ഉമിത്തീയിൽ നീറിയെരിഞ്ഞ കവി

നേരം സന്ധ്യ മയങ്ങാൻ തുടങ്ങിയിരിക്കുന്നു. ഗുരുവും ഗുരുപത്നിയും പുറത്തെവിടെയോ പോയിരിക്കുന്നു. മറ്റാരും അടുത്തെങ്ങുമില്ല. ഇതു തന്നെ നല്ല തക്കം! ഇന്ന്‌ അയാളുടെ കഥ കഴിക്കണം!!

സുകുമാരൻ ഒരു വലിയ പാറക്കല്ലുമായി പാത്തും പതുങ്ങിയും ഗുരുവിന്റെ തട്ടിൻപുറത്തേക്കു വലിഞ്ഞു കയറി. വീടിന്റെ മേൽക്കൂരയിലെവിടെയോ ഇരുന്ന്‌ നരിച്ചിറുകൾ ബഹളം കൂട്ടുന്നുണ്ട്‌.

സുകുമാരൻ തന്റെ കൈയിലുള്ള പാറക്കല്ല്‌ ബലമായി പിടിച്ചു. അവൻ അവിടെയിരുന്ന്‌ ഓരോന്നങ്ങനെ ഓർക്കാൻ തുടങ്ങി.

എത്ര നാളായി അയാൾ തന്നെ ശകാരിക്കുന്നു! തൊട്ടതിനും തൊടുന്നതിനുമൊക്കെ ശകാരം! ഗുരുവാണെന്നു പറഞ്ഞിട്ടെന്തു കാര്യം? ശിഷ്യനോട്‌ അല്പമെങ്കിലും കരുണ കാണിക്കണ്ടേ? ഇനിയും അയാളുടെ കുറ്റംപറച്ചിൽ കേൾക്കാൻ വയ്യ. ഇന്ന്‌ അയാളുടെ കഥ കഴിക്കണം. ഈ പാറക്കല്ല്‌ അയാളുടെ തലമണ്ടയിൽത്തന്നെ വീഴ്‌ത്തണം!

സുകുമാരൻ ഇരുട്ടിൽ പതുങ്ങിയിരുന്ന്‌ പല്ലു ഞെരിച്ചു.

താൻ എത്ര എളിമയോടും വിനയത്തോടും കൂടിയാണ്‌ അയാളോടു പെരുമാറുന്നത്‌. ഇത്രയ്‌ക്ക്‌ അച്ചടക്കവും അനുസരണയും കാണിക്കുന്ന ശിഷ്യന്മാർ വേറെ എവിടെയെങ്കിലുമുണ്ടോ? എന്നിട്ടും ശാസന തന്നെ ശാസന…!

പുറത്താരുടെയോ കാൽപ്പെരുമാറ്റം കേൾക്കുന്നു. സുകുമാരൻ ചെവിയോർത്തു.

അതാ, അവർ വരികയാണ്‌! ഗുരുവും ഗുരുപത്നിയും!… അകത്തു കയറി അത്താഴം കഴിക്കാനിരിക്കട്ടെ. അപ്പോൾ കല്ലു തട്ടി തലയിലേക്കിടാം!…

പെട്ടെന്ന്‌ ഗുരുഗൃഹത്തിലെ വിളക്കു തെളിഞ്ഞു. സുകുമാരൻ ഒന്നു കൂടി ശ്വാസം അടക്കിപ്പിടിച്ചു. ശ്വാസം വലിക്കുന്ന ശബ്ദമെങ്ങാനും ഗുരു കേട്ടാലോ?…

ഗുരുപത്നി ചെറിയ പാത്രത്തിൽ അന്നു കിട്ടിയ ഭിക്ഷച്ചോറ്‌ വിളമ്പി. ഇരുവരും ഒരു പുല്ലുപായ വിരിച്ച്‌ അത്താഴം കഴിക്കാനിരുന്നു. സുകുമാരന്റെ നെഞ്ച്‌ ‘പടാപടാ’ന്നിടിച്ചു. ഇനി നിമിഷങ്ങൾ മാത്രം. തന്നെ ശാസിക്കുന്ന ദുഷ്ടനായ ഗുരുവിന്റെ കഥ ഇതോടെ തീരുകയാണ്‌. അവൻ കല്ലിൽ മുറുകെപ്പിടിച്ചു.

അപ്പോഴാണ്‌ താഴെ ഒരു സംസാരം കേട്ടത്‌. സുകുമാരൻ ചെവി വട്ടം പിടിച്ച്‌ അതു ശ്രദ്ധിച്ചു. ഗുരുപത്നി ഗുരുവിനോടു ചോദിക്കുകയാണ്‌.

