കറുമ്പിപ്പൂച്ചയും വെളുമ്പൻപട്ടിയും ചെമ്പൻമുയലും നീലമ്മക്കുരുവിയും കളിക്കൂട്ടുകാരായിരുന്നു. നേരം വെളുത്താൽ അന്തിയാവുന്നതുവരെ അവർ ഓരോതരം കളികൾ കളിച്ചുകൊണ്ടിരിക്കും.
കറുമ്പിപ്പൂച്ച ചിലപ്പോൾ അവളുടെ കളിവണ്ടി വെളുമ്പൻപട്ടിക്ക് ഉരുട്ടിക്കളിക്കാൻ കൊടുക്കും. വെളുമ്പൻപട്ടി ചിലപ്പോൾ അവന്റെ കളിപ്പന്ത് ചെമ്പൻമുയലിന് തട്ടിക്കളിക്കാനായി മാളത്തിനകത്തേക്ക് എറിഞ്ഞുകൊടുക്കും. ചെമ്പൻമുയൽ ചിലപ്പോൾ കാട്ടിൽനിന്ന് അപ്പൂപ്പൻതാടി കൊണ്ടു വന്ന് നീലക്കുരുവിക്ക് പറപ്പിക്കാൻ കൊടുക്കും. നീലമ്മക്കുരുവി ചിലപ്പോൾ മരത്തിലുളള പൂവളളികൾ നീട്ടിയിട്ട് കറുമ്പിപ്പൂച്ചയ്‌ക്ക് ഊഞ്ഞാലുണ്ടാക്കിക്കൊടുക്കും. ഇങ്ങനെ ഓരോ ദിവസവും അവർ രസകരമായ ഓരോരോ കളികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു.
കുറെ ദിവസം കഴിഞ്ഞപ്പോൾ പഴയ കളികളൊക്കെ അവർക്കു മടുത്തു. അവർ ഓരോരുത്തരും പുതിയ കളി കണ്ടുപിടിക്കാൻ തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരുന്നു.
ഒരു ദിവസം കറുമ്പിപ്പൂച്ച ഓടിവന്നിട്ട് കൂട്ടുകാരോടു പറഞ്ഞുഃ
“ചങ്ങാതിമാരേ, ചങ്ങാതിമാരേ, ഒരു പുതിയ കളി ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. രസികൻ കളി!…..”
“എന്തു കളിയാണ്?” ചങ്ങാതിമാർ ചോദിച്ചു.
“വീടുമാറ്റം! ഒരു രാത്രി മുഴുവൻ നമുക്ക് തമ്മിൽ തമ്മിൽ വീടുകൾ മാറാം.” കറുമ്പിപ്പൂച്ച വിശദമാക്കി.
“ബൗ ബൗ; വീടുമാറ്റമോ? അതെങ്ങനെ?” വെളുമ്പൻപട്ടി കറുമ്പിപ്പൂച്ചയെ നോക്കി.
“ഫ്ലിപ്പ് പ്ലോപ്പ്; വീടുമാറ്റമോ അതെങ്ങനെ?” ചെമ്പൻമുയൽ അമ്പരന്നു.
“കീ കീ; വീടുമാറ്റമോ? അതെങ്ങനെ?” നീലമ്മക്കുരുവിക്കും കാര്യം മനസ്സിലായില്ല.
കറുമ്പിപ്പൂച്ച പറഞ്ഞു.
“ഞാൻ ഒരു രാത്രി മുഴുവൻ നീലമ്മക്കുരുവിയുടെ വീട്ടിൽ കൂടും. കൂട് എനിക്കൊഴിഞ്ഞു തരണം. ഞാൻ അവിടെ താമസിക്കും.”
“അപ്പോൾ ഞാനോ?” നീലമ്മക്കുരുവി അന്വേഷിച്ചു.
“നീലമ്മക്കുരുവിക്ക് വെളുമ്പൻപട്ടിയുടെ വീടൊഴിഞ്ഞു കൊടുക്കണം. അവൾ അവിടെ താമസിക്കും.”
“അപ്പോൾ ഞാനോ?” വെളുമ്പൻപട്ടി ആരാഞ്ഞു.
“വെളുമ്പൻപട്ടിക്ക് ചെമ്പൻമുയലിന്റെ മാളം കൊടുക്കണം. അവൻ അതിൽ താമസിക്കും.”
“അപ്പോൾ ഞാനോ?” ചെമ്പൻമുയൽ ചോദിച്ചു.
ചെമ്പൻമുയലിന് ഞാൻ താമസിക്കുന്ന അടുപ്പിന്റെ മൂല ഒഴിഞ്ഞു കിട്ടും. എന്താ വിദ്യ കൊളളാമോ?“ കറുമ്പിപ്പൂച്ച എല്ലാവരെയും മാറിമാറി നോക്കി.
”കൊളളാം കൊളളാം.“ വെളുമ്പൻപട്ടിയും ചെമ്പൻമുയലും നീലക്കുരുവിയും ഒന്നിച്ച് സമ്മതം മൂളി.
