ലാതെ നിന്നെ ഞാൻ വിട്ടയയ്‌ക്കാം
അല്ലാതെ നിന്നെ വിടില്ല പെണ്ണേ.”
ഇതു കേൾക്കേണ്ട താമസം സുന്ദരിക്കോത ആണയിട്ടു പറഞ്ഞുഃ
“വികൃതിയും കുസൃതിയും കാട്ടിടാതെ
തെറ്റുകളൊന്നുമേ ചെയ്‌തിടാതെ
നാടിനും വീടിനും കൂട്ടുകാർക്കും
നന്മകൾ ചെയ്തു കഴിഞ്ഞുകൊളളാം.”
ഒരിക്കലും വികൃതി കാട്ടുകയില്ലെന്ന ഉറപ്പിന്മേൽ സിംഹത്തപ്പൻ സുന്ദരിക്കോതയെ വെറുതെ വിട്ടു.
പെട്ടെന്നാണ് ഉറക്കെയുളള ഒരു ചിന്നംവിളി കേട്ടത്. സുന്ദരിക്കോത ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ അതാ നിൽക്കുന്നു പഴയ കാട്ടാന! തുമ്പിക്കയ്യിൽ ഒരു കുല പൂവൻ പഴവുമായിട്ടാണ് ആന വന്നിരിക്കുന്നത്.
സുന്ദരിക്കോതയേയുംകൊണ്ട് ആന സന്തോഷത്തോടെ അവളുടെ വീട്ടിലേക്കു നടന്നു. ആനപ്പുറത്തിരുന്ന് അവൾ വയറുനിറയെ പൂവൻപഴം തിന്നു.
അന്നുമുതൽ സുന്ദരിക്കോത അച്ഛനെയും അമ്മയെയും അനുസരിക്കുന്ന ഒരു നല്ലകുട്ടിയായി മാറി. പിന്നീടൊരിക്കലും അവൾ തെമ്മാടിത്തരമോ കളവോ ചതിവോ ഒന്നു ചെയ്തിട്ടില്ല.
Generated from archived content: unni_may17.html Author: sippi_pallipuram