കുഴികുത്തിപ്പരമു

കുഴികുത്തിപ്പരമുവും കുഞ്ഞുമാണിക്കനും അയൽക്കാരായിരുന്നു. അവർ രണ്ടുപേരും ഒരേ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്‌. പക്ഷേ രണ്ടുപേരുടെയും സ്വഭാവം രണ്ടു തരത്തിലായിരുന്നു.

കുഴികുത്തിപ്പരമു മഹാതെമ്മാടിയായിരുന്നു. അന്നന്നു പഠിക്കാനുളള പാഠങ്ങളൊന്നും അവൻ പഠിക്കുമായിരുന്നില്ല. കണ്ടവഴി തെണ്ടിയും കണ്ടമരം കേറിയും കണ്ടവരുമായി കൂട്ടുകൂടിയും അവൻ നേരം കഴിച്ചുവന്നു.

എന്നാൽ കുഞ്ഞുമാണിക്കൻ ഒരു നല്ല കുട്ടിയായിരുന്നു. കോലോത്തെ കാലികളെ മേച്ചും പഴങ്കഞ്ഞി കുടിച്ചുമാണ്‌ അവൻ പളളിക്കൂടത്തിൽ പോയിരുന്നത്‌. എങ്കിലും അവൻ അന്നന്നുളള പാഠങ്ങൾ നന്നായി പഠിച്ചു വയ്‌ക്കും.

ഒന്നാമത്തെ പരീക്ഷ കഴിഞ്ഞപ്പോൾ കുഴികുത്തിപ്പരമുവിന്‌ എല്ലാ വിഷയങ്ങൾക്കും ആനമുട്ടയാണു കിട്ടിയത്‌. എന്നാൽ പുസ്തകംപോലും വാങ്ങാൻ കഴിവില്ലാത്ത കുഞ്ഞുമാണിക്കൻ ക്ലാസ്സിൽ ഒന്നാമനായിത്തീർന്നു. ഇതുകണ്ടു കുട്ടികൾ കുഴികുത്തിപ്പരമുവിനെ കളിയാക്കി ചിരിച്ചു.

“എല്ലാർക്കുമെല്ലാർക്കും മാർക്കു കിട്ടി

പരമൂനൊരുകൊട്ട മുട്ടകിട്ടി!

മുട്ടപ്പരമൂന്റെ പോക്കുകണ്ടോ

പൊട്ടപ്പരമൂന്റെ പോക്കുകണ്ടോ!”

ഇതുകേട്ട്‌ കുഴികുത്തിപ്പരമുവിന്റെ ദേഷ്യം ഇരട്ടിച്ചു. അവൻ പറഞ്ഞു.

“കുഴികുത്തിപ്പരമൂനു മാർക്കുവേണ്ട

നിങ്ങടെയാരുടേം കൂട്ടുവേണ്ട.

പരമൂനെനോക്കി പരിഹസിച്ചാൽ

കുഴികുത്തി നിങ്ങളെ വീഴ്‌ത്തിടും ഞാൻ!”

കുഴുകുത്തിപ്പരമുവിന്റെ ദേഷ്യം കണ്ടു കുട്ടികളെല്ലാം പേടിച്ചു പൂച്ചയുടെ ഒച്ചകേട്ട എലികളെപ്പോലെ അതുവഴി ഇതുവഴി ഓടിപ്പോയി.

കുഞ്ഞുമാണിക്കനോടും, അവനെപ്പോലെ നല്ല മാർക്കു വാങ്ങിയ മറ്റു കുട്ടികളോടും കുഴികുത്തിപ്പരമുവിനു വലിയ അസൂയ തോന്നി. അവരെയെല്ലാം ഒരു പാഠംപഠിപ്പിക്കണമെന്ന്‌ അവൻ തീരുമാനിച്ചു. അവൻ അതിനുളള തക്കം നോക്കി കാത്തിരുന്നു. അപ്പോഴാണു മഴക്കാലം വന്നത്‌. കുണ്ടുംകുഴിയുമായ വഴിയിലെല്ലാം ചെളിവെളളം കെട്ടിക്കിടന്നു. ഈ തക്കംനോക്കി കുഴികുത്തിപ്പരമു ഒരു ദിവസം രാവിലെ കുഞ്ഞുമാണിക്കൻ പോകാറുളള വഴിയിൽ ഒരു വലിയ കുഴികുത്തിയിട്ടു. വെളളം കെട്ടിക്കിടന്നിരുന്നതുകൊണ്ടു കുഴി പറത്തു കാണുമായിരുന്നില്ല. പളളിക്കൂടത്തിലേക്കു പുറപ്പെടേണ്ട സമയമായപ്പോൾ കുഴികുത്തിപ്പരമു കുഞ്ഞുമാണിക്കനെ വിളിച്ചുഃ

“കുഞ്ഞുമാണിക്കാ കുഞ്ഞുമാണിക്കാ വഴി നിറയെ മഴവെളളമാണ്‌. നീ ഒറ്റയ്‌ക്കു പോകേണ്ട. നമുക്കൊരുമിച്ചു പോകാം, വാ.”