അന്നു വൈകിട്ടുതന്നെ പുതിയ കളികളിച്ചുനോക്കാൻ അവർ നിശ്‌ചയിച്ചു. നേരം സന്ധ്യ മയങ്ങുന്നതും കാത്ത് നാലു ചങ്ങാതിമാരും അക്ഷമരായിരുന്നു.
നേരം സന്ധ്യ മയങ്ങാൻ തുടങ്ങിയപ്പോൾ കറുമ്പിപ്പൂച്ച മരങ്ങളിൽ കൂടി അളളിപ്പിടിച്ചു കയറി അത്തിമരത്തിന്റെ കൊമ്പിലുളള നീലമ്മക്കുരുവിയുടെ കൂട്ടിൽ കയറിയിരുന്നു.
വെളുമ്പൻപട്ടി വേഗം മൂളിയും ഞെരുങ്ങിയും ചെമ്പൻമുയലിന്റെ ചെറിയ മാളത്തിൽ കയറിപ്പറ്റി.
ചെമ്പൻമുയൽ വേഗം അടുക്കളയിലെ അടുപ്പിന്റെ മൂലയ്‌ക്കുളള ചാരക്കൂമ്പാരത്തിൽ ചുരുണ്ടുകൂടി.
നീലമ്മക്കുരുവി വേഗം കാലിത്തൊഴുത്തിന്റെ മൂലയ്‌ക്കുളള വൈക്കോൽതുറുവിൽ കയറിപ്പതുങ്ങി.
നേരം കുറെക്കൂടി വൈകി. എന്നിട്ടും നീലമ്മക്കുരുവിയുടെ കൂട്ടിലിരുന്ന കറുമ്പിപ്പൂച്ചയ്‌ക്ക് ഉറക്കം വന്നില്ല. കൂട്ടിനകത്തെ ചുളളിക്കമ്പുകളും മുളളും മുരടുമൊക്കെ കറുമ്പിപ്പൂച്ചയുടെ വയറിനും മുതുകിനും തറച്ച് ശല്യമുണ്ടാക്കി. അവൾ കൂട്ടിലിരുന്ന് ‘മ്യാവൂ മ്യാവൂ’ എന്നു കരഞ്ഞുകൊണ്ടിരുന്നു.
ചെമ്പൻമുയലിന്റെ മാളത്തിൽ ഞെങ്ങിഞ്ഞെരുങ്ങിക്കിടന്ന വെളുമ്പൻപട്ടിക്കും കണ്ണൊന്നു പൂട്ടാൻ കഴിഞ്ഞില്ല. അവൻ ‘ബൗ ബൗ’ എന്ന് ഞെരുങ്ങിക്കൊണ്ടിരുന്നു.
അടുപ്പിന്റെ മൂലയ്‌ക്കുളള ചാരത്തിൽ ചുരുണ്ടു കിടന്ന ചെമ്പൻമുയലിനും കിടന്നു പൊറുക്കാൻ കഴിഞ്ഞില്ല. അടുപ്പിലെ തീയുടെ ചൂടേറ്റ് അവൻ ‘ഫ്ലിപ്പ് ഫ്ലിപ്പ്’ എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.
കാലിത്തൊഴുത്തിന്റെ മൂലയ്‌ക്കുളള വൈക്കോൽത്തുറുവിൽ കിടന്ന നീലമ്മക്കുരുവിക്കും കണ്ണടയ്‌ക്കാൻ കഴിഞ്ഞില്ല. പശുക്കളുടെ ചീറ്റലും തുമ്മലും കേട്ടു പേടിച്ച് അവൾ ‘കീ കീ…..’ എന്നു മൂളിക്കൊണ്ടിരുന്നു.
നേരം കുറേക്കൂടി വൈകി. പെട്ടെന്ന് വലിയൊരു കാറ്റു വീശാൻ തുടങ്ങി. അത്തിമരത്തിന്റെ കൊമ്പിലിരുന്ന നീലമ്മക്കുരുവിയുടെ കൂട് കാറ്റിൽ ആടിയുലഞ്ഞു. അതിനകത്തിരുന്ന കറുമ്പിപ്പൂച്ച പേടിച്ചു വിറച്ച് തന്നെത്താൻ പറഞ്ഞുഃ
”അയ്യോ, ഈ കൂട്ടിൽ ഇനിയും പാർക്കാൻ ഞാനില്ല. എനിക്ക് എന്റെ വീടുതന്നെയാണ് നല്ലത്!…..“
കറുമ്പിപ്പൂച്ച ‘മ്യാവൂ മ്യാവൂ’ എന്നു കരഞ്ഞുകൊണ്ട് അത്തിമരത്തിൽനിന്നും തത്തിപ്പൊത്തി താഴേക്കു ചാടി.
നേരം കുറെക്കൂടി വൈകി. പെട്ടെന്ന് ശക്തിയായി മഴപെയ്യാൻ തുടങ്ങി.
