തക്കിടിയും തകരയും

തെക്കുതെക്കു തേക്കനാട്ടിൽ ഒരു തക്കിടിയും തകരയും ഉണ്ടായിരുന്നു. തക്കിടി ആളൊരു തക്കിടിമുണ്ടിയായിരുന്നു. എന്നാൽ തകരയാകട്ടെ മെലിഞ്ഞുമെലിഞ്ഞു മെഴുകുതിരിപോലെയാണിരുന്നത്‌.

തക്കിടി വലിയ പണക്കാരിയും തകര തീരെ പാവപ്പെട്ടവളുമായിരുന്നു. തക്കിടിക്കു കൈനിറയെ സ്വർണവളകളും കഴുത്തുനിറയെ സ്വർണമാലകളും ഉണ്ടായിരുന്നു. എന്നാൽ തകരയുടെ കഴുത്തിൽ വെറുമൊരു കറുത്ത ചരടു മാത്രമേ ഉണ്ടായിരുന്നുളളൂ.

തക്കിടിയുടെ വീട്ടിലെ വേലക്കാരിയായിരുന്നു തകര. ഒരു ദിവസം പാത്രം കഴുകുന്നതിനിടയിൽ തകരയുടെ കൈയിൽനിന്ന്‌ ഒരു മൺകലം താഴെവീണു പൊട്ടിപ്പോയി. ഇതു കണ്ട്‌ തക്കിടിയും അവളുടെ അമ്മ തക്കാളിപ്പാറുവുംകൂടി തകരയെ ചൂലുകൊണ്ടടിച്ചു വീടിനു പുറത്താക്കി. പാവം തകര കരഞ്ഞുകൊണ്ട്‌ എങ്ങോട്ടെന്നില്ലാതെ യാത്രയായി.

കുറച്ചുദൂരം ചെന്നപ്പോൾ കാട്ടിൽ ഒരിടത്ത്‌ ഒരു മയിലമ്മ നെഞ്ചിൽ അമ്പേറ്റു പിടയുന്നത്‌ തകര കണ്ടു. അവൾ ഓടിച്ചെന്ന്‌ അതിന്റെ നെഞ്ചിൽനിന്ന്‌ അമ്പു വലിച്ചെടുത്തു ദൂരേക്കെറിഞ്ഞു. എന്നിട്ടു മയിലമ്മയുടെ മുറിവിൽ പച്ചമരുന്നു വച്ചു കെട്ടിക്കൊടുത്തു. മയിലമ്മയ്‌ക്കു സന്തോഷമായി. മയിലമ്മ നന്ദിപൂർവ്വം അവളോടു പറഞ്ഞുഃ

“തകരക്കുട്ടീ കണ്ണാളേ

കനിവേറുന്നൊരു പെണ്ണാളേ

നിനക്കു നന്മകൾ നേരുന്നു

നല്ലതു ചെയ്താൽ നന്മവരും.”

തകര മയിലമ്മയെ തലോടിക്കൊണ്ട്‌ അവിടെ നിന്നു നടന്നു മറഞ്ഞു. കുറച്ചുദൂരം ചെന്നപ്പോൾ ഒരു സൂര്യകാന്തിച്ചെടി വെയിലത്തു നിന്നു കരയുന്നത്‌ തകര കണ്ടു. അവൾ കാട്ടാറിൽനിന്നു വെളളം കോരി അതിനെ നന്നായി നനച്ചു കൊടുത്തു. സൂര്യകാന്തിച്ചെടിക്കു വലിയ സന്തോഷമായി. സൂര്യകാന്തിച്ചെടി നന്ദിപൂർവം അവളോടു പറഞ്ഞുഃ

“അരുമക്കുട്ടീ മണിമകളേ

വെളളം നല്‌കിയ തിരുമകളേ

നിനക്കു നന്മകൾ നേരുന്നു

നല്ലതു ചെയ്താൽ നന്മവരും.”