കുഞ്ഞുമാണിക്കൻ ഒന്നും സംശയിക്കാതെ കുഴികുത്തിപ്പരമുവിന്റെ കൂടെ പുറപ്പെട്ടു. പരമു അവനെ വെളളത്തിലൂടെ നടത്തിക്കൊണ്ടുവന്ന്‌ ആ ചെളിക്കുഴിയിൽ ചാടിച്ചു. പാവം കുഞ്ഞുമാണിക്കൻ മുതുകും കുത്തി വെളളത്തിൽ വീണു! അവന്റെ കുപ്പായവും പുസ്തകവുമെല്ലാം ചെളിയിൽ കുതിർന്നു. അവൻ കരഞ്ഞുകൊണ്ടു വീട്ടിലേക്കു പോയി. വേറെ കുപ്പായമില്ലാഞ്ഞതിനാൽ കുഞ്ഞുമാണിക്കന്‌ അന്ന്‌ പളളിക്കൂടത്തിൽ പോകാൻ കഴിഞ്ഞില്ല.

കുഞ്ഞുമാണിക്കനെ കുഴികുത്തിപ്പരമു കുഴിയിൽ വീഴ്‌ത്തിയ കാര്യം പളളിക്കൂടത്തിലെ പിളേളരെല്ലാം അറിഞ്ഞു. അവരെ നോക്കി പല്ലുഞ്ഞെരിച്ചുകൊണ്ട്‌ കുഴികുത്തിപ്പരമു പറഞ്ഞുഃ

“നോക്കിനെടാ നിങ്ങൾ നോക്കിനെടാ

ഒന്നാമൻ വീണതു നോക്കിനെടാ

എല്ലാരേമിതുപോലെ വീഴ്‌ത്തിടും ഞാൻ

പിന്നാലെ പിന്നാലെ വീഴ്‌ത്തിടും ഞാൻ.”

പരമുവിന്റെ പറച്ചിൽകേട്ടു പിളേളരെല്ലാം പേടിച്ചു വിറച്ചു. പരമുവിനോടു കളിച്ചാൽ രക്ഷയില്ലെന്ന്‌ അവർക്കു മനസ്സിലായി. പരമു ഒന്നുകൂടി ഞെളിഞ്ഞു തലയും നിവർത്തിപ്പിടിച്ചു നടക്കാൻ തുടങ്ങി.

കുഞ്ഞുമാണിക്കനെ കുഴിയിൽ വീഴ്‌ത്തിയ വിവരമറിഞ്ഞ്‌ കുഞ്ഞൂണ്ണൂലി ടീച്ചർ കുഴികുത്തിപ്പരമുവിനെ വിളിച്ച്‌ ഉപദേശിച്ചു.

“നല്ലവരായിടും കൂട്ടുകാരെ

ചതിയിൽ കുടുക്കുവതെന്തിനു നീ

കുറ്റങ്ങളൊന്നുമേ ചെയ്തിടാതെ

കുഴിയിൽ വീഴിക്കുവതെന്തിനു നീ?”

ഇതുകേട്ടു കുഴികുത്തിപ്പരമു കുഞ്ഞുണ്ണൂലി ടീച്ചറെ കോക്കിരികാട്ടിക്കൊണ്ടു ഗമയിൽ ഒറ്റ നടത്തം!

വീട്ടുകാരും നാട്ടുകാരും അവനോടു നല്ല വാക്കു പറഞ്ഞുനോക്കി. പക്ഷേ, അവൻ അതൊന്നും ചെവിക്കൊണ്ടില്ല. അവന്റെ അച്‌ഛൻ പാച്ചുക്കുട്ടി ഒരു ദിവസം ഇങ്ങനെ ഓർമിപ്പിച്ചുഃ

“ഇമ്മട്ടിൽ കുഴികുത്തി നീ നടന്നാൽ

അവസാനം നീ തന്നെ കുഴിയിൽ വീഴും!

നാട്ടാരും വീട്ടാരും കൈയൊഴിയും

കണ്ടവരൊക്കെയും കല്ലെറിയും!”

അച്‌ഛൻ പറഞ്ഞിട്ടും അവൻ കുലുങ്ങിയില്ല. അച്‌ഛനമ്മമാരെയും ഗുരുനാഥന്മാരെയും നാട്ടുകാരെയും വകവയ്‌ക്കാതെ കുഴികുത്തിപ്പരമു കുശുമ്പു കാണിച്ചും കുഴികുത്തിയും നാടുതോറും ഓടി നടന്നു.

ഒരു ദിവസം അവൻ പളളിക്കൂടം വിട്ടു വീട്ടിലേക്കു വരികയായിരുന്നു. അപ്പോഴാണ്‌ കുഞ്ഞോനാച്ചന്റെ വീട്ടിലെ പാണ്ടൻപട്ടി പടിവാതില്‌ക്കൽ വളഞ്ഞുകൂടിക്കിടന്ന്‌ ഉറങ്ങുന്നത്‌ അവൻ കണ്ടത്‌.

