അഞ്ജുവിന്റെ വാശി

“ചിത്തിരച്ചേച്ചീ… വാ, നമുക്ക്‌ കളിക്കാം, വാ.” ഊണ്‌ കഴിഞ്ഞപ്പോൾ അഞ്ജു വിളിച്ചു.

“അതെങ്ങനെയാ മോളേ ചേച്ചിയിപ്പം വർവാ? ചേച്ചിക്കേയ്‌, പാത്രം കഴുകണ്ടേ, മേശ തുടയ്‌ക്കണ്ടേ? അങ്ങനെയെന്തൊക്കെ പണികൾ ചെയ്യാനുണ്ട്‌! പണിയൊക്ക തീർത്തിട്ട്‌ ചേച്ചി വരാട്ടോ.”

ഇത്തിരി വാശി കൂടുതലാണ്‌ അഞ്ജൂന്‌. എങ്കിലും ചിത്തിരയെ വലയ കാര്യമാണ്‌. എന്തിനും ഏതിനും അവൾ വേണം. അഞ്ജു ചിത്തിരയുടെ കൈപിടിച്ചുവലിച്ചു.

“എന്താ കുട്ടിയിക്കാണിക്കണേ? കൈവിട്‌”. മക്കളുടെ ബഹളം കേട്ട്‌ അമ്മ ഊണുമുറിയിൽ കടന്നു. “അച്ഛനിവിടെയില്ലെങ്കിൽ കൊച്ചിന്റെയൊരു വാശി!”

അഞ്ജു നിന്നു ചിണുങ്ങി. ചിത്തിര മേശപ്പുറത്തിരുന്ന പാത്രങ്ങളെടുത്ത്‌ അടുക്കാൻ തുടങ്ങി.

“മോളൊരു കാര്യം ചെയ്യ്‌. പാത്രങ്ങളെല്ലാം അടുക്കളേൽ വെച്ച്‌ അഞ്ജൂന്റെ കൂടെ ചെല്ല്‌. ഞാൻ കഴുകിക്കോളാം”.

“മേശ തുടച്ചിട്ടാവാം”. അമ്മയെ സഹായിക്കുന്ന ശീലമുള്ള ആ നാലാംക്ലാസുകാരി പറഞ്ഞു.

അത്ര സമയമൊന്നും ചേച്ചിയെ കാത്തുനിൽക്കാൻ മൂന്നുവയസുകാരി അഞ്ജു തയ്യാറല്ല. അവൾ പിണങ്ങി മുറിയ്‌ക്കകത്ത്‌ കയറി വാതിലടച്ചു.

മേശ തുടച്ചു വൃത്തിയാക്കി ചിത്തിര വേഗം കതകിൽ മുട്ടിവിളിച്ചു. എത്രവിളിച്ചിട്ടും വാതിൽ തുറക്കുന്നില്ല. ചിത്തിരയ്‌ക്ക്‌ കരച്ചിൽ വന്നു. അമ്മയും വന്ന്‌ വിളിച്ചുനോക്കി. വാതിലിൽ കൈകൊണ്ട്‌ ഇടിച്ചു. ഒരു ഫലവുമില്ല. അകത്തുനിന്ന്‌ നേരിയ കരച്ചിൽ ശബ്ദം. ചിത്തിര വാതിലിൽ ചെവി ചേർത്തുവെച്ചു. അമ്മ അപ്പോഴേക്കും ബോധംകെട്ടു പോയിരുന്നു. ചിത്തിര നിലവിളിച്ചുകൊണ്ട്‌ മുറ്റത്തേക്ക്‌ ഓടി. പിൻവശത്തെ ജനൽപാളികളിലൊന്നിന്റെ കൊളുത്ത്‌ വീണിരുന്നില്ല. താക്കോൽ, അകത്ത്‌ പഴുതിലിരിപ്പുണ്ട്‌. അതെടുക്കാനാവാതെ കൈയുയർത്തി അഞ്ജു കരയുന്നു.

കരച്ചിലും ബഹളവും കേട്ട്‌ ഓടിയെത്തിയവരിൽ ചിലർ അമ്മയുടെ മുഖത്ത്‌ വെള്ളം തളിച്ചുണർത്തി. ചിലർ പിൻവശത്ത്‌ ചിത്തിരയുടെ അടുത്തെത്തി. അഞ്ജു ജനലിലൂടെ ചിത്തിരയുടെ കൈപിടിച്ചുനിന്ന്‌ കരയുന്നു. ചിത്തിരയും നല്ല കരച്ചിൽ തന്നെ.

“മോളേ, മുറിയുടെ മറ്റൊരു താക്കോൽ കാണും. അതെവിടെയാ?” ഒരാൾ തിരക്കി.

“അത്‌ അഞ്ജു നിൽക്കണ മുറിയിലെ മേശേലാണ്‌. വേറെയെന്തെങ്കിലും കൊണ്ട്‌ ഈ താക്കോൽ തള്ളി താഴെയിടാൻ പറ്റൂലേ?” രണ്ടുപേരുടേയും കരച്ചിൽ ഉച്ചത്തിലായി.

“കരയല്ലെ മക്കളേ. വാതിൽ നമുക്ക്‌ എങ്ങനെയും തുറക്കാം”. മറ്റൊരാൾ പറഞ്ഞു. അയാൾ അകത്തുചെന്നു. അവിടെയിരുന്ന ഏതോ താക്കോലെടുത്ത്‌ ഒരു പരീക്ഷണം നടത്തി. ഭാഗ്യം! പഴുതിലിരുന്ന താക്കോൽ മുറിക്കുള്ളിൽ വീണു.

“മോളേ അഞ്ജൂ, താഴെ വീണുകിടക്കുന്ന താക്കോലിങ്ങെടുക്ക്‌”. ചിത്തിര അഞ്ജുവിന്റെ കൈവിട്ടു. ബോധം തിരിച്ചുകിട്ടിയ അമ്മയും അവിടേക്കെത്തി.

ചേച്ചിയുടെ കൈവിട്ട്‌ താക്കോലെടുത്തുകൊണ്ട്‌ അഞ്ജു വീണ്ടും ജനലിനടുത്തെത്തി. താക്കോൽ വാങ്ങി മുറിതുറന്ന്‌ അമ്മ കുഞ്ഞിനെ വാരിയെടുത്തു. ചിത്തിര ഓടിച്ചെന്ന്‌ അഞ്ജുവിനെ ഉമ്മവച്ചു. കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞു.

Generated from archived content: unni1_nov29_07.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅംഗീകാരം
Next articleസനന്ദനനും താമരപ്പൂക്കളും
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English