തകര സൂര്യകാന്തിച്ചെടിയെ തഴുകിക്കൊണ്ട്‌ അവിടെനിന്നു നടന്നുമറഞ്ഞു. കുറച്ചുദൂരം ചെന്നപ്പോൾ ഒരു പുലിക്കുഞ്ഞിനെ കാക്കകൾ കൂട്ടംകൂടി കൊത്തിവലിക്കുന്നത്‌ തകര കണ്ടു. അവൾ കല്ലും മണ്ണും വാരിയെറിഞ്ഞു കാക്കകളെ ആട്ടിയോടിച്ചു. പുലിക്കുഞ്ഞിനു വലിയ സന്തോഷമായി. പുലിക്കുഞ്ഞു നന്ദിപൂർവം അവളോടു പറഞ്ഞുഃ

“മെഴുകുതിരിപോലെ മെലിഞ്ഞവളേ

അലിവേറുന്നൊരു ചെറുമകളേ

നിനക്കു നന്മകൾ നേരുന്നു

നല്ലതു ചെയ്താൽ നന്മവരും”

തകര പുലിക്കുഞ്ഞിനെ ആശ്വസിപ്പിച്ചുകൊണ്ട്‌ അവിടെനിന്നു നടന്നു മറഞ്ഞു. കുറച്ചുദൂരം ചെന്നപ്പോൾ ഒരു മലഞ്ചെരിവിലിരുന്ന്‌ ഒരു കുറത്തിയമ്മൂമ്മ മലയിഞ്ചി നടുന്നത്‌ തകര കണ്ടു. അവൾ മണ്ണു കിളച്ചുകൊടുത്തു കുറത്തിയമ്മൂമ്മയെ സഹായിച്ചു. പണിയെടുത്തു വിയർത്തുകുളിച്ചപ്പോൾ കുറത്തിയമ്മൂമ്മ അവളോടു കുളിക്കാൻ പറഞ്ഞു. അമ്മൂമ്മ അവളോടു ചോദിച്ചുഃ “ചിന്നക്കുട്ടീ, ചിങ്കാരക്കുട്ടീ നിനക്കു കുളിക്കാൻ നല്ലെണ്ണ വേണോ ചീത്തെണ്ണ വേണോ?”

“എനിക്കു ചീത്തെണ്ണ മതി.” അവൾ പറഞ്ഞു. അമ്മൂമ്മ അവൾക്കു തലനിറയെ എണ്ണ പുരട്ടിക്കൊടുത്തു. എന്നിട്ടു ചോദിച്ചു.

“നിനക്ക്‌ തേക്കാൻ നല്ലിഞ്ച വേണോ ചീത്തിഞ്ച വേണോ?”

“എനിക്കു ചീത്തിഞ്ച മതി.” അവൾ പറഞ്ഞു. അമ്മൂമ്മ അവൾക്കു കൈനിറയെ നല്ലിഞ്ച കൊടുത്തു. എന്നിട്ടു ചോദിച്ചു.

“നിനക്കു തല തോർത്താൻ പുളളിപ്പട്ടു വേണോ കച്ചത്തോർത്തു വേണോ?”

“എനിക്കു കച്ചത്തോർത്തു മതി.” അവൾ അറിയിച്ചു. അമ്മൂമ്മ അവൾക്കു മിനുമിനുത്ത ഒരു പുളളിപ്പട്ടു കൊടുത്തു. എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ തകര കാട്ടാറിൽ പോയി മുങ്ങിക്കുളിച്ചു മിടുക്കിയായി വന്നു. പിന്നെ അവൾ അമ്മൂമ്മയുടെ അടുക്കളയിൽ ചെന്ന്‌ അരിയും കറിയും വച്ചു. പുര അടിച്ചു വെടിപ്പാക്കി.

അപ്പോഴേക്കും കുറത്തിയമ്മൂമ്മയും കുളിച്ചുവന്നു. രണ്ടുപേരും വയറുനിറയെ ചോറുണ്ടു. ചോറുണ്ടു കഴിഞ്ഞപ്പോൾ അമ്മൂമ്മ ചോദിച്ചു.

“കുരുന്നുകുഞ്ഞേ വിരുന്നുകാരീ, നിനക്കു ഹലുവാമുറിയിൽ കിടക്കണോ അപ്പം മുറിയിൽ കിടക്കണോ ചകിരിമുറിയിൽ കിടക്കണോ?”

“എനിക്കു ചകിരിമുറിയിൽ കിടന്നാൽ മതി” തകര താഴ്‌മയോടെ അറിയിച്ചു.