കുഴികുത്തിപ്പരമു ഒരു വലിയ കല്ലെടുത്ത്‌ അതിന്റെ തലമണ്ടയ്‌ക്ക്‌ ഒരേറുകൊടുത്തു. ഏറുകൊണ്ട പാണ്ടൻപട്ടി ഉറക്കെ കുരച്ചുകൊണ്ട്‌ അവന്റെ പിന്നാലെ പാഞ്ഞു. അവൻ കരഞ്ഞുകൊണ്ടു വഴിയിലൂടെ അന്തംവിട്ടമാതിരി ഓടെടാ ഓട്ടം!

ഓടുന്നതിനിടയിൽ അവന്റെ കൈയിലിരുന്ന പുസ്തകസഞ്ചിയും കുടയുമെല്ലാം വഴിയിൽ അവിടെവിടെ ചിതറിവീണു. അതൊന്നും എടുക്കാതെ അവൻ കൂടുതൽ വേഗത്തിൽ ഓടി. കലിപൂണ്ട പാണ്ടൻപട്ടി എന്നിട്ടും അവനെ വിട്ടില്ല. അവൻ വഴിയിൽ കെട്ടിക്കിടന്ന ചെളിവെളളത്തിലൂടെ നെട്ടോട്ടം പാച്ചിലുതന്നെ!

പെട്ടെന്ന്‌ കുഴികുത്തിപ്പരമു ‘പൊത്തോ’ യെന്ന്‌ ഒരു വീഴ്‌ച- മുമ്പ്‌ കുഞ്ഞുമാണിക്കനെ വീഴിക്കാൻ കുഴിച്ച കുഴിയിൽതന്നെ! വീണിട്ട്‌ അവന്‌ എഴുന്നേല്‌ക്കാൻ കഴിഞ്ഞില്ല. പിന്നാലെ ഓടിവന്ന പാണ്ടൻപട്ടി പരമുവിന്റെ കണങ്കാലിൽ ഒരു കടി!

അപ്പോഴേക്കും അവന്റെ കരച്ചിൽ കേട്ടു ചുറ്റുമുളള ആളുകൾ ഓടിക്കൂടി. അവർ അവനെ പിടിച്ചെഴുന്നേല്‌പിച്ചു. പക്ഷേ, അവന്‌ എഴുന്നേറ്റു നില്‌ക്കാൻ കഴിഞ്ഞില്ല.

പാണ്ടൻപട്ടിയുടെ കടിയേറ്റ്‌ അവന്റെ കണങ്കാലിൽനിന്നു ചോര ഒലിച്ചുകൊണ്ടിരുന്നു. കുഴിയിൽ വീണതിനാൽ ആ കാലിന്‌ ഒടിവും പറ്റിയിരുന്നു. വലിയവായിൽ കരയുന്ന പരമുവിനെ നോക്കി ആളുകൾ പറഞ്ഞുഃ

“അന്യരെ പറ്റിക്കാൻ നീ കുഴിച്ച

കുഴിയിൽ നീതന്നെ വീണു കഷ്‌ടം!

കുഴികുഴിക്കുന്നവൻ കുഴിയിൽ വീഴും

കരയാതെ പിഴിയാതെ പൊന്നുമോനേ!”

ആളുകളുടെ കുത്തുവാക്കു കേട്ട്‌ കുഴികുത്തിപ്പരമുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ തന്റെ ഒടിഞ്ഞ കാലിലേക്കു നോക്കി വിതുമ്പി.

അപ്പോഴേക്കും ആൾക്കൂട്ടം കണ്ട്‌ കുഞ്ഞുമാണിക്കനും അവിടെ എത്തി. കുഴികുത്തിപ്പരമുവിന്റെ കരച്ചിൽ കണ്ട്‌ അവൻ ചോദിച്ചു.

“പരമുക്കുട്ടാ ചങ്ങാതീ, നിനക്കെന്തു പറ്റി?”

പരമു അവനെ കെട്ടിപ്പുണർന്നുകൊണ്ടു പറഞ്ഞുഃ

“നിന്നെ വീഴിക്കുവാൻ ഞാൻ കുഴിച്ച

കുഴിയിതിൽ ഞാൻതന്നെ ചാടിയല്ലോ

പാണ്ടന്റെ വായിൽ കുടുങ്ങിയല്ലോ

കാലൊടിഞ്ഞാകെ വലഞ്ഞുവല്ലോ!”

മിടുക്കനായ കുഞ്ഞുമാണിക്കൻ അവനെ പതുക്കെപ്പതുക്കെ നടത്തി അവന്റെ വീട്ടിലേക്ക്‌ കൊണ്ടുപോയി.

Generated from archived content: unni_aug6.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമുത്തശ്ശിപ്ലാവും പുളിയുറുമ്പുകളും
Next articleദൈവഹിതം
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here