“ഗുരുദേവാ, അങ്ങെന്തിനാണ്‌ നമ്മുടെ സുകുമാരനെ എപ്പോഴും ശാസിക്കുന്നത്‌? അവൻ എല്ലാം കൃത്യമായി ചെയ്യുന്നുണ്ടല്ലോ?”

“ഹൊ, അതു നീ ശ്രദ്ധിച്ചോ?” ഗുരു സന്തോഷത്തോടെ ഗുരുപത്നിയെ നോക്കി.

“തൊട്ടതിനും തൊടുന്നതിനുമൊക്കെ ഉപദേശിക്കുന്നത്‌ അവനിഷ്ടമില്ലെന്നു തോന്നുന്നു. ഈയിടെയായി അവന്റെ മുഖമെപ്പോഴും ംലാനമാണ്‌” – ഗുരുപത്നി വിശദമാക്കി.

“പ്രിയേ, സുകുമാരൻ എന്റെ ഏറ്റവും മിടുക്കനായ ശിഷ്യനാണ്‌. അവനിൽ പല വിശിഷ്ടഗുണങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്‌. പൊന്നുപോലെയാണ്‌ അവന്റെ മനസ്സ്‌.

എങ്കിലും ചെറിയ ചില കുറവുകൾ അവനിൽ കാണുന്നുണ്ട്‌. അതുകൂടി നീക്കി അവനെ ഊതിക്കാച്ചിയ പൊന്നുപോലെ തിളക്കമുള്ളവനാക്കാനാണ്‌ ഞാൻ ശ്രമിക്കുന്നത്‌!… അല്ലാതെ വെറുത ശകാരിക്കുന്നതല്ല”. ഗുരുവിന്റെ മുഖം അഭിമാനം കൊണ്ടു തുടുത്തു.

“ഓഹോ, അങ്ങനെയാണല്ലേ? അപ്പോ ഞാനും അങ്ങയെ തെറ്റിദ്ധരിച്ചു”. ഗുരുപത്നി ക്ഷമാപണത്തോടെ അറിയിച്ചു.

ഈ സംഭാഷണം കേട്ട്‌ തട്ടിൻമുകളിലിരുന്ന സുകുമാരൻ ഞെട്ടി. അവന്റെ കൈകാലുകൾ വിറച്ചു. ശ്വാസംപോലും പെട്ടെന്നു നിന്നുപോയതുപോലെ തോന്നി. തന്നെ പ്രാണനുതുല്യം സ്നേഹിക്കുന്ന ഗുരു! തന്നെ ഊതിക്കാച്ചിയ പൊന്നാക്കി മാറ്റാൻ പാടുപെടുന്ന ഗുരു…! ഈ ഗുരുവിനെയാണോ താൻ ദാരുണമായി കൊല്ലാൻ ശ്രമിച്ചത്‌…. താൻ ഒരു മഹാപാപിയാണ്‌…! അവന്റെ കണ്ണുകളിൽ നിന്ന്‌ കണ്ണുനീർ അണപൊട്ടിയൊഴുകി. ഗുരുവും ഗുരുപത്നിയും ഉറക്കമായപ്പോൾ സുകുമാരൻ കയ്യിലുള്ള പാറക്കല്ലുമായി ശബ്ദമുണ്ടാക്കാതെ പുറത്തുകടന്നു.

പക്ഷെ, രാത്രിയിൽ സുകുമാരന്‌ ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന്‌ അതിരാവിലെ അവൻ ഗുരുവിന്റെ സന്നിധിയിലെത്തി.

സുകുമാരൻ വിനയപൂർവ്വം ഗുരുവിനോടു പറഞ്ഞു.

“ഗുരോ, എനിക്ക്‌ അങ്ങയോട്‌ ഒരു പ്രധാനകാര്യം ചോദിച്ചറിയാനുണ്ട്‌”.

“ങും, എന്താണത്‌?” ഗുരു അന്വേഷിച്ചു.

“തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഗുരുവിനെ നീചമായി കൊല്ലാൻ ശ്രമിക്കുന്ന ഒരു ശിഷ്യനു പ്രായശ്ചിത്തമായി എന്തു ശിക്ഷയാണ്‌ നൽകേണ്ടത്‌?”

“അങ്ങനെയുള്ള ഒരു ശിഷ്യൻ ഉമിത്തീയിൽ നീറി നീറി മരിക്കുകയാണ്‌ വേണ്ടത്‌”. ഗുരു മറുപടി നൽകി.