അമ്മൂമ്മ അവൾക്കു ചകിരിമുറിയിൽ കയറ്റുപായും പൊൻതടുക്കും വിരിച്ചു കൊടുത്തു. പിറ്റേന്നു നേരം വെളുത്തപ്പോൾ തകര ചകിരി മുഴുവനും പിരിച്ചു കയറാക്കി വച്ചിരിക്കുന്നതാണു കുറത്തിയമ്മൂമ്മ കണ്ടത്‌. അമ്മൂമ്മയ്‌ക്ക്‌ തകരയോടു വലിയ സ്‌നേഹവും വാത്സല്യവും തോന്നി.

പല്ലു തേച്ചു മുഖം കഴുകി അവൾ പോകാനൊരുങ്ങിയപ്പോൾ കുറത്തിയമ്മൂമ്മ പറഞ്ഞുഃ “അരുമക്കുട്ടീ ആനന്ദക്കുട്ടീ നീ മിടുക്കിയാണ്‌; വിനയമുളളവളാണ്‌! നിനക്കു ഞാനൊരു സമ്മാനം തരാം. അതു വീട്ടിലേക്കു കൊണ്ടുപൊയ്‌ക്കൊളളൂ.”

അമ്മൂമ്മ പുല്ലുകൊണ്ടു മെടഞ്ഞ ഒരു വട്ടിയിൽ എന്തോ നിറച്ച്‌ അവളുടെ കൈയിൽ കൊടുത്തു എന്നിട്ടു പറഞ്ഞുഃ

“കുട്ടീ, ഇതു നിറയെ അവലാണ്‌. ഇതു വഴിക്കുവച്ചു തുറന്നു നോക്കരുതേ.”

“ഇല്ലമ്മേ! വീട്ടിൽ ചെന്നിട്ടേ ഞാൻ തുറക്കൂ.” തകര അമ്മൂമ്മയെ തൊഴുതുകൊണ്ടു വട്ടിയും തലയിൽ വച്ചു വീട്ടിലേക്കു യാത്രയായി. വഴിക്കുവച്ച്‌ അവളെ കുറെ കളളന്മാർ വളഞ്ഞു. അവൾ ഉറക്കെ കരഞ്ഞു. അവളുടെ കരച്ചിൽ കേട്ടു പഴയ പുലിക്കുഞ്ഞ്‌ എവിടെനിന്നോ പാഞ്ഞുവന്നു കളളന്മാരെ കടിച്ചോടിച്ചു.

പുലിക്കുഞ്ഞിനു നന്ദി പറഞ്ഞുകൊണ്ട്‌ അവൾ പിന്നെയും നടന്നു. അല്പം കഴിഞ്ഞ്‌ അവൾ സൂര്യകാന്തിച്ചെടിയുടെ അരികിലെത്തി. അപ്പോൾ സൂര്യകാന്തിച്ചെടി നിറയെ പൂചൂടി നില്‌ക്കുന്നത്‌ തകര കണ്ടു. സൂര്യകാന്തിച്ചെടി അവൾക്കു കൈ നിറയെ പൂ കൊടുത്തു. സൂര്യകാന്തിച്ചെടിക്കു നന്ദി പറഞ്ഞുകൊണ്ട്‌ തകര പിന്നെയും നടന്നു. അല്‌പം കഴിഞ്ഞ്‌ അവൾ മയിലമ്മയുടെ അരികിലെത്തി. മയിലമ്മ തകരയെ പുറത്തുകയറ്റി അവളുടെ വീടിന്റെ മുറ്റത്തു കൊണ്ടുചെന്നിറക്കിക്കൊടുത്തു. വീട്ടിലെത്തി വട്ടി തുറന്നപ്പോൾ അവളുടെ കണ്ണു മഞ്ഞളിച്ചുപോയി. ആ വട്ടിയിലതാ, നിറയെ സ്വർണ്ണ അവിൽ!

അതിൽനിന്ന്‌ ഒരുപിടി അവിലെടുത്ത്‌ അവൾ സ്വർണ്ണാഭരണങ്ങൾ പണിഞ്ഞു. കുറെ അവിലെടുത്തു വിറ്റ്‌ ഒരു കൊച്ചു പുര പണിഞ്ഞു. ഒന്നുരണ്ടുപിടി അവിൽ അയൽക്കാർക്കും പാവങ്ങൾക്കും പങ്കുവെച്ചുകൊടുത്തു.