മഴവെളളം ഒഴുകിച്ചെന്ന് മുയലിന്റെ മാളത്തിൽ നിറഞ്ഞു. അതിനകത്തിരുന്ന വെളുമ്പൻ പട്ടി തണുത്തു വിറച്ച് തന്നെത്താൻ പറഞ്ഞുഃ
”അയ്യോ, ഈ മാളത്തിൽ ഇനിയും പാർക്കാൻ ഞാനില്ല. എനിക്ക് എന്റെ വീടുതന്നെയാണ് നല്ലത്…..!“
വെളുമ്പൻപട്ടി ‘ബൗ ബൗ’ എന്നു കുരച്ചുകൊണ്ട് ഉരുണ്ടും പിരണ്ടും മാളത്തിൽനിന്നും പുറത്ത് ചാടി.
നേരം കുറേക്കൂടി വൈകി. കാറ്റും മഴയും ഒന്നുകൂടി ശക്തിയായി. അടുപ്പിന്റെ മൂലയ്‌ക്കുളള ചാരത്തിൽ ചുരുണ്ടുകൂടിക്കിടന്ന ചെമ്പൻമുയലിന്റെ പഞ്ഞിക്കുപ്പായത്തിൽ ഒരു തീപ്പൊരി പറന്നു വീണു. ഇതു കണ്ടു പേടിച്ചരണ്ട ചെമ്പൻമുയൽ തന്നെത്താൻ പറഞ്ഞു;
”അയ്യോ, ഈ അടുപ്പിന്റെ മൂലയ്‌ക്ക് ഇനിയും ചുരുണ്ടുകൂടാൻ ഞാനില്ല. എനിക്ക് എന്റെ വീടുതന്നെയാണ് നല്ലത്!…“
ചെമ്പൻമുയൽ ‘ഫ്ലിപ്പ് ഫ്ലിപ്പ്’ എന്നു ശബ്ദമുണ്ടാക്കിക്കൊണ്ട് ചാടിച്ചാടി പുറത്തുകടന്നു.
നേരം കുറെക്കൂടി വൈകി. കാറ്റിൽപെട്ട് ഒരു കൊന്നത്തെങ്ങ് മറിഞ്ഞ് തൊഴുത്തിനരികിൽ വന്നു വീണു. പശുക്കൾ പേടിച്ചമറാൻ തുടങ്ങി. ഇതുകേട്ട് സ്വൈരമില്ലാതായ നീലമ്മക്കുരുവി തന്നെത്താൻ പറഞ്ഞുഃ
”അയ്യോ, ഈ വൈക്കോൽതുറുവിൽ ഇനിയും പാർക്കാൻ ഞാനില്ല. എനിക്കെന്റെ വീടുതന്നെയാണ് നല്ലത്!……“
നീലമ്മക്കുരുവി ‘കീ കീ’ എന്നു കരഞ്ഞുകൊണ്ട് വൈക്കോൽ തുറുവിൽനിന്നും ചാടിയിറങ്ങി പുറത്തേക്കു പറന്നു.
നേരം കുറെകൂടി വൈകി. കാറ്റും മഴയും നിന്നു. ആകാശം തെളിഞ്ഞു. നീലാകാശത്തിൽ ഒരു വട്ടക്കിണ്ണംപോലെ അമ്പിളി വെട്ടിത്തിളങ്ങി.
അപ്പോൾ നാലു ചങ്ങാതിമാർ തമ്മിൽതമ്മിലറിയാതെ സ്വന്തം വീടുതേടി അലയുന്നതു കാണാമായിരുന്നു. കറുമ്പിപ്പൂച്ചയും വെളുമ്പൻ പട്ടിയും ചെമ്പൻമുയലും നീലമ്മക്കുരുവിയുമായിരുന്നു ആ ചങ്ങാതിമാർ.
ഒടുവിൽ കറുമ്പിപ്പൂച്ച അടുപ്പിന്റെ മൂലയ്‌ക്കുളള ചാരക്കൂമ്പാരത്തിലെത്തി ചുരുണ്ടുകൂടി.
വെളുമ്പൻപട്ടി തൊഴുത്തിനകത്തെ വൈക്കോൽതുറു കണ്ടുപിടിച്ച് അതിനകത്ത് ഒതുങ്ങിക്കൂടി.
ചെമ്പൻമുയൽ താൻ ജനിച്ചുവളർന്ന ചെറിയ മാളത്തിൽ തിരിച്ചെത്തി.
നീലമ്മക്കുരുവി അത്തിമരത്തിന്റെ കൊമ്പിലുളള തന്റെ കുഞ്ഞിക്കൂട്ടിനുളളിൽ തലചായ്‌ച്ചു.
സ്വന്തം വീടുപോലെ സുഖം മറ്റെങ്ങും കിട്ടുകയില്ലെന്ന് ആ ചങ്ങാതിമാർക്ക് ബോദ്ധ്യമായി. അവർ വീണ്ടും സന്തോഷത്തോടെ ഉറങ്ങി.
Generated from archived content: unni_june26.html Author: sippi_pallipuram