താമസിയാതെ, സുകുമാരൻ ഒരു വലിയ കുഴി കുഴിച്ച്‌ അതിൽ ഇറങ്ങി നിന്നു. പിന്നെ കഴുത്തറ്റം വരെ ഉമിയിട്ടു മൂടി എന്നിട്ട്‌ ആ ഉമിക്കു തീ കൊളുത്തി.

തന്റെ ഉത്തമശിഷ്യനായ സുകുമാരനാണ്‌ ഇപ്രകാരം തെറ്റു ചെയ്തതെന്നറിഞ്ഞ്‌ ഗുരുവിന്റെ ഹൃദയം വിങ്ങിപ്പൊട്ടി. ഉമിത്തീയിൽ നിന്നു സുകുമാരനെ രക്ഷിക്കാൻ അദ്ദേഹം പല ഉപദേശങ്ങളും നൽകിയെങ്കിലും സുകുമാരൻ അതിൽ നിന്ന്‌ അണുവിടപോലും പിന്മാറാൻ തയ്യാറായില്ല.

ആ ഉമിത്തീയിൽ നിന്നുകൊണ്ട്‌ അദ്ദേഹം സ്വയം നിർമ്മിച്ചു പാടിയതാണത്രെ ശ്രീകൃഷ്ണവിലാസം കാവ്യം. എന്നാൽ ആ കാവ്യം പൂർത്തിയാക്കാൻ സുകുമാരകവിക്ക്‌ കഴിഞ്ഞില്ല. പന്ത്രാണ്ടാമത്തെ സർഗത്തിലെ അറുപത്തി ആറാമത്തെ ശ്ലോകം പാടുമ്പോഴേക്കും ഉമിത്തീ പടർന്നുകയറി. അതോടെ അദ്ദേഹത്തിന്റെ നാവ്‌ വെന്തുപോയെന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങനെ പ്രതിഭാശാലിയായിരുന്ന സുകുമാരകവിയുടെ ശബ്ദം എന്നന്നേക്കുമായി നിലച്ചു. എങ്കിലും ഗുരുഭക്തിയുടെ ഒരു വലിയ പ്രതീകമായി ഇന്നും അദ്ദേഹം ജീവിക്കുന്നു.

Generated from archived content: unni1_feb4_08.html Author: sippi_pallipuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎങ്ങനെ കളളനെ പിടിച്ചു?
Next articleആരാണ്‌ കേമൻ
1943 മെയ്‌ 18 ന്‌ എറണാകുളം ജില്ലയിലെ വൈപ്പിൻ പളളിപ്പുറത്തു ജനിച്ചു. 1966-മുതൽ പളളിപ്പുറം സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. ദേശീയവും പ്രാദേശീകവുമായ നിരവധി അവാർഡുകൾ നേടിയ സാഹിത്യകാരൻ. കഴിഞ്ഞ മൂന്നു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ വികാരവിചാരങ്ങൾക്കനുസരിച്ച്‌ തൂലിക ചലിപ്പിച്ച്‌ അവരെ വിസ്‌മയലോകത്തിലാറാടിക്കുന്ന എഴുത്തുകാരൻ. ഇതിനകം അമ്പത്തിയഞ്ച്‌ ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1985-ൽ ‘ചെണ്ട’ എന്ന കൃതിക്ക്‌ ബാലസാഹിത്യത്തിനുളള ദേശീയ അവാർഡ്‌ ലഭിച്ചു. പൂരം, തത്തകളുടെ ഗ്രാമം, അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര, പപ്പടം പഴം പായസം, തത്തമ്മേ പൂച്ച പൂച്ച, തേൻതുളളികൾ, മിന്നാമിനുങ്ങ്‌, ഉണ്ടനും ഉണ്ടിയും പുലിയച്ചനും, നൂറുനേഴ്‌സറിപ്പാട്ടുകൾ, ചന്ദനപ്പാവ, മയിലും മഴവില്ലും, കാട്ടിലെ കഥകൾ, കുറുക്കൻ കഥകൾ, ഗുരുഭക്തിയുടെ കഥകൾ, ഉണ്ണികൾക്ക്‌ നല്ലകഥകൾ, നമ്പൂര്യച്ചനും ഭൂതവും, പാവയ്‌ക്കക്കുട്ടൻ, കുരങ്ങാട്ടിയും കളളനോട്ടുകാരും, പാൽക്കിണ്ണം, സ്വർണക്കമ്പിളി, കഥകഥപ്പൈങ്കിളി എന്നിവയാണ്‌ പ്രധാന കൃതികൾ. ഭാര്യഃ മേരീസെലിൻ, മക്കൾ ഃ ശാരിക, നവനിത്‌. വിലാസം ഃ പളളിപ്പോർട്ട്‌ പി.ഒ, കൊച്ചി- 683515.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here