തകരയ്‌ക്ക്‌ എവിടെനിന്നോ ഒരുവട്ടി സ്വർണ്ണ അവിൽ കിട്ടിയെന്ന്‌ തക്കിടിയും അവളുടെ അമ്മ തക്കാളിപ്പാറുവും മണത്തറിഞ്ഞു. അവർക്ക്‌ തകരയോട്‌ എന്തെന്നില്ലാത്ത അസൂയയും ദേഷ്യവും തോന്നി. ഒരു ദിവസം തകര കുളിക്കാൻ പോയ തക്കം നോക്കി തക്കിടി പാത്തും പതുങ്ങിയും ചെന്നു പത്തായത്തിൽ ഒളിച്ചുവെച്ചിരുന്ന അവിൽവട്ടി കട്ടുകൊണ്ടു വീട്ടിലേക്കോടി.

തക്കിടിയും തക്കാളിപ്പാറുവും കൂടി വട്ടിയുംകൊണ്ടു തട്ടിൻപുറത്തു കയറി. തട്ടിൻപുറത്തു ചെന്ന്‌ ആർത്തിയോടെ വട്ടി തുറന്നു. പെട്ടെന്ന്‌ അതിനകത്തുനിന്ന്‌ ആയിരക്കണക്കിനു കാട്ടുകടന്നലുകൾ മൂളിക്കൊണ്ടു പുറത്തേക്കു പറന്നുവന്നു. കടന്നലുകൾ തക്കിടിയെയും തക്കാളിപ്പാറുവിനെയും തുരുതുരാ കുത്താൻ തുടങ്ങി.

കടന്നൽകുത്തേറ്റ്‌ തക്കിടിയും തക്കാളിപ്പാറുവും ‘ധടുപടു’വെന്നു തട്ടിൻപുറത്തുനിന്നു താഴെവീണു.

കരച്ചിലും ബഹളവുംകേട്ട്‌ അയൽക്കാരും നാട്ടാരും ഓടിക്കൂടി. അപ്പോൾ തക്കിടിക്കു സത്യം തുറന്നുപറയേണ്ടിവന്നു.

ആളുകൾ മൂക്കത്തു വിരൽവെച്ചുകൊണ്ട്‌ അമ്മയെയും മകളെയും കളിയാക്കി.

“അയ്യയ്യേ! ഇത്രയ്‌ക്കു പണമുണ്ടായിട്ടും ആ പാവപ്പെട്ടവളുടെ വട്ടി കക്കാൻ നിങ്ങൾക്കു തോന്നിയല്ലോ! ആർത്തി പെരുത്താൽ ഇങ്ങനെയിരിക്കും.”

“അയ്യോ! തകരയുടെ വട്ടി ഞങ്ങൾക്കു വേണ്ട. തിരിച്ചു കൊടുത്തേക്കാം.”

നാട്ടാരുടെ അകമ്പടിയോടെ തക്കിടിയും തക്കാളിപ്പാറുവുംകൂടി അവിൽവട്ടിയുമായി തകരയുടെ വീട്ടിലേക്കു നടന്നു. തകര സന്തോഷത്തോടെ അവരെ എതിരേറ്റു. അവൾ പറഞ്ഞുഃ

“തക്കിടീ, നീ എന്തിനാണ്‌ ഇതു മോഷ്‌ടിക്കാൻ പോയത്‌. ചോദിച്ചെങ്കിൽ ഇതു മുഴുവനും ഞാൻ നിനക്കു തരുമായിരുന്നല്ലോ……”

“വേണ്ട. ഒട്ടും വേണ്ട. നിന്റെ മുതൽ നിനക്കുളളതാണ്‌.” തക്കിടിയും തക്കാളിപ്പാറുവും തലതാഴ്‌ത്തിനിന്നുകൊണ്ടു പറഞ്ഞു.

Generated from archived content: unni_june25.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസാമ്പാർ പ്രളയം
Next articleഎനിക്കെന്റെ വീട്‌
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here